Friday 04 December 2020 03:06 PM IST : By സ്വന്തം ലേഖകൻ

‘ഞാനും അച്ഛനും നല്ല അടിപൊളിയായിട്ട് അങ്ങനെ ജീവിക്കുന്നു; ഇനി വേണ്ടത് ഞങ്ങടെ കൂടെ കൂടാനൊരു കൂട്ട്’: സിങ്കിൾ പാരന്റ് ചലഞ്ച്, കുറിപ്പ് വൈറൽ

vismaya-ggd44dc

സിങ്കിൾ പാരന്റ് ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. നിരവധി പേരാണ് സ്വന്തം അനുഭവങ്ങൾ പങ്കുവച്ചു മുന്നോട്ടുവരുന്നത്. അമ്മ ഉപേക്ഷിച്ചുപോയപ്പോൾ ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയ അച്ഛനു കൂട്ടു തേടിയാണ് വിയ്മയ എന്ന പെൺകുട്ടി കുറിപ്പെഴുതിയിരിക്കുന്നത്. ഫെയ്സ്ബുക് സൗഹൃദ കൂട്ടായ്മയായ ദി മലയാളി ക്ലബിലൂടെയാണ് വിസ്മയ തന്റെ കഥ പറയുന്നത്.

വിയ്മയ ശ്രീനിവാസ് പങ്കുവച്ച കുറിപ്പ് വായിക്കാം;

പ്രസ്തുത ചിത്രത്തിൽ ഞാനും എൻ്റെ അച്ഛനും. സ്നേഹത്തിനു തൂക്കം അളക്കാൻ പറ്റാത്തതുകൊണ്ട് കുറച്ചു തൂക്കം കിട്ടാൻ പണവും ആഡംബരവും നോക്കി പോയി കൂടെയുണ്ടായിരുന്ന ആൾ പണി തന്നു. പോയതോ പോട്ടെ. നാട്ടിൽ ചുമ്മാ അപവാദം പറഞ്ഞു പരത്താനും ആള് നോക്കി, പക്ഷെ, നാട്ടുകാർ സർവ്വജ്ഞർ ആയതുകൊണ്ട് അത് അങ്ങ് ഏറ്റില്ല. ഇനി അച്ഛനെ പറ്റി പറയുകയാണെങ്കിൽ സുന്ദരനും സുശീലനും സിംപിളും ഹംബിളും എന്നാൽ പവർഫുള്ളും. 49 വയസ്സ്, Soft skills and meditation trainer.

ഇത്രേം സൗന്ദര്യവും കഴിവും സാമർഥ്യവും ഒക്കെ ദൈവം വാരിക്കോരി കൊടുത്തിട്ടും അങ്ങ് എവിടെയോ എത്തേണ്ടയാൾ ഇന്നും ഇവിടുന്ന് തിരിഞ്ഞു കളിക്കുന്നത് എങ്ങനെയാണെന്ന് ഒരു ന്യായമായ സംശയം ആർക്കെങ്കിലും ഉണ്ടാവാം. ഇവിടെയാണ് സഹൃദയരെ 'നാം നന്നായാൽ പോരാ കൂടെയുള്ളവർ കാലു വാരരുത്' എന്ന സിദ്ധാന്തം ഉടലെടുക്കുന്നത്. ഏതായാലും ഇപ്പോൾ ഞാനും അച്ഛനും നല്ല അടിപൊളിയായിട്ട് അങ്ങനെ ജീവിക്കുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം. ആരോഗ്യദൃഢഗാത്രനും, സൗമ്യനും, ബുദ്ധിസാമർഥ്യവും വൈഭവവും ഉള്ളവനും ഒക്കെ ആയ എൻ്റെ അച്ഛനെ ഇനി ഇങ്ങനെ ഒറ്റക്ക് വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ആയതിനാൽ പൂർവാധികം ശക്തിയോടെ മുന്നേറാനും ഞങ്ങടെ കൂടെ കൂടാനും താല്പര്യമുള്ള സുന്ദരികൾ നിന്നും ജാതിമത ഭേദമന്യേ വിവാഹാലോചനകൾ ക്ഷണിക്കുന്നു.

എന്ന് മകൾ. ഒപ്പ്.

NB: ഒറ്റയ്ക്കായി എന്നതുകൊണ്ട് ഒറ്റക്കായി തന്നെയിരിക്കണം എന്നല്ല, കൂട്ടിനു ആള് വേണം എന്നു എന്നെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ജീവിതത്തിനു ഒരിത്തിരി മാറ്റം വേണം എന്നുണ്ടെങ്കിൽ അത് സ്വയം തിരഞ്ഞെടുക്കുന്നതിൽ അഭിമാനിക്കാം.

vismarrr54345
Tags:
  • Spotlight
  • Social Media Viral