Wednesday 29 April 2020 12:00 PM IST

ചൊറിച്ചിലും ചുവന്ന പൊട്ടുകളും: മാറിമറിയുന്ന കോവിഡ് ലക്ഷണങ്ങൾ

Sruthy Sreekumar

Sub Editor, Manorama Arogyam

skin-cor

കോവിഡ് 19 നമ്മെ നിരന്തരം അത്‌ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ ശ്വാസകോശ രോഗമാ യിട്ടാണ് നമ്മുടെ മുന്നിൽ അത് അവതരിച്ചത്. പനിയും ജലദോഷവും തുമ്മലും തലവേദനയും ഒക്കെയായിട്ടാണ് ആദ്യമായി കോവിഡിനെ കണ്ടുമുട്ടുന്നത്. പിന്നീട് വയറിളക്കമായും വയറു വേദനയായും ഒക്കെ മാറുന്നത് കണ്ടു. പക്ഷെ കാലക്രമേണ ഈ വൈറസിന്റെ ലക്ഷണങ്ങൾക്ക് രൂപമാറ്റം സംഭവിക്കുകയാണ്.

കൊറോണ വൈറസ് ശരീരത്തിലെ ഒരു അവയവത്തെയും ബാധിക്കാതിരിക്കുന്നില്ല എന്നാണ് ശ്രദ്ധിക്കേണ്ട പുതിയ വസ്തുത. എല്ലാ അവയവത്തെയും അതു ബാധിക്കുന്നു. ശ്വാസകോശത്തെ, ഹൃദയത്തെ, രക്തത്തെ,നാഡികളെ , വൃക്കയെയും ഒടുവിൽ ഇതാ ചർമത്തെ വരെ ബാധിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു.

ശ്വാസകോശ സംബന്ധിയായ രോഗമായിട്ടാണ് കൊറോണയെ ആദ്യം കാണുന്നത് എന്നു പറഞ്ഞു വല്ലോ. എആർഡിഎസ് അഥവാ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന പേരിലും പ്രത്യേക തരം വൈറൽ ന്യൂമോണിയ ഒക്കെയായിട്ടാണ് കോവിഡ് രംഗത്തു വരുന്നത്. പിന്നീട് ഹൃദയത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തി. രക്തത്തിന്റെ കട്ടി കൂട്ടുന്നു , ത്രോംബോസിസ് എന്ന അവസ്ഥ ഉണ്ടാക്കുന്നു, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടയുന്നു തുടങ്ങിയ പ്രശ്നങ്ങൾ.

തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടയുമ്പോൾ അതു നാഡിവ്യവസ്ഥയെ സംബന്ധിക്കുന്ന പ്രശ്നങ്ങളും ഉണ്ടാക്കുന്നു. മെനിഞ്ചൈറ്റിസ് വരെ ഉണ്ടാക്കാo എന്ന് പഠനങ്ങൾ പറയുന്നു. അതുമാത്രമല്ല രക്തചംക്രമണ വ്യവസ്ഥ തടസ്സപ്പെടുമ്പോൾ പക്ഷാഘാതം പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്. വൃക്കയാണ് കോവിഡിന്റെ മറെറാരു ടാർഗറ്റ് . നാഡിവ്യവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് മണക്കാനും സ്വാദ് അറിയാനും ഉള്ള കഴിവ് നഷ്ടപെടുന്ന രീതിയിലാണ് എന്ന് ഇഎൻടി ഡോക്ടർമാർ പറയാറുണ്ട്.

എന്നാൽ ആരോഗ്യ വിദഗ്ധരെ അമ്പരപ്പിക്കുന്ന ഒരു കാര്യം ഈ വൈറസ് ത്വക്കിനെയും ബാധിക്കും എന്നാണ്. തണുപ്പ് തട്ടുമ്പോൾ കൈകാൽ വിരലുകൾക്കുണ്ടാവുന്നതു പോലെ, നീലിച്ചു പോകുന്നു , ചുവന്നു പോകുന്നു , അവിടെ ശക്തമായ വേദന , ചൊറിച്ചിൽ അനുഭവപ്പെടുന്നു തുടങ്ങിയ ലക്ഷണങ്ങൾ പല രാജ്യത്തു നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് ടോസ് (covid toes ) എന്നു വരെ ഇതിനു പേര് വന്നു കഴിഞ്ഞു. ഡെങ്കിപ്പനിയിലേതു പോലെ ശരീരത്തിൽ മുഴുവൻ ചുവന്ന പൊട്ടുകൾ പ്രത്യക്ഷപ്പെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

കോവിഡിന്റെ മറ്റൊരു അസാധാരണ ലക്ഷണം വിറയലാണ്. മലമ്പനിയിൽ മാത്രം ശക്തമായി കണ്ടു പോരുന്ന ശരീരമാസകലം ഉള്ള വിറയൽ കോവിഡിന്റെ പുതിയ ലക്ഷണമായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ കോവിഡ് 19 എന്ന രോഗം നമ്മുടെ ധാരണകളിൽ നിന്ന് നിരന്തരം സ്വതന്ത്രമായി , നമ്മെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ ജാഗ്രത തന്നെയാണ് പ്രധാനം.

ഡോ. എം. മുരളീധരൻ, ശിശുരോഗ വിദഗ്ധൻ

മാഹി

Tags:
  • Manorama Arogyam
  • Health Tips