Friday 30 September 2022 10:20 AM IST

‘സിസേറിയൻ കഴിഞ്ഞു കൃത്യം ഒരു മാസം, ആരും ചെയ്യാത്ത ഒരു സാഹസം ഞാൻ ചെയ്തു...’: 6 മാസത്തിൽ 9 കിലോ കുറഞ്ഞ കഥ: അഞ്ജലി പറയുന്നു

V.G. Nakul

Sub- Editor

anjali-new-1

‘‘രണ്ടാമത്തെ പ്രസവത്തിനു ശേഷം പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ എന്നെ ചെറുതായൊന്നുമല്ല തകർത്തത്...തൊട്ടതിനും പിടിച്ചതിനും ദേഷ്യം, സങ്കടം, ധാര ധാരയായി അകാരണമായി ഒഴുകിയ കണ്ണുനീർ...ദേ കണ്ടില്ലേ...മുടി വരെ മൊട്ട ആക്കി. ഭക്ഷണം കഴിച്ചാണ് സങ്കടം തീർത്തത്. ഡെലിവറി കഴിഞ്ഞിട്ടും ശരീരഭാരം കുതിച്ചുകൊണ്ടേയിരുന്നു...പഴയ എന്നിലേക്ക് 15 കിലോ വ്യത്യാസം...ഇനി എന്നെ രക്ഷിക്കാൻ എനിക്കേ കഴിയൂ എന്ന് ഒരു ഘട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു... സ്വയം മാറാൻ തുടങ്ങി. ചിരിക്കാനുള്ള, എൻഗേജ്ഡ് ആയി ഇരിക്കാനുള്ള കാരണങ്ങൾ സ്വയം കണ്ടെത്തി. സിസേറിയൻ കഴിഞ്ഞു കൃത്യം ഒരു മാസം, ആരും ചെയ്യാത്ത ഒരു സാഹസം ഡോക്ടറുടെ അനുവാദത്തോടെ ഞാൻ ചെയ്തു...ജിമ്മിൽ റീ ജോയിൻ ചെയ്തു. എന്നെ സഹായിക്കൂ, ഞാൻ തകർന്ന് പോകും എന്ന് പറഞ്ഞപ്പോൾ, വന്നോളൂ എന്ന് പറഞ്ഞ ട്രെയിനേഴ്സ് ആണ് ആദ്യ വെളിച്ചം. വ്യായാമം എന്റെ ഹാപ്പി ഹോർമോൺസിനെ ഉണർത്തി...എന്നാലും എത്രയോ ദിവസം ട്രെയിനറിന്റെ മുൻപിലും അകാരണമായി കരഞ്ഞു നിന്നെന്നോ...’’.– പറയുന്നത് മലയാളികൾക്ക് സുപരിചിതയായ റേഡിയോ ജോക്കിമാരിൽ ഒരാളായ ആർ.ജെ അഞ്ജലി. പ്രസവ ശേഷം ശരീര ഭാരം പരിധി വിട്ടു കൂടിയ അഞ്ജലി വീണ്ടും പഴയ ശരീരശൈലിയിലേക്ക് എത്തിയതിന്റെ കഥ ‘വനിത ഓൺലൈനോട്’ പങ്കുവച്ചു തുടങ്ങിയതിങ്ങനെ.

anjali-new-2

‘‘സുഹൃത്തുക്കളും ഭർത്താവും കുടുംബവും എന്നെ സപ്പോർട്ട് ചെയ്തു...ആദ്യം ചെറിയ ചെറിയ എക്സർസൈസുകൾ മാത്രമാണ് ചെയ്തത് കേട്ടോ. ഓരോ മാസങ്ങൾ കഴിയും തോറും പഴയ എന്നെ എനിക്ക് തിരിച്ചു കിട്ടിത്തുടങ്ങി. മറ്റുള്ളവരെ പോലെ കഠിനമായ വ്യായാമം ചെയ്യാനായി. എന്നും രാവിലേയും വൈകുന്നേരവും കുഞ്ഞ് ഉറങ്ങുന്ന സമയങ്ങളിൽ നടക്കാൻ പോയി...പിന്നെ അത് ഓട്ടമായി...ശരീരം കരുത്തു നേടിയപ്പോൾ ആണ് ഭക്ഷണം കൺട്രോൾ ചെയ്യാനുള്ള മനക്കരുത്തും തിരികെ വന്നത്... അരക്കിട്ടുറപ്പിച്ചതു പോലെ നിന്ന ശരീരഭാരം അയഞ്ഞു തുടങ്ങി. മെറ്റേണിറ്റി ലീവ് കഴിയും മുൻപേ പഴയ ഞാൻ തിരിച്ചു വരും എന്നുള്ള വാശിയും ഉള്ളിൽ ഉണ്ടായിരുന്നു...6 മാസം വേണ്ടി വന്നില്ല....റീ ജോയിനിങ്ങിനു മുൻപേ ദേ പഴയ ഞാൻ നിങ്ങളെ നോക്കി ചിരിക്കുന്നു... 9 കിലോ കുറഞ്ഞു... തളർന്നു പോയ ഞാൻ ആയിരം മടങ്ങു പ്രകാശത്തിൽ ഉയർത്തെണീറ്റു... ’’.– അഞ്ജലിയുടെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ കരുത്ത്.

‘‘എനിക്കു കഴിഞ്ഞെങ്കിൽ എല്ലാവർക്കും കഴിയും...സങ്കടക്കടലിൽ വീണു പോയവരുണ്ടോ...എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കൂ. നമ്മൾ തന്നെ വിചാരിച്ചാൽ അത് വേഗം സാധിക്കും’.– അഞ്ജലി പറയുന്നു.

anjali-new-3

76 കിലോയിലേക്ക്

4 വർഷം മുമ്പ് ആദ്യത്തെ കുഞ്ഞ് ജനിച്ച സയമത്ത്, സിസേറിയൻ കഴിഞ്ഞ് എന്റെ വണ്ണം കൂടി 76 കിലോഗ്രാമിലെത്തി. അതു വരെ മെലിഞ്ഞ ശരീര പ്രകൃകമായിരുന്നു എന്റെത്. വണ്ണം കൂടിയപ്പോൾ നടുവേദന തുടങ്ങി. പത്തു മിനിറ്റ് പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ. വിദഗ്ധ ഉപദേശം തേടിയപ്പോൾ വണ്ണം കുറച്ചാൽ നടുവേദനയ്ക്ക് ശമനമുണ്ടാകുമെന്ന് അറിഞ്ഞു. അതോടെയാണ് തടി കുറയ്ക്കാൻ തീരുമാനിച്ചത്. വെയിറ്റ് ലോസ് എന്നതിനെക്കാൾ പ്രധാനം ആരോഗ്യം സംരക്ഷിക്കുക എന്നതായിരുന്നു. വ്യായാമം തുടങ്ങിയപ്പോഴേ നടുവേദന പതിയെപ്പതിയെ കുറഞ്ഞു തുടങ്ങി.

നാട്ടിൽ ജിമ്മില്ലാത്തതിനാൽ, വീട്ടിലുള്ള വ്യായാമങ്ങളായിരുന്നു തുടക്കത്തിൽ. നടത്തം, ഓട്ടം ഒക്കെയായിരുന്നു പ്രധാനം. ഒപ്പം പ്രായോഗികയായ രീതിയില്‍ ഡയറ്റും തുടങ്ങി. ഭക്ഷണം നിയന്ത്രിച്ചു. അനാവശ്യമായതൊക്കെ ഒഴിവാക്കി. വയറു നിറഞ്ഞു കഴിക്കില്ല. ഓട്സും ഫ്രൂട്സും ചപ്പാത്തിയുമൊക്കെയാണ് പ്രധാന മെനു. ഇഷ്ടത്തിനനുസരിച്ച് ഡയറ്റ് മാറ്റി. ജിമ്മിലും സജീവമായി.

വെയിറ്റ് കുറയ്ക്കണം എന്ന് ആഗ്രഹമുള്ളവരോട് എനിക്ക് പറയാനുള്ളത് കുറുക്കു വഴികളിൽ ചെന്നു ചാടരുത് എന്നാണ്. സമയം കൊടുക്കണം. സമാധനത്തോടെ, നന്നായി കഠിനാധ്വാനം ചെയ്ത് മെലിയണം. ഗുളികകളും, മരുന്നുകളും ഇതിനായി ഉപയോഗിക്കരുത്. മനസ്സർപ്പിച്ച് പരിശ്രമിച്ചാൽ വണ്ണം സ്വാഭാവികമായി കുറയും. തിരുവനന്തപുരം ആഴിമല സ്വദേശിനിയാണ് അഞ്ജലി.