Wednesday 08 April 2020 02:52 PM IST

മഴവെള്ള സംഭരണിയിലെ വെള്ളം ശുദ്ധീകരിക്കാതെ കുടിക്കരുത്; മൂന്നു മിനിറ്റ് വെട്ടിത്തിളച്ച വെള്ളം സുരക്ഷിതം: കുടിവെള്ളത്തിൽ ശ്രദ്ധിക്കേണ്ടതെല്ലാം

Asha Thomas

Senior Sub Editor, Manorama Arogyam

water-story

ശുദ്ധജലക്ഷാമം പലവിധ രോഗാവസ്ഥകൾക്ക് ഇടയാക്കാം. വേനലിൽ വെള്ളം കുടിക്കും മുൻപ് രണ്ടുവട്ടം ആലോചിക്കണം.

മഴവെള്ള സംഭരണിയിലെ വെള്ളം:

ഭൂമി തൊടാതെ എത്തുന്നതുകൊണ്ട് മഴവെള്ളം പരിശുദ്ധമാണെന്ന് ഒരു ധാരണയുണ്ട്. എന്നാൽ മഴവെള്ള സംഭരണികളിൽ ശേഖരിക്കുന്ന മഴവെള്ളം വീടിന്റെ മേൽക്കൂരയിൽ നിന്നൊഴുകി വരുന്നതാണ്. മഴയ്ക്കു മുൻപേ മേൽക്കൂര വൃത്തിയാക്കണമെന്നും ചിരട്ടക്കരിയോ മറ്റോ ഇട്ട് ശുദ്ധീകരിച്ച് സംഭരണിയിലെ വെള്ളം സൂക്ഷിക്കണം എന്നും പറയാറുണ്ടെങ്കിലും അത് കൃത്യമായി നടക്കണമെന്നില്ല. അതുകൊണ്ട് മഴവെള്ള സംഭരണിയിലെ വെള്ളം നേരിട്ട് കുടിക്കരുത്. പാചകത്തിനും കുടിക്കാനുമൊക്കെ ഉപയോഗിക്കും മുൻപ് ഫിൽറ്റർ ചെയ്യണം. സെറാമിക് ഫിൽറ്ററുകളോ അൾട്രാവയലറ്റ് ഫിൽറ്ററുകളോ ഉപയോഗിക്കാം. ആയിരം ലീറ്റർ വെള്ളത്തിന് 2–3 ഗ്രാം എന്ന നിരക്കിൽ ബ്ലീച്ചിങ് പൗഡർ ചെർത്ത് ക്ലോറിനേറ്റ് ചെയ്തും ഉപയോഗിക്കാം.

ക്ലോറിനേറ്റ് ചെയ്ത വെള്ളം

ക്ലോറിനേഷൻ ജലത്തിലെ അണുക്കളെയെല്ലാം നശിപ്പിച്ച് ശുദ്ധമാക്കുന്നു. കൃത്യമായ അളവിൽ ക്ലോറിനേറ്റ് ചെയ്ത് ഏതാനും മണിക്കൂർ അനക്കാതെ വച്ചിരുന്ന ശേഷം വെള്ളം ഉപയോഗിച്ചാൽ അരുചിയോ ഗന്ധമോ ഉണ്ടാകില്ല. അണുക്കളെ നശിപ്പിച്ചു കഴിഞ്ഞാൽ ക്ലോറിൻ ബാഷ്പീകരിച്ച് പോകും.

മൺപാത്രത്തിലെ വെള്ളം

മൺകലത്തിലെ സൂക്‌ഷ്മ സുഷിരങ്ങൾ വഴി മാലിന്യങ്ങൾ ആഗിരണം ചെയ്ത് പുറത്തുപോകുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ, മൺപാത്രം കൃത്യമായി വൃത്തിയാക്കാതിരുന്നാൽ ഗുണത്തേക്കാൾ ദോഷമാകും.

കിണറ്റിലെ തെളിനീർ

നേർത്ത മധുരവും തണുപ്പുമുള്ള കിണർവെള്ളം ഗൃഹാതുര ഒാർമയാണ് പലർക്കും. പക്ഷേ, കിണർവെള്ളം എപ്പോഴും ശുദ്ധമാകണമെന്നില്ല. മണ്ണിനടയിൽ നിന്നുള്ള മാലിന്യങ്ങൾ കിണറ്റിലെ വെള്ളത്തിൽ കലരാം. ഇതുകൂടാതെ കിണറിനു സമീപത്തുള്ള കുളിയും അലക്കലും മൂലവും വെള്ളം മലിനമാകാം. കിണർ എപ്പോഴും മൂടി സൂക്ഷിക്കുന്നതാണ് നല്ലത്. മരങ്ങളുടെ ഇലകളും ചപ്പു ചവറുകളും വീണ് വെള്ളം മലിനമാകാതിരിക്കാൻ ഇതു സഹായിക്കും. കുടിവെള്ള സ്രോതസ്സിൽ നിന്ന് 7.5 മീറ്റർ ദൂരത്താകണം കക്കൂസ് എന്നാണ് നിയമം. 10–15 മീറ്ററെങ്കിലുമാകുന്നത് ഉത്തമം. വെള്ളം സൂക്ഷിക്കുന്ന ടാങ്കുകൾ ഗുണമേന്മയുള്ളവയെന്ന് ഉറപ്പുവരുത്തണം.

കുഴൽക്കിണറിലെ വെള്ളം

ആഴത്തിൽ നിന്നും വരുന്ന വെള്ളമായതുകൊണ്ട് ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യത കുറയും. എന്നാൽ അയൺ, മാംഗനീസ് പോലുള്ള ധാതുക്കളുടെ അംശം കാണാം. വെള്ളത്തിന്റെ അളവു കുറയുന്ന വേനലിൽ ഈ ഘടകങ്ങളുടെ ഗാഢത കൂടുതലുമായിരിക്കും. കുഴൽക്കിണറിൽ നിന്നുള്ള വെള്ളത്തിൽ എണ്ണപ്പാട പോലെയോ ചുവന്ന നിറമോ കണ്ടാൽ പാചകത്തിനും കുടിക്കാനും ഉപയോഗിക്കരുത്. അയൺ ഫിൽറ്ററോ റിവേഴ്സ് ഒാസ്മോസിസ് ഫിൽറ്ററുകളോ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിച്ച് മാത്രം ഉപയോഗിക്കുക.

പൊതുടാപ്പുകളിലെ വെള്ളം

ക്ലോറിനേറ്റ് ചെയ്താണ് വിതരണത്തിന് എത്തിക്കുന്നതെങ്കിലും പൈപ്പുകളിലെ തുരുമ്പും അഴുക്കും വെള്ളത്തിന്റെ ശുദ്ധത നഷ്ടമാക്കാം. തിളപ്പിച്ചോ ഫിൽറ്റർ ചെയ്തോ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

കുപ്പിവെള്ളം സുരക്ഷിതമോ?

കുപ്പിവെള്ളം തണുപ്പിച്ചു വയ്ക്കുന്നതാണ് ഉചിതം. എന്നാൽ പലപ്പോഴും തൂക്കിയിടുകയോ വെറുതെ നിരത്തിവയ്ക്കുകയോ ചെയ്യുന്നു. പതിവായി ഏറെനാൾ വെയിലടിക്കുമ്പോൾ പ്ലാസ്റ്റിക് ഊറി വെള്ളത്തിൽ കലരാം. അതുകൊണ്ട് തണുപ്പിച്ചു സൂക്ഷിക്കുന്ന കുപ്പിവെള്ളം വാങ്ങി കുടിക്കുക. വലിയ പ്ലാസ്റ്റിക് കാനുകളിൽ കിട്ടുന്ന ഫിൽറ്റർ ചെയ്ത വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഉപയോഗിക്കുക.

മൂന്നു നാലു മിനിെറ്റങ്കിലും വെട്ടിത്തിളച്ച വെള്ളമാണ് ഏറ്റവും സുരക്ഷിതം. തിളച്ചാറിയ വെള്ളം ഒരു മൺകലത്തിൽ ഒഴിച്ചു സൂക്ഷിച്ചാൽ തെളിമയും തണുപ്പുമുള്ള വെള്ളം കുടിക്കാം. എന്നാൽ തണുത്തവെള്ളം കലർത്തി തണുപ്പിച്ച് ഉപയോഗിക്കരുത്.

ഐസ് വേണ്ട

പാക്ക് ചെയ്ത് സീൽ ചെയ്ത ഐസിൽ പോലും ബാക്ടീരിയകൾ ഉള്ളതായി ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ജ്യൂസുകളിൽ ഐസ് ചേർക്കാതെ കഴിക്കുക. ഐസ്ക്രീം പുറമേ തണുപ്പാണെങ്കിലും വേനലിൽ നല്ലതല്ല. വൃത്തി മാത്രമല്ല പ്രശ്നം, മധുരവും കൊഴുപ്പും കൂടുതലാണ്. ചൂടുള്ളപ്പോൾ തണുത്ത പാനീയങ്ങൾ കുടിക്കുന്നത് ചിലരിൽ അസ്വാസ്ഥ്യമുണ്ടാക്കുന്നതായും കാണുന്നു.

Tags:
  • Manorama Arogyam
  • Health Tips