Monday 20 April 2020 12:02 PM IST

ഐസ് പായ്ക്കും കംപ്രഷൻ ബാൻഡേജും മതി, ഉളുക്കിനും ഒടിവിനും വീട്ടിൽ നൽകാം പ്രഥമശുശ്രൂഷ

Sruthy Sreekumar

Sub Editor, Manorama Arogyam

sruthy-st

ഈ അവധിക്കാലത്ത് വീഴ്ചകളും ഉളുക്കും സംഭവിക്കാം. പ്രത്യേകിച്ച് പിരുപിരുപ്പോടെ ഓടി നടക്കുന്ന വികൃതി കുരുന്നുകൾക്ക്. പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കാനും കഴിഞ്ഞെന്നു വരില്ല. വീട്ടിലെ മുതിർന്നവർക്കോ കുട്ടികൾക്കോ ഉളുക്കോ ഒടിവോ സംഭവിച്ചാൽ എന്തു ചെയ്യണമെന്ന് അറിയാം. കണങ്കാൽ സന്ധി, കൈത്തണ്ട, കാൽമുട്ട് സന്ധി എന്നിവിടങ്ങളിലാണ് സാധാരണയായി ഉളുക്ക് ഉണ്ടാകുന്നത്. ചെറിയ വേദന, ആ ഭാഗം അനക്കാൻ ബുദ്ധിമുട്ട്, ചിലപ്പോൾ നീര് എന്നിവയാണ് ഉളുക്കിന്റെ ലക്ഷണങ്ങൾ. ഇതിന്റെ ഫസ്റ്റ് എയ്ഡിനെ PRICE എന്ന് പറയും.

* P ( PROTECT) - സന്ധികൾക്ക് കൂടുതൽ പരിക്ക് ഉണ്ടാകാതെ സംരക്ഷിക്കുക. ഉദാഹരണത്തിന് കാലിന് ആണ് പ്രശ്നമെങ്കിൽ നടക്കുകയോ ഓടുകയോ ചെയ്യുമ്പോൾ വേദന അനുഭവപ്പെടുകയാണെങ്കിൽ ആ പ്രവൃത്തി ചെയ്യാതിരിക്കുക.

* R (REST)- വിശ്രമിക്കുക. പരിക്കേറ്റ സന്ധിക്ക് വിശ്രമം നൽകുക

* I (ICE)- വേദനയുള്ള സ്ഥലത്ത് ഐസ് പായ്ക്ക് വയ്ക്കുക.

ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞ് വേദനയുള്ള ഭാഗത്ത് 10 മിനിറ്റ് വയ്ക്കുക. തുടർന്ന് 20 മിനിറ്റ് കഴിഞ്ഞ് വീണ്ടും വയ്ക്കുക. ഇങ്ങനെ ചെയ്താൽ നീരും വേദനയും കുറയും. ഐസ് ക്യൂബ് നേരിട്ട് തൊലിപ്പുറത്ത് വയ്ക്കരുത്. ഐസ് ഇല്ലെങ്കിൽ തണുത്ത വെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞ് വയ്ക്കാം.

* C ( COMPRESSION )- വേദനയുള്ള സ്ഥലത്ത് കംപ്രഷൻ ബാൻഡേജ് ചുറ്റാം. ബ്രൗൺ നിറത്തിലുള്ള ഇലാസ്റ്റിക് ബാൻഡേജുകൾ എല്ലാം ഫസ്റ്റ് എയ്ഡ് കിറ്റിലും ഉണ്ടാകും. എട്ട് എന്ന് എഴുതുന്നതു പോലെ താഴേ നിന്ന് മുകളിലേക്കും മുകളിൽ നിന്ന് താഴേക്കുമാണ് ബാൻഡേജ് ചുറ്റേണ്ടത്. ഒരുപാട് മുറുക്കി ചുറ്റരുത്. ബാൻഡേജ് ഇല്ലെങ്കിൽ തോർത്തോ സ്കാർഫോ ഉപയോഗിക്കാം.

* E (ELEVATE ) - നീര് വന്ന ഭാഗം ഉയർത്തി വയ്ക്കുക. ഹൃദയത്തിന്റെ ലെവലിൽ നിന്ന് ഉയർത്തി വയ്ക്കണം. വേദന ഉണ്ടെങ്കിൽ പാരസെറ്റമോൾ, ഐബുപ്രൂഫൻ പോലുള്ള വേദനസംഹാരികൾ കഴിക്കാം. ചെറിയ കുട്ടികൾക്ക് പാരസെറ്റമോൾ സിറപ്പ് നൽകാം. രണ്ട് മൂന്ന് ദിവസം കഴിഞ്ഞും വേദന മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണുക.

ഒടിവുകൾ: ശ്രദ്ധിക്കാൻ

വീഴ്ചകളിൽ ഒടിവ് സംഭവിക്കാം. വീഴ്ചയിൽ ചെറിയ ശബ്ദം കേൾക്കുക, പെട്ടെന്ന് വേദന, നീര് എന്നിവ വരുക, ഒടിവ് ഉണ്ടെന്ന് സംശയിക്കുന്ന ഭാഗം ഒട്ടും അനക്കാൻ സാധിക്കാതെ വരുക, രൂപവ്യത്യാസം വരുക എന്നിവയാണ് ലക്ഷണങ്ങൾ. ഫസ്റ്റ് എയ്ഡ് ആയി മുകളിൽ സൂചിപ്പിച്ച PRICE രീതി ചെയ്യുക. തുടർന്ന് വൈദ്യസഹായം തേടുക. വീണുടൻ തന്നെ ഐസ് പായ്ക്ക് വച്ചാൽ നീര് കുറയും. കൈയാണെങ്കിൽ തോർത്തോ മറ്റോ കൊണ്ട് സ്ലിങ്ങ് ഇട്ട് തൂക്കിയിടാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. രാജേഷ് വി. , ഓർത്തോ പിഡിഷ്യൻ,

മാതാ ഹോസ്പിറ്റൽ, കോട്ടയം.

Tags:
  • Manorama Arogyam
  • Health Tips