Monday 17 May 2021 10:42 AM IST

‘ആണായി...പെണ്ണായി ഇനി നിർത്തിക്കോ!’; പുരുഷത്വവും സ്ത്രീത്വവും തെളിയിക്കാനുള്ള ഉപാധിയല്ലല്ലോ കുഞ്ഞുങ്ങൾ?

Lakshmi Premkumar

Sub Editor

shini-family

കുടുംബങ്ങളുടെ ദിനമാണിന്ന്. ഇന്‍റര്‍നാഷണല്‍ ഡേ ഓഫ് ഫാമിലീസ്. കുടുംബങ്ങളില്‍ കുടിയിരിക്കുന്ന സന്തോഷവും സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം ആഘോഷിക്കാനൊരു ദിനം. എന്‍റെ കുടുംബം എന്‍റേതെന്നും എന്‍റെ മാത്രം സന്തോഷമെന്നും പ്രഖ്യാപിക്കുന്ന പ്രിന്‍സ് ആന്‍റണി-ഷൈനി എന്നീ ദമ്പതികളെ വനിത ഓണ്‍ലൈന്‍ സുദിനത്തില്‍ പരിചയപ്പെടുത്തുകയാണ്. നാല് മക്കളുടെ സന്തോഷവും സ്വപ്നങ്ങളും മുത്തുപോലെ ചരടില്‍ കോര്‍ത്ത് വീടിനെ സ്വപ്നമാക്കുന്ന അവരുടെകഥ ഏതൊരു കുടുംബത്തിനും പ്രചോദനമാണ്. 

മോനു ഉണ്ടായപ്പോൾ ഞാൻ മൂത്ത മകനായ റോഹനെ അടുത്തു വിളിച്ചു അവനോട് ചോദിച്ചു, ഇപ്പോ നിനക്ക് ഒരാളായില്ലേ! പെൺകുട്ടികൾ രണ്ടു പേരും ഗ്യാങ്ങാണ് എന്ന അവന്റെ വർഷങ്ങൾ‌ നീണ്ട പരാതിയാണ് അന്ന് അവസാനിച്ചത്. നാലാമത്തവനായി മോനു വന്നതോടെ വീട് തുല്യശക്തിയുള്ള രണ്ട് ഗ്യാങ് ഏരിയ ആയി മാറി.’’ തിരുവനന്തപുരം വഴയില കോട്ടപുഴയ്ക്കൽ പ്രിൻസ് ആന്റണിയുടെ ഭാര്യ ഷൈനി പറയുന്നു.

‘‘ഇരുപത് വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. കുറച്ചു കൂടി നേരത്തെയായിരുന്നു വിവാഹമെങ്കിൽ രണ്ടു മൂന്നു മക്കൾകൂടി ആകുമായിരുന്നു എന്ന് ഞങ്ങളെപ്പോഴും തമാശ പറയും. യഥാർഥത്തിൽ നാലു കുട്ടികൾ വേണമെന്ന് പ്ലാൻ ചെയ്തൊന്നുമല്ല ഞങ്ങൾ ജീവിതം തുടങ്ങിയത്. ദൈവം തന്നു, ഞങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു.

കുറേ മക്കൾ വേണമെന്നത് പ്രിൻസിനേക്കാൾ എന്റെ ആഗ്രഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പ ൾ തന്നെ ആദ്യത്തെ കുഞ്ഞുണ്ടായി. അവൻ മില്ലേനിയം ബേബിയാണ്. ഒരുകുട്ടി എന്നത് തെറ്റായ തീരുമാനമാണ് 2000 ൽ മോനുണ്ടായ ശേഷം 2003 ലാണ് മകൾ ആൻമേരി പിറന്നത്. 2007 ൽ റോസ് മേരി, ഏറ്റവും ഇളയവനായ മാത്യു 2010 ൽ.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പ്രിൻസിന് ഒറ്റക്കുട്ടി മതി എന്ന തീരുമാനമായിരുന്നു. പക്ഷേ, എനിക്ക് ഒരിക്കലും യോജിക്കാൻ കഴിഞ്ഞില്ല. പുരുഷന്റെ പുരുഷത്വവും സ്ത്രീയുടെ സ്ത്രീത്വവും തെളിയിക്കാനുള്ള ഒരു ഉപാധി മാത്രമായി പോകും അത്. നമ്മുടെ കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണത്. കുഞ്ഞുങ്ങൾ വളർന്നു കഴിയുമ്പോൾ അവർക്ക് അവരുടെ സന്തോഷങ്ങളും ദുഖങ്ങളും പങ്കുവയ്ക്കാൻ ഒരാളില്ലാത്ത അവസ്ഥ കഷ്ടമാണ്.

കുടുംബം എന്ന് പറയുമ്പോൾ മൂന്ന് മക്കൾ എന്തായാലും വേണം എന്നാണ് എന്റെ ചിന്ത. എന്റെ സുഹൃത്തുക്കളിൽ പലരുമുണ്ട്, ഒറ്റക്കുട്ടിയായി വളർന്നതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ. എന്റെ മൂത്ത മകനും ഇളയവനും തമ്മിൽ പത്തു വയസിന്റെ വ്യത്യാസമുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും തന്നെ മൂന്ന് മക്കൾ വീതമുണ്ട്. അവധിക്കാലം ആ ഘോഷിക്കാൻ എല്ലാവരും കൂടി ഒന്നിച്ചെത്തിയാൽ നല്ല രസമാണ്. ഞങ്ങളുടെ ഈ കോളനിയിൽ തന്നെ ഏറ്റവും ബഹളമുള്ള വീടായിരിക്കും ഇത്.

ആണായി പെണ്ണായി, ഇനി നിർത്തിക്കോ...

രണ്ടാമത് ഗർഭിണിയായപ്പോൾ പെൺകുട്ടിയാകണേയെന്ന് ഏറ്റവും കൂടുതൽ പ്രാർഥിച്ചത് പ്രിൻസാണ്. അങ്ങനെ മോൾ ഉണ്ടായി. അതോടെ എല്ലാവരുടേയും സംസാരം ‘ആണും പെണ്ണും ആയില്ലേ’ എന്നായി. മൂന്നാമതും ഒരു മോളെക്കൂടി ലഭിച്ചപ്പോൾ പ്രിൻസിന്റെ സന്തോഷം ഇരട്ടിയായിരുന്നു. അന്ന് എല്ലാവരും പറഞ്ഞു ഡെലിവറി നിർത്താമെന്ന്. എന്റെ നിർബന്ധത്തിനാണ് വീണ്ടും ഒരു കുഞ്ഞു കൂടി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്.

ചെറുപ്പത്തിൽ ഇവർ നാലു പേരും ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നുറങ്ങുന്നത് കാണുമ്പോൾ ഉണ്ടായിരുന്ന സന്തോഷം ഉണ്ടല്ലോ, അതു പറഞ്ഞറിയിക്കാൻ കഴിയില്ല. പക്ഷേ, വളരും തോറും അതിനനുസരിച്ചുള്ള കഷ്ടപ്പാടും ടെൻഷനും വർധിച്ചിട്ടുമുണ്ട്. കാരണം ഇന്നത്തെ വിദ്യാഭ്യാസത്തിന്റെയും മറ്റും ചെലവുകൾ തന്നെ. മൂത്ത മകനെ എൻജിനീയറിങ് പഠിപ്പിക്കുന്ന ചെലവു തന്നെയാണ് ഇപ്പോൾ ഇളയവന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ളത്.

ബഹളങ്ങൾ നിലയ്ക്കാത്ത വീട്

മൂത്തവനും രണ്ടാമത്തവളും തമ്മിലായിരുന്നു ആദ്യകാലത്തെ ബഹളങ്ങളത്രയും. മറ്റു രണ്ടു പേരും അന്ന് പൊടിക്കുഞ്ഞുങ്ങളാണ്. പക്ഷേ, പിന്നീട് അവര് മുതിർന്നതോടെ വളരെ സൈലന്റായി. മൂത്തയാൾ പതിനാറ് വയസ് കഴിഞ്ഞതു മുതൽ പഠിത്തം, ഫ്രണ്ട്സ് അങ്ങനെ സ്വന്തം ലോകത്തായി. പക്ഷേ, മകൾ അവന്റെ പുറകേ നടന്ന് കൂട്ടുകൂടും. എനിക്കു തോന്നാറുണ്ട്, ടീനേജ് പ്രായത്തിൽ പെൺകുട്ടികൾക്ക് ചേട്ടൻമാരോട് ഭയങ്കര സ്നേഹമായിരിക്കുമെന്ന്. ആ സ്നേഹത്തിന് സൗഹൃദത്തിന്റെ ഭാഷയായിരിക്കും.

ഇപ്പോൾ മൂന്നാമത്തെവളും നാലാമത്തവനും തമ്മിലായി ബഹളം. പ്രിൻസ് അത്യാവശ്യം സ‌്‌ട്രിക്ടാണ്. പക്ഷേ, മൂത്തവനിപ്പോൾ പതിനെട്ട് വയസു കഴിഞ്ഞു. അവന്റടുത്ത് അപ്പൻ ഫ്രണ്ടായി മാറേണ്ട സമയമാണ്. അതേ സമയം തന്നെ ഏറ്റവും ഇളയവനെ ഇപ്പോഴും കൊഞ്ചിക്കണം.

കുട്ടികൾ രണ്ടു ദിവസം മാറി നിന്നാൽ അപ്പുറത്തേയും ഇപ്പുറത്തേയും വീട്ടുകാർക്കാണ് പരാതി. അവരുടെ ബഹളം കേൾക്കാതെ ഭയങ്കര ബുദ്ധിമുട്ടാണെന്ന് പറയുമവർ.

നാലു മക്കളുടെ അച്ഛൻ, അമ്മ എന്ന നിലയിൽ അഡജസ്റ്റ് ചെയ്യുന്നത് ഞങ്ങളുടെ ജോലിയിലാണ്. രണ്ടുപേരും ഐ.ടി പ്രഫഷനലുകളാണ്. പതിനെട്ടു വർഷമായി ഞങ്ങൾ വർക്ക് അറ്റ് ഹോം ആണ്. കാരണം ഒരു കുഞ്ഞ് അൽപം വലുതാകുമ്പോഴേക്കും അടുത്തയാൾ വന്നുകഴിയും. ഈ സമയത്തൊരു ജോലി കൂടി കൂടെ കൊണ്ടു പോകുകയെന്നത് ബുദ്ധിമുട്ടാണ്.

എങ്കിലും എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മറന്നു പോകുന്ന ചില നിമിഷങ്ങളുണ്ട്. ഒരിക്കൽ വിവാഹം കഴിഞ്ഞ ഉടൻ ഒരു ഭാര്യയും ഭർത്താവും ഇവിടെ വന്നു. ഒറ്റക്കുട്ടി മാത്രം മതി എന്നു തീരുമാനം എടുത്തിരിക്കുകയാണ് അവർ.

ഒരു ദിവസം മുഴുവൻ ഇവിടെ ചെലവഴിച്ച ശേഷമാണ് അവർ തിരിച്ചുപോയത്. പിറ്റേന്ന് അവർ എന്നെ വിളിച്ചു, നിങ്ങൾ അനുഭവിക്കുന്ന സന്തോഷങ്ങൾ ‍ഞങ്ങൾക്കും വേണം. ഒറ്റക്കുട്ടി പോരാ, നാലുകുട്ടികൾ തന്നെ വേണമെന്ന് ഞങ്ങൾ തീരുമാനിച്ചു.’ അത്തരം വിസ്മയങ്ങൾക്കു മുന്നിൽ ബാക്കിയെല്ലാം മാഞ്ഞുപോകും.