Wednesday 22 August 2018 04:17 PM IST

വിശക്കുമ്പോൾ ദേഷ്യം വരാറുണ്ടെങ്കിൽ ഈ ലേഖനം വായിച്ചോളൂ...

Chaithra Lakshmi

Sub Editor

h1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വിശന്നാൽ നീ, നീയല്ലാതാകും... ചില നേരങ്ങളിൽ ദേഷ്യപ്പെടുമ്പോൾ കൂട്ടുകാർ ഇങ്ങനെ കളിയാക്കാറുണ്ടോ. അതു കേൾക്കുമ്പോൾ ദേഷ്യം കൂടുകയാണോ ചെയ്യുന്നത്? അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ഹാംഗ്രിയാകാറുണ്ടെന്നർഥം. ഇനി ആമാശയം കത്തുന്ന നേരങ്ങളിൽ അസ്വസ്ഥനാകുന്നതു കണ്ടു കൂട്ടുകാർ കളിയാക്കുമ്പോൾ ‘ഞാനൊന്നു ഹാംഗ്രിയായതാണു ബ്രോ... ’ എന്നു പറഞ്ഞാൽ മതി. കാര്യം മനസ്സിലാവാതെ മിഴിച്ചു നിൽക്കുന്ന സുഹൃത്തിനോടു ദാ ഈ കാര്യങ്ങൾ വിശദീകരിച്ചോളൂ...

വിശപ്പിനൊപ്പമെത്തും ഹാംഗ്രി

2018 ജനുവരിയിൽ ഓക്സ്ഫോർഡ് ഡിക്‌ഷനറിയിൽ ഇടം പിടിച്ച ന്യൂ ജെൻ വാക്കാണു ഹാംഗ്രി. വിശന്നിരിക്കുമ്പോൾ ഉണ്ടാകുന്ന ദേഷ്യവും അസ്വസ്ഥതയുമാണു ഹാംഗ്രി എന്ന വാക്ക് കൊണ്ട് അർഥമാക്കുന്നത്. ഹംഗ്രി,  ആംഗ്രി എന്നീ വാക്കുകൾ ചേർന്നു രൂപം കൊണ്ടതാണ് ഈ വാക്ക്. േദഷ്യം, അസ്വസ്ഥത, ഇങ്ങനെ പലവിധ വികാരങ്ങൾ വിശപ്പിനൊപ്പമെത്താറുണ്ട്. എന്നാൽ ഇവയെ പലരും ശ്രദ്ധിക്കാറില്ല. 

ഹാംഗ്രി മോശം കാര്യമെന്നു കരുതേണ്ട. അതിജീവനത്തിനു വേണ്ടിയുള്ള ശരീരത്തിന്റെ സൂത്രവിദ്യയാണു വിശപ്പിന് ഒപ്പമെത്തുന്ന ഈ ദേഷ്യം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയിൽ ശരീരത്തിന്റെ സന്തുലനാവസ്ഥ തിരികെ പിടിക്കാനുള്ള ശരീരത്തിന്റെ ശ്രമമാണു ഹാംഗ്രിയായി പ്രത്യക്ഷപ്പെടുക.

 കൃത്യസമയങ്ങളിൽ  ഭക്ഷണം  കഴിച്ചു ശീലമുള്ള ഭൂരിഭാഗം പേർക്കും വിശപ്പ് സഹിക്കാൻ‍ കഴിയില്ല. ഇവരിൽ ഹാംഗ്രി കൂടുതലായി കാണപ്പെടാം. എന്നാൽ  വ്രതം, േനാമ്പ് ഇവയുടെയെല്ലാം ഭാഗമായി ഉപവാസം ശീലിക്കുന്നവരിൽ ഹാംഗ്രി കുറവായാണു കാണുന്നത്.  

കുറയുന്ന ഊർജം ; കൂടുന്ന ദേഷ്യം

ജീവൻ അപകടത്തിലാണെന്നു മനസ്സിലായാൽ ആ അപകടാവസ്ഥയെ തരണം ചെയ്യാനാനല്ലേ ആരും  ശ്രമിക്കുക. നമ്മുടെ ശരീരം അങ്ങനെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതാണു ഹാംഗ്രിയുണ്ടാകുന്നതിനു പിന്നിലെന്നു വിദഗ്ധ പഠനങ്ങൾ പറയുന്നു. ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ രക്തത്തിൽ ഗ്ലൂക്കോസിെന്റ അളവ് കൂടും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫാറ്റ് ഇവയെല്ലാം ഗ്ലൂക്കോസ്, അമിനോ ആസിഡ് തുടങ്ങിയ സൂക്ഷ്മ ഘടകങ്ങളായി വിഘടിച്ചു ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഇന്ധനമായി മാറും. 

ഭക്ഷണം കഴിച്ച ശേഷമുള്ള ഇടവേള കൂടുമ്പോൾ ഈ ഇന്ധനം തീരും. ഇങ്ങനെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ തലച്ചോറിന് ആവശ്യമായ ഇന്ധനം ഇല്ലാതെ വരും. ഇത് അപകടസൂചനയായാണു തലച്ചോറിന് അനുഭവപ്പെടുക. ഗ്ലൂക്കോസിന്റെ നില കൂട്ടാൻ വേണ്ടി ശരീരത്തിൽ സ്ട്രെസ് േഹാർമോൺ ഉൽപാദിപ്പിക്കപ്പെടും. ഇതോടെ നമുക്ക് അസ്വസ്ഥതയും  ദേഷ്യവും  തോന്നും. 

തലച്ചോർ  സിഗ്നൽ നൽകുന്നതോടെ ചില ന്യൂറോണുകൾഭക്ഷണം കഴിക്കൂ എന്ന് നമ്മെ ഓർമിപ്പിക്കും. ഭക്ഷണം കഴിക്കുന്നതോടെ ഈ ന്യൂറോണുകൾ പ്രവർത്തനം നിർത്തുകയും ചെയ്യും. എന്നാൽ വിശക്കുന്ന സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ ഈ ന്യൂറോണുകൾ കൂടുതൽ ഉത്തേജിപ്പിക്കപ്പെടുകയും ഭക്ഷണം കഴിക്കാനുള്ള പ്രേരണ നിരന്തരം വന്നു െകാണ്ടിരിക്കുകയും ചെയ്യും.  അതു തലച്ചോറിന്റെ മറ്റു ഭാഗങ്ങളെ ബാധിച്ച് ഉത്കണ്ഠ, വൈകാരിക വ്യതിയാനങ്ങൾ എന്നിവ ഉണ്ടാകാനിടയാക്കും. ഇതോെട ഒന്നിനോടും താൽപര്യമില്ലാതിരിക്കുക, ശ്രദ്ധിക്കാൻ പറ്റാതാവുക, അസ്വസ്ഥത തോന്നുക തുടങ്ങിയവ അനുഭവപ്പെടും. 

ഇങ്ങനെ ശരീരത്തിന്റെ സന്തുലനാവസഥ നഷ്ടപ്പെടുന്നതോടെ ആളുകൾ അസ്വസ്ഥതയോടെ പെരുമാറുമെന്നു വിദ്ഗ്ധ പഠനങ്ങൾ പറയുന്നു. ദേഷ്യം നിയന്ത്രിക്കണമെങ്കിൽപ്പോലും തലച്ചോറിന് കൂടുതൽ ഇന്ധനം വേണം. ഇന്ധനമില്ലാതാകുമ്പോൾ ചെറിയ കാര്യങ്ങളിൽപ്പോലും നാം അസ്വസ്ഥരാകും. ദമ്പതികൾക്കിടയിലും  വ്യക്തികൾക്കിടയിലുമുള്ള വഴക്ക്, അധികാരസ്ഥാനങ്ങളിലുള്ളവരെടുക്കുന്ന കഠിനമായ തീരുമാനങ്ങൾ ഇവയെല്ലാം ഹാംഗ്രിയുള്ള നേരങ്ങളിലാണു കൂടുതൽ കാണപ്പെടുന്നതെന്നു പഠനങ്ങൾ പറയുന്നു. 

ഇനി ഹാംഗ്രിയാകാൻ കാത്തു നിൽക്കേണ്ട. വിശപ്പിന്റെ സൈറൺ മുഴങ്ങും മുൻപ്  അൽപം നട്സോ പഴങ്ങളോ കഴിച്ചോളൂ...

h2 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഹാംഗ്രി വരും മുൻപേ തടയാം

 ഹാംഗ്രി തടയാൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില താഴുന്ന അവസ്ഥ (ഹൈപ്പോഗ്ലൈസീമിയ) ഉണ്ടാകാതെ ശ്രദ്ധിക്കണം. ശരീരത്തിന്  പ്രവർത്തിക്കാൻ ആവശ്യമായ ഊർജം  ലഭിക്കണമെങ്കിൽ കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കണമെന്നോർമിക്കുക. 

മൂന്ന് മണിക്കൂർ കൂടുമ്പോൾ ഭക്ഷണം  കഴിക്കാൻ കഴിവതും ശ്രദ്ധിക്കണം. പച്ചക്കറികളും നാരുകളടങ്ങിയ ഭക്ഷണവും കൂടുതലായി ഉൾപ്പെടുത്തുക. പ്രമേഹമില്ലാത്തവർ പഴങ്ങൾ കൂടുതലായി കഴിക്കുന്നതാണു നല്ലത്. പ്രമേഹം ഉള്ളവർക്കു രാവിലെ ലഘുഭക്ഷണമായി നൂറു ഗ്രാം പഴങ്ങൾ കഴിക്കാം. 

അതിരാവിലെ ലഘു ഭക്ഷണം, പ്രാതലായി ഇഡ്ഡ്‌ലി, േദാശ, പോലുള്ള നാടൻ ഭക്ഷണം, ചോറോ ചപ്പാത്തിയോ സമം പച്ചക്കറികൾ ഉൾപ്പെടുത്തിയ ഉച്ചഭക്ഷണം ഇവ കഴിക്കുക. വൈകിട്ട്  ലഘുഭക്ഷണമായിപച്ചക്കറികൾ ചേർത്ത അട, ചപ്പാത്തി റോൾ,പയർ മുളപ്പിച്ചത് ഇവയിലേതെങ്കിലും കഴിക്കാം. ഉച്ചഭക്ഷണത്തിന്റെ അതേ മാതൃകയിൽ രാത്രിഭക്ഷണം കഴിക്കുക. കിടക്കും മുമ്പ് ഒരു വലിയ സ്പൂൺ ഓട്സ് ആവശ്യത്തിനു വെള്ളത്തിൽ കാച്ചി കുടിക്കാം. വേണമെങ്കിൽ അൽപം പാലും ചേർക്കുക. 

യാത്ര ചെയ്യുമ്പോൾ വിശന്നിരിക്കുന്നത് ഒഴിവാക്കണം. ലോ കാലറി ബിസ്കറ്റ്, നട്സ്, ഫ്രൂട്സ് ഇവ കഴിക്കാം. ഡ്രൈ ഫ്രൂട്സ് ഒഴിവാക്കുക. തിരക്ക് മൂലം ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥകളിൽ ഹൈപ്പോഗ്ലൈസീമിയ ഉണ്ടായാൽ നാരങ്ങാ മിഠായി, ഗ്ലൂക്കോസ് ഇവ കഴിക്കാം. രക്തത്തിലെ ഗ്ലൂക്കോസ് സാധാരണ നിലയിലാകും.

വിവരങ്ങൾക്കു കടപ്പാട് : േഡാ. പി. ടി. സന്ദീഷ് 

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, 

ഗവൺമെന്റ് മാനസികാരോഗ്യകേന്ദ്രം,

കോഴിക്കോട് 

ഡോ. എൻ. എസ്. ജയശ്രീ 

ഡയറ്റീഷൻ, ഡയറ്റ് ആൻഡ് ന്യൂട്രീഷൻ വിഭാഗം, 

കിംസ് േഹാസ്പിറ്റൽ, തിരുവനന്തപുരം