Wednesday 08 April 2020 12:48 PM IST : By സ്വന്തം ലേഖകൻ

കന്യാചർമവും ആദ്യ രാത്രിയിലെ രക്തസ്രാവവും: സംശയങ്ങൾ അകറ്റാം

Reddy-page

കന്യാചർമം പൊട്ടാത്ത സ്ത്രീയെയാണു പൊതുവെ കന്യകയെന്നു വിളിക്കുന്നത്. എന്നുവച്ചാൽ പുരുഷനുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടാത്തവളെ. നമ്മുടെ പരമ്പരാഗത മൂല്യങ്ങളും രീതികളും അനുസരിച്ച് ഒരു പെൺകുട്ടിയുടെ വിലമതിക്കാനാവാത്ത ധനമാണ്, സ്വഭാവഗുണമാണ് കന്യകാത്വം. അത് അവളുടെ തറവാട്ടുമഹിമയുടെയും ഉയർന്ന സദാചാരത്തിന്റെയും ലക്ഷണമായി കണക്കാക്കപ്പെടുന്നു.

കന്യാചർമത്തെ ‘മെയ്ഡൻ ഹെഡ്’ എന്നും വിളിക്കും. കാരണം എല്ലാ മെയ്ഡനും (കന്യകകൾക്കും) കന്യാചർമം ഉണ്ടാകണമെന്നു പലരും വിശ്വസിക്കുന്നു. പണ്ടു ‘കന്യക’, ‘കന്യകാത്വം’ എന്നീ വാക്കുകൾക്കു ശരീരശാസ്ത്രപരമായ അർഥം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. സ്വതന്ത്രനായ ഒരു പുരുഷനുമായോ, പുരുഷന്മാരുമായോ ബന്ധിതയായിട്ടില്ലാത്ത ഒരു സ്ത്രീയുടെ മാനസിക, സാമൂഹിക അവസ്ഥയെക്കൂടി ആ വാക്കുകൾ സൂചിപ്പിച്ചിരുന്നു. പിന്നീടു വിവാഹവും ഏകപത്നീ (ഭർതൃ) വ്രതവും മക്കത്തായ അധീശത്വവും പ്രചരിച്ചപ്പോൾ സ്ത്രീയുടെ കന്യാകത്വത്തിനുള്ള തെളിവിനു പ്രാധാന്യം വർധിച്ചു. അങ്ങനെ സ്ത്രീരക്തത്തെയും മുൻപു സംഭോഗത്തിലേർപ്പെടാത്ത സ്ത്രീയെ പ്രാപിക്കുന്നതിനെയും ചുറ്റിപ്പറ്റി ധാരാളം ആചാരങ്ങൾ നിലവിൽവന്നു.

കന്യാചർമം പൊട്ടിയ സ്ത്രീകളെല്ലാം കന്യകകൾ അല്ലാതായിട്ടില്ല എന്ന് ഈ വിവരണങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ടാകുമല്ലോ. കന്യാചർമത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ അല്ല, മനസ്സിന്റെ ഒരവസ്ഥയാണു കന്യകാത്വം, പാതിവ്രത്യം എന്നൊക്കെ പറയുന്നതെന്നാണ് പുതിയ കാലത്തിന്റെ വ്യാഖ്യാനം.

സംശയങ്ങൾ അകറ്റാം

തോമസ് തെരേസയെ സംശയിച്ചതു ശരിയായോ?

ശരിയായില്ല. പഴയ ചില ആചാരങ്ങളുടെ മാറാലകളിൽ പറ്റിപ്പിടിച്ച ഇത്തരം സംശയങ്ങളോടുകൂടിയ ‘ഡൗട്ടിങ് തോമസുമാർ’ (സംശയാലുക്കൾ) ഒട്ടേറെ നമ്മുടെ സമൂഹത്തിലുണ്ട്. കുടുംബജീവിതത്തിൽ കന്യാചർമത്തിനല്ല പ്രാധാന്യം. പരസ്പരമുള്ള വിശ്വാസത്തിനും സ്നേഹത്തിനുമാണെന്ന് ഇവർ മനസ്സിലാക്കണം.

ആദ്യ സംഭോഗത്തിൽ എല്ലാ സ്ത്രീകൾക്കും രക്തസ്രാവം ഉണ്ടാകുമോ?

ഉണ്ടാകണമെന്നില്ല. മെഡിക്കൽ സ്ഥിതിവിവരണക്കണക്കുകൾ അനുസരിച്ചു 42 ശതമാനം സ്ത്രീകളേ പൊട്ടി, രക്തം വരാൻ സാധ്യതയുള്ള കന്യാചർമത്തോടെ ജനിക്കുന്നുള്ളൂ. 48 ശതമാനം സ്ത്രീകളിൽ കന്യാചർമം വളരെയധികം ‘ഫ്ലെക്സിബിൾ’ ആണ്. ശേഷിക്കുന്ന 11 ശതമാനത്തിൽ കന്യാചർമം തീരെ നേർത്തതും ദുർബലവുമായിരിക്കും. അതുകൊണ്ടുതന്നെ അതു വളരെ നേരത്തേ പൊട്ടും, ശാരീരിക ചലനങ്ങൾ കൊണ്ടുതന്നെ.

ആദ്യസംഭോഗത്തിൽ ഒരു സ്ത്രീക്ക് എത്ര രക്തം പോകും?

താഴെപ്പറയുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കി ഒാരോ സ്ത്രീയിലും ആദ്യസംഭോഗത്തിനു ശേഷം വരുന്ന രക്തം ഒാരോ അളവായിരിക്കും. കന്യാചർമത്തിന്റെ കട്ടി, അതിന്റെ അയവ്, ചർമത്തിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടു പോകുന്ന രക്തധമനികളുടെ എണ്ണം, സ്ത്രീയിൽ സംഭവിക്കുന്ന െെവകാരിക ഉദ്ധാരണം/ആർദ്രത, ഇണയിൽ ലിംഗം പ്രവേശിപ്പിക്കുന്നതിന്റെ ശക്തി... പൊതുവെ പറഞ്ഞാൽ കുറച്ചു തുള്ളികൾ മുതൽ ഒരു ടീസ്പൂൺ വരെ രക്തം പോകും.

കന്യക ഗർഭിണിയാകുമോ?

ആകാം. യോനീമുഖത്ത് ബീജം /ശുക്ലം നിക്ഷേപിച്ചാൽ അതു കന്യാചർമത്തിന്റെ ദ്വാരത്തിൽകൂടി പ്രവേശിച്ചു യാത്ര ചെയ്ത് ഗർഭപാത്രത്തിലെത്തി അണ്ഡവുമായി സംയോജിക്കും. അങ്ങനെ ഗർഭമുണ്ടാകാൻ സാധ്യതയുണ്ട്.

ഒരു സ്ത്രീ കന്യകയാണെന്ന് എങ്ങനെ അറിയാം?

വിശ്വസിക്കുക. യോനിയിൽ മറ്റൊരു ലിംഗം കയറിയിട്ടില്ല എന്നു തെളിയിക്കാൻ പാകത്തിനു ശാസ്ത്രീയ മാർഗങ്ങളൊന്നുമില്ല. മനസ്സിലാണു ശുദ്ധിയും ചാരിത്ര്യവും വേണ്ടത്; യോനിയിലല്ല..

കന്യാചർമം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയെക്കുറിച്ച് കേട്ടു. അത് എപ്പോഴാണ് വേണ്ടിവരിക?

ചിലരിൽ കന്യാചർമം വളരെ കട്ടിയുള്ളതായതിനാൽ യോനിയിൽ ലിംഗപ്രവേശം സാധ്യമല്ലാതെ വരാം. അങ്ങനെയുള്ളവരിൽ ലളിതമായ ഒരു ശസ്ത്രക്രിയ വഴി കന്യാചർമം നീക്കം ചെയ്യുന്നു. ഇതിന് ഹൈമനക്ടമി എന്നു പറയും.

എന്നാൽ കന്യാചർമം നീക്കം ചെയ്യുന്നതിനു മുൻപ് ലൈംഗികബന്ധം സാധ്യമാകാത്തതിനു പിന്നിൽ വജൈനിസ്മസ് അഥവാ യോനീസങ്കോചം പോലുള്ള എന്തെങ്കിലും മാനസിക കാരണങ്ങളില്ല എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്

വിവർത്തനം: അനിൽ മംഗലത്ത്,

സാങ്കേതിക സഹായം: എൻ.വി. നായർ

Tags:
  • Manorama Arogyam
  • Sex Tips