Saturday 13 February 2021 02:49 PM IST

‘നിനക്ക് പത്ത് പൈസ് തരാടാ.. തേച്ചുവച്ച പാത്രങ്ങള് കഴുകിത്തായോ..; ഇങ്ങനെ ചോദിച്ച് എന്നെ വീട്ടുപണി പഠിപ്പിച്ചത് എന്റെ പെങ്ങളാ’

Rakhy Raz

Sub Editor

IMG-20210126-WA0009-copy

‘വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടിൽ വന്നു കയറുമ്പൊ ചെരുപ്പൂരി കാല് മടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരു നാൾ വടിയായി തെക്കേ പറമ്പിലെ പുളിയൻ മാവിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ചുതല്ലിക്കരയാനും എനിക്കൊരു പെണ്ണിനെ വേണം.’- ഇത് കേട്ട് കയ്യടിച്ചിരുന്ന കാലത്തു നിന്ന്  ‘ശ്ശൊ എന്തു ദുരന്ത ഡയലോഗാണിഷ്ടാ’ എന്നു ചോദിക്കുന്നിടത്തേക്ക് നമ്മുടെ ചെക്കന്മാർ മാറിത്തുടങ്ങിയിട്ടുണ്ട്. ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ വൻ വിജയമാകുമ്പോൾ, പൊളിറ്റിക്കൽ കറക്റ്റ്നസ് വലിയ തോതിൽ ചർച്ചയാകുമ്പോൾ മാറിയ ചില കാഴ്ചകൾ കാണാൻ നമുക്ക് അടുക്കളകളിലേക്ക് പോകാം.   

വലുതാണ് പത്തു പൈസ 

‘‘നിനക്ക് പത്ത് പൈസ് തരാടാ. തേച്ചു വച്ച പാത്രങ്ങള് കഴുകിത്തായോ... ഇങ്ങനെ ചോദിച്ച് എന്നെ വീട്ടുപണി പഠിപ്പിച്ചത് എന്റെ പെങ്ങളാ.’’ ഫിലിം പ്രോജക്റ്റ് ഡിസൈനറായ അഷ്റഫ് തലശ്ശേരി തന്റെ കിച്ചൻ വിശേഷങ്ങൾ നിരത്തി.

‘‘തൃശൂരെ തലശ്ശേരിയിലാണ് വീട്. ഞങ്ങൾ ആറു മക്കളായിരുന്നു. ആകെ ഒരു പെങ്ങൾ, ഹസീന. പെൺകുട്ടികളാണ് അടുക്കളയും വീടും നോക്കേണ്ടതെന്ന് വിശ്വസിക്കുന്നവരാണ് ഉമ്മയും വാപ്പയും. വാപ്പയടക്കം ഞങ്ങൾ ആറ് ആണുങ്ങളുള്ള വീട്ടിലെ പണികളൊക്കെ ചെയ്യുന്നത് ഉമ്മയും ഹസീനയും. മടുക്കുമ്പോൾ അവൾ തന്ന പത്തു പൈസ ഓഫറാണ് വീട്ടുപണികളൊക്കെ പഠിക്കാൻ സഹായിച്ചത്.

പത്തു പൈസ ആദ്യംതന്നെ വാങ്ങി പോക്കറ്റിലിട്ടാണ് പാത്രം കഴുകിയും മുറ്റമടിച്ചും ദോശ ചുട്ടും ഒക്കെ സഹായിച്ചിരുന്നത്. വളർന്നപ്പൊ മനസ്സിലായി അവൾക്ക് താങ്ങാവുന്നതിലധികം പണി വീട്ടിലുണ്ടെന്ന്. ചേട്ടന്മാരോട് അവൾ സഹായം ചോദിച്ചിരുന്നില്ല. അവൾക്ക് താഴെയുള്ളവരായതു കൊണ്ട് എ നിക്കും അനിയനുമാണ് ഓഫറൊക്കെ തന്നിരുന്നത്. വലുതാകും തോറും ഓഫർ ഒന്നുമില്ലാതെ ഞങ്ങളവളെ സഹായിക്കാൻ തുടങ്ങി. സ്നേഹം കൊണ്ട്.  

ഹസീനയാണ് ചിക്കൻ കറിയുണ്ടാക്കാനും ബിരിയാണി വയ്ക്കാനും ഒക്കെ പഠിപ്പിച്ചത്. എല്ലാ വീട്ടുപണിയും വൃത്തിയായി ചെയ്യാൻ ഇപ്പോൾ നന്നായി അറിയാം. അവധിക്കാലമായാൽ മൂത്തുമ്മയുടെ വീട്ടിൽ പോയി നിൽക്കുമായിരുന്നു ഞാൻ. അവിടെയും അടുക്കളയിൽ മൂത്തുമ്മയെ സഹായിക്കാൻ ഞാൻ കൂടും. ഉള്ളി നന്നാക്കാനും തേങ്ങ ചിരകാനും. ചെറിയ കുട്ടി ആണെങ്കിലും ഒക്കെ അറിയാല്ലോ എന്ന് മൂത്തുമ്മ അതിശയപ്പെടും.

പിന്നീട് ജോലിയായി പലയിടത്തും ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നപ്പോഴൊന്നും തോറ്റു കൊടുക്കേണ്ടി വന്നിട്ടില്ല. അന്നൊക്കെ വെറുതേ ഓർക്കുമായിരുന്നു. ‘ഒരു പെണ്ണൊക്കെ കെട്ടിക്കഴിയുമ്പോൾ ആഹാരം വച്ചു തരാതെ നമ്മളെ കൊഴപ്പത്തിലാക്കാൻ ഓൾക്ക് പറ്റൂല്ലല്ലോ...’

കല്യാണപ്പിറ്റേന്ന്....

കല്യാണം നിശ്ചയിച്ച അന്ന് എന്റെ ഭാര്യ ഷാഹിനയുടെ കുഞ്ഞുപ്പ എന്നെ മാറ്റി നിർത്തി പറഞ്ഞു. ‘മോനേ... അവള് പഠിച്ചോണ്ടിരിക്ക്യല്ലേ... പാചകം ഒന്നും അത്ര വശമില്ല. ഒക്കെ പഠിച്ചെടുക്കാൻ കുറച്ച് സാവകാശം നൽകണട്ടാ...’  പേടിക്കേണ്ടെന്ന് കുഞ്ഞുപ്പയുടെ തോളിൽ തട്ടി അന്ന് പറഞ്ഞു. എന്റെയും എന്റെ അനിയന്റെയും കല്യാണം ഒരു ദിവസമായിരുന്നു. പിറ്റേന്ന് രാവിലെ ഹസീനയും അവന്റെ ഭാര്യയും അടുക്കളയിൽ കയറിയതിനൊപ്പം ഞാനും അനിയനും കയറി. എന്റെ ഉമ്മയ്ക്ക് അത് അത്ര ഇഷ്ടപ്പെട്ടൊന്നുമില്ല, ആ ഇഷ്ടക്കേടിനെ ഞങ്ങൾ ഒരു ചിരികൊണ്ട് സുയിപ്പാക്കി.

അന്നു മുതൽ ഇന്നു വരെ വീട്ടുകാര്യങ്ങളൊക്കെ ഞങ്ങൾ ഒന്നിച്ചാണ് ചെയ്യുന്നത്. അവൾക്ക് തുടർന്ന് പഠിക്കണം എന്ന ആഗ്രഹവും സാധിച്ചു കൊടുത്തു. ടീച്ചറാകണമെന്നാണ്  അവൾക്ക് ഇപ്പോൾ. ഞങ്ങളുടെ ഒക്കെ കുടുംബങ്ങളിൽ സ്ത്രീകൾ തന്നെയാണ് ഇപ്പോഴും വീട്ടുകാര്യവും കുട്ടികളുടെ കാര്യവും നോക്കുന്നത്. അതൊക്കെ മാറേണ്ട കാലമായിഷ്ടാ...’’

Tags:
  • Spotlight