Saturday 09 May 2020 05:37 PM IST

പ്രവാസികളുടെ കേരളത്തിലേക്കുള്ള വരവ് : പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ. സന്തോഷ് പറയുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

santhosh-pravas

ലോക് ഡൗൺ തുടങ്ങിയപ്പോൾ ഭീതിയോടെയാണ് പല കാര്യങ്ങളും നമ്മൾ അനുവർത്തിച്ചുകൊണ്ടിരുന്നത്. വൈറസ് എങ്ങനെയൊക്കെ പകരുമെന്നതിൽ അവ്യക്തത ആയിരുന്നു, എത്രകാലം പ്രതലങ്ങളിൽ ജീവിച്ചിരിക്കുമെന്ന് അറിയില്ലായിരുന്നു. പതുക്കെ പതുക്കെ രോഗത്തേക്കുറിച്ച് അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളൊക്കെ നാം മനസ്സിലാക്കി. എങ്ങനെയാണ് പകരുന്നത്? പകരാതിരിക്കാൻ എന്തു ചെയ്യണം? അതോടെ ഭീതി മാറി. ഭീതി മാറുക തന്നെ വേണം. പക്ഷേ, ജാഗ്രത തകരരുത്. കാരണം നാം ഒന്നര–രണ്ടു വർഷത്തോളം ഈ രോഗത്തോടൊപ്പം നമുക്ക് ജീവിക്കേണ്ടി വരും.  

ഇൻവിസിബിൾ പാൻഡമിക്

അദൃശ്യനായി പതുങ്ങിയിരുന്ന് വലവിരിച്ച് ഇരപിടിക്കുന്ന ഒന്നാണ് കോവിഡ് എന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ഒരു ഇൻവിസിബിൾ പാൻഡമിക്. കാരണം 50 ശതമാനം വരുന്ന ചെറുപ്പക്കാരായ ആൾക്കാർക്ക് രോഗം കിട്ടിക്കഴിഞ്ഞാൽ ഒരു ലക്ഷണം പോലും ഇല്ല. പനി പോലും വരുന്നില്ല. അതേസമയം അവർക്ക് മറ്റുള്ളവരിലേക്ക് രോഗം പകർത്താൻ സാധിക്കും.

രോഗം പകർന്നു കിട്ടുന്നത് യുവാക്കൾക്കാണെങ്കിൽ കുഴപ്പമില്ല. അവർക്ക് യാതൊരു പ്രശ്നവും വരാൻ പോകുന്നില്ല. പക്ഷേ, യഥാർഥത്തിൽ ഇതുകൊണ്ട് പ്രശ്നം വരുന്നത് കോവിഡ് ഗുരുതരമാകാവുന്ന ചിലർക്കാണ്. അവരിൽ ബഹുഭൂരിപക്ഷം പേരും 60 വയസ്സിനു മുകളിൽ ഉള്ളവരാണ്. ഹൃദ്രോഗം, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ, കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, കാൻസർ തുടങ്ങി ഉള്ളവരാണ് മറ്റൊരു ഗ്രൂപ്പ്. നമുക്കുള്ള ആശുപത്രി സംവിധാനങ്ങളുടെ എണ്ണത്തിനേക്കാൾ കൂടുതലാണ് ഇങ്ങനെ ഗുരുതരമായി കോവിഡ് ബാധിക്കാവുന്നവരുടെ എണ്ണം എന്നതാണ് പ്രശ്നമാകുന്നത്.

നമ്മുടെ ഇനിയുള്ള ഫോക്കസിങ് പോയിന്റ് ഇതാണ്. നമ്മൾ രോഗത്തോടൊപ്പം സുരക്ഷീതമായി ജീവിക്കാൻ ഉള്ള മുൻകരുതൽ എടുക്കണം. ഒപ്പം, ഈ ഗ്രൂപ്പിനെ പ്രത്യേകം ശ്രദ്ധിച്ച് അവർക്ക് രോഗം വരാതിരിക്കാനുള്ള കൂടുതൽ മുൻകരുതലുകൾ എടുക്കണം. ഇത് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞാൽ പേടിച്ച് വീട്ടിലിരിക്കുന്ന രീതി മാറി രോഗം വരാതെ തന്നെ സമൂഹത്തിൽ ഇടപെടാൻ പറ്റുന്ന നിലവാരത്തിലേക്ക് എല്ലാവരെയും കൊണ്ടുവരാൻ പറ്റും.

പ്രവാസികളുടെ കാര്യത്തിൽ ആശങ്ക വേണ്ട

ഈ ഒരു മനോഭാവം ഉണ്ടായിക്കഴിഞ്ഞാൽ പ്രവാസികൾ കേരളത്തിലേക്ക് വരുന്നെന്നു കേട്ട് ഭയപ്പെടേണ്ട കാര്യമില്ല. ഒന്നാമത്തെ കാര്യം, രോഗമില്ലാത്തവരെയാണ് ഇപ്പോൾ കൊണ്ടുവരുന്നത്. ആർടിപിസിആർ പരിശോധനയ്ക്കൊപ്പം തെർമൽ ടെസ്റ്റും ആന്റിബോഡി ടെസ്റ്റും കൂടി ചെയ്യുന്നു കൊണ്ട് രോഗസാധ്യതയെക്കുറിച്ച് 98 ശതമാനവും കൃത്യമായ വിവരങ്ങൾ ലഭിക്കും. ലക്ഷക്കണക്കിനു പേർ വരുന്നുണ്ടെങ്കിലും ഒരുമിച്ചല്ല, പല സമയത്താണ് വരുന്നത്. മാത്രമല്ല, ഒരു സമയത്ത് ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പേരെ വരെ ഹോം ക്വാറന്റീനിൽ വച്ചിരുന്നു നമ്മൾ. അതുകൊണ്ട് പ്രവാസികളുടെ എണ്ണം കണ്ട് ആശങ്കപ്പെടേണ്ടതില്ല.

ഇവരെ നേരെ വീട്ടിൽ വിടുകയല്ല ചെയ്യുന്നത്, ആദ്യം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ചെയ്യുന്നു. ഏഴു ദിവസത്തേക്ക്. ഏഴു ദിവസം കഴിഞ്ഞ് കോവിഡ് പരിശോധന നടത്തും. പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ വീട്ടിലേക്ക് പോകാം. വീട്ടിൽ അടുത്ത ഏഴു ദിവസം ക്വാറന്റീനിൽ കഴിയണം. പൊസിറ്റീവ് ആകുന്നവരെ വീണ്ടും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ വയ്ക്കുന്നു.

ഇതുവരെ കൊറോണ വന്നവരിൽ 70 ശതമാനം പേർ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരായിരുന്നു. എന്നാൽ, 30 ശതമാനം പേർ ഇങ്ങനെ വന്നവരിൽ നിന്നും പകർന്നുകിട്ടിയവരായിരുന്നു. അതിൽ ബഹുഭൂരിപക്ഷം പേരും അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ ആയിരുന്നു. അതുകൊണ്ടാണ് ഇപ്രാവശ്യം നേരെ വീട്ടിൽ വിടാതെ ഏഴു ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ വയ്ക്കാൻ തീരുമാനിച്ചത് തന്നെ.

വീട്ടിൽ പോയാലും ഏഴു ദിവസം പ്രത്യേകം നിർദേശങ്ങൾ നൽകുന്നുണ്ട്. അവർ കുടുംബാംഗങ്ങളുമായി അടുത്ത് ഇടപഴകരുതെന്നും മാസ്ക് ധരിക്കണമെന്നും ഉൾപ്പെടെ എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിയാണ് വിടുക. വീട്ടിലായാലും ഒരു മുറിക്കുള്ളിൽ തന്നെ പുറത്തിരങ്ങാതെ കഴിയണം. ക്വാറന്റീനിൽ കഴിയുന്നവർ വീട്ടിലുള്ളപ്പോൾ കുടുംബാംഗങ്ങളും പുറത്തിറങ്ങി നടക്കരുത്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ അക്ഷരംപ്രതി പാലിക്കണം.

രോഗത്തോടുള്ള ജാഗ്രത, രോഗിയോട്ുള്ള വെറുപ്പായി മാറരുത്. വിദേശത്ത് വളരെയധികം ദുരിതപൂർണമായ സാഹചര്യങ്ങളെ നേരിട്ട ശേഷമാകും പ്രവാസികൾ മിക്കവരും കേരളത്തിലെത്തുന്നത്. അവരിൽ യുവാക്കൾ മാത്രമല്ല കുട്ടികളും ഗർഭിണികളുമുണ്ട്. ജോലി നഷ്ടമായവരും ജീവിക്കാൻ നീക്കിയിരിപ്പൊന്നുമില്ലാത്തവരുമുണ്ട്. അവരെ അവഗണിക്കുകയോ മാറ്റിനിർത്തുകയോ അരുത്.

ക്വാറന്റീൻ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടു തന്നെ അവർക്കൊപ്പം നിൽക്കുക. സാമൂഹിക അകലമാണ് പാലിക്കേണ്ടത്. മനസ്സുകൊണ്ട് അവരുടെ കൂടെയായിരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സന്തോഷ് കുമാർ എസ്. എസ്.,

ഡെപ്യൂട്ടി മെഡി. സൂപ്രണ്ട്, മെഡി. കോളജ്,

തിരുവനന്തപുരം

 

 

Tags:
  • Manorama Arogyam
  • Health Tips