Monday 30 March 2020 04:45 PM IST

കൊറോണ വൈറസ് വായുവിലൂടെ പകരില്ല! ഈ റിപ്പോർട്ട് നിങ്ങളുടെ ആശങ്കയകറ്റും

Santhosh Sisupal

Senior Sub Editor

Corona-santh

കൊറോണ വൈറസ് വായുവിലൂടെ പകരില്ല എന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം ഒരിക്കൽകൂടി വ്യക്തമാക്കി. ചില അന്തർദേശീയ മാധ്യമങ്ങൾ പോലും കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ലോകാരോഗ്യസംഘടനയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തതോടെയാണ് ഭയാനകമായ ഈ വ്യാജ വാർത്ത പ്രചരിച്ചത്.

കോവിഡ്-19 ബാധിച്ച രോഗി തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറത്തേക്ക് തെറിക്കുന്ന ഈർപ്പ കണികളിലൂടെ (Droplets) യാണ് രോഗാണു പടരുന്നത്. ഈ ഈർപ്പ കണികകൾക്ക് വൈറസിനെ അപേക്ഷിച്ച് ഭാരം വളരെ കൂടുതലാണ്. അതിനാൽ വൈറസിനെ വഹിക്കുന്ന ഡ്രോപ് ലെറ്റ്സ് വേഗം തന്നെ താഴേക്ക് പതിക്കും. ഈ കണികകൾ പറ്റിപ്പിടിച്ച വസ്തുക്കളിൽ സ്പർശിക്കുന്ന അവർ അതേ കൈ കൊണ്ട് കണ്ണ് മൂക്ക് വായ എന്നിവിടങ്ങളിൽ സ്പർശിച്ചാൽ രോഗം പകരും. അതിനാലാണ് ഇടയ്ക്കിടെ കൈ കഴുകാനും എപ്പോഴും സ്പർശിക്കുന്ന വസ്തു ഭാഗങ്ങൾ അണുവിമുക്തമാക്കാനും നിർദേശിക്കുന്നത്.

ലോകാരോഗ്യസംഘടന ഡോക്ടർമാർക്കും കോവിഡ്- 19 രോഗികളുമായി ഇടപെടുന്ന വർക്കും നൽകിയ ഒരു നിർദ്ദേശത്തിൽ നിന്നാണ് ഈ വ്യാജ സന്ദേശം രൂപപ്പെട്ടത്.
 കോവിഡ് രോഗി ഉള്ള ആശുപത്രിയുടെ അന്തരീക്ഷം രോഗാണു അടങ്ങിയ ഈർപ്പ കണ്ണികളാൽ നിറഞ്ഞതാവും. അക്കാരണത്താൽ വായുവിലൂടെ പകരുന്ന രോഗത്തിനെന്നപോലെയുള്ള മുൻകരുതലുകൾ ആരോഗ്യപ്രവർത്തകർ സ്വീകരിക്കണം എന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം. പ്രത്യേകതരത്തിലുള്ള സ്യൂട്ടും N95 മാസ്കും ഒക്കെ അവർക്ക് നിർബന്ധമാക്കുന്നത് അതിൻറെ ഭാഗമായാണ്. ഈ നിർദേശങ്ങൾ പൊതുജനങ്ങൾക്കായി ഉള്ളതല്ല.

വായുവിലൂടെ പകരുന്ന രോഗാണുവിന് ഉദാഹരണമാണ് ചിക്കൻപോക്സ് ഉണ്ടാക്കുന്ന വൈറസ്. വായുവിൽ കാറ്റിന്റെ സഹായത്തോടെ കിലോമീറ്ററുകൾ സഞ്ചരിക്കാൻ ഈ വൈറസിന് കഴിഞ്ഞു. എന്നാൽ കൊറോണ വിഭാഗത്തിൽപ്പെട്ട വൈറസുകൾക്ക് ഒന്നിനും അതിനുള്ള ശേഷിയില്ല. ഈ വൈറസുകൾക്ക് ജനിതകമായ പരിവർത്തനം വന്ന് ഭാവിയിൽ അങ്ങനെയായി തീരും എന്ന് ഗവേഷകരും ഇപ്പോൾ കരുതുന്നില്ല.

അതിനാൽ രോഗാണുബാധ ഉള്ളവരുടെ സ്രവങ്ങളിലൂടെ രോഗാണു നേരിട്ട് പകരാതിരിക്കാൻ സാമൂഹികമായ അകലം പാലിക്കുക. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം എന്നത് നിർബന്ധമായും തുടരുക.
 കൈകൾ അടിക്കടി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുകയോ ചെയ്യുക. തുമ്മലോ ചുമയോ ഉള്ളവർ മാസ്ക് ഉപയോഗിക്കുക, അല്ലെങ്കിൽ നിർബന്ധമായും തൂവാല ഉപയോഗിക്കുക. കൊറോണാ വൈറസ് പകരുന്നത് ഇത്തരം കാര്യങ്ങളിലൂടെ നമുക്ക് ഒഴിവാക്കാനാകും.