Monday 05 October 2020 05:16 PM IST

‘ആക്രമിക്കുന്നവർ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്; അവഗണിച്ചു ധൈര്യത്തോടെ മുന്നോട്ടു പോകുക’

Vijeesh Gopinath

Senior Sub Editor

shanutfdddd

ഇഷ്ടമല്ലാത്ത ചോദ്യങ്ങളെ കനൽ പോലെ ഭയക്കുന്നവരുണ്ട്. അവർക്കു വേണ്ടി പട നയിക്കുന്നവരും പടയ്ക്കു പന്തം പിടിക്കുന്നവരും ഉണ്ട്. ചോദ്യം ചോദിക്കുന്നത് ‘സ്ത്രീ’ ആയതുകൊണ്ട് എടുത്തെറിയാനുള്ള പലതരം കല്ലുകളുണ്ടാകുമല്ലോ. മതം മുതൽ വ്യക്തിജീവിതം വരെ മൂർച്ച നോക്കി എറിഞ്ഞു നോക്കി. സൈബറിടത്തിന്റെ ഇരുട്ടിലിരുന്ന് ഓരിയിട്ടു നോക്കി. പക്ഷേ... ‘പാഠം പഠിപ്പിക്കാന്‍’ ഇത്രയൊക്കെ ചെയ്തിട്ടും ചോദ്യചിഹ്നം പോലെ വളഞ്ഞു നിൽക്കാൻ ഈ അവതാരകര്‍  ഇപ്പോഴും പഠിച്ചിട്ടില്ല!  ചോദ്യങ്ങൾക്ക്  ‘എക്സ്ട്രാ ബോൺ’ ഉണ്ടാകുന്നത് കുറ്റമാണോ? 

അവരെ കുറിച്ച് പറയാതെ വയ്യ: ഷാനി പ്രഭാകരൻ, ന്യൂസ് എഡിറ്റർ, മനോരമ ന്യൂസ് 

വാർത്ത അവതരിപ്പിക്കുന്ന രീതി അടിമുടി മാറിത്തുടങ്ങിയ കാലത്താണ് ഞാനുൾപ്പെടുന്ന പുതുതലമുറ ചാനലുകളിലേക്ക് എത്തുന്നത്. അക്ഷര സ്ഫുടതയോടെ ‘വാർത്ത നോക്കി വായിച്ചിരുന്ന’ ആൾക്കാരിൽ നിന്ന് വാർത്ത അറിയുന്ന റിപ്പോർട്ടർമാർ വാർത്ത അവതരിപ്പിക്കാൻ തുടങ്ങിയ കാലം. 

മനോരമ ന്യൂസിന്റെ ആദ്യ വാർത്താ ബുള്ളറ്റിൻ വായിച്ചുകൊണ്ടായിരുന്നു ഇവിടുത്തെ തുടക്കം. ആ ബുള്ളറ്റിൻ വായിച്ചത് ഇന്നും ഓർമയുണ്ട്. മാത്തുക്കുട്ടിച്ചായൻ ഉൾപ്പടെയുള്ള മനോരമ കുടുംബം മുഴുവൻ അന്ന് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. പിന്നീടിങ്ങോട്ട്  എത്രയോ വാർത്തകൾ, ചർച്ചകൾ. വാർത്ത വായിക്കാൻ അല്ല എങ്ങനെയാണോ റിപ്പോർട്ട് ചെയ്യുന്നത് അതുപോലെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്.    

എന്തിനാണ് പ്രകോപിപ്പിക്കുന്നത്?

മനഃപൂർവം പ്രകോപിപ്പിക്കാറില്ല. എന്നാൽ  ചോദ്യങ്ങൾ പ്രകോപനം ആകും എന്നു പേടിച്ച് ചോദിക്കാതെ ഇരുന്നിട്ടുമില്ല. വാർത്തയുടെ സാധ്യത മനസ്സിലാക്കി കൂടുതൽ നന്നായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഉത്തരം പറയുന്ന കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ വിദഗ്ധരാണ്. പ്രയാസമുള്ള ചോദ്യങ്ങളിൽ നിന്ന് ചിലർ തന്ത്രപരമായി ഒഴിഞ്ഞു മാറും. ചിലർ നമ്മളെ പ്രകോപിപ്പിക്കാൻ നോക്കും.  വളരെ കുറച്ചുപേർ സ്ത്രീ  എന്ന മുൻധാരണയോടെ പെരുമാറിയിട്ടുണ്ട്. എത്ര മറച്ചുവച്ചാലും അവർക്കുള്ളിലെ ആ മേധാവിത്വം പുറത്തു വരും. സോളാർ വിവാദ സമയത്ത് ഒരു നേതാവ് ചർച്ചയ്ക്കിടയിൽ മോശം പരാമർശം നടത്തി.  ‘ഇതൊക്കെ ചോദിക്കാൻ ആണെങ്കിൽ വേറെ വല്ല പണിക്കും പൊയ്ക്കൂടെ’ എന്നുചോദിച്ചു. അതിനുശേഷം ഞാൻ നയിക്കുന്ന ചർച്ചയിൽ അദ്ദേഹത്തെ വിളിച്ചിട്ടില്ല. അത്തരം വാചകങ്ങൾ പറയുന്നത് മാന്യതയല്ലല്ലോ. 

എന്റെ മതവും വിശ്വാസവും

ചർച്ചയ്ക്കിടയിൽ ഒരാൾ ‘ഷാനിയുടെ മതത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ടല്ലോ’ എന്നു ചോദിച്ചു. അതിനെക്കുറിച്ച് തുറന്നു സംസാരിക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പക്ഷേ, അദ്ദേഹം ഒഴിഞ്ഞു മാറി. 

ഭർത്താവ് പ്രിജി ജോസഫ് എന്റെ സഹപ്രവർത്തകനാണ്. മകൾ അഞ്ജലി അന്ന പത്തു വയസ്സ്. രണ്ടു മതാചാര പ്രകാരവും ഞങ്ങൾ വിവാഹം കഴിച്ചു. രണ്ടു പേരും രണ്ടു മതത്തിൽ തുടരുന്നു. മകളെ ഒരു മതത്തിലും ചേർത്തിട്ടില്ല. തിരിച്ചറിവിന്റെ പ്രായമാകുമ്പോൾ അവൾ ഏതു മതത്തിൽ വിശ്വസിച്ചാലും കുഴപ്പമില്ല, അതും അവൾക്ക് ഇഷ്ടമുണ്ടെങ്കിൽ.  എന്റെ വിശ്വാസം എന്റെ സ്വകാര്യതയാണ്, അതാണ് നിലപാട്.

മുന്നു തരത്തിലുള്ള സൈബർ പ്രതികരണങ്ങൾ നേരിട്ടിട്ടുണ്ട്. ആദ്യത്തേത്  ചോദ്യങ്ങളുടെ പൊളിറ്റിക്കൽ അജണ്ട ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നവരാണ്. ഇത്  വിമർശനം മാത്രമാണ്. അവരോട് ജനാധിപത്യപരമായ രീതിയിൽ സംസാരിക്കാനും ഉൾക്കൊള്ളാനുമാകും. 

മറ്റൊരു കൂട്ടരുണ്ട്.  നിങ്ങളുടെ  ചോദ്യങ്ങൾ ഞങ്ങൾക്കിഷ്ടപ്പെടുന്നില്ല. ഇത് തുടർന്നാൽ ഭീകരമായി ആക്രമിക്കും. നിശബ്ദരാക്കുക അതാണ് അവരുടെ ലക്ഷ്യം. മൂന്നാമത്തെ വിഭാഗം നിങ്ങൾക്കെതിരെ ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട്  അപവാദപ്രചരണം നടത്തുമെന്ന് തീരുമാനിച്ചവരാണ്.  വീട്ടുകാരെക്കുറിച്ചും മതത്തെക്കുറിച്ചും പറഞ്ഞ് വ്യക്തിഹത്യ നടത്തും. 

നോട്ടുനിരോധനത്തിനു ശേഷം ‘പറയാതെ വയ്യ’ അവതരിപ്പിച്ചപ്പോൾ മുതൽക്കാണ് സൈബർ അറ്റാക്ക് തുടങ്ങുന്നത്. വീട്ടിൽ നിന്ന് ഏഴു ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു എന്നാണ് ആദ്യ പോസ്റ്റർ.  സൈബർ പൊലീസിൽ കേസ് കൊടുത്തു. കേസ് എങ്ങും എത്തിയില്ല. പിന്നീട് തൂടർച്ചയായ ആക്രമണങ്ങൾ. സുഹൃത്തായ എം സ്വരാജിന്റെ ഫ്ളാറ്റിലെ ലിഫ്റ്റിൽ നിൽക്കുന്ന ഫോട്ടോ വച്ച് അടുത്ത ആക്രമണം. രണ്ടു വർഷം മുൻപുള്ള ആ കേസിന്റെ കുറ്റപത്രം ഇപ്പോൾ സമർപ്പിച്ചിട്ടുണ്ട്. 

സൈബർ അറ്റാക്ക് നേരിടുന്ന എല്ലാ സ്ത്രീകളോടും പറയാൻ ഒറ്റ കാര്യമേയുള്ളൂ. ആക്രമിക്കുന്നവർ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്. അവർക്കെതിരേ നിയമ നടപടി സ്വീകരിക്കുക, പിന്നെ അപവാദ പ്രചാരങ്ങളെ അവഗണിച്ചു ധൈര്യത്തോടെ മുന്നോട്ടു പോകുക. ’’

Tags:
  • Spotlight