Friday 12 March 2021 02:29 PM IST

‘സിസേറിയൻ ചെയ്യുന്നവർക്ക് വണ്ണംകൂടാനുള്ള സാധ്യതയേറെ’: 60 ടു 88: സ്വന്തം അനുഭവം പങ്കുവച്ച് ഡോ. ദിവ്യ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

Dr-divya

വിവാഹം വരെ മെലിഞ്ഞു നേർത്ത ഉടലിൽ ആത്മവിശ്വാസത്തിന്റെ സ്പന്ദനം അറിയുന്നവരാണ് സ്ത്രീകൾ. എന്നാൽ ഗർഭകാലവും പ്രസവവും കടന്നു വരുമ്പോഴേക്കും മിക്കവരും അധികഭാരത്തിന്റെ ഉടമകളായി മാറുകയാണ്. ആകൃതി നഷ്ടപ്പെട്ട ഉടൽ പലരെയും ബോഡി ഷെയ്മിങ്ങിലേക്കും നയിക്കുന്നു. എന്നാൽ പ്രസവശേഷമുള്ള ശരീരഭാരം കുറയ്ക്കലിനെ ആരോഗ്യകരമായും പൊസിറ്റീവായും എങ്ങനെ സമീപിക്കണമെന്ന് തന്റെ അനുഭവങ്ങളിലൂെട പങ്കുവയ്ക്കുകയാണ് ഹോമിയോപ്പതി ഡോക്ടറായ ദിവ്യാ നായർ. അഭിനേത്രിയും അവതാരകയും യുട്യൂബറുമായി ഡോ. ദിവ്യയെ നാം അറിയും.

അധികഭാരത്തിന്റെ വഴികൾ

ഗർഭകാലത്തു തന്നെ സ്ത്രീയുടെ ശരീരത്തിൽ കൊഴുപ്പടിഞ്ഞു തുടങ്ങുന്നുണ്ട്. ആദ്യ ഗർഭകാലത്ത് പലരും ശരീരമനങ്ങാതെ കൂടുതൽ കരുതലെടുക്കാറുണ്ട്. അങ്ങനെ വണ്ണംവയ്ക്കുന്നതിനുള്ള പ്രവണത കൂടുകയാണ്. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ മിക്കവരുടെയും ഗർഭകാല ഡയറ്റിലേക്ക് എത്താറുണ്ട്. ഏഴാംമാസത്തിലെ ചടങ്ങിലൊക്കെ മധുരപലഹാരങ്ങളുടെ സമൃദ്ധി നാം കാണാറുള്ളതാണ്. ഇഷ്ടമുള്ള ആഹാരം കഴിക്കുന്നതിനുള്ള കാലം കൂടിയായി ഗർഭകാലത്തെ കണക്കാക്കുന്നതിനാൽ കഴിക്കുന്ന ആഹാരത്തിന്റെ ഗുണവും അളവും പലപ്പോഴും കൃത്യമായി നിയന്ത്രിക്കപ്പെടുന്നുമില്ല. ഗർഭകാലത്ത് ആഹാരം കഴിക്കണം. എന്നാൽ അതു പോഷകസമൃദ്ധമായിരിക്കണം.

പ്രസവം സിസേറിയനാണെങ്കിൽ ആദ്യ മൂന്നു നാലുമാസം ചെറുതായെങ്കിലും വേദന അനുഭവപ്പെടും. ഈ വേദന മൂലം ശാരീരികചലനങ്ങളെ പലരും കഴിയുന്നത്ര പരിമിതപ്പെടുത്തും. സാധാരണ സുഖപ്രസവശേഷം ശരീരരക്ഷയ്ക്കായുള്ള മരുന്നുകൾ മിക്കവരും കഴിക്കുന്നുണ്ട്. മധുരവും നെയ്യുമൊക്കെ ഉൾപ്പെടുന്ന മരുന്നുകളും ഈ ഗണത്തിലുണ്ട്. പഴയ തലമുറയിലെ സ്ത്രീകൾക്ക് പ്രസവശേഷമുള്ള വിശ്ര മദിനങ്ങൾ അത്യാവശ്യമായിരുന്നു. കാരണം അവർ ആകെയൊന്നു വിശ്രമിക്കുന്നത് ഈ കാലത്തായിരിക്കും. ഈ വിശ്രമം കഴിഞ്ഞാൽ പഴയതിലും ഉൗർജസ്വലതയോടെ ദൈനംദിന ചര്യകളിലേക്കും ജോലികളിലേക്കും അവർ കടക്കും. അടുക്കള ജോലികൾ, തുണിയലക്കൽ, വൃത്തിയാക്കൽ എന്നിങ്ങനെ ശാരീരികചലനം ധാരാളമായി നൽകുന്നവയായിരുന്നു അവരുടെ ജോലികൾ. എന്നാൽ ഇന്നത്തെ അമ്മമാർ ശരീരരക്ഷാ മരുന്നുകൾ കഴിച്ച് അനങ്ങാതിരിക്കുന്നവരാണ്. കായിക ചലനം കുറയുന്നതിനാലും നടപ്പു കുറയുന്നതിനാലും അടിവയറിൽ കൊഴുപ്പടിയും. നടുവേദനയും ആരംഭിക്കും. മുൻകാലങ്ങളിലെ അമ്മമാർ കുഞ്ഞിനെ എടുത്തു ദീർഘദൂരം നടക്കുന്നവരായിരുന്നു. ഇന്ന് ബേബി പ്രാമുകളെയാണ് പലരും ആശ്രയിക്കുന്നത്.

സിസേറിയനും ശരീരഭാരവും

പ്രസവശേഷവും എനിക്ക് അധികം വണ്ണമില്ലായിരുന്നു, പിന്നെയാണ് ശരീരഭാരം വർധിച്ചു തുടങ്ങിയത്. ഗർഭം ആരംഭിക്കുന്നതിനു മുൻപ് 60– 61 കിലോ ആയിരുന്നു ഭാരം. ഗർഭത്തിന്റെ അവസാനമാസം ആയപ്പോൾ അത് 88 കിലോ ആയി. കുഞ്ഞു ജനിച്ച് കുറച്ചു നാളുകൾക്കു ശേഷം അത് 80–81 കിലോയിലെത്തി. ഇപ്പോൾ അത് 72 കിലോആയിരിക്കുകയാണ്. 60 കിലോയിലേക്ക് തിരികെ പോകണമെന്നാണ് ആഗ്രഹം. വണ്ണം കുറയുന്നത് നമുക്കു കാണാനാകും. ശരീരം മെലിയും... ഡ്രസുകൾ അയഞ്ഞു തുടങ്ങും.. വയറൊതുങ്ങും അങ്ങനെ.

ഡോ. ദിവ്യയുടെ രണ്ടു കുട്ടികളും സിസേറിയനിലൂടെയാണ് ജനിച്ചത്. സിസേറിയൻ ചെയ്യുന്നവർക്കാണ് ശരീരഭാരം കൂടാനുള്ള സാധ്യത എന്നു ദിവ്യ പറയുന്നു. സിസേറിയന്റെ അനന്തര ബുദ്ധിമുട്ടുകൾ മൂലം ശരീരചലനങ്ങൾ കുറയുന്നതാണ് കാരണം. പാലൂട്ടുന്നതിനാൽ ഡയറ്റിൽ കർശന നിയന്ത്രണങ്ങൾ വരുത്താനുമാകില്ല.

ഗർഭകാലത്ത് ദിവ്യ ജങ്ക്ഫൂഡ് ഒന്നും കഴിച്ചിട്ടില്ല. പഴങ്ങളും പച്ചക്കറികളും ഉൾപ്പടെ വീട്ടിലെ ആഹാരം മാത്രമാണ് കഴിച്ചത്. അതു കൊണ്ടാകാം ഗർഭകാലത്ത് ശരീരഭാരം അധികമായി വർധിച്ചില്ല. മൂന്നാം മാസമായപ്പോൾ ചോറിന്റെ അളവു കുറച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും അളവു കൂട്ടിക്കൊണ്ടു വന്നു. സാവധാനം ലഘു രീതിയിലുള്ള യോഗാസനങ്ങൾ ചെയ്തു തുടങ്ങി. ത്രികോണാസനം, ഭുജംഗാസനം എന്നിവ കൂടാതെ അഞ്ചുമാസം കഴിഞ്ഞപ്പോൾ ലെഗ് റെയ്സ്, ലെഗ് റൊട്ടേഷൻ ഒക്കെ ചെയ്തു തുടങ്ങി. മുട്ടു പൊക്കാതെ കാലുകൾ മടക്കുകയും റൊട്ടേറ്റ് ചെയ്യുകയുമൊക്കെയാണ് ഇതിലുൾപ്പെടുന്നത്. എന്നാൽ ഗർഭകാല സങ്കീർണതകൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമേ വ്യായാമം ചെയ്യാവു. കുഞ്ഞിന്റെ ഭാരത്തിനെക്കാൾ കൂടുതലുള്ള വ്യായാമം ചെയ്യരുത്.

ആഹാരക്രമീകരണം

‘‘ പ്രസവശേഷം ആറുമാസം ആകുമ്പോഴേക്കും നട്സ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തി ചോറിന്റെ അളവു കുറയ്ക്കാം. ആദ്യ അഞ്ചുമാസങ്ങളിലെ ഡയറ്റ് ക്രമീകരണം ഇങ്ങനെയായിരുന്നു. രാവിലെ പാടമാറ്റിയ പാൽ കുടിക്കും. നാലഞ്ചു ബദാം, നാലഞ്ച് അണ്ടിപ്പരിപ്പ്, രണ്ടു മൂന്നു ഈന്തപ്പഴം, ഒരു നേന്ത്രപ്പഴം അരിഞ്ഞത്, ഒരു മുട്ട. പത്തരയാകുമ്പോൾ ബ്രേക് ഫാസ്‌റ്റ്. ദോശ പോലെയുള്ളവ കഴിക്കും. 12 മണിക്ക് ഫ്രൂട്ട് ജ്യൂസ്. മാതളം, കാരറ്റ്, ആപ്പിൾ. ഇവയിലേതെങ്കിലുമോ, അല്ലെങ്കിൽ മൂന്നും കൂടി ചേർന്ന ജ്യൂസോ ആയിരിക്കും. ഉച്ചയ്ക്ക് ചോറിനൊപ്പം കൂടുതൽ മീനും പച്ചക്കറികളും ഉൾപ്പെടുത്തി. വൈകുന്നേരം ചായ. രാത്രിയിൽ ദോശ, ഇഡ്‌ലി ഒപ്പം പച്ചക്കറികൾ. പെട്ടെന്നു ഭാരം കുറയ്ക്കുക എന്നതല്ല, ആരോഗ്യകരമായി സാവധാനത്തിൽ ഭാരം കുറയ്ക്കുക എന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്’’, ഡോ. ദിവ്യ പറയുന്നു.

കുഞ്ഞിന് ഒരു വയസ്സായിക്കഴിഞ്ഞ് തീവ്രമായി വ്യായാമങ്ങൾ ആരംഭിക്കാമെന്ന തീരുമാനത്തിലാണ് ഡോ. ദിവ്യ. അപ്പോളേക്കും മീൻ, മുട്ട, മാംസം ഉൾപ്പെടെ കുഞ്ഞ് എല്ലാം കഴിച്ചു തുടങ്ങും. മുലപ്പാൽ കുടിക്കുന്നതിനാൽ അമ്മയുടെ ആഹാരം ആണല്ലോ കുഞ്ഞിന് പോഷണം നൽകുന്നത്. സേതുബന്ധാസന ( ബ്രിജ് പോസ്ചർ) വയറിനും കാലിനും തുടകൾക്കും നല്ലതാണ്. ഏഴെട്ടു മാസം ആകുമ്പോൾ ജോഗിങ് ഒക്കെ ചെയ്യാം. ദിവസവും രണ്ടര ലീറ്റർ വെള്ളം കുടിക്കണം. ജങ്ക് ഫൂഡ്സ് ഒഴിവാക്കണം.ഡോ. ദിവ്യയുടെ വാക്കുകളിൽ നിറയുന്നത് ഉടലഴക് തിരികെ നേടാനുള്ള പ്രതീക്ഷകളാണ്.

ലിസ്‌മി എലിസബത്ത് ആന്റണി