Wednesday 08 April 2020 03:33 PM IST

പൊരിവെയിലിൽ അധ്വാനിക്കുന്നവരിൽ സൂര്യാഘാതം വരാം; കടുത്തചൂട് അപകടമായാൽ ചെയ്യേണ്ടത്

Asha Thomas

Senior Sub Editor, Manorama Arogyam

heat-emerg

ചൂട് കണക്കറ്റ് കൂടുന്നത് കടുത്ത തലവേദന, ക്ഷീണം , തലകറക്കം, പൊള്ളൽ പോലുള്ള ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാം. സൂര്യാതപം, ഹീറ്റ് സിങ്കോപ് പോലുള്ള ചൂടു മൂലമുള്ള പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നു നോക്കാം.

∙ ഹീറ്റ് സിങ്കോപ്പ്– സ്കൂൾ അസംബ്ലികളിലും പി റ്റി ട്രെയിനിങ് സമയത്തും മറ്റും കുട്ടികൾ തലചുറ്റിവീഴുന്നത് കാണാറില്ലേ. ചൂടുകാലത്ത് ഇതിന്റെ തോത് വർധിക്കാം. കഠിനമായ ചൂടിൽ അധികസമയം നിൽക്കുകയോ വ്യായാമം ചെയ്യുകയോ മൂലം ഉണ്ടാകുന്ന തലചുറ്റലും ബോധക്ഷയവുമാണ് ഹീറ്റ് സിങ്കോപ്. ശരീരതാപനില വർധിക്കില്ല. പക്ഷേ, നെഞ്ചിടിപ്പ് വർധിക്കും, പൾസ് ദുർബലമായിരിക്കും.

എത്രയും പെട്ടെന്നു തന്നെ ശരീരത്തിലേൽക്കുന്ന ചൂട് കുറയ്ക്കാനുള്ള നടപടികൾ ചെയ്യുക. തണലിലേക്കു മാറ്റുക. ലവണാംശമുള്ള വെള്ളം കുടിക്കാൻ നൽകുക.

ഹീറ്റ് ക്രാംപ്സ്–

ചൂടുകാലത്ത് ശരീരപേശികൾക്ക് പ്രത്യേകിച്ച് കാലിലെയും വയറിലെയും പേശികൾക്ക് അനുഭവപ്പെടുന്ന മുറുക്കം അഥവാ കോച്ചിപ്പിടിത്തം. ഇതോടൊപ്പം വല്ലാതെ വിയർക്കുകയും ചെയ്യാം.

കോച്ചിപ്പിടിച്ച ഭാഗം ലഘുവായി മസാജ് ചെയ്യുക. ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു നുള്ള് ഉപ്പിട്ടു കുടിക്കുന്നതും കരിക്കിൻവെള്ളമോ ഉപ്പു ചേർത്ത കഞ്ഞിവെള്ളമോ കുടിക്കുന്നതും ഗുണകരമാണ്.

സൂര്യാതപം

ദീർഘനേരം വെയിലേൽക്കുന്നതു മൂലം ചർമം ചുവന്നു വീർത്ത് വേദനയും പൊള്ളലും പോലെ വരാം. മിക്കവാറും കടുത്ത തലവേദനയാകും ആദ്യലക്ഷണം. പനിയും കാണാം. കഠിനമായ ചൂടിൽ അധ്വാനിക്കുന്ന കർഷകർ, കൺസ്ട്രക്‌ഷൻ ജോലിക്കാർ, ട്രാഫിക് പൊലീസ് എന്നിവർക്ക് പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്.

കടുത്ത തലവേദനയും ചർമത്തിനു ചുവപ്പും കണ്ടാൽ തണുത്ത വെള്ളം ധാരയായി ഒഴിച്ച് സോപ്പു തേച്ച് കുളിക്കുക. പൊള്ളലുണ്ടെങ്കിൽ ആ ഭാഗം 10 മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ക്കാം. എന്നിട്ട് ഉണങ്ങിയ വൃത്തിയുള്ള തുണി കൊണ്ട് ഡ്രെസ്സ് ചെയ്യാം. ഉടൻ ആശുപത്രിയിൽ എത്തുക.

തളർച്ച (Heat Exhaustion)

വിയർത്തൊഴുകുക, ഒപ്പം ക്ഷീണവും തലകറക്കവും അനുഭവപ്പെടും. ചർമം തണുത്തു മരവിക്കുക, വിളറുക, പൾസ് ദുർബലമാകുക ഇവയുമുണ്ടാകാം. ചിലരിൽ ഛർദിയും കാണാം.

തണലത്തേക്ക് മാറ്റിയ ശേഷം വസ്ത്രങ്ങൾ അയച്ചിടുക. തണുപ്പുള്ള നനഞ്ഞ തുണി കൊണ്ട് ശരീരം തുടയ്ക്കുക. വെള്ളം സിപ് ചെയ്ത് കുടിക്കാൻ പറയുക, ഛർദിയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

സൂര്യാഘാതം (sun stroke)

പൊരിവെയിലത്ത് അധ്വാനിക്കുന്നവരിലും യാത്ര ചെയ്യുന്നവരിലും ശരീരം വീണ്ടും അമിതമായി ചൂടുപിടിച്ചാൽ രക്തസമ്മർദം താഴും. ശരീരം ചുട്ടുപൊള്ളുക, അതിവേഗമുള്ള നാഡിമിടിപ്പ്, അബോധാവസ്ഥയിലാവുക എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. ആശയക്കുഴപ്പം, ചർമത്തിൽ പൊള്ളൽ പോലുള്ള കുമിളകൾ എന്നിവയും കാണാം.

അതീവഗുരുതരമായ അവസ്ഥയാണ്. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ തലച്ചോറിനും വൃക്കയ്ക്കും ഹൃദയത്തിനുമൊക്കെ പ്രവർത്തനം തകരാറിലായി മരണം വരെ സംഭവിക്കാം. തണലിലേക്ക് മാറ്റിക്കിടത്തിയശേഷം പൊള്ളലേറ്റിടത്ത് തുണി നനച്ചിടുകയോ തണുത്ത തുണി കൊണ്ട് ഒപ്പുകയോ ചെയ്യാം. ഉടനെ തൊട്ടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.

Tags:
  • Manorama Arogyam
  • Health Tips