Saturday 21 March 2020 04:03 PM IST : By സ്വന്തം ലേഖകൻ

ചൈനയിലെ ഒറ്റമൂലി, എരുമപ്പെട്ടിയിലെ അക്യുപങ്ചർ, കഞ്ചാവിൽ നിന്നും മരുന്ന്; കൊറോണക്കാലത്തെ കള്ളത്തരങ്ങൾ

corona-spread-fake

കൈ കഴുകിയും മാസ്ക് ധരിച്ചും ആഗോളമായി കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ജനങ്ങൾ. പരീക്ഷകൾ മാറ്റിവയ്ക്കുന്നു, കൊച്ചുകുട്ടികളും പ്രായമായവരും വീട്ടിൽ തന്നെ കഴിയണമെന്നുള്ള നിർദേശങ്ങൾ വരുന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നു. മരുന്നുപോലും ലഭ്യമല്ലാത്ത ഈ മഹാമാരിക്കെതിരെ ആഗോളതലത്തിൽ ഒറ്റക്കെട്ടായി നിന്ന് ജനങ്ങൾ ഇങ്ങനെ പ്രതിരോധം തീർക്കുകയാണ്. അപ്പോഴാണ് ചില വ്യാജപ്രചാരകരാകർ ആളുകളുടെ ഭയാശങ്കകളെ മുതലെടുത്ത് അശാസ്ത്രീയവും അബദ്ധജടിലവുമായ വാർത്തകൾ പടച്ചുവിടുന്നത്. ഈ നുണകളിൽ പലതും ആളുകളുടെ ജീവന് ഭീഷണിയാണ്. മാത്രമല്ല ശരിയായ ചികിത്സ തേടുന്നത് തടയാനും അങ്ങനെ രോഗവ്യാപനത്തിന്റെ തോത് കൂട്ടാൻ പോലും ഇടയാക്കും. കോവിഡ് 19 രോഗത്തിനെന്ന പേരിൽ വ്യാപകമായ ചില വ്യാജ ചികിത്സകളും വ്യാജവാർത്തകളും അവയുടെ സത്യാവസ്ഥയും അറിയാം.

എയർഫിൽറ്ററുകൾ കൊറോണ വൈറസിനെ തടയും?

ഈ തലക്കെട്ടോടെ ഒരു പരസ്യം വന്നാൽ അതിൽ വീഴാത്തവരുണ്ടോ? എന്നാൽ കൊറോണ വൈറസിനെ തടയാൻ എയർ പ്യൂരിഫയറുകൾ ഫലപ്രദമാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എയർ കണ്ടീഷനറിലെ എച്ച് ഇ പി എ ഫിൽറ്ററുകൾ കൊറോണവൈറസിനെ തടയില്ല. .3 മൈക്രോണിനു മുകളിലുള്ള പാർട്ടിക്കിളുകളെ ആണ് ഈ ഫിൽറ്റർ നീക്കുക. കൊറോണവൈറസിന്റെ വലുപ്പം .1 മൈക്രോൺ ആണ്.

കൊറോണയുടെ പ്രഭവസ്ഥാനമായ ചൈനയിൽ പ്രയോഗിച്ചു ഫലം കണ്ടതെന്നു പറഞ്ഞ് പ്രചരിപ്പിച്ച ഒരു ഒറ്റമൂലിയും വൈറലായി. വെളുത്തുള്ളി ഇട്ടു തിളപ്പിച്ച വെള്ളം കൊറോണ രോഗികളിൽ വളരെ ഫലപ്രദമാണെന്നു ചൈനീസ് ഡോക്ടർമാർ കണ്ടെത്തി എന്നായിരുന്നു വാർത്ത പരന്നത്. എന്നാൽ വെളുത്തുള്ളിക്കോ വെളുത്തുള്ളി വെള്ളത്തിനോ കൊറോണ തടയാനുള്ള കഴിവ് ഇല്ലേയില്ല എന്നാണ് ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നത്.

വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടുമെന്നത് അടിസ്ഥാന ആരോഗ്യപാഠമാണ്. അതിന്റെ പിൻബലം ഉള്ളതുകൊണ്ടാണ് കൊറോണയെ തടയാൻ വൈറ്റമിൻസി മതിയെന്ന വാർത്തയ്ക്ക് ശ്രദ്ധ കിട്ടിയത്. നാരങ്ങ മുറിച്ചിട്ട വെള്ളം കുടിച്ചാൽ കൊറോണ വൈറസ് പമ്പ കടക്കും എന്ന മട്ടിലുള്ള അബദ്ധങ്ങളും പ്രചരിക്കപ്പെട്ടു. എന്നാൽ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി കൂട്ടാൻ മാത്രമേ വൈറ്റമിൻ സി സഹായിക്കൂ എന്നും വൈറ്റമിൻ സി കഴിച്ചെന്നു കരുതി കൊറോണ തടയാനാകില്ലെന്നും ഉറപ്പിച്ചു പറയുന്നു ആരോഗ്യവിദഗ്ധർ.

കഞ്ചാവിൽ ഒട്ടേറെ ആന്റിവൈറൽ മരുന്നുകളുണ്ട്. ഇതിലെ ഔഷധഗുണമുള്ള ഘടകങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിച്ച് വൈറസിൽ നിന്നും രക്ഷിക്കും എന്നാണ് മറ്റൊരു വൈറൽ വാർത്തയുടെ ഉള്ളടക്കം. ഇതിൽ ഒരു വാസ്തവവുമില്ലെന്ന് പറഞ്ഞ് ഈ വാർത്തയെ പൂർമമായും തള്ളിക്കളയുന്നു വൈദ്യശാസ്ത്രലോകം.

കൊറോണവൈറസിനെ തുടച്ചുനീക്കുന്ന അദ്ഭുത മിനറൽ സപ്ലിമെന്റ് (എംഎംഎസ്) ആണ് കൊറോണക്കാലത്തെ മറ്റൊരു വ്യാജൻ. കൊറോണയ്ക്കു മുൻപേ സോഷ്യൽ മീഡിയയിൽ വട്ടംചുറ്റിത്തുടങ്ങിയ . ഈ വാർത്തയ്ക്ക് കൊറോണക്കാലത്ത് വലിയ സ്വീകാര്യത കൈവന്നു. ബ്ലീച്ചിങ് ഏജന്റായ ക്ലോറിൻ ഡയോക്സൈഡ് ആണ് ഇതിലെ പ്രധാനഘടകം.

എന്നാൽ ഈ സംയുക്തം ഏതെങ്കിലും രോഗചികിത്സയ്ക്ക് ഗുണകരമാകുമെന്ന് ഒരു ഗവേഷണങ്ങളും പറയുന്നില്ല എന്നും ഇത് കുടിക്കുന്നത് തലചുറ്റൽ, ഛർദി, വയറിളക്കം, നിർജലീകരണം പോലുള്ള കടുത്ത പാർശ്വഫലങ്ങൾക്ക് ഇടയാക്കും എന്ന് അമേരിക്കയിലെ ഔഷധനിയന്ത്രണ അതോറിറ്റിയായ എഫ്ഡിഎ പറയുന്നു.

15 മിനിറ്റ് കൂടുമ്പോൾ വെള്ളംകുടിച്ച് വൈറസിനെ പുറംതള്ളാമെന്ന ഫേസ്ബുക്ക് ഫോർവേഡ് കണ്ട് ചേതമില്ലാത്ത കാര്യമല്ലേ എന്നുകരുതി ലീറ്റർ കണക്കിന് വെള്ളം കുടിച്ചവർ ഒട്ടേറെ. ഒരു ജാപ്പനീസ് ഡോക്ടറുടെ നിർദേശമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഈ നിർദേശത്തെ തികച്ചും അശാസ്ത്രീയമെന്നാണ് മെഡിക്കൽ വിദഗ്ധർ വിലയിരുത്തുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണ് നോവൽ കൊറോണ. അതിനെ വെള്ളംകുടിച്ച് ഒഴുക്കിക്കളയാമെന്ന ചിന്ത തന്നെ ശുദ്ധ അബദ്ധമാണെന്ന് അവർ പറയുന്നു.

കടൽവിഭവങ്ങൾ വഴിയാണ് വൈറസ് പകരുന്നതെന്ന് ഒരു യൂ ട്യൂബ് വിഡിയോ കണ്ടത് ദശലക്ഷങ്ങളാണ്. നേരത്തെ തന്നെ ചൈനയിലെ വൂഹാനിലെ മാംസ വിൽപനശാലയിൽ നിന്നാണ് കൊറോണ വൈറസ് പടർന്നതെന്ന് വ്യാജ വാർത്ത പരന്നിരുന്നു. കഥയറിയാതെ നമ്മുടെ നാട്ടുകാർ അത് ഏറ്റുപിടിക്കുകയും ചെയ്തു. എന്തായാലും ഭക്ഷണവുമായി ഈ വൈറസിന് യൊതൊരു ബന്ധവുമില്ലെന്ന നിഗമനത്തിലാണ് വൈദ്യശാസ്ത്രലോകം.

കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പരീക്ഷണങ്ങൾ ലോകത്തിൽ വിവിധ ഭാഗങ്ങളിൽ നടക്കവേയാണ് മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ‘കൊറോണ വാക്സിൻ’ (വ്യാജ) കുത്തിവച്ചത് കേസാകുന്നത്. വാക്സിൻ എന്ന പേരിൽ പാലം ഗ്രാമീണരിൽ വ്യാജ മരുന്നു കുത്തിവച്ചതിന് മൂന്നു സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും മരുന്നും സിറിഞ്ചുകളും പിടിച്ചെടുക്കുകയും ചെയ്തു.

കൊറോണ ഭീതി മുതലെടുത്ത വ്യാജന്മാർ നമ്മുടെ കേരളത്തിലുമുണ്ട്. തൃശൂർ എരുമപ്പെട്ടിയിൽ കൊറോണയെ തടയാൻ സൗജന്യ അക്യുപങ്ചർ പ്രതിരോധ ചികിത്സ നൽകാമെന്നു വാഗ്ദാനം ചെയ്ത വൈദ്യരെ പൊലീസ് പിടികൂടിയിരുന്നു. കോവിഡ് രോഗത്തിന് വ്യാജചികിത്സ വാഗ്ദാനം ചെയ്ത് എത്തിയ മോഹനൻ ‘വൈദ്യരെ’യും പോലീസ് അറസ്റ്റ് ചെയ്തു.

പക്ഷെ, കൊറോണക്കാലത്തെ ഈ വ്യാജപ്രചാരണങ്ങളെ സോഷ്യൽ മീഡിയ ലഘുവായി കാണുന്നില്ല. അബദ്ധവും അശാസ്ത്രീയവുമായ ചികിത്സകൾ പ്രചരിപ്പിക്കുന്നതും വിദഗ്ധ നിർദേശങ്ങൾ തേടുന്നതിൽ നിന്നും ആളുകളെ തടയുന്നതുമായ ട്വീറ്റുകൾ പ്രത്യേകം മാർക്കു ചെയ്ത് നീക്കം ചെയ്യുമെന്ന് ട്വിറ്റർ വ്യക്തമാക്കി കഴിഞ്ഞു. വാട്സ് ആപ്പും ഫേസ് ബുക്കും വ്യാജപ്രചാരണങ്ങളെ തടയുന്നതിനുള്ള നീക്കത്തിലാണ്. കൊറോണക്കാലത്തെ വ്യാജവാർത്തകൾ തടയിടാനായി ലോകാരോഗ്യസംഘടന, യുനിസെഫ്, യുഎൻഡിപി പോയിന്റർ എന്നീ രാജ്യാന്തര സംഘടനകളുടെ സഹായത്തോടെ വാട്സ് ആപ്പ് കൊറോണവൈറസ് ഇൻഫർമേഷൻ ഡാഷ്ബോർഡ് എന്ന സംവിധാനം തന്നെ ഒരുക്കിയിരിക്കുന്നു.