Saturday 13 February 2021 03:15 PM IST

‘ഈ വീട്ടിലെ ഭക്ഷണ മേശയിലുമുണ്ട് ചില വ്യത്യാസങ്ങൾ; പിള്ളേർക്ക് ഭക്ഷണം കൊടുക്കും മുൻപ് ഭാര്യ കഴിക്കണം’; മാറിയ ചില കാഴ്ചകൾ

Rakhy Raz

Sub Editor

NRJ01472

‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ വൻ വിജയമാകുമ്പോൾ, പൊളിറ്റിക്കൽ കറക്റ്റ്നസ് വലിയ തോതിൽ ചർച്ചയാകുമ്പോൾ മാറിയ ചില കാഴ്ചകൾ കാണാൻ നമുക്ക് അടുക്കളകളിലേക്ക് പോകാം.   

അലക്കുകേം ചെയ്യും, വിരിക്കുകേം ചെയ്യും

‘‘ഞാൻ വീട്ടിൽ ചെയ്യുന്ന പണി വാഷിങ് മെഷീനിൽ തുണിയിടൽ മാത്രമല്ല. ഭക്ഷണമുണ്ടാക്കലും ക്ലീനിങ്ങും തുടങ്ങി വീട്ടിലെ എല്ലാ പണികളും വീട്ടിലെല്ലാവരും പങ്കിട്ടാണ് ചെയ്യുന്നത്.’’ കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ശ്രീരാജ് ഡി. നമ്പ്യാർ വീട്ടുജോലികളിൽ  ഭാര്യയും ഭർത്താവും മാത്രമല്ല മക്കളും പങ്കുചേരണമെന്ന് നിർബന്ധമുള്ള ആളാണ്.

‘‘എനിക്കും കീർത്തിക്കും രണ്ട് പെൺകുട്ടികളാണ്. മാളവിക, ദേവിക. മൂന്നിലും എൽകെജിയിലും പഠിക്കുന്നു. വീട്ടു ജോലി പെൺകുട്ടികൾ ചെയ്യേണ്ടതാണ് എന്ന മട്ടിലൊന്നുമല്ല അവരെ ഞങ്ങൾ വളർത്തിക്കൊണ്ടു വരുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ കണ്ട അടുക്കള ഞങ്ങളുടെ മക്കൾക്ക് വിസ്മയമായിരുന്നു. കളമശ്ശേരിയിലെ വീട്ടിൽ അച്ഛനും അമ്മയും അച്ചമ്മയും കൂടെയുണ്ട്. എല്ലാവരും ചേർന്ന് വീട്ടുജോലികൾ ചെയ്യുന്നത് മക്കൾ നിത്യവും കാണുന്നതല്ലേ.

മുരിങ്ങയില കറിയുടെ കഥ

മുരിങ്ങയില കറിക്ക് സൂപ്പർ ടേസ്റ്റാണ്. പക്ഷേ, മുരിങ്ങയില നന്നാക്കിയെടുക്കുന്ന പണി ഒരാൾ ചെയ്താൽ തീരുന്നതാണോ? വീട്ടിൽ കീർത്തി മുരിങ്ങയില നന്നാക്കാൻ തുടങ്ങിയാൽ എന്റെ അച്ഛനും അമ്മയും അച്ചമ്മയും ഞാനും പിള്ളേരും അതിന്റെ കൂടെ കൂടും. അതുകൊണ്ട് വളരെ കുറച്ച് സമയം കൊണ്ട് മുരിങ്ങയില റെഡിയാകും. നമ്മൾ പുറത്ത് ചെയ്യുന്ന ഏതു ജോലിയും പോലെ, പങ്കിട്ടാൽ കുറയുന്നതാണ് അടുക്കളപ്പണിയും എന്ന് എല്ലാവരും മനസ്സിലാക്കിയാൽ മതി. 

രാവിലെ കീർത്തി കിച്ചനിൽ ആയിരിക്കുമ്പോൾ അലക്ക് ജോലി ഞാൻ ചെയ്യും. വാഷിങ് മെഷിനിലിടാവുന്ന തുണികളും പറ്റാത്തതും തരം തിരിക്കും. എന്റെ ഷർട്ടുകൾ, കുട്ടികളുടെ നല്ല ഡ്രസ്സുകൾ, കീർത്തിയുടെ നല്ല ചുരിദാറുകൾ ഇവ ഞാൻ കല്ലിൽ സൂക്ഷിച്ച് അലക്കി, കഴുകി വിരിക്കും. ഉണങ്ങിയ തുണി മടക്കിയെടുത്ത് അലമാരയിൽ വയ്ക്കുന്ന പണിയും ഞാൻ തന്നെ ചെയ്യും. മാളുവും ദേവുവും സഹായിക്കാൻ കൂടും.

കീർത്തി ഹോം മേക്കർ ആണ്. അതുകൊണ്ട് എല്ലാ വീട്ടുപണിയും അവൾ മാത്രം ചെയ്യണം എന്ന തോന്നലൊന്നുമില്ല. എനിക്ക് ജോലിയുള്ള ദിവസങ്ങളിലും പറ്റുന്നത്ര  വീട്ടുജോലി ഞാൻ ചെയ്യും.  ഇതൊക്കെയാണെങ്കിലും പിള്ളേരെ പഠിപ്പിക്കുന്ന ജോലി എനിക്ക് പറ്റില്ല. ആ ഡിപ്പാർട്ടുമെന്റ് മുഴുവൻ കീർത്തിയുടേതാണ്. ഇടയ്ക്ക് വല്ല സംശയവും ചോദിച്ചാൽ പറഞ്ഞു കൊടുക്കാം എന്നേയുള്ളൂ. 

ഈ വീട്ടിലെ ഭക്ഷണ മേശയിലുമുണ്ട് ചില വ്യത്യാസങ്ങൾ. കീർത്തിയോട് നിർബന്ധമായും പറയുന്ന ഒരു കാര്യമുണ്ട്. ‘നീ ഭക്ഷണം കഴിച്ചിട്ട് പിള്ളേർക്ക് കൊടുത്താൽ മതി ’എന്ന്. എല്ലാവരെയും കഴിപ്പിച്ചിട്ട് മാത്രം ഭക്ഷണം കഴിക്കുന്ന പല അമ്മമാരെയും കണ്ടിട്ടുണ്ട്. എല്ലാവരും കഴിച്ച ശേഷം കഴിക്കേണ്ട ആളല്ല വീട്ടിലെ അമ്മമാർ എന്നെങ്കിലും  പുതിയ തലമുറ കരുതിത്തുടങ്ങിയാൽ മാറ്റങ്ങൾ കുറച്ചുകൂടി എളുപ്പമാകും.’’

Tags:
  • Spotlight
  • Relationship