Wednesday 13 January 2021 04:39 PM IST

അന്ന് ഓലപ്പുരയിൽ ദുരിതജീവിതം, നോവായി കാൻസറും: ഇന്ന് ലക്ഷങ്ങൾ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർ കുടുംബം

Lakshmi Premkumar

Sub Editor

suchitra

കറണ്ടില്ല, വെള്ളമില്ല,  അച്ഛനും അമ്മയും വേർപിരിഞ്ഞു, ഒരു ചെറിയ ഓല വീട്ടിൽ രണ്ടു കുഞ്ഞു മക്കളെ നെഞ്ചോട് ചേർത്ത് ഒരമ്മ. പോരാത്തതിന് അമ്മയ്ക്ക് കാൻസറും. ഒന്നോർത്തു നോക്കൂ, പറയുന്നത് പഴയ ഒരു കാലഘട്ടത്തിലെ കഥയല്ല. പത്തോ പണ്ട്രണ്ടോ കൊല്ലം മാത്രം പഴക്കമുള്ള കഥ. എന്നിട്ടും ആ അമ്മ പണിക്ക് പോയി, മക്കളെ വളർത്തി, അനിയത്തിക്ക് വേണ്ടി ചേട്ടൻ ഒമ്പതാം ക്ലാസ്സിൽ പഠനം നിർത്തി. ഓട്ടോ ഓടിക്കാൻ തുടങ്ങി. ജീവിതത്തിലേക്ക് നിറങ്ങൾ പതുക്കെ പെയ്തു തുടങ്ങി. എല്ലാം അവസാനിക്കും എന്ന് കരുതിയിടത്തു നിന്നും മക്കൾ തിരികെ പട വെട്ടി കയറി. അതിനു തുണയായതാവട്ടെ സോഷ്യൽ മീഡിയയിലെ ടിക് ടോക്കും, യൂട്യൂബ് ചാനലും. അന്നത്തെ ആ മകൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ലക്ഷങ്ങൾ ഫോള്ളോവെർസ് ഉള്ള ഇൻഫ്ലുവൻസർ ആണ്. ഏട്ടനും ഒട്ടും പിന്നിലല്ല. മക്കളുടെ വിജയത്തിൽ അമിതമായി സന്തോഷിക്കാതെ ചാരത്തു തന്നെ അമ്മയും. ഒരു ചെറിയ ലൈഫിൽ നിന്നും സുചിത്രയുടേ ജീവിതത്തിലേക്ക് സന്തോഷങ്ങളും, ആഘോഷങ്ങളും കടന്നു വന്ന കഥ കേൾക്കാം.

"പാലക്കാട്‌ ചേർപ്പുളശ്ശേരിയിലെ പ്ലാക്കാട് എന്നാണു ഞങളുടെ ഗ്രാമത്തിന്റെ പേര്. ഞാൻ ഒരു പ്ലസ് ടു പഠിക്കുന്ന വരെ ഞങ്ങൾ ഒരു ചെറിയ ഓല പുരയിലായിരുന്നു താമസം. അമ്മ വത്സലാമ്മ ജോലിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം. ഓർമ വെച്ച കാലം മുതൽ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് ജീവിക്കുന്നത് . അച്ഛൻ എന്ന പദം പോലും എനിക്ക് അന്യമായിരുന്നു.ഞാനും ഏട്ടനും അമ്മയും അതായിരുന്നു എന്റെ  ലോകം. ഏട്ടൻ എനിക്ക് വേണ്ടി പഠനം നിർത്തി ഓട്ടോ ഓടിക്കാൻ തുടങ്ങി. പതുക്കെ ഞങ്ങൾ അത്യാവശ്യം നല്ല ഒരു വീട്ടിലേക്ക് വാടകയ്ക്ക് മാറി.

suchitra-1
suchitra-2

ഞാൻ ഇന്റീരിയർ ഡിസൈനിങ് ആണ് പഠിച്ചത്. പതുക്കെ എനിക്ക് ഒരു ചെറിയ ജോലി കിട്ടി കൊച്ചിയിൽ. അതിനിടയിൽ ഏട്ടൻ വിവാഹം കഴിച്ചു. ഞങളുടെ ലോകത്തിലേക്ക് ഒരാൾ കൂടെ വന്നു. ഏടത്തിയമ്മ പൊന്നൂസ് എന്ന നിത . എല്ലാരും ടിക് ടോക് ചെയ്യുന്നത് കണ്ടു തന്നെയാണ്.ഞങ്ങളും തുടങ്ങിയത്. ഞങ്ങൾ ഒന്നും ഏച്ചു കെട്ടാൻ ശ്രമിച്ചിട്ടില്ല. ഞങളുടെ വീട് എങ്ങനെയാണോ, ഞങ്ങൾ അവിടെ എങ്ങനെയാണോ അതുപോലെ തന്നെയാണ് വീഡിയോ ചെയ്തത്. അതു ഒരുപാട് പേർക്ക് ഇഷ്ടായി. ടിക് ടോക്കിൽ അത്യാവശ്യം ഫോള്ളോവെർസ് ഒക്കെ ആയി നിക്കുമ്പോഴാണ് ഇന്ത്യയിൽ ടിക് ടോക് നിർത്തിയത്. വീണ്ടും പഴയ പോലെ ആകുമോ എന്നൊക്കെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ഏട്ടനാണ് യുട്യൂബ് ചാനൽ എന്ന ഐഡിയ പറയുന്നത്. അങ്ങനെയാണ് മല്ലു ഫാമിലി എന്നൊരു യുട്യൂബ് ചാനൽ തുടങ്ങുന്നത്.

ദൈവം സഹായിച്ച് ചാനൽ ആളുകൾക്ക് ഇഷ്ടപ്പെട്ടു. ഞാനും ഏട്ടനും ഏടത്തിയമ്മയും അമ്മയും ആണ് ചാനലിന്റെ നടത്തിപ്പുകാർ. യുട്യൂബിൽ വരുന്ന ട്രെൻഡുകൾ തന്നെയാണ് ഞങ്ങളും ഫോളോ ചെയ്യുന്നത്. പക്ഷെ വീഡിയോ എടുക്കുന്നതിനു വേണ്ടി ഒന്നും പ്രത്യേകം സജ്ജമാക്കില്ല എന്ന് മാത്രം. ഞങ്ങൾ എങ്ങനെയാണോ അങ്ങനെ. പിന്നെ ലോക്ക് ഡൌൺ ഒക്കെ ആയതോടെ ഞാൻ കൊച്ചിയിലെ ജോലി വിട്ടു. ഫുൾടൈം ചാനലിന് വേണ്ടിയുള്ള വീഡിയോ എടുക്കലായി. ചാനൽ കുറച്ച് ശ്രദ്ധ നേടിയതോടെ കുറെ ഓൺലൈൻ ബിസ്സിനെസ്സ് ചെയ്യുന്നവർ അവരുടെ പ്രോഡക്റ്റ് ഇൻട്രോഡ്യുസ് ചെയ്യാമോ എന്നൊക്കെ ചോദിച്ച് വിളിച്ചു. ഒരുകാലത്ത് സ്വപ്നം കണ്ടതൊക്കെ കൈകളിലേക്ക് എത്തുന്ന യാഥാർഥ്യം ആയിരുന്നു. ഇഷ്ടം പോലെ ഡ്രെസ്സുകളും ആഭരണങ്ങളും കോളാബ് ചെയ്യുന്നുണ്ട്. ഞാൻ തന്നെയാണ് മോഡൽ. എന്റെ ഇൻസ്റ്റ പേജിൽ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യും.

പഴയ ജീവിതത്തെ ഞങ്ങൾ ഒരിക്കലും മറന്നു പോവില്ല. കാരണം ആ കയ്പ്പ് ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഇത്രയും മധുരം ആസ്വദിക്കാൻ കഴിയുന്നത്. പണ്ട് മിണ്ടുക കൂടിയില്ലാത്തവർ ഇപ്പോൾ സംസാരിക്കും, സൗഹൃദങ്ങൾ പുതുക്കും. പക്ഷെ അമ്മ എപ്പോഴും മിതമായി മാത്രേ സന്തോഷിക്കൂ. പാവം.

suchitra-3

രണ്ടു മാസം കൂടി കഴിഞ്ഞാൽ എന്റെ വിവാഹമാണ്. വിഷ്ണു എന്നാണ് അദ്ദേഹത്തിന്റെ പേര്. വീട്ടിൽ എന്റെ ഏട്ടന് ഒരു കുഞ്ഞാവ ഉണ്ട്. കിടു എന്നാണ് ഞാൻ വിളിക്കുന്നത്. പിന്നെ എന്റെ ഏടത്തിയമ്മ. ഞങ്ങൾ ശരിക്കും നാത്തൂൻ അല്ല എന്റെ സ്വന്തം സഹോദരിയാണ്. ഏടത്തിയമ്മ ഇപ്പോൾ രണ്ടാമത് പ്രെഗ്നന്റ് ആണ്. കുഞ്ഞു കുടുംബം ആണേലും ഞങ്ങൾ ഹാപ്പിയാണ്. എല്ലാവരും പറയും ഉയരങ്ങളിൽ ആഗ്രഹിക്കണം എന്ന്. പണ്ടൊക്കെ ഞങ്ങൾക്ക് പേടിയായിരുന്നു അങ്ങനെ ആഗ്രഹിക്കാൻ. പക്ഷെ ഇപ്പോൾ ഞങ്ങൾ എല്ലാവരോടും പറയും മോശം കാലം മാത്രമല്ല നല്ല കാലവും വരും. അതിനു കൃത്യ സമയത്ത് വേണ്ട തീരുമാനങ്ങൾ എടുക്കണം എന്ന് മാത്രം... ഞങ്ങൾ തന്നെയാണ് ഉദാഹരണങ്ങൾ.