Tuesday 19 June 2018 04:53 PM IST

‘വിഡിയോ ബ്ലോഗിങ് എന്റെ ജോലിയാണ്; ഒരു മാസം ഏകദേശം 70000 രൂപയോളം സമ്പാദിക്കാനും സാധിക്കുന്നു..’

Nithin Joseph

Sub Editor

vlogging-vanitha1
ഫോട്ടോ: ബേസിൽ പൗലോ

കഷ്ടപ്പെടുന്ന ഒരാളെ ഫെയ്സ്ബുക്ക് കൊണ്ട് സഹായിക്കാൻ സാധിക്കുമോ? ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ജിൻഷ ബഷീറിനോട് ഈ ചോദ്യം ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും, ‘തീർച്ചയായും’. മറ്റുള്ളവരെ സഹായിക്കാൻ മാത്രമല്ല, സാമൂഹ്യവിഷയങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ പറയാനും പ്രതികരിക്കാനുമെല്ലാം മികച്ച വേദിയാണ് സമൂഹ മാധ്യമങ്ങൾ. കഴിഞ്ഞ നാലു മാസങ്ങളായി ജിൻഷ ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്.

‘‘കൺമുന്നിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാനും അഭിപ്രായം രേഖപ്പെടുത്താനും ചെറുപ്പം മുതൽക്കേ മടി കാണിക്കാറില്ല. ആരുടെ മുന്നിലും ധൈര്യപൂർവം കാര്യങ്ങൾ പറയാനുള്ള ആത്മവിശ്വാസമുണ്ട്. ഒരിക്കൽ പെട്രോൾ പമ്പിൽ അളവിൽ കൃത്രിമം കാണിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ അതിനെ ചോദ്യം ചെയ്തു. അപ്പോഴാണ് അറിയുന്നത്, എല്ലാ പമ്പുകളിലും ഇത്തരത്തിൽ കൃത്രിമം ചെയ്യുന്നുണ്ട്. ഞാനെന്റെ മൊബൈലിൽ അതിനെക്കുറിച്ച് ഒരു വിഡിയോ ചെയ്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്റെ പേജ് അയ്യായിരത്തോളം പേർ ലൈക്ക് ചെയ്തു. അതൊരു വഴിത്തിരിവായി. പിന്നീട് ചെയ്ത രണ്ടുമൂന്ന് വിഡിയോകളും ഹിറ്റായതോടെ ഒരു മാസത്തിനുള്ളിൽ പേജിന് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സായി. നാലു മാസംകൊണ്ട് എഴുപതോളം വിഡിയോ. ഇപ്പോൾ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.’’

ഫസ്റ്റ് കമന്റ്

‘വിഡിയോ പോസ്റ്റ് ചെയ്ത  ആദ്യനാളുകളിൽ കമന്റ്ബോക്സ് തുറക്കാൻ അപാര ചങ്കൂറ്റം വേണമായിരുന്നു. ‘നിനക്കൊന്നും വേറെ പണിയില്ലേ’, ‘അടങ്ങിയൊതുങ്ങി വീട്ടിലിരിക്ക് പെണ്ണേ’, ‘ചുളുവിന് സെലിബ്രിറ്റിയാകാനുള്ള നമ്പരുകൾ’ എന്നിങ്ങനെയുള്ള പരിഹാസങ്ങളായിരുന്നു. പക്ഷേ, പിന്നീട് കമന്റുകളുടെ സ്വഭാവം മാറി, തെറിവിളികളായി. പലരുടെയും പ്രശ്നം ഞാൻ സംസാരിക്കുന്ന കാര്യങ്ങളായിരുന്നില്ല. വിഡിയോയിൽ ഞാൻ ബുള്ളറ്റ് ഓടിക്കുന്നതു കണ്ട് വിമർശിച്ചവരും ഉണ്ടായിരുന്നു. ഞാൻ ഒരു പെണ്ണാണ് എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം കുറ്റകരമായ കാര്യം. ‘ഇവിടെ കാര്യങ്ങൾ പറയാൻ ആണുങ്ങളുണ്ട്, പെണ്ണ് സംസാരിക്കേണ്ടതില്ല’ എന്ന് പറയുന്നവരോട് എന്തു പറയാൻ. വിദേശത്ത് ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നൊരാൾ എന്റെ വിഡിയോ കണ്ടിട്ട്, ഫെയ്സ്ബുക്കിൽ എന്നെ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള ചീത്ത വിളിച്ചു. അസഹനീയമായപ്പോൾ ഞാൻ ആ മെസേജുകൾ സ്ക്രീൻഷോട്ടെടുത്ത് എന്റെ പേജിൽ പോസ്റ്റ് ചെയ്തു. അതോടെ ശല്യം തീർന്നു.

ചീത്തവിളികളെക്കാളേറെ വേദനിപ്പിച്ചത് അടുപ്പമുള്ളവരുടെ പ്രതികരണമാണ്. ‘വെറുതെ ഓരോന്നു കാട്ടിക്കൂട്ടി ഞങ്ങളെക്കൂടി നാണംകെടുത്തല്ലേ’ എന്ന് പറഞ്ഞവരാണ് അധികവും. തെറിവിളികളും പരിഹാസവും കണ്ട് വിഷമം തോന്നിയ ഉമ്മ പാരിഷയും സഹോദരിമാരായ ജിഷയും ജിംഷയു‍മെല്ലാം പറഞ്ഞു, ഇതിവിടെ നിർത്താമെന്ന്. അപ്പോള്‍ പിടിച്ചുനിർത്തിയത് പപ്പയും ഭർത്താവുമാണ്.’’

പട്ടാളക്കാരനായിരുന്ന അച്ഛന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല, തന്റെ മകൾ തോറ്റു പിൻമാറുന്നത്. ചാരുംമൂട് ആര്യാട്ടുപടീറ്റതിൽ ബഷീർ മകളോട് പറഞ്ഞത് ഇത്ര മാത്രം. ‘‘ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ശരിയെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ, മുന്നിലെ പ്രതിസന്ധികളിലും പരിഹാസങ്ങളിലും തളരാതെ മുന്നോട്ടു പോകുക.’’

‘‘നിന്റെ മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. അത് എന്തുതന്നെയായാലും കൂടെ ഞാനുണ്ടാകും.’’ സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ഫൈസൽ ജിൻഷയോട് പറഞ്ഞത് ഇത്ര മാത്രം. എൻജിനിയറിങ് പഠിച്ചിട്ട് സോഫ്റ്റ്‌വെയർ രംഗത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ജിൻഷ ആ ജോലി വേണ്ടെന്ന് വച്ചപ്പോഴും ഫൈസലിന്റെ പ്രതികരണം ഇതു തന്നെയായിരുന്നു. ജിൻഷയുടെ വിഡിയോകളുടെ ക്യാമറാമാനും ഫൈസൽ തന്നെ. ഫൈസലിന്റെ ബാപ്പ കാസിംകുട്ടിയും ഉമ്മ സൽമ ബീവിയും മരുമകൾക്കു പിന്തുണയുമായി ഒപ്പമുണ്ട്. മുൻപ് പിന്തിരിപ്പിച്ചവർ പോലും ഇന്ന് ജിൻഷയെ വിളിച്ച് വിഡിയോ ചെയ്യാൻ വിഷയങ്ങൾ പറയുന്നു. കൂടുതൽ ആളു കൾ തിരിച്ചറിയുന്നു, പ്രോൽസാഹിപ്പിക്കുന്നു, അഭിനന്ദിക്കുന്നു, ഒപ്പം സെൽഫിയെടുക്കുന്നു.

vlogging-vanitha2

സഹജീവികൾക്കായ്

പ്രവാസ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം നാളിൽ അപക ടത്തിൽ മരിച്ച ഷാൻ ഷാഹുൽ എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിനു വേണ്ടിയായിരുന്നു ആദ്യത്തെ വിഡിയോ. ആ വിഡിയോ പ്രവാസികള്‍ ഏറ്റെടുത്തതിന്റെ ഫലമായി സൗദിയിലെ അൽ ഖസീം പ്രവാസി സംഘം ഷാഹുലിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ നൽകി. അതിനു ശേഷം മലപ്പുറത്ത് ആയിഷ എന്ന ഒരു വയസ്സുകാരിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ ഒരു വിഡിയോ ചെയ്തു. ചികിത്സയ്ക്ക് ആവശ്യമായ 30 ലക്ഷം രൂപ ഒരു മാസംകൊണ്ട് അവരുടെ അക്കൗണ്ടിലെത്തി.

‘‘ഞാൻ ചെയ്യുന്നത് ശരിയായ കാര്യമാണെന്ന് എല്ലാവർക്കും മനസ്സിലായി. കൂടുതൽ വിഡിയോ ചെയ്യാൻ അതൊരു പ്രേരണയുമായി. കോഴിക്കോട്ടുള്ള മുനീർ എന്ന ആളിന്റെ കുടുംബത്തിലെ അവസ്ഥ ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചു. വിവാഹപ്രായമെത്തിയ മൂന്നു പെൺകുട്ടികളുള്ള അദ്ദേഹത്തിന് സ്വന്തമായി ഒരു സെന്റ് സ്ഥലം പോലും ഉണ്ടായിരുന്നില്ല. അവർക്കൊരു വീടു വച്ചു നൽകാനും സ്ത്രീധനം ആഗ്രഹിക്കാതെ ആ പെൺകുട്ടികളെ വിവാഹം കഴിക്കാനും ആരെങ്കിലും മുന്നോട്ട് വരണമെന്ന് പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്തു. അതിലൊരു പെൺകുട്ടിയുടെ വിവാഹം നടന്നു. രണ്ടാമത്തെ ആളുടെ വിവാഹനിശ്ചയവും കഴിഞ്ഞു. അവർക്ക് വീടു വയ്ക്കാനായി നാലു ലക്ഷത്തിലധികം രൂപയും കിട്ടി.’’ വിഷയങ്ങൾ പെട്ടെന്ന് ജനമധ്യത്തിൽ എത്തിക്കാൻ ആളുകൾ ജിൻഷയുടെ സഹായം തേടുന്നുണ്ട്. സൗദിയിൽ അറബിയുടെ വീട്ടിൽ കുടുങ്ങിപ്പോയ പ്രിൻസി ജോസ് എന്ന യുവതിക്ക് തുണയായതും ജിൻഷയുടെ വ്ലോഗ് തന്നെ.

ബ്ലോഗിങ് എന്റെ ജോലി

ഫെയ്സ്ബുക്കിൽ വെറുതെ വിഡിയോ പോസ്റ്റ് ചെയ്ത് സമയം കളയുന്നുവെന്ന് കുറ്റപ്പെടുത്തുന്നവരോട് ജിൻഷ പറയുന്നതിങ്ങനെ. ‘വിഡിയോ ബ്ലോഗിങ് എന്റെ ജോലിയാണ്. അത് ഞാൻ ചെയ്യുന്നു. ജിൻഷ ബഷീർ എന്ന പേരിൽ എനിക്കൊരു യൂട്യൂബ് ചാനലുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ വിഡിയോകളും യൂട്യൂബിലും അപ്‌ലോഡ് ചെയ്യുന്നുണ്ട്. അതിലൂടെ നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. വിഡിയോ പോസ്റ്റ് ചെയ്യുമ്പോൾ അതിനൊപ്പം എന്റെ ബ്ലോഗിന്റെ ലിങ്കു കൂടി ചേർക്കാറുണ്ട്. ബ്ലോഗിൽ ആളുകൾ കയറുമ്പോൾ അതിലുള്ള പരസ്യങ്ങൾക്കും പണം കിട്ടും. എന്റെ വിഡിയോകളുടെ ഇടയിൽ കമ്പനികളുടെ പരസ്യങ്ങൾ നൽകുന്നതിലൂടെയും വരുമാനം ലഭിക്കുന്നു. ചില കമ്പനികൾ പരസ്യത്തിനു വേണ്ടി എന്റെ വിഡിയോകൾ സ്പോൺസർ ചെയ്യാറുണ്ട്. ഇങ്ങനെ ഒരു മാസം ഏകദേശം എഴുപതിനായിരത്തോളം രൂപ സമ്പാദിക്കാൻ സാധിക്കുന്നു. ആളുകളെ കബളിപ്പിക്കുന്ന തരത്തിൽ ഒന്നും ചെയ്യാറില്ല.’

ജിൻഷ ചെയ്യുന്ന വിഡിയോയ്ക്കെല്ലാം നാലോ അഞ്ചോ മിനിറ്റ് ദൈർഘ്യമേ ഉണ്ടാകാറുള്ളൂ. യാത്രാവിവരണങ്ങൾ, ഭക്ഷണവിശേഷങ്ങൾ, വാഹനങ്ങളെക്കുറിച്ചുള്ള അറിവുകൾ എന്നിങ്ങനെ പല തരത്തിലുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ആളുകളുടെ ശ്രദ്ധ കിട്ടാൻവേണ്ടി വിവാദങ്ങളുണ്ടാക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കാറില്ല. മതപരമോ രാഷ്ട്രീയപരമോ ആയ വിഷയങ്ങളിൽ അഭിപ്രായം പറയാറില്ല. ഏതെങ്കിലും വിഷയം കിട്ടിയാൽ പൂർണമായി അന്വേഷിച്ചതിനു ശേഷമേ വിഡിയോ ചെയ്യാറുള്ളൂ.

ലക്ഷ്യങ്ങൾ ഒരുപാട്

യാത്രാവിവരണങ്ങളൊക്കെ ചെയ്യുമ്പോൾ ദൃശ്യങ്ങൾ കുറച്ചുകൂടി നന്നായിട്ട് ഷൂട്ട് ചെയ്യണമെന്ന് പലരും അഭിപ്രായം പറയാറുണ്ട്. കുറച്ചുകൂടി നല്ലൊരു ക്യാമറ വാങ്ങണം. സാധാരണക്കാർക്ക് എങ്ങനെ വീട്ടിലിരുന്ന് വിഡിയോ ബ്ലോഗിങ് ചെയ്ത് പണമുണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന തരത്തിലൊരു വിഡിയോ ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.’ വലിയ സ്വപ്നങ്ങൾ കണ്ട്, വലിയ കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോകുന്ന ജിൻഷയ്ക്കു പിന്തുണയുമായി ഫൈസലും രണ്ടു വയസ്സുള്ള മകൾ ഇനാറയും പ്രിയപ്പെട്ട എല്ലാവരും ഉണ്ട്. കൂടെ കുറെ നല്ല മനുഷ്യരുടെ പ്രാർഥനകളും.

vlogging-vani
വായനക്കാർ നിർദേശിക്കുന്ന വിഷയങ്ങളിൽ നിന്ന് ഇത്തവണ തിരഞ്ഞെടുത്തത് വ്ലോഗിങ്ങിലൂടെ മറ്റുള്ളവരെ സഹായിക്കുന്ന ആലപ്പുഴക്കാരി ജിൻഷ ബഷീറിന്റെ ജീവിതം. ഈ ഫീച്ചർ ആശയം വനിതയെ അറിയിച്ചത് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നിഷാദ് നിസാർ. വനിതയിൽ പ്രസിദ്ധീകരിച്ചു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്ന വിഷയങ്ങൾ അയക്കാം. വാട്സ്ആപ് നമ്പർ: 9895399205