Wednesday 20 October 2021 03:26 PM IST : By സ്വന്തം ലേഖകൻ

‘കിണറ്റിൽ ചാടിമരിച്ച ബേക്കറി ഉടമ, ട്രെയിനിന് മുന്നിൽ ചാടിയ സരിൻ’: ഇതുവരെ 45 ആത്മഹത്യകൾ: വേദനയോടെ കുറിപ്പ്

sreejan-748

കോവിഡ് കാലം വിതച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും സാധാരണക്കാരൻ ഇനിയും കരകയറിയിട്ടില്ല. സാമ്പത്തിക ബാധ്യതകളിൽ നടുവൊടിഞ്ഞും നട്ടംതിരിഞ്ഞും മലയാളി വിയർക്കുകയാണ്. അന്നന്നുള്ള അന്നത്തിനു പോലും വകയില്ലാതെ പലരും ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിക്കുന്നതും നാം വേദനയോടെ കണ്ടു. കോട്ടയത്തെ ഹോട്ടലുടമ സരിന്റെ മരണവും അത്തരത്തിലൊന്നാണ്. ലോക്ഡൗൺ കാലത്തെ ആത്മഹത്യകൾ ആവർത്തിക്കുമ്പോൾ അധികാരികളുടെ കണ്ണുതുറപ്പിക്കുന്നൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രീജൻ ബാലകൃഷ്ണൻ. ലോക് ഡൌൺ തകർത്ത വ്യവസായങ്ങളുടെ പുനരുജ്ജീവനം പ്രധാന അജണ്ട ആയി സർക്കാരും വ്യാപാരി സംഘടനകളും കണ്ടേ മതിയാവൂ എന്നാണ് സരിന്റെ മരണം നമ്മെ ഓർമിപ്പിക്കുന്നതെന്ന് ശ്രീജൻ ഓർമ്മിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:


ലോക് ഡൌൺ ആത്മഹത്യകളെ പറ്റി നിരന്തരം എഴുതിയിരുന്നത് സെപ്റ്റംബർ 12നാണ് അവസാനിപ്പിച്ചത്. ജൂൺ 20 മുതൽ അന്ന് വരെ 84 ദിവസത്തിൽ നടന്നത്‌ 41 ആത്മഹത്യകൾ ആയിരുന്നു. ലോക് ഡൗൺ ഇളവുകൾ ഏതാണ്ട് എല്ലാ മേഖലകളിലേക്കും വ്യാപിച്ചതും ജീവിതം പതിയെ പഴയ താളത്തിലേക്ക് എത്തുകയാണ് എന്ന തോന്നലും കാരണം പിന്നീട് ശ്രദ്ധയിൽ വന്ന അത്തരം മരണങ്ങൾ ചർച്ച ചെയ്യാതെ ഇരിക്കാമെന്ന് കരുതി.

ഇന്ന് കോട്ടയം കുറിച്ചിയിലെ സരിൻ മോഹന്റെ കഥ കേട്ടപ്പോൾ പറയാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി. കുടുംബത്തെ ഉപേക്ഷിച്ചു 42 വയസിൽ ജീവനൊടുക്കിയ സരിൻ അശാസ്ത്രീയമായ ലോക് ഡൌൺ കാരണമാണ് തന്റെ ഹോട്ടൽ ബിസിനസ് തകർന്നതെന്ന് മരണത്തിനു തൊട്ടു മുൻപ് എഴുതിയ ഫേസ്ബുക് പോസ്റ്റിൽ പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ച കേരള ബാങ്കിൽ അഞ്ച് ലക്ഷം രൂപ ലോൺ എടുക്കാൻ പോയി നടക്കാതെ വന്ന വിവരം മറ്റൊരു പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട് (വാർത്ത ആദ്യ കമന്റിൽ).

കഴിഞ്ഞ നാല് ആഴ്ചകളിൽ വേറെ മൂന്ന് ആത്മഹത്യകൾ കൂടെ സാമ്പത്തിക പ്രതിസന്ധി കാരണം സംഭവിച്ചിട്ടുണ്ട്. ചിറയിൻകീഴിലെ ബേക്കറി ഉടമ ബിജു, 52, കിണറ്റിൽ ചാടി മരിച്ചു. തേക്കടിയിലെ ഗ്രീൻ ഹൌസ് റിസോർട്ട് ഉടമ മുരളി, 46, കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ടൂറിസ്റ്റ് ടാക്സി ഡ്രൈവർ റജികുമാറും പ്രതിസന്ധി കാരണം കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. ഈ നാല് മരണങ്ങൾ കൂടെ ചേർത്താൽ ജൂൺ 20 മുതൽ ഉള്ള നാല് മാസം ലോക് ഡൗൺ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരളത്തിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 45 ആവും (മറ്റ്‌ മരണങ്ങളെ പറ്റി പറയുന്ന പഴയ പോസ്റ്റ് ലിങ്ക് രണ്ടാം കമന്റിൽ)

ലോക് ഡൌൺ തകർത്ത വ്യവസായങ്ങളുടെ പുനരുജ്ജീവനം പ്രധാന അജണ്ട ആയി സർക്കാരും വ്യാപാരി സംഘടനകളും കണ്ടേ മതിയാവൂ എന്നാണ് സരിന്റെ മരണം നമ്മെ ഓർമിപ്പിക്കുന്നമത്. ഒപ്പം, ഓൺലൈൻ ഷോപ്പിംഗ് കുറച്ച്‌ അയൽപക്ക കടകളിൽ നിന്ന് പരമാവധി സാധനങ്ങൾ വാങ്ങി പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് ഉണർവേകാൻ നമുക്കും സഹായിക്കാം. ആഴ്ചകളോളം നമ്മുടെ വ്യാപാരി സഹോദരങ്ങൾ കട അടച്ചിരുന്നത് നമ്മളെ രോഗത്തിൽ നിന്ന് സംരക്ഷിക്കാനാണ്. ഇപ്പോൾ നമ്മുടെ ഊഴമാണ്.
#localshopping #letsgolocal
#lockdownsuicides #NoMoreLockdowns