മഴക്കാലമായതോടെ കൊതുകുകൾ വ്യാപകമായി. കൊതുകുകടി ഏൽക്കാത്തവരില്ല ഈ മഴക്കാലത്ത് എന്നാണ് അവസ്ഥ. അതിരാവിലെയും വൈകുന്നേരങ്ങളിലുമാണ് ഏറ്റവുമധികം കൊതുക് ശല്യം അനുഭവപ്പെടുന്നത്. കൊതുകിനെ പേടിച്ച് വേപ്പറസറുകളും കൊതുകുതിരികളും പുകച്ചാണ് പലരും ഉറങ്ങുന്നത് തന്നെ. പക്ഷേ, തൽക്കാലത്തേക്ക് കൊതുകിനെ ഒാടിക്കുന്ന ഇവ നിരന്തരം ഉപയോഗിക്കുന്നത് നീണ്ടുനിൽക്കുന്ന ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ആസ്മ, തലവേദന, അലർജി എന്നിങ്ങനെ ഒട്ടേറെ പ്രയാസങ്ങളാണ് ഇത്തരം വസ്തുക്കളിലെ രാസഘടകങ്ങൾ മൂലം ഉണ്ടാകുന്നത്.
പെരുകുന്നത് തടയാം
കൊതുകുകടി തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം കൊതുക് പെരുകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ടു പെരുകുന്നത്. അതുകൊണ്ട് വീടും പരിസരവും വെള്ളം കെട്ടിക്കിടക്കാതെ സംരക്ഷിക്കണം. ഉപേക്ഷിച്ച പാത്രങ്ങൾ, കുപ്പികൾ, അടപ്പുകൾ, ചിരട്ട, ഉപയോഗശൂന്യമായ കളിപ്പാട്ടങ്ങൾ എന്നിങ്ങനെ ഒരുതുള്ളി വെള്ളമെങ്കിലും കെട്ടിക്കിടക്കാൻ സാധ്യതയുള്ള എല്ലാം നീക്കി വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കുന്ന പൂച്ചട്ടികൾ, ചിരട്ടകൾ, ഫ്രിഡ്ജിന്റെ അടിവശം എന്നിവിടങ്ങളിലെ ജലാംശം ഒഴിവാക്കാൻ ശ്രദ്ധിക്കണം. മലിനജലം ഒഴുകുന്ന ഭാഗങ്ങളിൽ മണ്ണെണ്ണ ഒഴിക്കുന്നത് കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കും.
വീടും പരിസരവും കാടുപിടിച്ചു കിടന്നാൽ കൊതുകു മാറില്ല. അതുകൊണ്ട് മഴ ശക്തിപ്രാപിക്കും മുൻപേ വീടുംപരിസരവും കാടു തെളിച്ച് വൃത്തിയായി സൂക്ഷിക്കണം. വാതിലിലും ജനലിലും കൊതുക് വല പിടിപ്പിക്കുന്നതു കൊതുക് അകത്തു കടക്കാതെ തടയും.
വിയർപ്പുഗന്ധം വിനയാകാം
ആൾക്കൂട്ടത്തിൽ ചിലരെ മാത്രം കൊതുകു തിരഞ്ഞുപിടിച്ചു കടിക്കുന്നത് കാണാം. നമ്മുടെ ശരീരത്തിൽ നിന്നു പുറപ്പെടുന്ന കാർബൺ ഡൈ ഒാക്സൈഡിന്റെയും വിയർപ്പിന്റെയും ഗന്ധമാണ് കൊതുകുകളെ ആകർഷിക്കുന്നത്. ഇങ്ങനെ മണം പിടിച്ച് മുന്നൂറടി അകലെ നിന്നുവരെ കൊതുക് തേടിവരുമെന്നു പറയപ്പെടുന്നു. പെൺകൊതുകുകളാണ് രോഗവാഹകരാകുന്നത്. അവർക്ക് മാത്രമേ രക്തം വലിച്ചുകുടിക്കാനാവശ്യമായ പ്രോബോസിസ് എന്ന കടി സംവിധാനമുള്ളു. വിശപ്പു മാറ്റാൻ മാത്രമല്ല കൊതുക് രക്തം കുടിക്കുന്നത്. സ്വന്തം മുട്ടകളുടെ പോഷണത്തിനു വേണ്ടി കൂടിയാണ്. പ്രോബോസിസ് വഴി രക്തം വലിച്ചെടുക്കുന്നതിനൊപ്പം തന്നെ ചില രോഗാണുക്കളെ നമ്മുടെ രക്തത്തിലേക്ക് നിക്ഷേപിക്കാനും മറക്കില്ല. ഇങ്ങനെയാണ് ഡെങ്കിപ്പനി, ചിക്കുൻഗുനിയ പോലുള്ള പല രോഗങ്ങളും നമുക്കു പിടിപെടുന്നത്.
ചർമത്തിൽ പുരട്ടുന്ന ക്രീമുകളും മറ്റും നമ്മുടെ വിയർപ്പുഗന്ധം മറയ്ക്കുന്നതു വഴിയാണ് കൊതുകുകടി തടയുന്നത്. ദിവസവും രണ്ടു തവണ കുളിക്കുന്നതും വിയർപ്പുഗന്ധം കെട്ടിക്കിടക്കാത്ത തരം വസ്ത്രം ധരിക്കുന്നതും ഒരളവു വരെ പ്രയോജനകരമാണ്.
തിരിയും വേപ്പറൈസറും ഉപയോഗിക്കുമ്പോൾ
വേപ്പറൈസറുകൾ പോലുള്ളവയിലെ പൈറത്രോയിഡ് വിഭാഗത്തിലെ കീടനാശിനികളാണ് കൊതുകിന്റെ ചലനശേഷി ഇല്ലാതാക്കി കൊതുകുകടി തടയുന്നത്. പലതരത്തിലുള്ള കൃത്രിമ കൊതുകുനാശിനികളുണ്ട്. സ്പ്രേ, അൾട്രാസോണിക് റിപ്പല്ലന്റ്, വേപ്പറൈസർ എന്നിങ്ങനെ. ഇവയിൽ പലതും സ്ഥിരമായി ഉപയോഗിച്ചാൽ അലർജി മുതൽ ശ്വാസകോശ– നാഡീ പ്രശ്നങ്ങൾക്കു വരെ കാരണമാകും. അതുകൊണ്ട് ഇവയുടെ ഉപയോഗം സൂക്ഷിച്ചുവേണം. പ്രത്യേകിച്ച് കുട്ടികളും ഗർഭിണികളും ഉള്ളിടങ്ങളിൽ. കൊതുകുതിരിയും വേപ്പറൈസറും ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇവ കത്തിച്ചുവച്ചോ ഒാണാക്കി വച്ചോ ഉറങ്ങരുതെന്നാണ്. പകരം വൈകുന്നേരം ഒരു 20 മിനിറ്റുനേരം ഇവ ഒാണാക്കിയിട്ട് മുറിയും ജനലുമെല്ലാം അടച്ചിടുക. ശേഷം ഇവ അണച്ചുവച്ച് മുറിയുടെ വാതിലും ജനലും തുറന്നിട്ട് രാസഘടകങ്ങൾ പുറത്തുപോയി എന്നുറപ്പാക്കിയിട്ട് അടയ്ക്കുക.
ഏസി മുറികളിൽ കൊതുകുതിരിയും വേപ്പറൈസറും കത്തിച്ചുവയ്ക്കരുത്.
വിഷരഹിത മാർഗ്ഗങ്ങൾ
∙ പ്രഭാതത്തിലും വൈകുന്നേരങ്ങളിലുമാണ് കൊതുകുശല്യം കൂടുതൽ. ആ സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കുക. വൈകിട്ട് 4–5 മണിയാകുമ്പോഴേ ജനലുകളും മറ്റും അടച്ചിടുക. പുറത്തിറങ്ങേണ്ടി വന്നാൽ കയ്യും കാലും മൂടുന്നതരം ഇഴയടുത്തതും അയഞ്ഞതുമായ വസ്ത്രം ധരിക്കുക.
∙ ഗുഗ്ഗുലു, നാന്മുകപ്പുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പ്, എരിക്ക്, അകിൽ, ദേവതാരം എന്നിവയെല്ലാം പൊടിച്ച് എടുക്കുന്ന അപരാജിതചൂർണം വൈകുന്നേരം 4 മുതൽ 6 വരെ പുകയ്ക്കുന്നത് നല്ലതാണ്.
∙ കുന്തിരിക്കം പുകയ്ക്കുന്നതും തുളസി, പനികൂർക്ക പോലുള്ളവയുടെ ഇലയിട്ട പുക മുറികളിലേൽപിക്കുന്നതും കൊതുകുശല്യം കുറയ്ക്കും.
∙ പുൽത്തൈലം, യൂക്കാലിതൈലം, വേപ്പെണ്ണ പോലുള്ള സുഗന്ധതൈലങ്ങൾ ഒന്നോ രണ്ടോ തുള്ളി കിടക്കവിരിയിലോ പുതപ്പിലോ പുരട്ടുന്നത് കൊതുകിനെ അകറ്റും, നേരിട്ടു ചർമത്തിൽ പുരട്ടരുത്.