Friday 04 June 2021 03:47 PM IST

ശരിയായ രീതിയിൽ കൃഷിയിടം ഒരുക്കാത്തതും ഭൂവിനിയോഗം നടത്താത്തതുമാണ് കുട്ടനാട്ടിലെ വെള്ളക്കെട്ടിനു പിന്നിൽ: ആലപ്പുഴയിലെ പഞ്ചാരമണലിൽ കാട് വളർത്തിയ കെ.വി.ദയാൽ പറയുന്നു...

Asha Thomas

Senior Sub Editor, Manorama Arogyam

dayal34534

ആലപ്പുഴ മുഹമ്മയിലുള്ള കായിപ്പുറം ജങ്ഷനിൽ എത്തി ദയാലിന്റെ വീട് ഏതെന്നു ചോദിക്കേണ്ടിവന്നില്ല. ഒന്നു ഇടംവലം നോക്കിയപ്പോഴേക്കും കാടിന്റെ പച്ചപ്പും ഇരുളിമയും തണുപ്പും വന്നു നമ്മളെ പൊതിഞ്ഞു. പഞ്ചാരമണൽ വിരിച്ച പാതയിലൂടെ ശ്രീകോവിൽ എന്നെഴുതിയ വീടിന്റെ ഗേറ്റ് തുറന്ന് കാലെടുത്തുവയ്ക്കുന്നത്  ഒരു നിബിഡ വനത്തിന്റെ മാന്ത്രികതയിലേക്കാണ്.  ആകാശപ്പൊക്കത്തോട് മത്സരിക്കുന്ന വലിയ മരങ്ങളും  അവയിൽ പടർന്നേറിയ വള്ളിച്ചെടികളും മുളങ്കാടുകളും... അതുവരെ കാലിനെ പൊതിഞ്ഞുപിടിച്ചിരുന്ന പഞ്ചാരമണൽ  പോലും വീട്ടുമുറ്റത്ത് അപ്രത്യക്ഷമായിരിക്കുന്നു.  ഉർവരതയുടെ കറുപ്പും മദഗന്ധവും നിറഞ്ഞ കാപ്പിപ്പൊടി നിറമുള്ള അസ്സൽ മണ്ണിൽ ചവിട്ടിയാണ് ഇനിയുള്ള നടപ്പ്....

നഗരത്തിനു നടുവിലൊരു കാട് എന്നു ലളിതമായി പറഞ്ഞുപോകാവുന്ന ഒന്നല്ല ആ കാടെന്നു പോകപ്പോകെ മനസ്സിലായി. മുഹമ്മക്കാരനായ കെ. വി. ദയാലെന്ന, പൂർവജന്മത്തിൽ ബിസ്സിനസ്സുകാരനായിരുന്ന, ജൈവകൃഷി പ്രചാരകന്റെ ആശയവും ആദർശവും സ്വപ്നങ്ങളും പേറുന്ന പരീക്ഷണഭൂമിയിലാണ് നാമിപ്പോൾ നിൽക്കുന്നത്. മണ്ണിന്റെ ജീവൻ തിരിച്ചറിഞ്ഞ്, കാലാവസ്ഥ തിരിച്ചുപിടിച്ച്, ജലസംരക്ഷണം നടത്തി, ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട്  എങ്ങനെ ജീവിക്കാമെന്ന് ആളുകൾക്ക് കാണിച്ചുകൊടുക്കാൻ അദ്ദേഹം തന്റെ ഒന്നരയേക്കർ പുരയിടത്തിനെ ഒരു പാഠശാലയാക്കി.  

കൃഷി പുനർനിർമാണമാണ്

എന്തിനാണ് പുരയിടത്തെ കാടാക്കി മാറ്റിയിരിക്കുന്നത്? സൂര്യപ്രകാശത്തെ സംഭരിക്കാനാണെന്നു ദയാൽ പറയും. മണ്ണിലെത്തുന്ന സൂര്യപ്രകാശമാണ് മണ്ണിന്റെ ജീവൻ. പച്ചപ്പിലേക്കു സൂര്യപ്രകാശം വീഴുമ്പോൾ മാത്രമാണ് അത് ദ്രവ്യമായി മാറുന്നത്. ചെടികൾ ചത്തു മണ്ണിൽ ചേരുമ്പോൾ അവയിൽ സംഭരിക്കപ്പെട്ട ഈ ദ്രവ്യവും മണ്ണിലേക്കു ചേർന്നു മണ്ണിനു വളമാകുന്നു.   ദയാലിന്റെ കാട്ടിലേക്കു പതിക്കുന്ന ഇറ്റു സൂര്യപ്രകാശം പോലും പാഴായിപ്പോകുന്നില്ല അതു മുഴുവൻ ചെടികളിലൂടെ ആവാഹിക്കപ്പെട്ട് മണ്ണിനു വളമാകുന്നു.. അതുകൊണ്ടാണ് ദയാൽ പറയുന്നത് കൃഷി നിർമാണപ്രവർത്തനമല്ല, അത് സൗരോർജത്തിന്റെ  പുനർനിർമാണമാണ് എന്ന്.  

കായിപ്പുറത്തെ പഞ്ചാരമണലിൽ കൃഷിചെയ്യാൻ ശ്രമിച്ച് ചുവടുതെറ്റിവീണു പഠിച്ചതാണ് ദയാൽ ഈ പാഠങ്ങൾ. എംകോം പഠനകാലത്തു തന്നെ കുടുംബപരമായി നടത്തിയിരുന്ന കയർ ബിസ്സിനസ്സിലേക്കെത്തിയതാണ്. കയർ കയറ്റുമതിയിൽ മുന്നേറുമ്പോൾ തന്നെ  വീടിനോടു ചേർന്ന ഒന്നരയേക്കറിൽ 81 തെങ്ങ് വച്ചു. പക്ഷേ, കായിപ്പുറത്തെ പഞ്ചാരമണലിൽ കൃഷി വേരോടിയില്ല. 81 തെങ്ങും പോകപ്പോകെ നശിച്ചു. ആധുനിക കൃഷിരീതി പറയുന്ന എല്ലാ വളപ്രയോഗങ്ങളും കീടനാശിനികളും പ്രയോഗിച്ചു. രക്ഷയുണ്ടായില്ല. ആയിടയ്ക്ക് മസനാവോ ഫുക്കുവോക്കയുടെ പ്രകൃതികൃഷിയെക്കുറിച്ച് വായിച്ചറിഞ്ഞ്, അത് പരീക്ഷിച്ചു. ആറു വർഷം ശ്രമിച്ചിട്ടും തെങ്ങ് പച്ചപിടിച്ചില്ല.

അങ്ങനെയിരിക്കുമ്പോഴാണ് പരിസ്ഥിതി പ്രചാരകനായ പ്രഫ. ജോൺസി ജേക്കബ്  പെർമാ കൾച്ചർ എന്ന കൃഷിരീതിയെക്കുറിച്ചു പറയുന്നത്. ലോകപ്രശസ്തനായ ബിൽ മോൾസൺ ഒക്കെ പരീക്ഷിച്ച കൃഷിയാണ്. തമ്മിൽ ചേർന്നുവളരാൻ ഇഷ്ടപ്പെടുന്ന ചെടികളെ ചേർത്തുവളർത്തുന്ന രീതിയാണ് അത്. പ്രകൃതികൃഷി പോലെ പ്രകൃതിയുടെ ഇഷ്ടത്തിനു മാത്രം വിട്ടുകൊടുത്തുള്ള കൃഷിയല്ല ,നമ്മുടെ ഇടപെടൽ കൂടി വേണം. അതു വൻവിജയമായിരുന്നു.

1992 ൽ ജോൺ സി ജേക്കബും പ്രകൃതിചികിത്സാ പ്രചാരകനായ സി ആർ ആർ വർമയുമൊക്കെ മുൻകയ്യെടുത്ത് കേരള ജൈവകർഷക സമിതി രൂപപ്പെടുത്തിയപ്പോൾ ദയാൽ അതിന്റെ കൺവീനറായി. ബിസിനസ്സ് വളർന്ന സമയമാണ്. പക്ഷേ, വിഷമില്ലാത്ത പോഷകഭക്ഷണം അതിലും പ്രാധാന്യമേറിയ ആശയമായി തോന്നി. അങ്ങനെ ബിസിനസ്സ് കുറച്ചു, ജൈവകൃഷിക്കായി ഏതാണ്ടു മുഴുവൻ സമയവും മാറ്റിവച്ചു. അദ്ദേഹത്തിന്റെ  പരീക്ഷണങ്ങൾക്ക് അംഗീകാരമായി 2006ൽ സംസ്ഥാന സർക്കാർ വനമിത്ര പുരസ്കാരം നൽകി ആദരിച്ചു.

കായിപ്പുറത്തെ പഞ്ചാരമണലിനെ ഇന്നു കാണുന്ന വളക്കൂറുള്ള മണ്ണാക്കി മാറ്റാൻ നന്നേ പ്രയാസപ്പെട്ടെന്ന് ദയാൽ ഒാർക്കുന്നു. മണ്ണിനെ ജീവനുള്ളതാക്കാനായിരുന്നു ആദ്യ ശ്രമം.  ചാമ, തിന, വൻപയർ, ചെറുപയർ പോലുള്ളവ  ആദ്യഘട്ടത്തിൽ മണ്ണിൽ വിതച്ചു. 90 ശതമാനവും കിളിർത്തില്ല. അടുത്ത വർഷം കൃഷിയിടം മുഴുവൻ മൂന്നിഞ്ചു കനത്തിൽ ചകിരിച്ചോറ് വിതറി, മേലേ കോഴിക്കാഷ്ടവും  ചാണകവും ചേർത്തു. എന്നിട്ട് വിത്തുവിതച്ചപ്പോൾ 70 ശതമാനവും കിളിർത്തുപൊങ്ങി. അതു മണ്ണിലേക്കു തന്നെ ചേർത്തു. പിറ്റേവർഷം വിത്തുവിതച്ചപ്പോൾ അത് 4–5 അടി ഉയരത്തിൽ പൊങ്ങി വളർന്നു. അതും മണ്ണിലേക്കു വെട്ടിച്ചേർത്തു. അങ്ങനെ പടിപടിയായി മണ്ണ് ജീവസമൃദ്ധമായി. ആ മണ്ണിലാണ് ദയാൽ കാടു വച്ചുപിടിപ്പിച്ചത് .

കാട്ടിലേക്കു കയറുമ്പോൾ ആദ്യഭാഗത്തു മുഴുവൻ വൻമരങ്ങളാണ്. അത്തി, താന്നി, മരോട്ടി, തേക്ക് പോലുള്ള  മരങ്ങൾ, റങ്കൂൺ മുള പോലുള്ള മുളങ്കൂട്ടം, സ്വാഭാവികമായ കാട്ടിൽ കാണുന്നപോലെ പടർന്നേറിയ വള്ളിപ്പടർപ്പുകൾ...ഏതാണ്ട് 250–ലേറെ  ഇനം മരങ്ങളുണ്ട് ഈ കാട്ടിൽ.  ഉള്ളിലുള്ള അരയേക്കറിനുള്ളിൽ  പാഷൻ ഫ്രൂട്ട്, റംബുട്ടാൻ  പോലെയുള്ള ഫലവൃക്ഷങ്ങൾ  ആർത്തുവളരുന്നു. വലിയൊരു വാൽനട്ട് മരമുണ്ടായിരുന്നത് ഈയിടെയാണ് കടപുഴകി വീണതെന്നു ദയാൽ പറഞ്ഞു. ഉള്ളിലായി കാവുപോലൊരു സ്ഥലം.  ഒരു കുന്നും അതിനു താഴെയായി വലിയൊരു കുളവും കാണാം. കൃഷിയിടത്തിലെ കാറ്റിന്റെ ഗതി നിയന്ത്രിക്കുന്നതു മുഴുവൻ ഈ കുന്നും കുളവും ചേർന്നാണ്. കുളത്തിലൂടെ ജലം സംരക്ഷിച്ച് കൃഷിക്ക് ഉപയോഗിക്കുകയുമാകാം. കൃഷിത്തോട്ടത്തിൽ കൊന്ന, രാജമല്ലി പോലുള്ള മരങ്ങളുമുണ്ട്. അവ വളർന്നു പൊങ്ങിക്കഴിയുമ്പോൾ വെട്ടി കൃഷിയിടത്തിന് വളമാക്കും.

കാടും കൃഷിയും

കാടിനു കൃഷിയുമായി നല്ല ബന്ധമുണ്ടെന്നു ദയാൽ പറയുന്നു ‘‘നിലവിൽ കൃഷി ചെയ്യുന്ന സ്ഥലങ്ങളെല്ലാം നോക്കിയാലറിയാം. ഒന്നുകിൽ പണ്ട് കാട് ആയിരുന്നിടം വെട്ടിത്തെളിച്ച് കൃഷിയിറക്കിയിരിക്കുകയാണ്. അല്ലെങ്കിൽ കാട്ടിൽ നിന്നുള്ള എക്കൽ വന്നടിഞ്ഞിടമാണ്.

ഒരേക്കറിനു മുകളിൽ  കൃഷിസ്ഥലമുള്ള എല്ലാവരും അതിൽ കാടിന്റെ ചെറിയൊരു പതിപ്പ് സൂക്ഷിക്കണമെന്നു ദയാൽ പറയുന്നു.  സൗരോർജം ശേഖരിച്ചു കൃഷിക്ക് ഇന്ധനമാക്കാവുന്ന ഒരിടം. സകലജീവജാലങ്ങൾക്കും ചേക്കേറാൻ സ്ഥലം. പ്രകൃതിക്കു വിലസിക്കാൻ അങ്ങനെ ഒരിടം നൽകിയാൽ പിന്നെ പ്രകൃതി നമ്മളോടു മല്ലിടില്ല. ആ പ്രദേശത്തുണ്ടാകുന്ന  കാലാവസ്ഥാവ്യതിയാനങ്ങളെ പോലും  കാടു ചെറുക്കും.  സ്വാഭാവികമായി കീടനിയന്ത്രണം സാധ്യമാകും. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടും.

ചിന്തയില്ലാത്ത കൃഷിരീതി നാശംവിതച്ചതിന് ഉത്തമ ഉദാഹരണമാണ് കുട്ടനാട് എന്നു ദയാൽ പറയും. ലോകത്ത് ഒന്നാം നമ്പർ മണ്ണാണ് കുട്ടനാട്ടിലേത്.  ശരിയായ രീതിയിൽ കൃഷിയിടം ഒരുക്കാത്തതും ഭൂവിനിയോഗം നടത്താത്തതുമാണ് കുട്ടനാടിന്റെ പ്രശ്നം.  ഒാരോ പ്രദേശത്തിനും അനുയോജ്യമായ കൃഷിയുണ്ട്. വെള്ളക്കെട്ട് കൂടുതലുള്ള സ്ഥലത്ത്  മീൻ, താറാവ്, എരുമ വളർത്തലാണ് ഉത്തമം.   ഇനി നെല്ലു കൃഷി ചെയ്യണമെന്നുണ്ടെങ്കിൽ തന്നെ ഫ്ലോട്ടിങ് രീതിയിൽ ചെയ്യാം. മൂന്നിഞ്ചു കനത്തിലുള്ള മണ്ണു മതി നെല്ല് കൃഷി ചെയ്യാൻ.

ഹൈറേഞ്ചിലാണെങ്കിൽ കിളച്ചുമറിച്ചുള്ള കൃഷി ഒഴിവാക്കണം. മലമുകളിൽ തെങ്ങുവയ്ക്കരുത്.  ട്രീ കോർപ്സ് അഥവാ വനവിളകളാണ് ഹൈറേഞ്ചിനു ചേരുക.  ഹൈറേഞ്ച് കേരളത്തിന്റെ മേൽക്കൂരയാണ്. മേൽക്കൂര തകർന്നാൽ നാടില്ല.  

ഇക്കോളജി പ്രധാനം

ആധുനിക കൃഷി പറയുന്നതു മുഴുവൻ രാസവളപ്രയോഗത്തെ കുറിച്ചാണ്. എന്നാൽ  നൈട്രജനും ഫോസ്ഫറസും പൊട്ടാഷും മാത്രം പോര മണ്ണിന്.  ജൈവകൃഷിയുടെ ആത്മാവ് എന്നത് ഇക്കോളജി ( ജീവജാലങ്ങളുടെ  പരസ്പരബന്ധവും  പരിസ്ഥിതിയുമായുള്ള പ്രവർത്തനവും പരിശോധിക്കുന്ന ശാസ്ത്രം) ആണ്. കാത്സ്യവും കാർബണും ഒക്കെ ചേർന്ന വൈവിധ്യം നിറഞ്ഞ ജൈവവളക്കൂട്ടിനു മാത്രമെ കൃഷിയെയും കർഷകനെയും നിലനിർത്താനാകൂ. കാട് തീയിട്ട് ചാരം കോരി വളമാക്കുന്ന കൃഷിരീതി മണ്ണിനു നന്നല്ല. അതു മണ്ണിലെ ജൈവവൈവിധ്യം തകർക്കും.  മണ്ണിന്റെ പിഎച്ച് ക്രമീകരിക്കാൻ സാധാരണ ചെയ്യുന്നത് കുമ്മായം വിതറുകയാണ്.  എന്നാൽ കുമ്മായം ഇട്ടുള്ള കൃഷിരീതി മണ്ണിലെ ജൈവവൈവിധ്യം നശിപ്പിക്കുകയാണ്.  പച്ചകക്ക  നീറ്റാതെ പൊടിച്ചു വിതറിയാൽ മണ്ണിനു വേണ്ട കാത്സ്യം കിട്ടും. ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടും. കീടനിയന്ത്രണത്തിനും ജൈവകൃഷിയിൽ തനതു മാർഗങ്ങളുണ്ട്
ദയാലിന്.

ജൈവകൃഷി പഠിക്കണം ശാസ്ത്രീയമായി

ജൈവകൃഷി  എന്നത്  ആരോഗ്യപദ്ധതിയും വിദ്യാഭ്യാസപദ്ധതിയും കൂടിയാണെന്നു ദയാൽ പറയുന്നു. ജൈവകൃഷി എന്നാൽ  വിഷരഹിത ഭക്ഷണത്തിനുള്ള മാർഗ്ഗം മാത്രമല്ല. നമ്മുടെ ആരോഗ്യപ്രശ്നങ്ങൾക്കു കൂടിയുള്ള ഉത്തരമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറ്റമറ്റതാക്കി നിർത്താൻ  മിനിമം 60 സൂക്‌ഷ്മ മൂലകങ്ങൾ വേണം. അതു ഭക്ഷണത്തിലൂടെ ലഭിക്കണം. എന്നാൽ  കാലാകാലങ്ങളായി കൃഷി ചെയ്ത് മണ്ണിലെ സൂക്‌ഷ്മമൂലകങ്ങളെല്ലാം  ശൂന്യമായിരിക്കുകയാണ്.  ജൈവകൃഷി രീതിയിൽ മണ്ണിലേക്ക് ആ സൂക്‌ഷ്മ മൂലകങ്ങളെ എത്തിക്കാനാകും. കടൽവെള്ളം അല്ലെങ്കിൽ കടൽപായൽ ഉപയോഗിച്ചുള്ള കൃഷിരീതി ഇതിനു സഹായകമാണെന്ന് ദയാൽ ചൂണ്ടിക്കാട്ടുന്നു.

ജൈവകൃഷിയിലേക്കിറങ്ങുന്നവർക്ക് പലർക്കും കൈ പൊള്ളുന്നുണ്ടല്ലോ എന്നു ചോദിച്ചാൽ  ശാസ്ത്രീയമായി ജൈവകൃഷി പഠിക്കാത്തതു കൊണ്ടാണെന്നു ദയാൽ പറയും. ശാസ്ത്രീയ  ജൈവകൃഷി പഠിപ്പിച്ചുകൊടുക്കാനുള്ള  അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 2011–ൽ  എംജി യൂണിവേഴ്സിറ്റിയിൽ ഒാർഗാനിക് ഫാമിങ് സർട്ടിഫിക്കറ്റ് കോഴ്സ്  ആരംഭിച്ചത്. 20 ദിവസത്തെ കോഴ്സിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. അതിന്റെ മുഖ്യ അധ്യാപകനാണ് ദയാൽ. പ്രകൃതിയോടു ചേർന്നുള്ള വിദ്യാഭ്യാസ പദ്ധതിക്കായി  2017ൽ പത്തനംതിട്ടയിലെ കല്ലുപാറയിൽ പാഠശാല എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.  എൽ കെ ജി മുതൽ മൂന്നാം ക്ലാസ്സ് വരെയാണ്  ഉള്ളത്.  2018ൽ വാനപ്രസ്ഥം എന്ന പേരിൽ മുതിർന്നവർക്കായുള്ള ആരോഗ്യ ജീവിതപാഠ്യപദ്ധതിയും ആരംഭിച്ചു.

ഹാപ്പിനസ്സ് ടൂറിസം

വൈറസ് ആക്രമണത്തിനു മുൻപിൽ പതറി നിൽക്കുന്ന അവസ്ഥയിലാണ് ലോകം.  ശരീരത്തിനുള്ളിലെ മാലിന്യമാണ് വൈറസ് ആക്രമണത്തിനു കാരണമെന്നു ദയാൽ പറയുന്നു. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി നിരത്തുകളും തൊടികളും നമ്മൾ വൃത്തിയാക്കും. പക്ഷേ, ശരീരത്തിലെ മാലിന്യങ്ങളുടെ കാര്യമോ? മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതാണ് രോഗങ്ങൾക്കു പ്രധാന കാരണം, ദയാൽ പറയുന്നു.

രോഗങ്ങൾ തടയാനായി ശുദ്ധമായ ആഹാരവും വായുവും വെള്ളവും ജീവിതസാഹചര്യങ്ങളും ഒരുക്കിക്കൊടുത്തുള്ള ഹാപ്പിനസ്സ് ടൂറിസം, കരിമ്പിൻ ജ്യൂസും അവക്കാഡോ  ഫ്രൂട്ടും ചേർത്തുള്ള സമ്പൂർണ  പോഷകാഹാരപദ്ധതി എന്നിങ്ങനെ പുതിയ ചില ആശയങ്ങളുടെ പണിപ്പുരയിലാണ് ദയാൽ ഇപ്പോൾ.

 മക്കളായ കണ്ണനും അനിലും അച്ഛന്റെ ആശയങ്ങളുടെ പാത പിന്തുടർന്ന്  ബോട്ടണിയിൽ പിജി എടുത്തു.  ഇപ്പോൾ കയർ ബിസിനസ്സിലാണ്.

നാടിനു നടുവിൽ കാടു വച്ചുപിടിപ്പിച്ച മനുഷ്യന്റെ കഥയല്ല ദയാലിന്റേത്. മനുഷ്യർക്കെല്ലാം ഉപകാരപ്പെടുന്ന ഒരു ആരോഗ്യ തത്വശാസ്ത്രത്തിന്റെയും ജീവിതരീതിയുടെയും പേരാണ് കെ. വി. ദയാൽ. പ്രായം എഴുപത്തിയഞ്ചിനോട് അടുത്തെങ്കിലും വിശ്രമമില്ലാതെ മണ്ണിനും പ്രകൃതിക്കും വേണ്ടി പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു അദ്ദേഹം.

Tags:
  • Daily Life
  • Manorama Arogyam