പ്രണയമായാലും സൗഹൃദമായാലും മനസ്സുകളുടെ പൊരുത്തമാണു പ്രധാനം. പക്ഷേ, ചിന്തകളും മോഹങ്ങളും ഒരേ ഗതിയിൽ സഞ്ചരിക്കുന്നവയാണെങ്കിലോ?
മനസ്സിൽ ചിന്തിക്കുമ്പോളേ അതേ കാര്യം തന്നെ സുഹൃത്ത് ഇങ്ങോട്ട് പറയുന്ന അനുഭവം ഉണ്ടായിട്ടില്ലേ. അത് വെറും മനഃപ്പൊരുത്തം മാത്രമല്ല എന്നാണു സൂര്യരാശി പറയുന്നത്.
സൂര്യരാശി അനുസരിച്ച് ഒാരോ രാശിക്കാർക്കും കൂടുതൽ ഇണങ്ങുന്നതെന്നു കൽപിക്കപ്പെട്ട രാശികളുണ്ട്. ഇനി നിങ്ങളുടെ ഉറ്റസുഹൃത്തുക്കളോ പ്രണയപങ്കാളിയോ ഈ രാശിയിൽ പെടുന്നയാളാണോ എന്ന് നോക്കൂ.
ഏരീസ്– ഫുൾ എനർജിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഏരീസ് രാശിക്കാർ. ലിബ്രയാണ് അവരുടെ ബെസ്റ്റി. അത്രയും വരില്ലെങ്കിലും അതേ വോൾട്ടേജ് ഉള്ള ചങ്ക്സ് ആണ് ഏരീസിനു സാജിറ്റേറിയസും ലിയോയും.
ടോറസ്– നിശ്ചയദാർഡ്യം കൈമുതലായുള്ള ടോറസ് രാശിക്കാർക്കൊപ്പം തന്ത്രശാലിയായ സ്കോർപിയോ ഒപ്പം കൂടിയാൽ കിടിലം ജോഡി ആയിരിക്കും. അത്രയും വരില്ലെങ്കിലും വിർഗോയും കാപ്രിക്കോണും ടോറസ് രാശിക്കാർക്ക് ഇണക്കമുള്ള രാശികളാണ്.
ജമിനി– ഏതു കാര്യത്തെയും ഹൈവോൾട്ടേജിൽ സമീപിക്കുന്ന ജമിനിക്കൊപ്പം അതേ താളത്തിൽ തിമിർക്കാൻ അക്വാറിസിനും ലിബ്രയ്ക്കുമേ കഴിയൂ. മൂഡ് സ്വിങ്സും വന്യമായ ചിന്തകളും ഒപ്പം മനസ്സിൽ സൂക്ഷിക്കുന്ന ജമിനിയെ നിയന്ത്രിച്ചു വിജയത്തിലേക്കു നയിക്കാൻ ഏരീസും ലിയോയും ആണ് ബെസ്റ്റ്.
കാൻസർ– ഉൾക്കരുത്തുള്ളവരാണെങ്കിലും കട്ടഇമോഷനൽ ടീംസ് ആണു കാൻസർ രാശിക്കാർ. അതേ, സെൻസിൽ അവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നവരാണു പീസസ് രാശിക്കാർ. സ്കോർപിയോ, കാപ്രിക്കോൺ എന്നിവയും കാൻസറുമായി ബുദ്ധിപരമായ പൊരുത്തം ഉള്ളവരാണ്.
ലിയോ– നേതൃപാടവം ഉള്ള ലിയോ രാശിക്കാരുടെ ഉള്ളിലിരിപ്പ് പറയാതെ മനസ്സിലാക്കാൻ കഴിവുള്ളവരാണ് ഏരീസും സാജിറ്റേറിയസും. ലിയോയ്ക്ക് ലിയോയും ഇണക്കമുള്ള രാശിയാണ്. ജമിനി, ലിബ്ര, അക്വാറിയസ് എന്നിവരാണ് ലിയോയുടെ ബെസ്റ്റ് ബഡ്ഢീസ്.
വിർഗോ– സ്വപ്നങ്ങളിൽ ജീവിക്കുന്ന വിർഗോയെ പ്രണയത്തിന്റെ ഭൂമിയിൽ ഉറപ്പിച്ചു നിർത്താനുള്ള കഴിവ് സ്കോർപിയോയ്ക്കുണ്ട്. കാപ്രിക്കോൺ, ടോറസ്, കാൻസർ രാശിക്കാർ വിർഗോയുടെ മനസ്സ് വായിക്കാൻ കഴിവുള്ളവരാണ്.
ലിബ്രാ– ജീവിതം ആഘോഷമാക്കണം, പട്ടം പോലെ പാറണം എന്നു ചിന്തിക്കുന്ന ലിബ്ര രാശിക്കാർക്കു ജമിനിയോളം നല്ലൊരു കമ്പനി വേറെ ഇല്ല. ലിബ്രയ്ക്കു മാർഗദർശനം പകർന്നു വിജയത്തിലേക്കു നയിക്കാൻ ലിയോയ്ക്ക് കഴിയും. അക്വാറിയസും സാജിറ്റേറിയസും ലിബ്രയുടെ വൈകാരിക ചിന്തകളെ നന്നായി മനസ്സിലാക്കുന്നവരാകും.
സ്കോർപിയോ– അപഗ്രഥന ശേഷിയാണു സ്കോർപിയോയുടെ ശക്തിയും ദൗർബല്യവും. ബുദ്ധിപരവും വൈകാരികവുമായി അതിനൊത്തു നീങ്ങാൻ അപാരമികവുള്ള രാശികളാണു കാൻസറും പീസസും. പരസ്പരവിശ്വാസം ഉറപ്പിക്കാനായാൽ അതിശയിപ്പിക്കുന്ന നേട്ടങ്ങളുണ്ടാക്കുന്ന ജോഡിയാകും സ്കോർപിയോയ്ക്ക് സ്കോർപിയോ കൂട്ടുചേരുമ്പോൾ.
സാജിറ്റേറിയസ്– എല്ലാവരോടും എളുപ്പത്തിൽ കൂട്ടാവാൻ സാജിറ്റേറിയൻസിന് കഴിയണമെന്നില്ല. സാജിറ്റേറിയൻസ് ലോകത്തെയും ബന്ധങ്ങളെയും വ്യത്യസ്ത ആംഗിളിൽ കാണുന്നവരാണ്. അതുകൊണ്ടു സാജിറ്റേറിയൻസിന് ഏറ്റവും ഇണങ്ങുന്ന രാശി സാജിറ്റേറിയൻസ് തന്നെയാണ്. ലിയോ, ജമിനി, ലിബ്ര എന്നീ രാശികളും സാജിറ്റേറിയൻസിന് ബൗദ്ധിക ബന്ധങ്ങൾക്കു മികച്ച ചേർച്ച ഉള്ളവയാണ്.
കാപ്രിക്കോൺ– മനസ്സ് നിലവറയിൽ ഒളിപ്പിച്ച് പുഞ്ചിരിക്കുന്നവരാണു കാപ്രിക്കോൺ രാശിക്കാർ. അവരുടെ ഉള്ളിലിരുപ്പ് അറിഞ്ഞു നല്ല കൂട്ടാകാൻ കാപ്രിക്കോൺ, വിർഗോ, ടോറസ് രാശിക്കാർക്കു കഴിയും. സ്കോർപിയോ, ലിബ്ര, ജമിനി എന്നീ രാശികളും കാപ്രിക്കോണിനു ഇണക്കമുള്ള രാശികളാണ്.
അക്വാറിയസ്– അത്രമേൽ മനസ്സിലാക്കുന്ന മറ്റൊരാൾ എന്ന് അക്വാറിയസിനു വേണ്ടി സൂര്യരാശി പറയുന്നത് അക്വാറിയസിനെ തന്നെയാണ്. അത്രയും വരില്ലെങ്കിലും ഒട്ടും കുറയാത്ത കമ്പനി ആയിരിക്കും ലിബ്രയും ജമിനിയും.
പീസസ്– ജീവിതത്തിലെ വൈകാരിക നിമിഷങ്ങൾക്ക് ഏറെ പ്രധാന്യം കൽപിക്കുന്ന പീസസ് രാശിക്കാർക്കു സ്കോർപിയോ, പീസസ്, കാൻസർ രാശിക്കാരാണ് ബെസ്റ്റ് ബഡ്ഢീസ്. കാപ്രിക്കോണും ടോറസും പീസസ് രാശിക്കാർക്ക് ഇണങ്ങുന്നവയാണ്.