Wednesday 16 February 2022 11:39 AM IST

‘പ്രണയമാണെങ്കിലും തെറ്റില്ല, പുരോഗമന നിലപാടോടു കൂടിയ വിവാഹമാണ് ആഗ്രഹം’: സച്ചിൻ അന്നു പറഞ്ഞു

V.G. Nakul

Sub- Editor

sachin-dev

പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ. എം സച്ചിൻ ദേവ്. ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഇരുപത്തിയേഴുകാരനായ സച്ചിൻ ദേവ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥിയും ചലച്ചിത്രതാരവുമായ ധർമജൻ ബോൾഗാട്ടിയായിരുന്നു മുഖ്യ എതിരാളി. കോഴിക്കോട് നെല്ലിക്കോടുകാരനാണ് സച്ചിൻ.

കോളജ് യൂണിയനിൽ തുടക്കം

മുൻപ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലൊക്കെ മത്സരിച്ച് ജയിച്ചിട്ടുണ്ടെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ ആദ്യമാണ്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാനായതില്‍ വലിയ സന്തോഷവും അഭിമാനവും ഉണ്ട്.

എസ്എഫ്ഐ – സിപിഐഎം രാഷ്ട്രീയ പ്രവർത്തനമാണ് ഇത്ര ചെറിയ പ്രായത്തിൽ എന്നെ പരുവപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ പ്രത്യേക പ രിശീലനമൊന്നും വേണ്ടി വന്നില്ല.

ജനങ്ങൾക്കിടയിൽ അവർക്കൊപ്പം ജീവിക്കുന്ന ആളാണ് ഞാൻ. അവർക്കു വേണ്ടി കൂടുതൽ കാര്യങ്ങള്‍ ചെയ്യാനുള്ള വഴിയാണ് പുതിയ ചുമതല. യുവതലമുറയ്ക്ക് കൂടു തൽ അവസരങ്ങൾ ഒരുക്കണം. പ്രായമല്ലല്ലോ, പ്രവർത്തനമല്ലേ പ്രധാനം.

ഇത്ര പെട്ടെന്നാകും എന്ന് കരുതിയില്ല

നടൻ ധർമജൻ ബോൾഗാട്ടിയാണ് മുഖ്യ എതിരാളി എന്നറി‍ഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രശസ്തിയെക്കാൾ ജനങ്ങളെ സ്വാധീനിക്കുന്നത് അവരുടെ നയങ്ങളും നിലപാടുക ളുമാണല്ലോ. ജനങ്ങൾക്കു വേണ്ടി കാര്യങ്ങൾ ചെയ്യുക ആരാണ് എന്നതാണ് പ്രധാനം.

നടൻ എന്ന നിലയിൽ ധർമജനെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ‘കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍’ എന്ന ചിത്രത്തിലെ കഥാപാത്രം രസിച്ചു കണ്ടതാണ്. ഇലക്‌ഷൻ പ്രഖ്യാ പിച്ച് മണിക്കൂറുകൾക്കുള്ളിൽ, പ്രചരണത്തിരക്കുകൾക്കിടെ യാദൃശ്ചികമായി ഞങ്ങൾ നേരില്‍ കണ്ടു. വിശേഷങ്ങ ൾ പറഞ്ഞു. ‘കാണും എന്നറിയാമായിരുന്നു, പക്ഷേ, ഇത്ര പെട്ടെന്ന് കാണുമെന്ന് കരുതിയില്ല’ എന്നായിരുന്നു അദ്ദേഹം ചിരിയോടെ പറഞ്ഞത്.

സൗഹൃദവും രാഷ്ട്രീയവും

രാഷ്ട്രീയാതീതമായ വലിയ സൗഹൃദ വലയമുണ്ട്. പ്രധാനമായും സഖാക്കൾ. അത് തിരഞ്ഞെടുപ്പ് കാലത്ത് വളരെയധികം ഗുണപ്പെട്ടിട്ടുണ്ട്.

എന്റെ ഭക്ഷണം, വസ്ത്രം ഒക്കെ അവർ സ്വയമേറ്റെടുക്കുകയായിരുന്നു. കു‍ഞ്ഞിനെയെന്ന വണ്ണമാണ് അവർ എന്നെ നോക്കിയത്. കോഴിക്കോട് നോർത്തിൽ സ്ഥാനാർഥിയായിരുന്ന കെഎസ്‌യു നേതാവ് കെ.എം അഭിജിത്ത് എന്റെ ക്ലാസ്മേറ്റായിരുന്നു. മീഞ്ചന്ത ഗവ.ആർട്സ് & സയൻസ് കോളജിൽ ഒരേ ക്ലാസിൽ ഇരുന്ന് പഠിച്ചവരാണ്. ഞാൻ കോളജ് യൂണിയൻ ചെയർമാനായിരുന്നപ്പോൾ അഭിജിത്ത് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസലറായിരുന്നു. രാഷ്ട്രീയത്തിനപ്പുറം, ഔപചാരികതകളില്ലാതെ, രണ്ട് പ്രിയപ്പെട്ട ചങ്ങാതിമാരാ യാണ് ഞങ്ങൾ എപ്പോഴും സംസാരിക്കുന്നത്.

sachin-d

സംഗീതം വഴി വന്ന സച്ചിൻ

സച്ചിൻ വളരെ പ്രചാരമുള്ള പേരാണെങ്കിലും സച്ചിൻ ദേ വ് അത്ര സാധാരണമല്ല. അച്ഛനാണ് പേര് കണ്ടെത്തിയത്. സെക്കുലർ ആയ പേര് വേണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഒപ്പം സംഗീതജ്ഞനായ സച്ചിൻ ദേവ് ബർമന്റെ പേരിന്റെ സ്വാധീനം കൂടി വന്നു. സച്ചിൻ തെണ്ടുൽക്കറിന്റെ പേരുമായി ചേർത്ത്, ഓർത്തു വയ്ക്കാൻ എളുപ്പമുള്ള പേരാണിത്. എനിക്ക് പേരിടുന്ന കാലത്ത് സച്ചിൻ എ ന്ന പേര് ഇന്നത്തെയത്ര പ്രചാരത്തിൽ വന്നിട്ടുമില്ല. എനിക്ക് എന്റെ പേര് വളരെ ഇഷ്ടമാണ്.

കല്യാണം വരും നേരം

വിവാഹത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്. 27 വയസ്സല്ലേ ആയുള്ളൂ. സമയമുണ്ടല്ലോ. പുരോഗമന നിലപാടോടു കൂടിയ വിവാഹമാണ് ആഗ്രഹം. പ്രണയമാണെങ്കിലും തെറ്റില്ല.

വായനയും എഴുത്തും

ഡിഗ്രി ഒന്നാം വർഷം വരെയൊക്കെ സാഹിത്യ കൃതികള്‍ നന്നായി വായിച്ചിരുന്ന ആളാണ് ഞാൻ. സംഘടനാ പ്രവർത്തനത്തിൽ സജീവമായ ശേഷം അതു കുറഞ്ഞു. ഇപ്പോൾ പത്രങ്ങളും ആനുകാലികങ്ങളുമാണ് പ്രധാനമായും വായിക്കുക. രാഷ്ട്രീയ – സാമൂഹിക സംബന്ധിയായ കൃതികൾ കൂടുതൽ ശ്രദ്ധിക്കുന്നു. ഉറൂബിന്റെ രചനകളാണ് സാഹിത്യത്തിൽ ഏറെ പ്രിയപ്പെട്ടവ. ഫെയ്സ്ബുക്കിൽ രാഷ്ട്രീയ വിശകലന കുറിപ്പുകൾ എഴുതാറുണ്ട്. അതിനപ്പുറം എഴുത്തുകാരൻ എന്ന നിലയില്‍ എനിക്കു വലിയ ആത്മവിശ്വാസമില്ല.

sachin-1

അമ്മയുടെ ഉപദേശങ്ങൾ

എന്നെ സ്വാധീനിച്ച സ്ത്രീ അമ്മ എം.ഷീജയാണ്. ജീവിതം ഗതിമാറുന്ന കാലത്ത് അമ്മയാണ് എന്നെ കൃത്യമായി പരുവപ്പെടുത്തിയത്. എന്റെ പഠനത്തിൽ അമ്മ വലിയ ശ്രദ്ധ ചെലുത്തി. അധ്യാപികയായതിനാൽ അമ്മയ്ക്ക് കുട്ടികളുടെ സൈക്കോളജി വളരെപ്പെട്ടെന്ന് മനസ്സിലാകും. തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കും. ശകാരിക്കേണ്ടതാണെങ്കില്‍ ശകാരിക്കും. സ്നേഹത്തോടെ പറയേണ്ടവ അങ്ങനെ പറയും. എന്നെ ആവശ്യമുള്ളപ്പോൾ വേണ്ടവിധം തിരുത്തൽ നൽകി മുന്നോട്ടു നയിക്കുന്നത് അമ്മയാണ്.

എന്റെ രാഷ്ട്രീയ നിലപാ‍ടുകളും കാഴ്ചപ്പാടുകളും അ ച്ഛന്‍ കെ.എം. നന്ദകുമാർ പകർന്നു തന്നതാണ്. നന്നായി പഠിക്കുകയും നന്നായി സംഘടനാ പ്രവർത്തനം നടത്തുകയും ചെയ്യണമെന്നതായിരുന്നു അച്ഛന്റെ ഉപദേശം. ‘സമരരംഗത്ത് നിന്ന് ഓടി മാറരുത്, പ്രസ്ഥാനത്തിന് വേണ്ടി അടിയേൽക്കുമ്പോള്‍ അഭിമാനമേ പാടുള്ളൂ, ഭയം വേണ്ട’ എന്നതാണ് അച്ഛന്റെ തിയറി. സഹോദരി കെ. എം. സാന്ദ്ര ബിഎഡ് വിദ്യാർഥിനിയാണ്.

സച്ചിൻ ദേവ് അഭിമുഖം– വനിത 2021 മേയ് രണ്ടാം ലക്കം

വി.ജി. നകുൽ