Thursday 19 March 2020 11:26 AM IST

കൊറോണയുടെ ആയുസ്, രോഗം ഉണ്ടെന്നു സംശയം തോന്നിയാൽ?; 30 ചോദ്യങ്ങളും ഉത്തരങ്ങളും

Asha Thomas

Senior Sub Editor, Manorama Arogyam

corona-30

എന്താണ് കൊവിഡ് 19 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

സാധാരണ ജലദോഷം മുതൽ സാർസും മെർസും പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നതാണ് കൊറോണ വൈറസുകൾ. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾക്കാണ് ഇവ കാരണമാകുന്നത്. കൊറോണ വൈറസുകളുടെ കൂട്ടത്തിൽ ഏറ്റവും പുതുതായി ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വൈറസാണ് നോവൽ കൊറോണ വൈറസ്. കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കപ്പേരാണ് കോവിഡ് 19.

എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?

പനിയും തൊണ്ടവേദനയുമാണ് പ്രാഥമിക ലക്ഷണങ്ങൾ. കടുത്ത തലവേദനയും ക്ഷീണവും ശ്വാസതടസ്സവും തുടർന്നു കണ്ടുവരുന്നു. വയറിളക്കം, ദഹനപ്രശ്നങ്ങൾ, പേശീവേദന എന്നീ ലക്ഷണങ്ങളും കൂടി ചിലരിൽ കാണാറുണ്ട്.

കൊറോണ പകരുന്നതെങ്ങനെ?

രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറുകണങ്ങൾ നേരിട്ട് മറ്റുള്ള വ്യക്തികളുടെ മൂക്കിലോ കണ്ണിലോ വായുവിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഇതിന് ഡയറക്ട് ട്രാൻസ്മിഷൻ എന്നു പറയും. രോഗികളിൽ നിന്നുള്ള സ്രവ കണങ്ങൾ തങ്ങിനിൽക്കുന്ന പ്രതലങ്ങളിൽ ആരെങ്കിലും സ്പർശിച്ചാൽ അവരുടെ കൈ വഴി കണ്ണിലേക്കും മൂക്കിലേക്കും വായിലേക്കും എത്തപ്പെടുന്നു. ഇതിനെ ഇൻഡയറക്ട് ട്രാൻ‌സ്മിഷൻ എന്നു പറയുന്നു. പ്രധാനമായും ഈ രണ്ടു രീതിയിലാണ് കൊറോണ വൈറസ് പകരുന്നത്.

കൊതുകു കടി വഴിയോ കുടിവെള്ളത്തിലൂടെയോ മനുഷ്യവിസർജ്യത്തിലൂടെയോ ഈ വൈറസ് പകരില്ല.

രോഗം പകരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

രോഗിയിൽ നിന്നുള്ള സ്രവകണങ്ങൾ നേരിട്ട് ശരീരത്തിലെത്താതിരിക്കാൻ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലത്തിൽ ആളുകളോട് ഇടപെടുക. ഹസ്തദാനം ഒഴിവാക്കുക. കെട്ടിപ്പിടിക്കലും തോളിൽ കയ്യിടലും വേണ്ട. ഇടയ്ക്കിടെ കൈ കഴുകുക. അടിക്കടി കണ്ണിലും മൂക്കിലും ചുണ്ടിലും കൈ കൊണ്ട് തൊടാതിരിക്കുക. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായും മൂക്കും ടവലോ ടിഷ്യുവോ കൊണ്ട് മൂടിപ്പിടിക്കുക. ശേഷം ടിഷ്യവും ടവലും അലക്ഷ്യമായി ഇടാതെ ഭദ്രമായി കളയുക. യാത്രകളിൽ വാഹനങ്ങളുടെ കമ്പിയിലും വാതിൽപിടിയിലും പൊതു പ്രതലങ്ങളിലും പിടിച്ചശേഷം കൈ കഴുകാതെ മുഖത്ത് തൊടരുത്.

സാധാരണ സോപ്പ് കൊണ്ട് കൈ കഴുകിയാൽ കൊറോണ വൈറസ് നശിക്കുമോ?

തീർച്ചയായും. ഇത് ഒരു ആർഎൻഎ വൈറസാണ്. ഈ വൈറസിനു ചുറ്റും ഒരു കൊഴുപ്പ് സ്തരമുണ്ട്. സോപ്പുപയോഗിച്ച് കഴുകുമ്പോൾ ഈ കൊഴുപ്പ് ആവരണം നഷ്ടമാകും. അതോടെ വൈറസ് നശിച്ചുപോകും. പക്ഷേ, വെറുതെ കയ്യിൽ വെള്ളമൊഴിച്ചാൽ പോരാ ഉള്ളംകയ്യും വിരലുകളും ഉൾപ്പെടെ പൂർണമായി വൃത്തിയാക്കണം.

corona

സാനിറ്റൈസറാണോ സോപ്പാണോ നല്ലത്?

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് തന്നെയാണ് മറ്റേതു രീതിയിലൂടെ കൈ വൃത്തിയാക്കുന്നതിലും ഫലപ്രദം എന്നു തന്നെയാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും കൈ കഴുകാൻ സാധ്യമല്ലാത്ത സന്ദർഭങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാതെ നിർവാഹമില്ല. സാനിറ്റൈസർ തിരഞ്ഞെടുക്കുമ്പോൾ പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

70 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ആണ് അണുനശീകരണത്തിന് ഫലപ്രദം. സാനിറ്റൈസർ പുരട്ടുന്നതിനു മുൻപ് കൈകളിൽ നനവുണ്ടെങ്കിൽ തുടച്ചുണക്കണം. 2019ൽ അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് നനവ് സാനിറ്റൈസറിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നാണ്. നനവുള്ള കയ്യിൽ സാനിറ്റൈസർ പുരട്ടിയപ്പോൾ വൈറസ് നിർവീര്യമാക്കാൻ നാലു മിനിറ്റെടുത്തുവെന്ന് ജപ്പാനിൽ നടന്ന ഒരു പഠനം പറയുന്നു. പക്ഷേ, ഉണങ്ങിയ കയ്യിൽ സാനിറ്റൈസർ തിരുമ്മിയപ്പോൾ 30 സെക്കന്റിനുള്ളിൽ ഫലം കണ്ടു. വേഗത്തിൽ സാനിറ്റൈസർ പുരട്ടിയിട്ട് കാര്യമില്ല. ഉള്ളം കയ്യിലെടുത്ത് രണ്ടു കൈകളിലെയും എല്ലാ ഭാഗങ്ങളിലും നന്നായി പുരട്ടണം. ഉണങ്ങുംവരെ കൈകൾ കൂട്ടിത്തിരുമ്മണം. കയ്യിൽ എണ്ണയോ അഴുക്കോ പറ്റിപ്പിടിച്ചിരുന്നാലും സാനിറ്റൈസർ വേണ്ടത്ര ഫലപ്രദമാകാതെ വരാം. ചൂട്, തീ എന്നിവ തട്ടാതെ സാനിറ്റൈസറുകൾ സൂക്ഷിച്ചുവയ്ക്കണം.

കൊറോണ വൈറസ് വായുവിൽ തങ്ങിനിൽക്കുകയും മണിക്കൂറുകൾക്ക് ശേഷം അവിടെയെത്തുന്ന ആളുകളിലേക്ക് പകരുകയും ചെയ്യുമോ?

നാം ശ്വസിക്കുന്ന വായുവിൽ വൈറസ് തങ്ങിനിന്ന് രോഗം പകരുന്ന രീതിക്ക് എയർബോൺ ട്രാൻ‌സ്മിഷൻ എന്നു പറയും. കൊറോണ വൈറസുകൾക്ക് ഇതുവരെ ഡ്രോപ്‌ലറ്റ് (മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നുള്ള സ്രവകണങ്ങൾ) രീതിയിലുള്ള പകർച്ച മാത്രമേ കാണുന്നുള്ളു. എയർബോൺ പകർച്ച ഇല്ല. രോഗിയുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ ഉള്ള സ്രവകണങ്ങളിലെ വൈറസ് വായുവിൽ തങ്ങിനിൽക്കുകയും മണിക്കൂറുകൾക്ക് ശേഷം അവിടെയെത്തുന്ന മറ്റൊരാളിലേക്കു പകരുകയും ചെയ്യുമെന്ന ഭീതി വേണ്ട.

എന്താണ് ഇൻകുബേഷൻ പീരിയഡ്? കൊറോണ വൈറസിന്റെ ഇൻകുബേഷൻ പീരിയഡ് എത്രയാണ്?

വൈറസ് ശരീരത്തിലെത്തി ലക്ഷണങ്ങൾ പ്രകടമാകുന്നതു വരെയുള്ള കാലയളവാണ് ഇൻകുബേഷൻ പീരിയഡ് .

പനി, ചുമ, ശ്വാസം എടുക്കുന്നതിലുള്ള വൈഷമ്യം എന്നിവ ഈ ഇൻകുബേഷൻ പീരിയഡിനു ശേഷമാകും പ്രകടമാവുക. 14–ദിവസമാണ് കൊറോണ വൈറസിന്റെ ഇൻകുബേഷൻ പീരിയഡ്.

corona-isolation

രോഗം ഉണ്ടെന്നു സംശയം തോന്നിയാൽ എന്തു ചെയ്യണം?

ഉടനെ ആശുപത്രിയിലേക്കു പോയാൽ മറ്റുള്ളവരിലേക്കും പകരാൻ സാധ്യതയുണ്ട്. ദിശ നമ്പറിലോ (1056, 0471 2552056) തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായോ ബന്ധപ്പെടുക. അവരുടെ നിർദേശമനുസരിച്ച് വേണ്ടത് ചെയ്യുക.

എന്തുകൊണ്ടാണ് വിദേശത്തു നിന്നു വരുന്നവരോട് സ്വയം ക്വാറന്റീൻ ചെയ്യാൻ ആവശ്യപ്പെടുന്നത്?

വിദേശത്തു ചെലവഴിച്ച കാലയളവിൽ വൈറസ് ശരീരത്തിലെത്തിയിരിക്കാൻ സാധ്യതയുണ്ട്. വൈറസ് ശരീരത്തിലെത്തി 14 ദിവസം കഴിഞ്ഞേ (ഇൻകുബേഷൻ പീരിയഡ്) രോഗലക്ഷണം പുറത്തുവരൂ. എയർപോർട്ടിൽ തെർമൽ സ്കാനർ പരിശോധനയുണ്ടെങ്കിലും പനിയുണ്ടോ എന്ന് അറിയാനേ സാധിക്കൂ. ഇൻകുബേഷൻ പീരിയഡിൽ ആയിരിക്കുന്ന ആൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് വിദേശത്തു നിന്നുവരുന്നവരോട് 14 ദിവസമെങ്കിലും സ്വയം ക്വാറന്റീനിൽ കഴിയാൻ ആവശ്യപ്പെടുന്നത്. 28 ദിവസം സൂക്ഷിച്ചാൽ കൂടുതൽ നല്ലത്.

ക്വാറന്റീനിൽ ആയിരിക്കുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം?

വീട്ടിൽ തന്നെ കഴിയുക. സന്ദർശകരെ സ്വീകരിക്കുകയോ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യരുത്. കുടുംബാംഗങ്ങളുമായി അടുത്ത് ഇടപഴകരുത്. ബാത് റൂം ഉള്ള ഒരു മുറി ഉപയോഗിക്കുക. പ്രത്യേകം പാത്രങ്ങളും ഗ്ലാസും കരുതാം. വാതിൽ പിടികൾ, കോണിപ്പടി, മേശ, കസേര പോലുള്ള പൊതുവായ പ്രതലങ്ങളിൽ തൊടരുത്. മൊബൈൽഫോൺ, പേന പോലുള്ള വസ്തുക്കൾ മാറി ഉപയോഗിക്കരുത്. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ മുഖം മൂടാൻ പ്രത്യേകം ശ്രദ്ധിക്കണം. വസ്ത്രങ്ങൾ പ്രത്യേകം കഴുകുക. 70 ഡിഗ്രി തിളച്ച വെള്ളത്തിൽ മുക്കി വച്ചശേഷം കഴുകിയാൽ വൈറസ് നശിക്കും.

PTI2_1_2020_000232A

കൊറോണ വൈറസ് നശിക്കാൻ ബേബി ഫേസ് വൈപസ് കൊണ്ട് കൈ തുടച്ചാൽ മതിയോ?

ബേബി വൈപ്സ് കൊണ്ട് അണുനശീകരണം നടക്കില്ല. ആൽക്കഹോൾ വൈപ്സ് തന്നെ വേണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. ഇടയ്ക്കിടെ മുഖത്തും കണ്ണിലും തൊടാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രൊട്ടക്‌ഷൻ. ആൽക്കഹോൾ അടങ്ങിയ ഫേഷ്യൽ വൈപ്സ് ഇടയ്ക്കിടെ മൂക്കിനും വായ്ക്കു ചുറ്റും ഉപയോഗിക്കുന്നത് അഭികാമ്യമല്ല. . കാരണം വൈപ്സ് ശുദ്ധീകരിച്ച (സ്െറ്ററൈൽ) വസ്തുവല്ല.

corona-italyyguygf

∙െെവറസ് ചുറ്റുപാടുമുള്ള പ്രതലങ്ങളില്‍ എത്ര സമയം ജീവിച്ചിരിക്കും?

പുതിയ പഠനം അനുസരിച്ച് പ്ലാസ്റ്റിക്–സ്റ്റീൽ പ്രതലങ്ങളിൽ മൂന്നു ദിവസത്തോളവും കാർഡ് ബോർഡ് പ്രതലത്തിൽ ഒരു ദിവസവും ജീവിച്ചിരിക്കും. ഏതുതരം പ്രതലം ആണെന്നത് അനുസരിച്ചും അന്തരീക്ഷ ഊഷ്മാവ് അനുസരിച്ചും ആർദ്രത അനുസരിച്ചും ഒക്കെ വൈറസിന്റെ അതിജീവനശേഷി വ്യത്യാസപ്പെടും.

പൊതുവായ പ്രതലങ്ങളുടെ വൃത്തിയുടെ കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

കഴിവതും പൊതുവായ പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കുന്നതാണ് ഉത്തമം. വാതിൽ കൈപ്പിടികൾ, പൊതുവായി ഉപയോഗിക്കുന്ന പേനകൾ, പൊതു ടോയ്‌ലറ്റുകളുടെ ടാപ്പ് എന്നിവയൊക്കെ മലിനമാക്കപ്പെടാൻ സാധ്യത കൂടുതലുള്ളവയാണ്. ഇവിടങ്ങളിലൊന്നും സ്പർശിക്കാതിരിക്കുക. സ്പർശിച്ചു പോയാൽ ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ പിടിക്കുകയോ ചൊറിയുകയോ ചെയ്യരുത്. ഉടൻ സാനിറ്റൈസർ കൊണ്ടോ സോപ്പ് കൊണ്ടോ കൈ വൃത്തിയാക്കുക. പൊതുവായി ഉപയോഗിക്കുന്ന പ്രതലങ്ങൾ 70 ശതമാനം വീര്യമുള്ള ആൽക്കഹോൾ ലായനി കൊണ്ടോ ബ്ലീച്ചിങ് സൊല്യൂഷൻ കൊണ്ടോ വൃത്തിയാക്കുക.

corona-trolls5dtvuihh

∙കൂട്ടം കൂടരുതെന്നു പറയുന്നത് എന്തുകൊണ്ട്?

വിമാനമായാലും കപ്പലായാലും െെവറസ് ബാധയുള്ള ഒരാളുമായുള്ള സമ്പര്‍ക്കം രോഗം പരത്തും. ശ്വാസകോശത്തെ ബാധിക്കുന്നതും അന്തരീക്ഷത്തിലൂടെ പകരുന്നതുമാണ് കോവിഡ്–19 രോഗം. നിപ്പയെയും മറ്റും അപേക്ഷിച്ച് അതിവേഗം പടരുന്ന ഒന്നാണ് കൊറോണ. ഒരു കൂട്ടം ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കുന്ന ഒരു സ്ഥലത്ത് രോഗവ്യാപനത്തിനുള്ള സാധ്യത എപ്പോഴുമുണ്ട്. വിമാനം, കപ്പല്‍, ബസ്സ്, മാളുകള്‍, ഉത്സവപ്പറമ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ റിസ്ക്കുണ്ട്.

െെചനയിലോ കൊറോണ െെവറസ് ബാധയുള്ള മറ്റു സ്ഥലങ്ങളിലോ ഉണ്ടാക്കിയ വസ്തുക്കളിലൂടെ കൊറോണ െെവറസ് പടരുമോ?

കൊറോണ െെവറസ് ചുറ്റുപാടുമുള്ള പ്രതലങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ ജീവിച്ചേക്കാമെങ്കിലും ഇത്തരം രാജ്യങ്ങളില്‍ ഉല്‍പാദിപ്പിച്ച് വിവിധ യാത്രാമാധ്യമങ്ങളിലൂടെ പല ദിവസം സഞ്ചരിച്ചു നമ്മുടെ െെകകളിലെത്തുന്നതുവരെ ഈ ഉല്‍പന്നങ്ങളില്‍ െെവറസ് ജീവനോടെയിരിക്കാനും അതുവഴി നമുക്കു രോഗം വരാനുമുള്ള സാധ്യത തുലോം വിരളമാണ്.

corona-hhfdsa

സലൈൻ നേസൽ ഡ്രോപ്സ് കൊണ്ട് കഴുകിയാൽ വൈറസ് നശിക്കുമോ?

അങ്ങനെ യാതൊരു ഗവേഷണങ്ങളും തെളിയിച്ചിട്ടില്ല. കാരണം സലൈൻ നേസൽ ഡ്രോപ്സ് ഉപയോഗിക്കുന്നത് മൂക്കടപ്പ് മാറി മൂക്ക് തുറക്കാനാണ്. അല്ലാതെ കൊറോണ വൈറസ് നശിപ്പിക്കാൻ ഇതു സഹായകമല്ല.

വിമാനയാത്ര ഒഴിവാക്കണോ?

വളരെ അത്യാവശ്യമില്ലാത്ത വിമാനയാത്ര ഈ സീസണിൽ ഒഴിവാക്കുക. ഒഴുച്ചുകൂടാനാവാത്ത യാത്ര ആണെങ്കിൽ മാസ്ക്, പ്രത്യേകിച്ച് എൻ–95 മാസ്ക് ഉപയോഗിക്കാൻ നോക്കുക. ഇടയ്ക്കിടെ മാസ്കിൽ പിടിക്കാതിരിക്കുക. കണ്ണ്, മൂക്ക് ചൊറിയുകയോ സ്പർശിക്കുകയോ ചെയ്യാതിരിക്കുക. ഫ്ലൈറ്റിൽ ഇടയ്ക്കിടെ കൈ കഴുകൽ പ്രായോഗികം അല്ലാത്തതിനാൽ സാനിറ്റൈസർ ഉപയോഗിക്കുക. ചുമയ്ക്കുകയാണെങ്കിൽ കൈ മുട്ടു മടക്കി മൂക്കും വായും മൂടുക.

∙ െെവറ്റമിന്‍ സി ധാരാളം കഴിച്ചാല്‍ കൊറോണ െെവറസ് ബാധ തടയാന്‍ കഴിയുമോ?

ശരീരത്തിലെ മൊത്തത്തിലുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ െെവറ്റമിന്‍ സിക്ക് ഒരു പങ്കുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും കൊറോണ െെവറസിനെയോ അഥവാ ഏതെങ്കിലും ഒരു പ്രത്യേക രോഗാണുവിനെയോ തടയാന്‍ സാധിക്കില്ല.

∙വെളുത്തുള്ളി, രസം എന്നിവ കഴിച്ചാല്‍ െെവറസ് ബാധ തടയാനാകുമോ?

ഇവയ്ക്ക് എല്ലാം സവിശേഷമായ ചില ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും കോവിഡ്–19 രോഗം തടയാന്‍ ഇവയ്ക്കൊന്നിനും കഴിയില്ല.

corona-3

∙ കുട്ടികള്‍ക്ക് രോഗം വരില്ല എന്നത് ശരിയാണോ?

ശരിയല്ല. ഇറ്റലിയില്‍ നിന്നും വന്ന മൂന്നു വയസ്സുകാരന് രോഗം സ്ഥിരീകരിച്ചത് നമ്മുടെ നാട്ടില്‍തന്നെയാണ്. എന്നാല്‍ പ്രായമായവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരിലും രോഗം ഗുരുതരമായേക്കാം. പൊതുവിലുള്ള പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാലാണിത്. തീരെ ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞിരിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ചെറുപ്പക്കാരില്‍ ഇപ്പറഞ്ഞ രണ്ടു വിഭാഗത്തെ അപേക്ഷിച്ചു രോഗം ഗുരുതരമാവാനുള്ള സാധ്യത കുറവാണ്.

∙ രോഗം മറച്ചുവയ്ക്കുന്നതു കുറ്റകരമാണോ?

തീര്‍ച്ചയായും. വളരെ പെട്ടെന്നു പടര്‍ന്നുപിടിക്കുന്നതും മാരകമായതുമായ ഒരു രോഗമാണ് കോവിഡ്–19. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ രോഗികള്‍ പുറത്തിറങ്ങിനടക്കുന്നത് നിയമപ്രകാരം കുറ്റമാണെന്നു മാത്രമല്ല നിയമനടപടികള്‍ നേരിടേണ്ടിയുംവരും.

കൊറോണയെക്കുറിച്ചു മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന വാര്‍ത്തകളൊക്കെ സത്യമാണോ?

അല്ല. വളരെ നല്ല രീതിയിലുള്ള മുന്‍കരുതലുകളും ബോധവല്‍ക്കരണങ്ങളും നമ്മുടെ സര്‍ക്കാരും ആരോഗ്യവകുപ്പും ഇപ്പോള്‍തന്നെ ചെയ്യുന്നുണ്ട്. സര്‍ക്കാരില്‍ നിന്നുള്ളതും പ്രമുഖ പത്രമാധ്യമങ്ങളില്‍ വരുന്നതും നിലവാരമുള്ള ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ യോഗ്യതയുള്ള ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും എഴുതുന്ന ലേഖനങ്ങളും മാത്രം വിശ്വാസത്തിലെടുക്കുക. ഉറവിടം അറിയാത്തതും വേണ്ടത്ര യോഗ്യതയില്ലാത്തവര്‍ എഴുതിവിടുന്നതുമായി വാട്സ് ആപ്പിലും ഫേസ്ബുക്കിലും വരുന്ന വ്യാജപ്രചാരണങ്ങള്‍ വിശ്വസിച്ചു ഭയചകിതരാവുകയോ അവ പ്രചാരിപ്പിക്കുകയോ ചെയ്യരുത്. തെറ്റായതും ഭീതിപരത്തുന്നതുമായ മെസേജുകള്‍ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും െെസബര്‍ നിയമപ്രകാരം കുറ്റകരമാണെന്ന് ഒാര്‍ക്കുക.

യോഗയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമോ?

ഇല്ല. ഇത് തികഞ്ഞ അശാസ്ത്രീയമായ വാദമാണ്

corona-fake

കൊറോണ വൈറസ് ചികിത്സയ്ക്ക് ആന്റിബയോട്ടിക് പ്രയോജനപ്പെടുമോ?

ഇല്ല. ആന്റിബയോട്ടിക് കൊറോണ വൈറസിന് എതിരെ പ്രവർത്തിക്കുന്നില്ല.

രോഗബാധ തടയാൻ ഹോമിയോ പ്രതിരോധമരുന്നുകൾ ലഭ്യമായതായി കണ്ടു. ശരിയാണോ?

ഹോമിയോയിലും ആയുർവേദത്തിലും യുനാനിയിലുമൊക്കെ ശരീരത്തിന്റെ പൊതുവായ പ്രതിരോധശേഷി കൂട്ടാനുള്ള മരുന്നുകളുണ്ട്. പക്ഷേ, കൊറോണ വൈറസിനെ തടയാനുള്ള ഒരു മരുന്നും ഇതുവരെ വിപണിയിൽ എത്തിയിട്ടില്ല. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് പ്രധാനം.

ഹാൻഡ് ഡ്രയർ ഉപയോഗിച്ചാൽ വൈറസിനെ നശിപ്പിക്കാമോ?

ഈ വാദം തെറ്റാണ്. കൈ വെറുതെ ഹാൻഡ് ഡ്രയർ കൊണ്ട് ചൂടാക്കിയിട്ട് കാര്യമില്ല. അതേസമയം കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ ഹാൻഡ് റബോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്തശേഷം ഡ്രയർ ഉപയോഗിച്ച് ഉണക്കാം.

10 സെക്കൻഡ് ശ്വാസം പിടിച്ചുവച്ച് കൊറോണ വൈറസ് ബാധയുണ്ടോ എന്നു മനസ്സിലാക്കാൻ പറ്റുമോ?

ഇല്ല. കൊറോണ തിരിച്ചറിയാൻ യൊതൊരു കുറുക്കുവഴികളും ഇല്ല.

ഇടയ്ക്കിടെ തൊണ്ട നനയ്ക്കുന്നതു കൊണ്ടോ ചൂടുവെള്ളം കുടിക്കുന്നതു കൊണ്ടോ വൈറസ് ബാധ തടയാനാകുമോ?

ഇല്ല. ഈ ധാരണയ്ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല

ഉപ്പുവെള്ളം കൊണ്ട് തൊണ്ടയ്ക്കു പിടിച്ചാൽ വൈറസിനെ നശിപ്പിക്കാമോ?

ഇല്ല. കൊറോണ വൈറസിനെ ഇങ്ങനെ നശിപ്പിക്കാനാകില്ല.

കടപ്പാട്; ലോകാരോഗ്യ സംഘടന, സിഡിസി വെബ്സൈറ്റുകൾ