Monday 19 April 2021 01:03 PM IST

നീ ഞാന്‍ ആവുകയാണ്, എന്നെപ്പോലെ ആയാല്‍ വലിയ ബുദ്ധിമുട്ടാണ്! 97 കിലോയുള്ള അനുജത്തിയുടെ വാക്കുകൾ മാറ്റിമറിച്ചത് ആർ‌ജെ അഞ്ജലിയുെട ജീവിതം

V.G. Nakul

Sub- Editor

a2

‘നീ ഞാനായിക്കൊണ്ടിരിക്കുകയാണ്. എന്നെപ്പോലെ ആയാല്‍ വലിയ ബുദ്ധിമുട്ടാണ്. നടക്കാൻ പറ്റില്ല, ഇഷ്ടമുള്ള ഡ്രസ് ധരിക്കാൻ പറ്റില്ല, ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും. നീയങ്ങനെ ആകരുത്. നീ ഞാനാകല്ലേ...’ – അനുജത്തി ആര്യയുടെ വാക്കുകൾ ആർജെ അഞ്ജലിയുടെ അതുവരെയുള്ള ജീവിതത്തിനുള്ള സഡൻ ബ്രേക്കായിരുന്നു. പണ്ട് നന്നായി മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു. പിന്നീട് വണ്ണം വച്ചപ്പോൾ എല്ലാവരും കളിയാക്കാൻ തുടങ്ങി. അത് എന്നെ സങ്കടപ്പെടുത്തിയെങ്കിലും ഞാൻ അത്രയ്ക്ക് മൈൻഡ് ചെയ്തില്ല. അപ്പോഴും ‘നീ പഴയ രൂപത്തിലേക്കു തിരിച്ചു വാ’ എന്ന് ആരും പ്രോത്സാഹിപ്പിച്ചില്ല. അങ്ങനെയിരിക്കെയാണ് ആര്യയുടെ പഞ്ച് ഡയലോഗ്. അതോടെ അത്രയും നാളത്തെ ജീവതരീതിയോട് സൈൻ ഓഫ് പറഞ്ഞു. പിന്നെ പഴയ രൂപം തിരിച്ചു പിടിക്കാനുള്ള കഠിന പ്രയത്നത്തിന്റെ നാളുകൾ.

മലയാളികൾക്ക് സുപരിചിതയായ റേഡിയോ ജോക്കിമാരിൽ ഒരാളാണ് ആർ.ജെ അഞ്ജലി. പ്രസവ ശേഷം ശരീര ഭാരം പരിധി വിട്ടു കൂടിയ അഞ്ജലി വീണ്ടും പഴയ ശരീരശൈലിയിലേക്ക് എത്തിയതിന്റെ കഥ ‘വനിത ഓൺലൈനോട്’ പങ്കുവയ്ക്കുന്നു. ഒപ്പം തന്നെ അതിനു പ്രേരിപ്പിച്ച അനുജത്തിയുടെ വമ്പൻ മേക്കോവറിനെക്കുറിച്ചും.

a3 അഞ്ജലിയും കുടുംബവും

‘‘കുട്ടിക്കാലം മുതൽ ആര്യയ്ക്ക് നല്ല വണ്ണമുണ്ട്. ഞാൻ തീരെ മെലിഞ്ഞിട്ടും. അവളെ ഉണ്ണിഗണപതി എന്നാണ് ഞങ്ങൾ വിളിച്ചു കൊണ്ടിരുന്നത്. പക്ഷേ, ഇപ്പോഴത്തെ അവളുടെ മേക്കോവർ ഗംഭീരം. എല്ലാവർക്കും അവളുടെ രൂപമാറ്റത്തില്‍ വലിയ അത്ഭുതമാണ്.

അവളുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യം ജോലി നേടുക എന്നതായിരുന്നു. അതു സാധിച്ചു. ഇപ്പോൾ ആലപ്പുഴ കോടതിയിലാണ്. അതിനു ശേഷമാണ് ശരീരഭാരം കുറച്ച്, കൂടുതൽ ആരോഗ്യകരമായ ലുക്കിലേക്കെത്താനുള്ള ശ്രമം തുടങ്ങിയത്. അതിനു വേണ്ടി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. എന്നും വ്യായാമം ചെയ്യും, നടക്കും, ഒാടും. ഭക്ഷണം നിയന്ത്രിച്ചു. ഇപ്പോൾ ജിമ്മിലും പോയിത്തുടങ്ങി. ഞാനും ഭർത്താവ് ജിനോയും ആര്യയും അവളുടെ വുഡ്ബി അഭിലാഷും ഒന്നിച്ചാണ് ജിമ്മിൽ പോക്ക്. അഭിലാഷും അവളെപ്പോലെ വണ്ണം കുറച്ച ആളാണ്. പൊലീസിലാണ് ജോലി. ആര്യ 97 കിലോയിൽ നിന്ന് 65 ലേക്ക് എത്തിയപ്പോൾ, ഞാൻ 76 കിലോയിൽ നിന്ന് 58 കിലോയിലേക്കെത്തി’’. – അഞ്ജലി പറയുന്നു.

a5 ആര്യ, അഞ്ജലി, അഭിലാഷ്

76 കിലോയിലേക്ക്

രണ്ടര വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ സമയത്ത് എന്റെ വണ്ണം കൂടി 76 കിലോഗ്രാമിലെത്തി. അതു വരെ മെലിഞ്ഞ ശരീര പ്രകൃകമായിരുന്നു എന്റെത്. വണ്ണം കൂടിയപ്പോൾ നടുവേദന തുടങ്ങി. പത്തു മിനിറ്റ് പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ. വിദഗ്ധ ഉപദേശം തേടിയപ്പോൾ വണ്ണം കുറച്ചാൽ നടുവേദനയ്ക്ക് ശമനമുണ്ടാകുമെന്ന് അറിഞ്ഞു. അതോടെയാണ് തടി കുറയ്ക്കാൻ തീരുമാനിച്ചത്. വെയിറ്റ് ലോസ് എന്നതിനെക്കാൾ പ്രധാനം ആരോഗ്യം സംരക്ഷിക്കുക എന്നതായിരുന്നു. വ്യായാമം തുടങ്ങിയപ്പോഴേ നടുവേദന പതിയെപ്പതിയെ കുറഞ്ഞു തുടങ്ങി.

a1 അഞ്ജലിയും ആര്യയും

നാട്ടിൽ ജിമ്മില്ലാത്തതിനാൽ, വീട്ടിലുള്ള വ്യായാമങ്ങളായിരുന്നു തുടക്കത്തിൽ. നടത്തം, ഓട്ടം ഒക്കെയായിരുന്നു പ്രധാനം. ഒപ്പം പ്രായോഗികയായ രീതിയില്‍ ഡയറ്റും തുടങ്ങി. ഭക്ഷണം നിയന്ത്രിച്ചു. അനാവശ്യമായതൊക്കെ ഒഴിവാക്കി. വയറു നിറഞ്ഞു കഴിക്കില്ല. ഓട്സും ഫ്രൂട്സും ചപ്പാത്തിയുമൊക്കെയാണ് പ്രധാന മെനു. ഇഷ്ടത്തിനനുസരിച്ച് ഡയറ്റ് മാറ്റും. ഇപ്പോൾ ജിമ്മിലും സജീവമായി.

a4 അഞ്ജലി, ജിനോ, മകൾ

ആര്യക്ക് നല്ല തടിയുണ്ടായിരുന്നതിനാൽ വരുന്ന കല്യാണ ആലോചനകളൊക്കെ മുടങ്ങുകയായിരുന്നു. ആരും കാരണമായി ഇതു പറയില്ലെങ്കിലും നമുക്കു മനസ്സിലാകുമല്ലോ. അഭിലാഷിന്റെ ആലോചന വന്നപ്പോഴുണ്ടായ പ്രധാന സവിശേഷത, കക്ഷിയും ഇതേ പോലെ വണ്ണം കുറച്ചു വന്ന ആളാണെന്നതാണ്. അവർക്ക് പരസ്പരം ആഴത്തിൽ മനസ്സിലാക്കാൻ പറ്റി.

വെയിറ്റ് കുറയ്ക്കണം എന്ന് ആഗ്രഹമുള്ളവരോട് എനിക്ക് പറയാനുള്ളത് കുറുക്കു വഴികളിൽ ചെന്നു ചാടരുത് എന്നാണ്. സമയം കൊടുക്കണം. സമാധനത്തോടെ, നന്നായി കഠിനാധ്വാനം ചെയ്ത് മെലിയണം. ഗുളികകളും, മരുന്നുകളും ഇതിനായി ഉപയോഗിക്കരുത്. മനസ്സർപ്പിച്ച് പരിശ്രമിച്ചാൽ വണ്ണം സ്വാഭാവികമായി കുറയും. തിരുവനന്തപുരം ആഴിമല സ്വദേശിനിയാണ് അഞ്ജലി. രണ്ടര വയസ്സുകാരി തൻവിയാണ് മകൾ.