കൊറോണ കാലത്ത് മാസ്ക് കെട്ടുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ മാസ്ക് ആരുടെ കണ്ടെത്തലാണെന്ന്? ഏതു ദുരിതമയമായ രോഗത്തെ നേരിടാനാകും മുഖാവരണങ്ങൾ ഉപയോഗിച്ചതെന്ന്? ജപ്പാനിലും മറ്റും രോഗപ്പകർച്ച തടയാനായി മുഖാവരണങ്ങൾ ഉപയോഗിക്കുന്ന രീതി പണ്ടേയുണ്ടായിരുന്നു. എന്നാൽ സ്രവകണികകളിലൂടെ പകരുന്ന രോഗരേണുക്കളെ മാസ്കിലൂടെ തടുത്തു നിർത്താമെന്ന ലളിതവും എന്നാൽ ശക്തവുമായ ആശയം ഡോ. വു ലീൻ ടേഹിന്റെതാണ്.
പ്രശസ്തമായ കേംബ്രിജ് സർവകലാശാലയിൽ നിന്ന് എംഡി എടുത്ത വു മെഡിസിൻ വിഭാഗത്തിൽ നോബൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ചൈനീസ് ഡോക്ടറാണ്. ചൈനയിൽ നിന്നും കേംബ്രിജിൽ എത്തിയ ആദ്യ ചൈനക്കാരനായ വൂ ആണ് ആധുനിക പാശ്ചാത്യ വൈദ്യത്തെയും അതിന്റെ നൂതനരീതികളെയും ചൈനക്കാർക്ക് പരിചയപ്പെടുത്തിയത്.
1910ൽ ചൈനയിൽ അജ്ഞാതമായ ഒരു പകർച്ചവ്യാധി പടർന്നുപിടിച്ചു. ചൈനയുടെ വടക്കുകിഴക്കേ പ്രദേശത്ത് ആരംഭിച്ച ഈ പകർച്ചവ്യാധി വളരെ പെട്ടെന്നു തന്നെ പടർന്നുപിടിച്ചു. ഹാർബിൻ നഗരത്തിലേക്കു വ്യാപിച്ച രോഗം നാലു മാസം കൊണ്ട് 60,000 പേരുടെ ജീവനെടുത്തു. രക്തം ഛർദിച്ച് ശരീരം വയലറ്റ് നിറമായി ആളുകൾ മരിച്ചുവീണു. ഹാർബിൻ നഗരം ശവങ്ങൾ കൊണ്ടു നിറഞ്ഞു. എന്താണ് ഈ രോഗമെന്നോ എങ്ങനെ തടുത്തുനിർത്തണമെന്നോ ആർക്കും പിടിയില്ല.
ഈ അജ്ഞാതരോഗത്തെ നേരിടാൻ ചൈനീസ് ചക്രവർത്തി ചുമതലപ്പെടുത്തിയത് 32 കാരനായ ഡോ. വൂവിനെയാണ്. ഹാർബിനിൽ എത്തിയ വൂ ആദ്യം ചെയ്തത് പകർച്ചവ്യാധി മൂലം മരണമടഞ്ഞ ജാപ്പനീസ് സ്ത്രീയുടെ പോസ്റ്റ് മോർട്ടം നടത്തുകയാണ്. അന്നുവരെ ചൈനയിൽ കേട്ടുകേൾവി ഇല്ലാതിരുന്ന കാര്യം. തീർത്തും വിപ്ലവകരമായ നടപടി. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഒരു കാര്യം വ്യക്തമായി. രോഗിയുടെ ശ്വാസകോശം പാടെ നശിച്ചിരിക്കുന്നു. ശ്വാസകോശത്തിൽ നിന്നും പ്ലേഗിനു കാരണമാകുന്ന യേർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയെ കണ്ടെത്തി. അതായിരുന്നു ലോകത്ത് ആദ്യമായി തിരിച്ചറിയപ്പെട്ട ആദ്യത്തെ ന്യൂമോണിക് പ്ലേഗ് അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന പ്ലേഗ് കേസ്.
സാധാരണഗതിയിൽ രോഗാണുവാഹകരായ ഈച്ചകൾ വഴിയാണ് പ്ലേഗ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. പക്ഷേ, ഇവിടെ അത് വായുവിലൂടെ സ്രവകണങ്ങൾ വഴിയാണ് പകരുന്നതെന്ന് വൂ തിരിച്ചറിഞ്ഞു. ഉടൻ തന്നെ ആരോഗ്യപ്രവർത്തകർക്കും ശവം മറവു ചെയ്യാൻ സഹായിക്കുന്നവർക്കും ഉൾപ്പെടെ കോട്ടൺ തുണി കൊണ്ടും ഗോസ് (gauze) കൊണ്ടും മുഖാവരണം നിർമിച്ചു നൽകി. ആധുനിക എൻ95 മാസ്കുകളുടെ ആദ്യകാല രൂപമായാണ് ഇതിനെ കണക്കാക്കുന്നത്.
നഗരവാസികൾ എല്ലാവരും നിർബന്ധമായും മുഖം മറയ്ക്കണമെന്ന് വൂ നിർദേശിച്ചു. പക്ഷേ, വൂ വിന്റെ കണ്ടെത്തലിനെ എല്ലാവരും അനുകൂലിച്ചില്ല. ഡോ. മെസ്നി എന്ന ഫ്രെഞ്ച് ഡോക്ടർ വൂവിന്റെ നിർദേശത്തെ പുച്ഛിച്ചു തള്ളി. മാസ്ക് ധരിക്കാൻ കൂട്ടാക്കാതിരുന്ന അദ്ദേഹത്തിന് പക്ഷേ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ ന്യൂമോണിക് പ്ലേഗ് പിടിപെട്ടു. വൈകാതെ അദ്ദേഹം മരണമടഞ്ഞു.
തുടർന്ന് വൂ വിന്റെ നിർദേശപ്രകാരം വടക്കൻ ചൈനയിലേക്കുള്ള ടെ്രയിൻ ഗതാഗതം ഉൾപ്പെടെ നിർത്തി. മൃതശരീരങ്ങൾ സുരക്ഷിതമായ രീതിയിൽ സംസ്കരിച്ചു. അങ്ങനെ 1911 മാർച്ച് അവസാനം ന്യൂമോണിക് പ്ലേഗ് ചൈന വിട്ടു.
വൈകാതെ ലോകം വൂവിന്റെ ‘മുഖാവരണ’ പ്രതിരോധ രീതി ഏറ്റെടുത്തു. ഇതിനെ തുടർന്നാണ് ശ്വാസകോശ അണുബാധകളെ നേരിടുന്നതിൽ മാസ്കുകൾ പ്രധാനമാർഗ്ഗമായി ഉപയോഗിച്ചുതുടങ്ങിയത്.