മലയാളത്തിന്റെ വാനമ്പാടി 60ന്റെ നിറവിൽ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ആ സ്വരമാധുരി മലയാളിയുടെ ഹൃദയങ്ങളിൽ പ്ലേ ലിസ്റ്റായുണ്ട്. ഇവിടെയിതാ പ്രേക്ഷകഹൃദയങ്ങളുടെ പ്രിയഗായിക തന്റെ ഓർമകളുടെ ചെപ്പു തുറക്കുകയാണ് വനിതയ്ക്കായി. ഓർമകളിൽ ഒളിമങ്ങാതെ നിൽക്കുന്ന ആ ‘ചിത്രകഥകൾക്കു’ പിന്നിൽ ഹൃദ്യമായ അനുഭവങ്ങൾ കൂടിയുണ്ട്.
സ്റ്റുഡിയോയിൽ കണ്ണീരുവീണ കഥ
ചെന്നൈയിലുള്ളപ്പോള്‍ ഇളയരാജയുടെ സ്റ്റുഡിയോയിൽ ചിത്ര ഒന്നു പോകണം,’ എന്നു സംവിധായകൻ ഫാസിൽ പറഞ്ഞപ്പോൾ എ നിക്കു ചിരിയാണു വന്നത്. എന്നെ ഇങ്ങനെ ഓരോ നുണകൾ പറഞ്ഞു കളിപ്പിക്കാറുണ്ട് ഫാസിൽ സർ. പക്ഷേ, തമാശയായിട്ടല്ല അതു പറഞ്ഞതെന്നറിഞ്ഞതോെട ചിരി മാറി ഭയമായി. പിന്നീട് രാജാസാറിനു വേണ്ടി മാത്രം എത്രയോ പാട്ടുകള്‍. പക്ഷേ, ഇപ്പോഴും രാജാസാറിന്റെ ഈണത്തില്‍ പാടണമെന്നു കേട്ടാൽ ആദ്യമുണ്ടായ അതേ അളവിൽ ഞാൻ ഭയക്കുന്നു.
‘സിന്ധുഭൈരവി’ യിൽ പാടും വരെ ഞാൻ കരുതിയിരുന്നത് എംഎ മ്യൂസിക് പൂർത്തിയാക്കി ഏതെങ്കിലും സ്കൂളിൽ ടീച്ചറായി കയറാം, അതുവരെ കുറച്ചു സിനിമകളിൽ പാടാം എന്നൊക്കെയായിരുന്നു. ‘സിന്ധുഭൈരവി’ കഴിഞ്ഞതോടെ, ധൈര്യമായി, എനിക്കൊരു പിന്നണിഗായികയാവാമെന്ന്. ആ സിനിമയിൽ ഇളയരാജാ സർ എനിക്കു തന്നത് ‘ഞാനൊരു ചിന്ത് കാവടി ചിന്ത്...’ എന്ന പാട്ടായിരുന്നു. എംഎ പരീക്ഷ തുടങ്ങുന്നതിന്റെ തലേന്നായിരുന്നു റിക്കോർഡിങ്. തിരിച്ചു പോകാനിറങ്ങുമ്പോൾ രാജാസാർ ചോദിച്ചു, ‘ഒരു പാട്ടു കൂടിയുണ്ട് ഈ സിനിമയിൽ. മദ്രാസിൽ ഒരു ദിവസം കൂടി നിന്നു പാടിയിട്ടു പോകുന്നോ?’
‘പരീക്ഷയാണ് നാളെ. അതു കഴിഞ്ഞു വന്ന് പാടിയാൽ മതിയോ ? എന്നായിരുന്നു അച്ഛന്റെ ചോദ്യം. അപ്പോൾ രാജാസാർ പറഞ്ഞ മറുപടി ഇപ്പോഴുമോർമയുണ്ട്, ‘പരീക്ഷ പിന്നെ വരും. ഈ പാട്ടിലൂടെ അതിനു മേലെ വറപ്പോവുത്.’
‘നീ അടുത്ത വർഷം നന്നായി പഠിച്ച്, പരീക്ഷ എഴുതിയെടുക്കുമല്ലോ അല്ലേ?’ അച്ഛൻ എന്നോടു ചോദിച്ചു. ഒരു വർഷം രക്ഷപെടുമല്ലോ എന്നു കരുതി പഠിക്കാൻ ഉഴപ്പിയായ ഞാൻ തല കുലുക്കി.
അങ്ങനെ പിറ്റേന്നു രാജാസാറിന്റെ സ്റ്റുഡിയോയിലെത്തി. സാർ ഈണവും വരികളും പറഞ്ഞു തന്നു. അതുവരെ കേൾക്കാത്ത ഒരു ലയമുണ്ടായിരുന്നു ആ ഈണത്തിന്. മതിമറന്നു പാടിയ ‘പാടറിയേൻ...പടിപ്പറിയേൻ...’ എന്ന ആ ഗാനത്തിലൂടെയാണ് എനിക്കാദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്.
ആദ്യമായി എന്റെ കണ്ണുനീർ വീണതും ഇളയരാജാ സാറിന്റെ സ്റ്റുഡിയോയിലാണ്. ഒരു ദിവസം സാറിന്റെ മാനേജർ കല്യാണം വിളിക്കുന്നു. ‘രാജാസാറിന്റെ റിക്കോർഡിങ്ങുണ്ട്, ഒൻപതു മണിക്ക്.’എനിക്കൊന്നും പറയാൻ സാവകാശം കിട്ടും മുൻപേ ഫോൺ വച്ചു. അന്ന് ഒൻപതു മണിക്കു മറ്റൊരു പ്രധാന ചടങ്ങിനു ചെല്ലാമെന്നു ഞാൻ ഒരു മാസം മുൻപേ ഏറ്റതാണ്. സംഗീത സംവിധായകൻ ശ്യാം സാർ വിളിച്ചു പറഞ്ഞതാണ്, ‘മോള് ഇന്ന ദിവസം രാവിലെ എത്തണം. ഒരു പടത്തിന്റെ പൂജയും റിക്കോർഡിങ്ങുമുണ്ട്. മോൾ വന്നു വിളക്കു കൊളുത്തണം’ എന്നൊക്കെ.
ഞാൻ ആദ്യം ശ്യാം സാറിനെ വിളിച്ചു. അദ്ദേഹം ധൈര്യം തന്നു, ‘മോളിങ്ങു വന്നോ. ഞാൻ പതിനൊന്നരയ്ക്കു വിടാം.’ വിജയൻചേട്ടൻ എന്നെയും കൂട്ടി അപ്പോൾ തന്നെ രാജാസാറിനെ കാണാൻ പോയി. ഒരു മാസം മുൻപ് കൊടുത്ത വാക്കാണെന്നു പറഞ്ഞപ്പോൾ രാജാസാർ സമ്മതിച്ചു, ‘ശരി പതിനൊന്നരയ്ക്കു വാ.’
പക്ഷേ ആ പ്ലാന്‍ തകിടം മറഞ്ഞു. ശ്യാം സാറിന്റെ സ്റ്റു ഡിയോയിൽ കറന്റ് പോയി. റിക്കോർഡിങ് തീർന്നപ്പോൾ പന്ത്രണ്ടര. വെപ്രാളപ്പെട്ട് പാഞ്ഞു ചെല്ലുമ്പോള്‍ എന്നെ കാത്തിരിക്കുന്നു രാജാസാറും, എസ്പിബാലസുബ്രഹ്മണ്യന്‍ സാറും ഓർക്കസ്ട്രയുമെല്ലാം. ഞാൻ ആകെ വല്ലാതായി.

പാട്ടിനിടയിൽ എസ്പിബി സാർ ‘കോകില’ എന്നു വിളി ക്കുമ്പോൾ ഞാൻ ചിരിക്കണം. എത്ര ശ്രമിച്ചിട്ടും എനിക്കന്നു ചിരി വന്നില്ല. രാജാസാർ അപ്പോൾ ഞാൻ തിരക്കുള്ള ആർട്ടിസ്റ്റാണെന്നു സൂചിപ്പിക്കുന്ന മട്ടിൽ എന്തോ കമന്റ് പറഞ്ഞു. എനിക്കു സങ്കടമായി. ഞാൻ അവിടെയിരുന്നു കരഞ്ഞു.
വൈകിട്ട് മറ്റൊരു പാട്ടിന്‍റെ റിക്കാര്‍ഡിങ് കൂടി ഉണ്ടായിരുന്നു. അതിനു വന്നപ്പോള്‍ രാജാസാർ പറഞ്ഞു, ‘അറിഞ്ഞോ അറിയാതെയോ ഞാൻ നിന്റെ മനസ്സ് വിഷമിപ്പിച്ചു. ഇനി മേലിൽ നിന്റെ കണ്ണുനീർ ഒരു സ്റ്റുഡിയോയിൽ വീഴാൻ ഇടവരരുത്.’ എന്നിട്ട് അദ്ദേഹം കയ്യിൽ കരുതിയിരുന്ന ത്യാഗരാജസ്വാമികളുടെ ചിത്രം എനിക്കു തന്നു. ഇപ്പോഴും എന്റെ പൂജാമുറിയിൽ വച്ചിട്ടുണ്ട് ആ ചിത്രം.
