ദീർഘനേരം സ്ക്രീനിൽ നോക്കി ഇരിക്കുന്നത് കുട്ടികളുടെ കണ്ണിനുണ്ടാക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല. വല്ലാതെ അടുത്തിരുന്ന് ടിവി കാണുന്നത് ടി വി സ്ക്രീനിൽ നിന്നുള്ള റേഡിയേഷൻ മൂലമുള്ള പ്രശ്നങ്ങൾക്കിടയാക്കാം.
പുതിയ ടി വികളിൽ ഇത്തരം റേഡിയേഷൻ പ്രശ്നങ്ങൾ കുറവാണെന്നാണ് പറയുന്നത്. എങ്കിലും ടിവിയിൽ നിന്നും കഴിവതും 5–6 അടി അകലത്തിൽ എങ്കിലും ഇരിക്കുന്നതാണ് അഭികാമ്യം.
ടി വി യെക്കാൾ അപകടമാണ് അശ്രദ്ധമായ ഫോൺ ഉപയോഗം. കുട്ടികൾ ഫോൺ വല്ലാതെ കണ്ണിനോട് അടുപ്പിച്ച് പിടിച്ചാണ് കാണുക. ഇത് കോങ്കണ്ണ് വരാൻ ഇടയാക്കാം.
ദീർഘനേരം ഇമ ചിമ്മാതെ ഫോണിൽ നോക്കി ഇരിക്കുന്നത് കണ്ണ് വരണ്ടുപോകാൻ (ഡ്രൈ ഐ ) ഇടയാക്കും. സാധാരണ ഗതിയിൽ മിനിറ്റിൽ 18 തവണ എങ്കിലും ഇമകൾ അടച്ചു തുറക്കാറുണ്ട്. ഇതുമൂലം കണ്ണിൽ എപ്പോഴും നനവ് ഉണ്ടായിരിക്കും. ഇമവെട്ടൽ കുറയുന്നത് മൂലം കണ്ണിന് ചുവപ്പും അസ്വാസ്ഥ്യവും അനുഭവപ്പെടാം. കണ്ണിൽ നിന്നു വെള്ളം വരാം.
കണ്ണ് തെരുതെരെ അമർത്തി തിരുമ്മുന്നത് കോർണിയയ്ക്ക് ബലക്ഷയം വരുത്താo. ഈ അവസ്ഥയ്ക്ക് കെരാറ്റോ കോനസ് എന്നു പറയുന്നു. ആരംഭത്തിലെ തന്നെ ഇത്തരം പ്രശ്നങ്ങൾ തടഞ്ഞില്ലങ്കിൽ ഭാവിയിൽ ഗുരുതരമായ കാഴ്ചപ്രശ്നങ്ങൾ വരാം.
ഇത്തരം ഉപകരണങ്ങളിൽ നിന്നുള്ള നീലപ്രകാശം റെറ്റിനയിലെ കോശങ്ങളെ നശിപ്പിക്കുകയും ഇത് മാകുലർ ഡീജനറേഷൻ പോലുള്ള പ്രശ്നങ്ങൾ വരുന്നത് നേരത്തേ ആക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. ഇവരിൽ തിമിരവും നേരത്തേ വരാം. തുടർച്ചയായി സ്ക്രീനിൽ നോക്കുന്നവരിൽ തലവേദനയും ഉറക്ക പ്രശ്നങ്ങളും മാറാതെ നിൽക്കാം.
കണ്ണിന് ആയാസം കുറയ്ക്കാം
ടിവിയും കംപ്യൂട്ടറും മൊബൈലും ഒക്കെ കാണുന്നതിന് ഒരു സമയപരിധി വയ്ക്കുന്നത് നല്ലത്. കുട്ടിയുടെ പ്രായമനുസരിച്ച് സമയം നീട്ടിക്കൊടുക്കാം.
കുട്ടി ടിവി കാണുന്ന മുറിയിൽ കളിപ്പാട്ടങ്ങളും കഥപ്പുസ്തകങ്ങളും വച്ചിരുന്നാൽ പരസ്യത്തിൻ്റ സമയത്തെങ്കിലും കുട്ടിയുടെ ശ്രദ്ധ സ്ക്രീനിൽ നിന്നു മാറും. ഇത് കണ്ണിന് കുറച്ചെങ്കിലും വിശ്രമം നൽകും.
നല്ല പ്രകാശമുള്ളിടത്ത് ഇരുന്ന് ടി വി യും മൊബൈലും കാണാൻ നിർദേശിക്കുക. ഇടയ്ക്ക് സ്ക്രീനിൽ നിന്നും നോട്ടം മാറ്റാനും ചുറ്റുമുള്ള വസ്തുക്കളെ നോക്കാനും പറയാം. ഇതെല്ലാം കണ്ണിന്റെ സ്ട്രെയിൻ കുറയ്ക്കും.
∙ ഇടയ്ക്കിടയ്ക്ക് ഇമ ചിമ്മുന്നത് കണ്ട് വരണ്ടുപോകുന്നത് തടയും.
സോഫയിൽ ചാരിക്കിടന്നോ കട്ടിലിൽ കിടന്നോ ടിവിയും മൊബൈലും കാണുന്നത് ഒഴിവാക്കാം. ചാരിയിരിക്കാൻ പറ്റുന്ന തരം കസേരയിൽ നിവർന്ന് ഇരുന്ന് കാണാൻ ശീലിപ്പിക്കുക.
∙ സ്ക്രീൻ ഉപയോഗത്തിനു ശേഷം തലവേദന ഉണ്ടെന്നു കുട്ടി പരാതിപ്പെട്ടാൽ നിസ്സാരമാക്കരുത്. ഡോക്ടറെ കാണിക്കുക.
∙ കുട്ടി ടിവി യോട് വല്ലാതെ അടുത്തിരുന്ന് കാണുന്നത് ഹ്രസ്വദൃഷ്ടി മൂലമാകാം. ഒരു കണ്ണുരോഗ വിദഗ്ധനെ കാണിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാം
വിവരങ്ങൾക്ക് കടപ്പാട്
ഡോ.ടോണി ഫെർണാണ്ടസ്
കണ്ണുരോഗ വിദഗ്ദധൻ
ടോണീസ് ഐ ഹോസ്പിറ്റൽ
ആലുവ