Friday 22 November 2019 01:00 PM IST : By സ്വന്തം ലേഖകൻ

‘എന്നെ പാമ്പു കടിച്ചതാണ്, തീരെ വയ്യ ആശുപത്രിയില്‍ കൊണ്ടോകൂ’; കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; കണ്ണില്ലാത്ത ക്രൂരത

shehla-snake

"എന്നെ പാമ്പുകടിച്ചതാണ്. എനിക്ക് തീരെ വയ്യ. എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകണേ.’ അധ്യാപക വേഷമണിഞ്ഞു നിന്നവരോട് പലവുരു ആ കുഞ്ഞ് പറഞ്ഞതാണ്. എന്നിട്ടും അവളെ ആശുപത്രിയിലെത്തിക്കാൻ വൈകി. കൃത്യസമയത്ത് അവളുടെ വേദന കേട്ടിരുന്നെങ്കിൽ, ആ പുഞ്ചിരി ഇന്നും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു.

സാറ്മ്മാര് മനപൂർവം സമയം വൈകിപ്പിച്ചതാണ്ഇവിടെയെല്ലാവർക്കും കാറുണ്ട്. പക്ഷേ, കുട്ടിയുടെ ബാപ്പ വന്നതിനുശേഷമാണ് ആശുപത്രിയിൽ കൊണ്ടു പോയത്. മുറിവിൽ തുണികൊണ്ടു കെട്ടുകയല്ലാതെ വേണ്ടരീതിയിൽ പ്രഥമശുശ്രൂഷ പോലും സാറ്മ്മാര് നൽകിയില്ല.–ഷഹ്ലയുടെ കൂട്ടുകാരിയുടെ വാക്കുകൾ.

ക്ലാസ് മുറികളിൽ ചില അധ്യാപകരുടെ മക്കൾക്കും അധ്യാപകർക്കുമല്ലാതെ ആർക്കും ചെരിപ്പിട്ടു കയറാൻ അനുവാദമില്ലെന്നും കുട്ടികൾ ആരോപിക്കുന്നു. ഹെഡ്മാസ്റ്റർ പറ‍ഞ്ഞതു മൊത്തം നുണയാണ്. ഓഡിറ്റോറിയത്തിൽ വലിയൊരു പുറ്റുണ്ട്. അതു പൊട്ടിച്ചാൽത്തന്നെ പാമ്പിനെ കാണാം - കുട്ടികൾ പറയുന്നു

പാമ്പാണ്‌ കടിച്ചതെന്ന് ആ പൊന്നു മോൾ പറഞ്ഞതല്ലേ, പരിഗണിച്ചു കൂടായിരുന്നോ?; ഷെഹ്‍ലയുടെ മരണം ഒരു പാഠം; കുറിപ്പ്

‘ഇഴജന്തുക്കള്‍ കയറില്ലേയെന്ന് ചോദിച്ചു, ടീച്ചര്‍ ചിരിച്ചു; കുട്ടികള്‍ക്കുള്ള വിവേകം പോലും അവർക്കില്ലാതെ പോയി’; ബത്തേരി സ്‌കൂളിനെക്കുറിച്ച് പൂര്‍വ വിദ്യാർഥിയുടെ അനുഭവക്കുറിപ്പ്!

സ്‌കൂള്‍ വിടാന്‍ അഞ്ചുമിനുട്ട് ഉള്ളപ്പോള്‍, കുട്ടിയുടെ പിതാവ് വന്നതിനു ശേഷമാണ് ഷഹ്‌ലയെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോയത്. മൂന്ന് പത്തോടെയാകണം ഷഹ്‌ലയെ പാമ്പ് കടിച്ചിട്ടുണ്ടാവുക. കസേരയില്‍ ഇരിക്കാന്‍ അവള്‍ക്ക് പറ്റുന്നുണ്ടായിരുന്നില്ല. തളര്‍ന്നു വീഴുകയായിരുന്നു. കാലില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഒരു ടീച്ചര്‍ മുറിവ് കഴുകി കൊടുത്തു. എന്നെ പാമ്പ് കടിച്ചതാണ്. എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് ഷഹ്‌ല തന്നെ പറഞ്ഞു. എന്നാല്‍ ഒരു അധ്യാപകരും ഇവിടുന്ന് അനങ്ങിയിട്ടില്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. പാമ്പ് കടിയേറ്റ സമയത്ത് ഷഹ്‌ലയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ഇന്ന് അവള്‍ ഇവിടുണ്ടാകുമായിരുന്നു.

ബുധനാഴ്ച വൈകിട്ടോടെയാണ് ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ അവസ്ഥ മോശമായിട്ടും അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. കുട്ടിയുടെ പിതാവ് വരുന്നിടം വരെ കാത്തുനില്‍ക്കുകയായിരുന്നു. കുട്ടിയുടെ കാലില്‍ ബെഞ്ചു തട്ടിയതാണെന്നും കല്ലു കൊണ്ട് പോറിയതാണെന്നും ആണി കൊണ്ട് മുറിഞ്ഞതാണെന്നുമൊക്കെയാണ് ഷജില്‍ എന്ന അധ്യാപകന്‍ തങ്ങളോട് പറഞ്ഞതെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.