Thursday 17 December 2020 03:04 PM IST

പ്രമേഹത്തെ നിയന്ത്രിക്കണോ? പാലിക്കാം ഈ 7 ലളിതശീലങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

diab7rerr

ഇന്ത്യയിൽ 30 മില്യണിലധികം പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്. അതായത് ഒാരോ വീട്ടിലും ഒരു പ്രമേഹരോഗിയെങ്കിലും ഉണ്ടെന്നു പറയാം. പ്രമേഹം ഒട്ടേറെ അവയവങ്ങളെ ബാധിക്കുന്ന സങ്കീർണമായ രോഗമാണ്. സ്ഥിര പരിശോധനകളും മരുന്നു കഴിക്കലും ആവശ്യമായതിനാൽ സാമ്പത്തികമായും ആളുകളെ തകർക്കുന്ന രോഗം. ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ട് ആദ്യഘട്ടത്തിൽ നിയന്ത്രിക്കാമായിരുന്നിട്ടും പ്രമേഹരോഗികളിൽ പലർക്കും അതു സാധിക്കുന്നില്ല. അതിന്റെ ഒരു കാരണം മധുരം കുറയ്ക്കുക എന്നതിനപ്പുറം ഈ രോഗത്തെ നിലയ്ക്കു നിർത്തേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകൾക്ക് ആഴത്തിൽ അവബോധമില്ല എന്നതാണ്. ഇതാ പ്രമേഹത്തെ നിയന്ത്രിക്കാനും പ്രമേഹസാധ്യതയുള്ളവർക്ക് രോഗം തടുക്കാനും സഹായിക്കുന്ന 7 ശീലങ്ങൾ.

പരിശോധന ശീലമാക്കാം

പ്രമേഹരോഗിയാണ്, എന്നോ ഒരിക്കൽ ഡോക്ടർ കുറിച്ചുതന്ന കുറിപ്പടി വച്ച് മരുന്നുവാങ്ങി കഴിക്കുന്നു. ഷുഗർ പരിശോധിക്കാൻ മടിയാണ്. ഇങ്ങനെയും ചില പ്രമേഹരോഗികളുണ്ട്. മികച്ച പ്രമേഹനിയന്ത്രണത്തിന്റെ അവശ്യഘടകമാണ് പരിശോധനകൾ. മാസത്തിലൊരിക്കലെങ്കിലും ഫാസ്റ്റിങ്– ഭക്ഷണശേഷമുള്ള ഷുഗർ പരിശോധിച്ച്, പ്രമേഹം നിയന്ത്രണത്തിലാണോ ഷുഗറിന്റെ ഏറ്റക്കുറച്ചിലുകൾ എത്രയൊക്കെയുണ്ട് എന്നൊക്കെ നോക്കുകയും ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുകയും വേണം. പ്രമേഹസാധ്യതയുള്ളവരും കുടുംബപാരമ്പര്യം ഉള്ളവരും വർഷാവർഷം പ്രമേഹപരിശോധന നടത്താൻ മറക്കരുത്.

കൃത്യസമയത്ത് ഭക്ഷണം കഴിക്കാം

പ്രമേഹരോഗികൾ പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമൊക്കെ ദിവസവും കൃത്യസമയത്തു തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. ദിവസവും ഒരേ അളവ് ഭക്ഷണം ഏകദേശം ഒരേ സമയത്ത് തന്നെ കഴിക്കുന്നത് രക്തത്തിലെ ഷുഗർ നിരക്കിൽ ഏറ്റക്കുറച്ചിലില്ലാതെയിരിക്കാൻ സഹായിക്കും. പ്രമേഹരോഗികൾ ഉണർന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രാതൽ കഴിക്കുക, ശേഷം 4–5 മണിക്കൂറിനുള്ളിൽ അടുത്ത ഭക്ഷണം കഴിക്കുക, രാത്രി ഭക്ഷണം എട്ടിനു മുൻപു കഴിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക. ഇടനേരത്ത് വിശന്നാൽ ഒന്നോ രണ്ടോ കഷണം പഴങ്ങളോ സാലഡോ ഒരു ചെറിയ പിടി അണ്ടിപ്പരിപ്പോ ബദാമോ കഴിക്കാം.

പോഷകനഷ്ടം വരാതെ നോക്കാം

പ്രമേഹമാണെന്നു പറഞ്ഞ് ഡയറ്റ് കർശനമാക്കുന്നതു നല്ല കാര്യം തന്നെ. പക്ഷേ, ഷുഗറിനെ പേടിച്ച് ഭക്ഷണം കുറയ്ക്കുമ്പോൾ ശരീരത്തിന് അത്യാവശ്യം വേണ്ട പോഷകങ്ങളും ധാതുക്കളുമൊക്കെ നഷ്ടമാകുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ചോറും കറികളും ഒഴിവാക്കി ചപ്പാത്തിയിലേക്കു തിരിയുമ്പോൾ ആവശ്യത്തിന് പച്ചക്കറികൾ കൂടെ കഴിക്കാൻ മറക്കരുത്. അമേരിക്കൻ ഡയബറ്റിസ് അസോസി.േഷൻ പറയുന്നത് പ്രമേഹരോഗികളും പ്രമേഹം വരരുതെന്ന് ആഗ്രഹിക്കുന്നവരും ഭക്ഷണപ്ലേറ്റിന്റെ പ്ലാതി പച്ചക്കറികൾക്കായി നീക്കിവയ്ക്കണമെന്നാണ്. പേരയ്ക്ക, ആപ്പിൾ, ഒാറഞ്ച് പോലെ പ്രമേഹരോഗികൾക്ക് ഭയക്കാതെ കഴിക്കാവുന്ന പഴങ്ങളും ദിവസവും ഒാരോ സെർവിങ്ങെങ്കിലും കഴിക്കണം.

ഒളിഞ്ഞിരിക്കും മധുരത്തെ കണ്ടുപിടിക്കാം

ഷുഗർ–ഫ്രീ എന്ന ലേബലിൽ ധാരാളം ഭക്ഷ്യവിഭവങ്ങൾ വിപണിയിലുണ്ട്. പക്ഷേ, അവയിൽ പലതിലും മധുരത്തിനു പകരം ചേർത്തിരിക്കുന്നത് കാർബോഹൈഡ്രേറ്റ് ഘടകങ്ങളാകാം. കാർബോഹൈഡ്രേറ്റ് അളവു കൂടുന്നത് രക്തത്തിലെ ഷുഗർ നിരക്ക് കൂടാൻ ഇടയാക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ഒരു ശ്രദ്ധ വേണം.

കൊഴുപ്പും എണ്ണയും കുറയ്ക്കാം

മധുരം തൊട്ടിട്ട് എത്ര നാളായി, പക്ഷേ, എന്റെ പ്രമേഹം നിയന്ത്രണത്തിലാവുന്നേയില്ല. ഇങ്ങനെ പരാതി പറയുന്നവരെ കേട്ടിട്ടില്ലേ? അതിന്റെ പ്രധാനകാരണം ഭക്ഷണത്തിലെ കൊഴുപ്പളവും എണ്ണയും കുറയ്ക്കാത്തതാണ്. ഈ രണ്ടു ഘടകങ്ങളും അമിതമായി കാലറി ശരീരത്തിലെത്താൻ ഇടയാക്കുന്നുവെന്നതാണ് പ്രശ്നം. എന്നാൽ അണ്ടിപ്പരിപ്പുകൾ പോലുള്ള ചില കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ പ്രമേഹത്തെ തടുക്കുവാൻ സഹായിക്കാറുണ്ട്. അവ മിതമായ അളവിൽ കഴിക്കാം.

ജ്യൂസ് വേണ്ട

പഴങ്ങൾ നേരിട്ടു കഴിക്കുന്നതിലെ മടി കൊണ്ട് പലരും അതു ജ്യൂസ് ആക്കി കഴിക്കാറാണ് പതിവ്. പക്ഷേ, പ്രമേഹരോഗികൾക്കും പ്രമേഹസാധ്യത ഉള്ളവർക്കും ഈ ശീലം നല്ലതല്ല. കാരണം ഒരു കപ്പ് ജ്യൂസിൽ ഷുഗറിന്റെ അളവ് കൂടുതലായിരിക്കും, നാരുകൾ കുറവും. ചില പഠനങ്ങൾ പറയുന്നത് ദിവസവും ജ്യൂസ് കുടിക്കുന്നത് പ്രമേഹരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ്. അതുകൊണ്ട് ജ്യൂസിനു പകരം പഴങ്ങൾ അങ്ങനെ തന്നെ കഴിച്ചു ശീലിക്കുക.

അൽപനേരമെങ്കിലും ശരീരം അനങ്ങട്ടെ

പ്രമേഹരോഗിയാണെന്നു പറഞ്ഞ് മുഴുവൻ സമയവും ശരീരമനങ്ങാതെ ഇരിക്കരുത്. വൈകുന്നേരം ചെറിയ നടത്തമാകാം. സമയം കിട്ടുമ്പോൾ കോണിപ്പടി കയറിയിറങ്ങാം, ചെടി നടുകയും പരിപാലിക്കുകയുമാകാം. ഇങ്ങനെയുള്ള കായികപ്രവർത്തികളിൽ ഏർപ്പെടുന്നത് ഇൻസുലിനോടുള്ള ശരീരത്തിന്റെ സംവേദനത്വം മെച്ചപ്പെടുത്തുകയും ഷുഗർ നിയന്ത്രണത്തിന് അതു സഹായിക്കുകയും ചെയ്യും.

Tags:
  • Manorama Arogyam
  • Health Tips