Thursday 18 June 2020 10:48 AM IST

തൊണ്ട വേദനയ്ക്ക് മരുന്നു നൽകി വിടേണ്ടതാണ്, പക്ഷേ ഡോ. ആനന്ദിന്റെ ആ ചോദ്യം ചരിത്രമായി; കോവിഡിലെ നാഴികക്കല്ല്

Asha Thomas

Senior Sub Editor, Manorama Arogyam

covid-dr

ഏതൊരു ദിവസവും പോലെ നല്ല തിരക്കുള്ള ഒപിയായിരുന്നു അന്ന് റാന്നി താലൂക്ക് ആശുപത്രിയിലേത്.

ടോക്കൺ നമ്പർ 10 വിളിച്ചു. റാന്നി, അയത്തലയിൽ നിന്നുള്ള ഒരു ഭാര്യയും ഭർത്താവുമാണ് രോഗികൾ. ചെറിയൊരു പനിയും തൊണ്ടവേദനയും മാത്രമാണ് പ്രശ്നം. ഒറ്റനോട്ടത്തിൽ ഒരു വൈറൽ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങൾ...

ഡോക്ടർ രോഗിയെ നന്നായി പരിശോധിച്ചു. തുടർന്ന് രോഗ ചരിത്രം എടുത്തുതുടങ്ങി.

‘‘നിങ്ങൾ വിദേശത്ത് പോയിട്ടുണ്ടോ?’’ ‘‘ ഇല്ല...’’ പുറത്ത് രോഗികളുടെ ക്യൂ നീണ്ടു വരികയാണ്...

ഒരു രോഗിക്ക് അഞ്ചു മിനിറ്റു പോലും ചെലവിടാനുള്ള സമയമില്ല. അവിടം കൊണ്ട് ചോദ്യം അവസാനിപ്പിച്ച് വൈറൽ റെസ്പിരേറ്ററി അണുബാധയ്ക്കുള്ള മരുന്നു നൽകി രോഗിയെ വിടേണ്ടതാണ്.

പക്ഷേ, ചെറുപ്പക്കാരനായ ആ ഡോക്ടർ വീണ്ടും ചോദിച്ചു.ബന്ധുക്കൾ ആരെങ്കിലും വിദേശത്തു നിന്നു വന്നിട്ടുണ്ടോ?

കോവിഡ് തിരിച്ചറിയുന്നു

അതിനുള്ള ഉത്തരം കേരളത്തിലെ കോവിഡ് രോഗചരിത്രത്തിലെ നിർണായകമായ ഒരു നാഴികക്കല്ലായി...കൈവിട്ട കളിയാകുമായിരുന്ന ഒരു മഹാവ്യാധിയുടെ വ്യാപനത്തെ തുടക്കത്തിലെ പിടിയിലൊതുക്കാൻ കേരളത്തെ സഹായിച്ചത് ആ ഡോക്ടറുടെ ചോദ്യമാണ്. ആനന്ദ് എസ് എന്ന ആ യുവ ഡോക്ടറുടെ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചപ്പോൾ പുറത്തുവന്നത് കോവിഡിന്റെ രണ്ടാം വരവിലെ ആദ്യ പൊസിറ്റീവ് കേസ് ആണ്...

ചോദ്യത്തിന്റെ ഉത്തരമായി അവർ പറഞ്ഞു–‘‘ റാന്നിയിൽ തന്നെയുള്ള സഹോദരനും കുടുംബവും ഇറ്റലിയിൽ നിന്നു വന്നിട്ടുണ്ട്. ’’

‘‘ രോഗി അതു പറഞ്ഞതേ ഞാൻ ഒപിയിൽ നിന്ന് എഴുന്നേറ്റു.’’ ഡോക്ടർ ആനന്ദ് പറയുന്നു. ആദ്യം തന്നെ കൈ സാനിറ്റൈസർ ഉപയോഗിച്ച് കഴുകി. ഉടൻ തന്നെ ആശുപത്രി സൂപ്രണ്ട് ഡോ. എം. എ. ശംഭുവിനെ വിവരമറിയിച്ചു. അദ്ദേഹം വലിയ സപ്പോർട്ടാണ് തന്നത്.

തുടർന്ന് ഗ്ലൗസ് ഇട്ടു, മാസ്ക് കെട്ടി. അപ്പോഴേക്കും സൂപ്രണ്ടും എത്തി. തുടർന്ന് ഞങ്ങൾ ഒന്നുകൂടി രോഗിയെ പരിശോധിച്ചു, വീണ്ടും വിശദമായി രോഗചരിത്രം എടുത്തു. അപ്പോഴാണ് അവർ പറയുന്നത് ഇറ്റലിയിൽ നിന്നു വന്ന സഹോദരനും ഭാര്യയും റാന്നിയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്ന്. ബിപി കൂടുതലായിട്ട് പോയതാണെന്നാണ് അവർ പറഞ്ഞത്. പക്ഷേ, പിന്നെ അറിഞ്ഞു, അവർ പനിയായിട്ടാണ് ചെന്നതെന്ന്.

പകർച്ചവ്യാധികളുമായി വരുന്ന രോഗികൾക്കായി ഒരു ഐസൊലേഷൻ സ്പേസ് നേരത്തെ തന്നെ ഞങ്ങൾ തയാറാക്കി വച്ചിരുന്നു. അത് മൂന്നാം നിലയിലാണ്. രോഗിയെ മാസ്ക് ധരിപ്പിച്ചശേഷം അവിടേക്ക് ഞാൻ തന്നെയാണ് കൊണ്ടുപോയത്.

54

കോവിഡ് സംശയിക്കുന്ന കേസായതിനാൽ മറ്റ് ആശുപത്രി ജീവനക്കാരെ അങ്ങോട്ടേക്ക് കടത്തിവിട്ടില്ല. ഉടൻ തന്നെ സൂപ്രണ്ട് ഡിഎംഒയെ വിവരം അറിയിച്ചു, തുടർന്ന് ആരോഗ്യപ്രവർത്തകർ വന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് അവരെ മാറ്റുകയായിരുന്നു.’’

വെള്ളിയാഴ്ചയാണ് അയത്തലയിലുള്ള ദമ്പതികളെ അഡ്മിറ്റ് ചെയ്തത്. ഞായറാഴ്ച പരിശോധനാഫലം വന്നു. രണ്ടുപേരും കോവിഡ് പൊസിറ്റീവ്. അതോടെ, ഡോ. ആനന്ദും കോവിഡ് പരിശോധനയ്ക്ക് സാംപിൾ അയച്ചിട്ട് ഐസൊലേഷനിൽ പോയി.

‘‘ രോഗികളെ നോക്കുക ഡോക്ടറുടെ ജോലിയാണ്. അതിന്റെ റിസ്കുകളെ കുറിച്ച് ബോധ്യവുമുണ്ട്. അതുകൊണ്ട് എന്നെക്കുറിച്ചോർത്ത് പേടിയില്ലായിരുന്നു. പക്ഷേ, വീട്ടിൽ പ്രായമായ അമ്മയുണ്ട്. പ്രമേഹവും ഹൃദയസംബന്ധിയായ പ്രശ്നങ്ങളും ഉള്ള ആളാണ്. ഭാര്യ ഗർഭിണിയാണ്. അതുകൊണ്ട് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. ’’

തിരുവല്ലക്കാരായ സോമശേഖരൻ നായരുടെയും ഉമാദേവിയുടെയും മകനാണ് ഡോ. ആനന്ദ്. ഭാര്യ ഡോ. ഗീതു വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. വിദേശത്തു നിന്ന് എംബിബിഎസ് പാസ്സായ ഡോക്ടർ പിജി ചെയ്തത് പഞ്ചാബിലാണ്.

പ്രതിരോധനടപടി ഫലം കണ്ടു

രോഗിയെ പരിശോധിച്ച് ഉടൻ കൈ കഴുകിയതും മാസ്ക് ധരിച്ചതും ഗുണകരമായെന്നു വേണം കരുതാൻ. ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയിൽ നിന്നും ഡോക്ടറുടെ പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് ആണ്. ആശുപത്രി ജീവനക്കാർക്കോ അന്ന് അവിടെ വന്ന മറ്റ് രോഗികൾക്കോ കോവിഡ് പിടിപെട്ടില്ല.

താൻ എന്തോ വലിയ കാര്യം ചെയ്തു എന്നൊന്നും തോന്നുന്നില്ല എന്നാണ് ഡോക്ടറുടെ പക്ഷം, ‘‘എന്റെ ജോലി 100 ശതമാനം കൃത്യമായി ചെയ്തു എന്ന സന്തോഷം ഉണ്ട്. സാധാരണ 100 രോഗികൾ വരുന്ന ഒപിയിൽ 50 പേർക്കെങ്കിലും തൊണ്ടവേദന കാണും. ഈ കേസും അങ്ങനെ നിസ്സാരമാക്കി വിട്ടിരുന്നെങ്കിൽ അത് തെറ്റായിപ്പോയേനെ. ഒരു ദുരന്തമായി തീർന്നേനെ. ’’ ഡോക്ടർ പറയുന്നു.

ഒരു ഡോക്ടർ കൃത്യമായി തന്റെ ജോലി ചെയ്തപ്പോൾ അത് ആരോഗ്യമേഖലയ്ക്ക് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടമായി എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്....

ആശാ തോമസ്