Tuesday 16 February 2021 04:48 PM IST

‘40 കഴിഞ്ഞവര്‍ വരെ ചേച്ചീന്നു വിളിക്കാൻ തുടങ്ങി’: 90 കിലോയിൽ നിന്നും 57ലേക്ക് മടങ്ങിയെത്തി രമ്യയുടെ മറുപടി

Binsha Muhammed

ramya

ഏത് രമ്യയാ ടീച്ചറേ...?

‘ആ തടിച്ച രമ്യയില്ലേ... ആകുട്ടിയെ വിളിച്ചോണ്ടു വാ...’

പൊണ്ണത്തടി വെറുമൊരു അടയാളം മാത്രമല്ല പരിഹാസം കൂടിയാണെന്ന് കൊല്ലം ആയൂർ ഇളമാട് സ്വദേശിയായ രമ്യ ജയകുമാർ തിരിച്ചറിഞ്ഞ നിമിഷങ്ങളിലൊന്നായിരുന്നു അത്. ക്ലാസിലെ ഒന്നിലധികം രമ്യമാർക്കിടയിൽ അവൾ മാത്രം തടിച്ച രമ്യയായി. ആ വിശേഷണം തിരിച്ചറിയാനുള്ള അടയാളം മാത്രമല്ല ഒന്നാന്തരം കുത്തുവാക്ക് കൂടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ പ്ലസ്ടുക്കാരി ഏറെ സങ്കടപ്പെട്ടു.

കാലങ്ങൾ കടന്നു പോയി, പ്ലസ്ടുവിനൊപ്പം ഒപ്പമുണ്ടായിരുന്ന ‘തടിയും’ പാസായിറങ്ങി. ബിരുദ പഠന കാലത്തും രമ്യ കൂട്ടുകാർക്കിടയിൽ തടിച്ച രമ്യയായി. കൂട്ടത്തിൽ ‘തടിച്ചി, ചക്ക’ തുടങ്ങിയ വിളിപ്പേരുകളും പേരിനൊപ്പം കയറിയിറങ്ങി. വിവാഹ ശേഷമാണ് രമ്യയുടെ തടി അതിന്റെ രൗദ്രഭാവം പുറത്തെടുത്തത്. ആ പഴയ പ്ലസ്ടുക്കാരി പെണ്ണ് പേരും രൂപവും തിരിച്ചറിയാത്ത വിധം മാറിപ്പോയി. 90 കിലോ നോട്ട് ഔട്ട്... ഫലമോ? പ്രായത്തിൽ മുതിർന്നവർ പോലും ചേച്ചീ... എന്ന് നീട്ടിവിളിച്ചു. അവിടുന്നാണ് ഇന്ന് കൂട്ടുകാരും പ്രിയപ്പെട്ടവവും കണ്ട് അന്തംവിടുന്ന പുതിയ രമ്യയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ചിട്ടയായ ഡയറ്റും കൃത്യമായ വർക് ഔട്ടും കൊണ്ട് കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച ഫിറ്റ്നസ് യാത്ര. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളിലൂടെ രമ്യ തന്നെ ആ കഥ പറയുന്നു.

ക്ലാസിലെ തടിച്ച രമ്യ’

കുഞ്ഞിലേ കൂടെ കൂടിയതാണ് തടി. പണ്ടേക്കു പണ്ടേ വീട്ടുകാർക്കും കൂട്ടുകാർക്കും വീട്ടുകാർക്കും ഇടയിൽ ഞാൻ ‘ഛബ്ബി ഗേൾ’ ആയിരുന്നു. ശരീര പ്രകൃതം മാത്രമല്ലായിരുന്നു അതിന് ഉത്തരവാദി. നന്നായി ഭക്ഷണം കഴിക്കും. ലഡുവും ജിലേബിയും ഒന്നും കിട്ടിയാൽ വിടില്ല. സ്കൂൾ കാലം കഴിഞ്ഞ് പ്ലസ്ടുവിലേക്ക് ചേക്കേറുമ്പോള്‍ 88 കിലോയിലേറെ ഭാരമുണ്ടായിരുന്നു. രമ്യമാരെ കൊണ്ട് സമ്പന്നമായ ക്ലാസ് റൂമിൽ ഞാൻ തടിച്ച രമ്യയായി എന്നതായിരുന്നു ആദ്യത്തെ വിഷമം. പേരിനൊപ്പം പാകത്തിന് വിളിക്കാൻ പോന്ന വട്ടപ്പേരുകൾ വേറെയുമുണ്ടായിരുന്നു. സ്കൂളിൽ ഫങ്ഷനൊക്കെ വരുമ്പോൾ കൂട്ടുകാരികൾ പട്ടുപാവാടയും ഉടുപ്പുമൊക്കെ ഇടുന്നത് കാണുമ്പോൾ കൊതിയാകും. എന്റെ തടിച്ച ശരീരവുമായി ആ വസ്ത്രങ്ങളെല്ലാം പിണങ്ങി നിൽക്കും. ഉടുപ്പിന്റെ സ്ഥാനത്ത് എനിക്ക് ഷർട്ടാണ് വീട്ടുകാർ തയ്ച്ചു നൽകിയിരുന്നത്. അതാകുമ്പോ വലിയ വൃത്തികേടില്ലാതെ ശരീരത്തിൽ പറ്റി കിടക്കും എന്നതായിരുന്നു എല്ലാവരുടേയും കമന്റ്.

അന്നൊക്കെ മനസ് വല്ലാതെ വിഷമിച്ചിരുന്നു എന്നത് നേരാണ്. തടിയെ പിടിച്ചു നിർത്താൻ തേൻ സേവയൊക്കെ നടത്തുകയും ചെയ്തു. പക്ഷേ എന്തു ചെയ്യാം 80 കടന്ന തടി സെഞ്ച്വറി അടിക്കാൻ പാകത്തിന് 90ലെത്തി നോട്ട് ഔട്ടായി നിന്നു. ഡിഗ്രി പഠിക്കുന്നതിനിടെ കല്യാണം കൂടി കഴിഞ്ഞപ്പോൾ പിന്നെയും തടി കൂടി. അതോടെ ഒരുകാര്യം ഏതാണ്ടുറപ്പായി, ഈ തടി എന്നെയും കൊണ്ടേ പോകൂ. ഒരിക്കൽ ഹസ്ബന്റിന്റെ കൂട്ടുകാരിലൊരാൾ എന്നെ ചേച്ചീ... എന്ന് വിളിച്ചപ്പോഴാണ് അൽപ സ്വൽപം വിഷമം തലപൊക്കിയത്. അതുമാത്രമല്ല, 33 കഴിഞ്ഞ എന്നെ നോക്കി 40നോട് അടുത്തവർ വരെ ചേച്ചീന്ന് വിളിക്കാൻ തുടങ്ങി. ആ നിമിഷം ഞാൻ പ്രതിജ്ഞയെടുത്തു. തടിയേ... കീഴടക്കിയിട്ടേ... ഇനി മറ്റെന്തുമുള്ളൂ.

ramya-1

കിറുകൃത്യം ഡയറ്റ്

ഏറെ പ്രണയിച്ച മധുരത്തെ കട്ട് ചെയ്തു കൊണ്ടായിരുന്നു തുടക്കം. പാലും പഞ്ചസാരയും അതോടെ ജീവിതത്തിൽ നിന്ന് ഗെറ്റ് ഔട്ടായി. അതിൽ പിന്നെ ജിലേബിയുടേയും ലഡുവിന്റേയും ഭാഗത്ത് ഞാൻ തിരിഞ്ഞു നോക്കിയിട്ടേയില്ല. ചോറ് പൂർണമായും ഒഴിവാക്കി. പകരം മീൻ വിഭവങ്ങൾ ഒരുപാട് ആസ്വദിച്ചു കഴിച്ചു. ആവിയിൽ വെന്ത അരിപ്പുട്ടിന്റെ സ്ഥാനം റാഗി, ചോളം, ഗോതമ്പ് പുട്ടുകൾ കയ്യടക്കി. പച്ചക്കറി ഒരുപാട് കഴിച്ചു. അത്രയും ആയപ്പോൾ തന്നെ മാറ്റം പ്രകടമായിരുന്നു. രാവിലെയുള്ള 4 കിലോമീറ്റർ നടത്തമായിരുന്നു മറ്റൊരു ഹൈലൈറ്റ്. അത് ഒരിക്കലും മുടക്കിയില്ല. ശിഷ്ടസമയം ജിമ്മിലും ഫിറ്റ്നസ് സെന്ററിലും ചിലവഴിച്ചതോടെ ഞാൻ അടിമുടി മാറാൻ തുടങ്ങി. ചിട്ടയിലും കൃത്യതയിലും അധിഷ്ടിതമായ ഡയറ്റ്, എക്സർസൈസ് മാസങ്ങളും ആഴ്ചകളും അതിനെ ഞാൻ മുറുകെപിടിച്ചു. ആദ്യം അടിയറവ് പറഞ്ഞത് 6.5 കിലോഗ്രാം ഭാരമാണ്. ട്രാക്കിലായതോടെ റിസൾട്ടും വേഗത്തിലായി. 90 കിലോയിൽ നിന്നും 57 കിലോയിലേക്ക് എത്തുന്നത് വരെ വ്രതം പോലെ കൊണ്ടു നടന്ന ശീലങ്ങൾ എനിക്കൊപ്പമുണ്ടായിരുന്നു. ഇപ്പോഴും അതെനിക്കൊപ്പം ഉണ്ട് എന്നതാണ് സത്യം. എന്തായാലും ചേച്ചീ... എന്ന് വിളിച്ചവരും കളിയാക്കിയവരും ഇപ്പോൾ ആളാകെ മാറിപ്പോയല്ലോ എന്ന് പറയുമ്പോൾ ഉള്ളിലൊരു കുളിരുണ്ട്.– രമ്യ പറഞ്ഞു നിർത്തി.

Tags:
  • Motivational Story