Friday 24 July 2020 01:12 PM IST : By സ്വന്തം ലേഖകൻ

പുച്ഛിക്കേണ്ട, മനുഷ്യജീവനെ ഉദരത്തിലേറ്റിയപ്പോൾ വന്നതാണ് ആ മാറ്റം; സമീറയ്ക്ക് സല്യൂട്ട്: കുറിപ്പ്

sameera

ലൈം ലൈറ്റിന്റെ വെള്ളിവെളിച്ചവും ചമയങ്ങളും വിട്ട് പുറത്തു വരാൻ മടിക്കുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തയാകുകയാണ് സമീറ റെഡ്ഡി. നടിയിൽ നിന്നും അമ്മയിലേക്കുള്ള മാറ്റത്തെ അതേപടി ഉൾക്കൊണ്ട താരം ഓരോ സ്ത്രീക്കും മാതൃകയാണ്. തന്റെ നരച്ച മുടിയും മുഖക്കുരുവുള്ള മേക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട നടിയെ ഇരു കൈയും നീട്ടിയാണ് ഏവരും സ്വീകരിച്ചത്. അമ്മയായതിനെ തുടർന്ന് തനിക്കുണ്ടായ ശാരീരിക മാറ്റങ്ങളെ മറച്ചു വയ്ക്കാതെ രംഗത്തെത്തിയ സമീറ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുമ്പോൾ ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് സന്ദീപ് ദാസ്. ഫീൽഡ് ഒൗട്ടായ സിനിമാതാരങ്ങൾ പോലും മെയ്ക്ക് അപ്പ് ഇല്ലാതെ പുറത്തിറങ്ങാറില്ല. ഈ സാഹചര്യത്തിൽ സമീറ വ്യത്യസ്തയാണെന്ന് സന്ദീപ് കുറിക്കുന്നു. രൂപമല്ല മനസാണ് പ്രധാനം എന്ന് ശക്തമായി പറഞ്ഞുവയ്ക്കുന്ന സമീറ ഏവർക്കും മാതൃകയാണെന്നും സന്ദീപ് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

അഭിനേത്രി എന്ന നിലയിൽ സമീറ റെഡ്ഡിയ്ക്ക് സ്വന്തമായ മേൽവിലാസമുണ്ട്. വാരണം ആയിരത്തിലെ മേഘ്നയെ ആർക്കെങ്കിലും മറക്കാനാവുമോ? ഇപ്പോൾ ബോഡി ഷെയ്മിങ്ങിനെതിരായ നിലപാടുകളിലൂടെ വ്യക്തിജീവിതത്തിലും കൈയ്യടികൾ നേടുകയാണ് സമീറ.

ഒരു ആരാധിക സമീറയ്ക്ക് അയച്ച മെസേജാണ് നിർണ്ണായകമായത്. പ്രസവശേഷം തടി കൂടിയതുമൂലം താൻ വലിയ ദുഃഖത്തിലാണ് എന്നാണ് ആരാധിക അറിയിച്ചത്. അതിനുള്ള മറുപടിയായി മെയ്ക്ക് അപ്പ് ഇല്ലാതെ സമീറ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സാധാരണഗതിയിൽ സിനിമാതാരങ്ങൾ ചെയ്യാൻ മടിക്കുന്ന പ്രവൃത്തി.

ഈ ചിത്രത്തിലെ സമീറയ്ക്ക് നരയുണ്ട്. മുഖക്കുരുവിന്റെ പാടുകളുണ്ട്. രൂപമല്ല പ്രധാനം എന്ന് ശക്തമായി പറഞ്ഞുവെയ്ക്കുകയാണ് സമീറ ചെയ്തത്.

സമീറയ്ക്ക് മെസേജ് അയച്ച അമ്മയെ കുറ്റപ്പെടുത്താനാവില്ല. പ്രസവശേഷം സ്ത്രീകൾ നേരിടുന്ന പരിഹാസങ്ങൾ ചില്ലറയൊന്നുമല്ല. അമ്മയാകുമ്പോൾ സ്ത്രീശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും. സ്തനങ്ങളുടെ ഭംഗി കുറയും. വയറിൽ പാടുകൾ വീഴും. തടി കൂടും.

പക്ഷേ ആ മാറ്റങ്ങൾ സംഭവിക്കുന്നത് വെറുതെയല്ലല്ലോ. ഒരു മനുഷ്യജീവനെ പത്തുമാസത്തോളം ഉദരത്തിൽ ചുമക്കുകയും പ്രസവിക്കുകയും വളർത്തുകയും ചെയ്യുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങളാണ്. നമ്മളെല്ലാവരും ആ വഴിയിലൂടെയാണ് വന്നത്. പുച്ഛിക്കുന്നവർ ഇതൊന്നും ആലോചിക്കാറില്ല. ചില സ്ത്രീകൾക്ക് പ്രസവം കഴിഞ്ഞാൽ ഭർത്താവിന്റെ വായിൽ നിന്നുവരെ കുത്തുവാക്കുകൾ കേൾക്കേണ്ടിവരും.

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ബോഡി ഷെയ്മിങ്ങ്. പൊന്തിയ പല്ലുകളും തടിച്ച ചുണ്ടുകളും ഇരുണ്ട നിറവും കഷണ്ടി കയറിയ തലയുമെല്ലാം ധാരാളം പരിഹാസങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ഇതുപോലുള്ള കളിയാക്കലുകൾ നമ്മളിൽ മിക്കവരും കേട്ടിട്ടുണ്ടാവും. കറുത്ത നിറമുള്ള ഒരാളുടെ മുഖത്ത് നോക്കി 'കരിഞ്ഞവൻ' എന്നൊക്കെ വിളിക്കാൻ ആളുകൾക്ക് യാതൊരു മടിയുമില്ല.

ബോഡി ഷെയ്മിങ്ങ് തെറ്റാണ് എന്ന കാഴ്ച്ചപ്പാടിലേക്ക് എത്തിച്ചേരാൻ പോലും നമുക്ക് സാധിച്ചിട്ടില്ല. അപരന്റെ ശരീരത്തെക്കുറിച്ച് കമന്റുകൾ പാസാക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ തടി കുറഞ്ഞാലും കൂടിയാലും ചുറ്റുമുള്ളവർക്ക് എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും.

'ഭിന്നശേഷിക്കാരൻ' എന്ന വാക്ക് ഉച്ചരിക്കാൻ മലയാളി പഠിച്ചുവരുന്നതേയുള്ളൂ. പൊട്ടൻ എന്ന പദത്തോടാണ് നമ്മുടെ നാവിന് ഇന്നും പ്രിയം!

വലിയ മീശയും കട്ടിയുള്ള താടിയും പുരുഷൻമാർക്ക് അഭിമാനപ്രശ്നമാണ്. മുഖത്ത് അധികം രോമം വളരാത്തവർ കൂട്ടുകാർക്കിടയിൽ ഒറ്റപ്പെട്ടുപോകാറുണ്ട്. അത് തങ്ങളുടെ കഴിവുകേടാണെന്ന് കുറച്ചുപേരെങ്കിലും വിചാരിച്ചുപോരുന്നു.

ബോഡി ഷെയ്മിങ്ങിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ചിലർ ജീവിതകാലം മുഴുവനും ആ മുറിവ് കൊണ്ടുനടക്കും. ചിലർ ഡിപ്രഷനിലേക്ക് വഴുതിവീഴും. കുറച്ചുപേർ ആത്മഹത്യ ചെയ്യും. വളരെയെറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണിത്.

സൗന്ദര്യം സംബന്ധിച്ചുള്ള മിഥ്യാസങ്കൽപ്പങ്ങളെ ഊട്ടിയുറപ്പിക്കുന്നതിൽ സിനിമകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സിനിമയിലെ നായിക പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുക്കുന്നവളായിരിക്കും. പക്ഷേ മുഖം ചായംതേച്ച് പരമാവധി വെളുപ്പിച്ചിട്ടുണ്ടാ­­­വും. മലയാളസിനിമയ്ക്ക് ഇത്രയേറെ പ്രായമായില്ലേ? എത്ര കറുത്ത നായികമാർ ഇവിടെ ഉണ്ടായിട്ടുണ്ട്?

ഫീൽഡ് ഒൗട്ടായ സിനിമാതാരങ്ങൾ പോലും മെയ്ക്ക് അപ്പ് ഇല്ലാതെ പുറത്തിറങ്ങാറില്ല. ആ സമയത്താണ് സമീറ ഇതുപോലൊരു ഫോട്ടോയുമായി വരുന്നത്. ചായക്കൂട്ടുകളിലൊന്നും ഒരു കാര്യവുമില്ലെന്ന് പ്രസ്താവിക്കുന്നത്. നിസ്സാര കാര്യമല്ല അത്. ഒരുപാട് പേരെ പ്രചോദിപ്പിക്കാൻ സമീറയുടെ പ്രവൃത്തിയ്ക്ക് കഴിയും.

കാസ്റ്റിങ്ങ് കൗച്ച് ഒരു യാഥാർത്ഥ്യമാണെന്ന് തുറന്നുപറഞ്ഞിട്ടുള്ള ആളാണ് സമീറ. സിനിമ ഉൾപ്പടെയുള്ള എല്ലാ മേഖലകളിലും സ്ത്രീകൾ വിവേചനം അനുഭവിക്കുന്നുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയുള്ള ഒരാൾ ബോഡി ഷെയ്മിങ്ങിനെതിരെ പോരാടുന്നതിൽ തെല്ലും അത്ഭുതമില്ല.

ഈ ജീവിതം സന്തോഷിക്കാനുള്ളതാണ്. നമ്മുടെ ശരീരം എങ്ങനെയിരിക്കുന്നു എന്നത് നമ്മുടെ മാത്രം സ്വകാര്യതയാണ്. മറ്റുള്ളവർ അതിൽ ഇടപെടാൻ വന്നാൽ ''പോയി പണിനോക്ക്'' എന്ന് പറയണം. അതോടെ അവരുടെ ആവേശം പകുതി തണുക്കും. അതിനുശേഷം സമീറയെപ്പോലെ മനസ്സുനിറഞ്ഞ് ചിരിക്കണം. അപ്പോൾ എല്ലാം പൂർത്തിയാകും...

Written by-Sandeep Das