Thursday 30 December 2021 05:02 PM IST

‘അവൾ മരിച്ചാൽ ഞാനെങ്ങനെ ജീവിക്കണമെന്നു വരെ പറഞ്ഞിരുന്നു’: കാൻസർ കവർന്നെടുത്ത എന്റെ കുഞ്ഞു: ആ പോരാട്ടം അവസാനിച്ചു

Binsha Muhammed

shivesh-main

പ്രിയപ്പെട്ടവളുടെ വേദനയിൽ കണ്ണിമയ്ക്കാതെ കാവലിരുന്നവൻ... അവള്‍ അനുഭവിച്ച പരീക്ഷണങ്ങളെയെല്ലാം തന്റേതാക്കി മാറ്റിയവൻ. കരളുരുക്കുന്ന കാൻസർ വേദനയിൽ പ്രിയപ്പെട്ടവൾക്ക് സാന്ത്വനത്തിന്റെ മറുമരുന്നായി മാറിയ ശിവേഷ്, ശിവേഷിന്റെ പ്രിയപ്പെട്ട അശ്വതി. പരസ്പരം തണൽ മരങ്ങളായി നിന്ന ശിവേഷിന്റെയും അശ്വതിയുടേയും കഥ വനിത ഓൺലൈനാണ് വായനക്കാർക്കു മുന്നിലേക്ക് ആദ്യം പങ്കുവച്ചത്.

.പരസ്പരം അടുത്ത്...പ്രണയിച്ച്...ഒത്തുചേരാൻ കൊതിച്ച രണ്ടു പേർ. അവർക്കിടയിലേക്ക് കാൻസറെന്ന ക്ഷണിക്കപ്പെടാത്ത അതിഥിയെത്തുന്നത് തീർത്തും അവിചാരിതമായിട്ടായിരുന്നു. വിവാഹത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ കടന്നു വന്ന മഹാമാരിയുടെ പേരിൽ ശിവേഷ് അവളെ പാതിവഴിക്കൽ ഉപേക്ഷിച്ചില്ല. പൊന്നു പോലെ ചേർത്തുപിടിച്ചു. മുൻപു സമ്മാനിച്ചതിനേക്കാളും ഇരട്ടിയിലേറെ സ്നേഹം അവൾക്കായി പകുത്ത് നൽകി. വേദനയുടെ ഓരോ നിമിഷത്തിലും ‘ഞാനുണ്ട് കൂടെയെന്ന്’ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. കാൻസറിനെ അവഗണിച്ച് അവളെ നല്ലപാതിയായി സ്വീകരിച്ച ശിവേഷ് ആ സ്നേഹത്തിലും കരുതലിലും പേരിൽ അൽപം പോലും കോംപ്രമൈസ് ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം. പക്ഷേ പ്രിയപ്പെട്ടവളുടെ വേദനകളോട് പടവെട്ടിയ ശിവേഷിനോട് ദൈവം കരുണകാട്ടിയില്ല എന്നതാണ് ദുഖസത്യം. തങ്ങളുടെ ജീവിതപോരാട്ടത്തെ വായനക്കാരോട് ചേർത്തുവച്ച വനിത ഓൺലൈനോട് നെഞ്ചുപിടയുന്ന വേദനയോടെ ശിവേഷ് ആ സത്യം പങ്കിട്ടു.

‘എന്റെ അശ്വതി പോയി...’

ഹൃദയം നുറുങ്ങുന്ന വേദനയ്ക്കു നടുവിൽ നിന്ന് ശിവേഷ് ആ നഷ്ടത്തിന്റെ ആഴം ഓർത്തെടുക്കുകയാണ്. തന്റെ പ്രിയപ്പെട്ടവളെ തന്നിൽ നിന്നും നിർദാക്ഷിണ്യം തിരിച്ചെടുത്ത വിധിയെ ആയിരംവട്ടം പഴിച്ച് ശിവേഷ് സംസാരിക്കുന്നു... ‘വനിത ഓൺലൈനോട്.’

നഷ്ടപ്പെട്ടത് എന്റെ ജീവൻ

‘എന്റെ കുഞ്ഞു... അവളെ പോലെ ഈ ലോകത്ത് അവൾ മാത്രമേയുള്ളു. 5 വര്‍ഷത്തെ ജീവിതത്തിൽ 50 വര്‍ഷത്തെ സ്നേഹവും കരുതലുമാണ് അവള്‍ തന്നത്. പോയി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്റെ കൂടെ തന്നെ ഉണ്ട്. എന്നെ ഞാനാക്കിയ എന്നെ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ച എന്റെകുഞ്ഞു.’– ശിവേഷിന്റെ വാക്കുകൾ മുറിഞ്ഞു.

ഞങ്ങള്‍ പരസ്പരം കുഞ്ഞുവെന്നാ വിളിച്ചിരുന്നത്. കുറെ കഷ്ട്ടപ്പെട്ടു RCC യും വേദനകളും എല്ലാമായി. നഴ്സിംങ് ജോലി അവളുടെ ജീവനായിരുന്നു. ജോലികഴിഞ്ഞ് വന്നാല്‍ പിന്നെ PSC ക്കുള്ള പഠിക്കലാണ്. അതുകൊണ്ട് തന്നെയാണ് 2 എണ്ണത്തില്‍ സര്‍ട്ടിഫിക്കറ്റ് സബ്മിഷനും അവസാനം എഴുതിയതില്‍ മെയിന്‍ ലിസ്റ്റില്‍ പേരും വന്നിരുന്നു. എന്റെ അമ്മയുടെയും അച്ഛന്റെയും അമ്മയുടേയും പൊന്നുമോളായിരുന്നു. അവരുടെ എല്ലാകാര്യങ്ങളും നോക്കി ചെയ്തിരുന്നതും അവൾ. അവരുടെ മരുമകളായല്ല മകളായി തന്നെ സ്നേഹിച്ചിരുന്നു.

shiv-3

അവളും എന്റെ പെങ്ങളും കൂടിയാല്‍ വീട്ടില്‍ ഉത്സവമാണ്. കോവിഡ് പോലും വക വയ്ക്കാതെ കീമോ ചെയ്യുമ്പോളും ജോലിക്ക് പോയിരുന്നു. ഞാനടക്കം പലരും വിലക്കിയപ്പോളും അവള്‍ പറഞ്ഞത് ''നഴ്സ് ആണ് ഞാന്‍ അസുഖങ്ങളെ പേടിക്കാനല്ല നേരിടാനാണ് ഞങ്ങള്‍ പഠിച്ചിട്ടുള്ളത് '' എന്നാണ്. 5 വര്‍ഷം അവളെ മാത്രം കണ്ടു ജീവിച്ച് ഇപ്പോള്‍ കാണാന്‍ പറ്റുന്നില്ല അവളുടെ ശബ്ദം കേള്‍ക്കാനാകുന്നില്ല.

അവള്‍ പോയതിനു ശേഷം എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്നെല്ലാം പറഞ്ഞു തന്നിട്ടുണ്ട്. എന്നെ ശരിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് അവള്‍ക്ക് മാത്രമാണ്. പറഞ്ഞാല്‍ തീരാത്ത അത്ര ഈ 5 വര്‍ഷം കൊണ്ട് അവള്‍ ചെയ്ത് വച്ചു. കുറെ സ്നേഹിച്ചു..അവളൊരു ധെെര്യമായിരുന്നു എന്തും നേരിടാനുള്ള കരുത്ത്.

shivesh-

അവസാന ദിവസങ്ങളില്‍ ബിപി നില നിര്‍ത്തിയിരുന്നത് മരുന്നുകള്‍ നല്‍കിയായിരുന്നു. അവളുടെ കൈയ്യില്‍ ചേര്‍ത്ത് പിടിച്ചാണ് അവസാന നിമിഷം വരെ ഞാന്‍ ഇരുന്നത്. അവള്‍ക്ക് വേണ്ടി ചെയ്യാനുള്ളത് എല്ലാം ചെയ്തു. അവളുടെ സ്വപ്നങ്ങളായിരുന്നു ഗവൺമെന്റ് ജോലിയും സ്വന്തമായി ഒരു വീടും. 'അമ്മ'യാകുക എന്നതും.

ജോലി കിട്ടുമായിരുന്നു, ബാക്കി രണ്ടും സാധിച്ചില്ല. പലരും പറയാറുണ്ട് കാന്‍സര്‍ ആണെന്നും അറിഞ്ഞ് അവളെ വിവാഹം കഴിച്ച നിന്റെ മനസ്സ് വലുതാണെന്ന്. അങ്ങിനെ എനിക്ക് തോന്നാറില്ല കല്ല്യാണത്തിന് ശേഷമാണ് അസുഖം വന്നിരുന്നതെങ്കിലോ? പലകാരണങ്ങള്‍ കൊണ്ടും വഴക്കിട്ട് പിരിയുകയും ഭാര്യയെ കൊല്ലുകയും ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട് കാരണം ജീവിച്ച് കൊതി തീരാതെ ഞങ്ങളെ പോലെ ഉള്ളവര്‍ കുറെ ഉണ്ട്.

ഈ യാത്രയില്‍ കൂടെ നിന്ന കുറെ പേരുണ്ട് ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഫിറോസിക്ക, കേരള ഹോം ഡിസെെന്‍ ഗ്രൂപ്പ്, ആർസിസിയിലെ‌ സ്റ്റാഫ് നഴ്സുമാര്‍ ഡോ.അരുണ്‍ ശങ്കറും ആന്‍സിയും, അവൾ 14 വര്‍ഷത്തോളം പഠിച്ച് ജോലി ചെയ്ത് അവസാന ദിവസം വരെ സ്നേഹത്തോടെ അവളെ ശുശ്രൂഷിച്ച കുന്ദംകുളം യൂണിറ്റി ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ ഡോക്ടര്‍മാര്‍ അശ്വതിയുടെ അധ്യാപകര്‍ കൂട്ടുകാര്‍ എല്ലാവരോടും പറഞ്ഞറിയിക്കാനാവാത്ത സ്നേഹവും നന്ദിയും ഉണ്ട്.. അവളെങ്ങും പോയിട്ടില്ല എന്റെ കൂടെ തന്നെ ഉണ്ട് ഇനിയുള്ള കാലം എനിക്ക് ജീവിക്കാന്‍ അവളുടെ ഓര്‍മകള്‍ മതി ..അവളിലെത്താനുള്ള യാത്രയാണ് ഇനിയുള്ള ജീവിതം. ഒന്നുമാത്രമേ മനസിൽ തികട്ടി വരുന്നുള്ളൂ, എന്റെ കുഞ്ഞൂനെ പോലെ അവൾ മാത്രമേയുള്ളു.

shiv-2