Monday 21 November 2022 10:54 AM IST : By സ്വന്തം ലേഖകൻ

കാമുകന്റെ കടം വീട്ടാന്‍ അമ്മൂമ്മയുടെ പതിനേഴര പവനും 8 ലക്ഷം രൂപയും കവർന്നു; പിടിക്കപ്പെടാതിരിക്കാൻ അതേ മാതൃകയിലുള്ള മുക്കുപണ്ടം വാങ്ങിവച്ചു!

thrissur-arrest.jpg.image.845.440

ചേർപ്പ് പള്ളിപ്പുറം പുളിപ്പറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലീലയുടെ (72) 17.5 പവൻ സ്വർണാഭരണങ്ങളും 8 ലക്ഷം രൂപയും കവർന്ന കേസിൽ കൊച്ചുമകൾ സൗപർണിക (21), കാമുകൻ വെങ്ങിണിശേരി തലോണ്ട അഭിജിത് (21) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലീലയുടെ മകന്റെ മകളാണു സൗപർണിക.14 വർഷം മുൻപ്  അമ്മ ഉപേക്ഷിച്ചു പോവുകയും 8 വർഷം മുൻപ്  അച്ഛൻ മരിക്കുകയും ചെയ്ത സൗപർണികയെ ലീലയാണു നോക്കുന്നത്. 

2021 മാർച്ച് മുതൽ 4 തവണയായി 17.5 പവൻ സ്വർണാഭരണങ്ങളും 2 തവണയായി എസ്ബിഐ കൂർക്കഞ്ചേരി ശാഖയിൽ നിന്നു 8 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും  ലീല അറിയാതെ ചെറുമകൾ കൈവശപ്പെടുത്തി അഭിജിത്തിനു കൈമാറി.  ആരോഗ്യ വകുപ്പിൽ നിന്നു വിരമിച്ച ഭാസ്കരന്റെ കുടുംബ പെൻഷൻ ബാങ്കിൽ നിന്നു വാങ്ങിയിരുന്നതു സൗപർണികയാണ്. സൗപർണിക ബിബിഎ വരെ പഠിച്ചിട്ടുണ്ട്. 

എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ സൗപർണികയുടെ സഹപാഠിയാണ് അഭിജിത്. അഭിജിത്തിന് അമ്മ മാത്രമാണുള്ളത്. അഭിജിത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കാനും വീട് പണി നടത്താനുമാണ് സൗപർണിക കൂർക്കഞ്ചേരിയിലെ സ്വകാര്യ ബാങ്കിൽ സ്വർണം പണയം വച്ച് പണം നൽകിയത്. പിടിക്കപ്പെടാതിരിക്കാൻ അതേ മാതൃകയിലുള്ള മുക്കുപണ്ടം വാങ്ങി വച്ചിരുന്നു. 

മുക്കുപണ്ടം കൊണ്ടുള്ള കമ്മൽ ധരിച്ച് ലീലയ്ക്ക് കാതിൽ പഴുപ്പ് വന്നു. തുടർന്നു കമ്മൽ ഊരി വച്ചതോടെ കാത് അടഞ്ഞു. വീണ്ടും കാത് കുത്തി കമ്മൽ ഇടാൻ തട്ടാനെ സമീപിച്ചപ്പോഴാണു സ്വർണമല്ലെന്നു തിരിച്ചറിഞ്ഞത്. ഇതോടെ മറ്റ് ആഭരണങ്ങളും പരിശോധിച്ച് സ്വർണമല്ലെന്നു മനസ്സിലാക്കി. ഇക്കാര്യം മകളോട് പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Tags:
  • Spotlight