സാർസ് ഉൾപ്പെടെ പല വൈറൽ രോഗങ്ങളും ഉയർത്തുന്ന ഒരു പ്രധാന വെല്ലുവിളിയാണ് അസുഖം ഭേദമായ ശേഷവും ദീർഘകാലത്തേക്ക് ആരോഗ്യപ്രശ്നങ്ങൾ വരുന്നത്. കോവിഡ് 19 ന്റെ കാര്യത്തിലും രോഗം പൂർണമായും ഭേദമായവരിൽ ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നതായി റിപ്പോർട്ടുകളുണ്ട്. പോസ്റ്റ് കോവിഡ്19 സിൻഡ്രം എന്ന പേരിൽ ലോകമെമ്പാടും ഈ ഭീഷണിയേക്കുറിച്ച് ഗൗരവകരമായ പഠനങ്ങളും നിരീക്ഷണങ്ങളും നടന്നുവരികയാണ്. എന്നാൽ കോവിഡ് മുക്തരായ എല്ലാവർക്കും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരംകാരിയായ ഡോക്ടർ കവിതയുടെ തന്നെ അനുഭവം നോക്കാം. കോവിഡ് സമയത്ത് അനുഭവിച്ചതിലേറെ പ്രയാസങ്ങളാണ് അസുഖം ഭേദമായശേഷം അനുഭവപ്പെടുന്നതെന്നു ഡോക്ടർ പറയുന്നു. ‘‘ കോവിഡ് നെഗറ്റീവായി ആദ്യദിവസങ്ങളിൽ എണീറ്റ് ഇരിക്കാൻ പോലും പറ്റാത്തത്ര തളർച്ച അനുഭവപ്പെട്ടിരുന്നു. സാധാരണ വൈറൽ പനി കഴിഞ്ഞാൽ പൊതുവേ ഇങ്ങനെ ഉണ്ടാകുന്നതാണ്. പോസ്റ്റ് വൈറൽ ഫറ്റീഗ് എന്നു പറയും. അതു പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇപ്പോഴത്തെ പ്രധാന പ്രശ്നം ഉറക്കം ഇല്ല എന്നതാണ്. ബ്രെയിൻ എപ്പോഴും അലേർട്ട് ആണ്, തലയ്ക്കകത്ത് കുറേ ഫ്ലഡ് ലൈറ്റ് തെളിഞ്ഞിരിക്കുന്ന അവസ്ഥ. ആദ്യത്തെ കുറേ ദിവസം ചെറുതായി മയങ്ങാൻ സാധിച്ചിരുന്നു. പക്ഷേ, ഉടൻ ദുസ്വപ്നങ്ങൾ കണ്ട് എഴുന്നേൽക്കും. ഒരു ഡെലിറിയം പോലെ... ഇപ്പോൾ മയക്കവുമില്ല. അഞ്ചു ദിവസത്തെ ഉറക്കമില്ലായ്മയ്ക്കു ശേഷം സ്ലീപിങ് പിൽസ് എടുത്താണ് ആറ് മണിക്കൂർ ഉറങ്ങിയത്. കോവിഡ് വന്ന സമയത്ത് അനോസ്മിയ അഥവാ ഗന്ധം അറിയാനുള്ള ശേഷി എനിക്കു നഷ്ടപ്പെട്ടിരുന്നു. രോഗം മാറി ദിവസങ്ങളെടുത്തു അതു തിരിച്ചുകിട്ടാൻ.’’
ഡോക്ടർ കോവിഡ് നെഗറ്റീവ് ആയിട്ട് ഇപ്പോൾ 12 ദിവസം കഴിഞ്ഞു. കോവിഡ് വന്നുപോയ, സുഹൃത്തുക്കളായ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഒക്കെ ഇത്തരം അസ്വാസ്ഥ്യങ്ങളുണ്ടെന്നു പറയാറുള്ളതായി ഡോക്ടർ പറയുന്നു.
ലോകമെമ്പാടുമായി ഇത്തരത്തിൽ കോവിഡ് 19 നു ശേഷം ആരോഗ്യം വീണ്ടെടുക്കാനാകാതെ അസ്വാസ്ഥ്യം അനുഭവിക്കുന്ന ഒട്ടേറെപ്പേരുണ്ട്. പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പറയുന്നത് വൈറസ് ശ്വാസകോശത്തെ ബാധിച്ചവരിൽ സ്കാറിങ് ഉണ്ടാവുന്നതായും ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറയുന്നു എന്നുമാണ്. നാഡീവ്യൂഹം, ഹൃദയധമനീവ്യൂഹം, വൃക്ക, ദഹനേന്ദ്രിയവ്യൂഹം എന്നിങ്ങനെ ഒട്ടുമിക്ക ശരീരവ്യൂഹങ്ങളെയും വൈറസ് ബാധിച്ച് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു എന്നും ഗവേഷകർ പറയുന്നു.
യഥാർഥ്യം തിരിച്ചറിയാൻ സമയമെടുക്കും
പോസ്റ്റ് കോവിഡ് സിൻഡ്രത്തിന്റെ യഥാർഥ തീവ്രത മനസ്സിലാക്കണമെങ്കിൽ കുറച്ചുകൂടി കഴിയണമെന്നാണ് ആലപ്പുഴ മെഡി. കോളജിലെ ശ്വാസകോശരോഗ വിദഗ്ധനായ ഡോ. പിഎസ് ഷാജഹാൻ പറയുന്നത്. ‘‘പോസ്റ്റ് കോവിഡ് സിൻഡ്രത്തെക്കുറിച്ചുള്ള പഠനങ്ങൾ ലങ് സ്കാറിങ്, ഫൈബ്രോസിസ് ഉൾപ്പെടെയുള്ള തീവ്ര പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നു മുന്നറിയിപ്പു നൽകുന്നുണ്ട്. എന്നാൽ, ആദ്യത്തെ ഫോളോ അപ് കഴിഞ്ഞാൽ നമ്മൾ പിന്നെ അവരെ കാണുന്നില്ല. കോവിഡിനെ ചുറ്റിപ്പറ്റിയുള്ള പേടിയും മാറ്റിനിർത്തലും പേടിച്ച് എന്തെങ്കിലും പ്രശ്നമുണ്ടായാലും പറയാൻ ആളുകൾ മടിച്ചേക്കാം. പഴയതുപോലെ നേരേ പോയി ഒരു ഫിസിഷനെ കാണാനുള്ള സാധ്യതയും കുറവാണ്. ഇപ്പോൾ ആളുകൾ വിളിച്ച് പരാതിപ്പെടുന്നത് അതിഭയങ്കര ക്ഷീണവും മന്ദതയും ഉന്മേഷക്കുറവും ആണെന്നാണ്. രോഗമുക്തി നേടി മാസങ്ങൾക്കു ശേഷവും ഈ പ്രശ്നം അനുഭവിക്കുന്നവരുണ്ട്. ’’
തീവ്രത കുറഞ്ഞാലും
‘‘ഒന്നോ രണ്ടോ ശതമാനം പേരിലെ കോവിഡിനു ശേഷം ആരോഗ്യപ്രശ്നങ്ങൾ ഇപ്പോൾ കണ്ടിട്ടുള്ളു.’’ കോട്ടയം മെഡി. കോളജിലെ സാംക്രമികരോഗവിഭാഗം തലവനും കോവിഡ് ചികിത്സാരംഗത്ത് സജീവവുമായ ഡോ. സജിത് കുമാർ പറയുന്നു. ‘‘ ഇവരിൽ ആസ്മ, അലർജി പോലെ മുൻപുണ്ടായിരുന്ന രോഗങ്ങൾ അൽപം തീവ്രമാകാറുണ്ട്. സന്ധിവേദന, ശ്വാസം മുട്ടൽ, ശ്വാസകോശപ്രവർത്തനത്തിൽ ചെറിയ വ്യത്യാസം എന്നിവയും കാണുന്നു. ഹൃദ്രോഗം , പ്രമേഹം പോലെയുള്ള പ്രശ്നമുള്ളവരിൽ വലിയ പ്രശ്നമൊന്നും കണ്ടിട്ടില്ല. കോവിഡ് ഭേദമാകുന്നതോടെ അവരിലെ അനുബന്ധ രോഗങ്ങളും പഴയ അവസ്ഥയിലേക്ക് എത്തുന്നതായാണ്കാണുന്നത്. ’’
മൈൽഡ് ആയി കോവിഡ് വന്നുപോയ ചിലർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി പറയാറുണ്ടെന്നും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾക്ക് കോവിഡിന്റെ തീവ്രതയുമായി വലിയ ബന്ധമില്ല എന്നാണ് കാണുന്നതെന്നും ഡോക്ടർ പറയുന്നു.
ഫോളോ അപ് ക്ലിനിക്കുകൾ
കോവിഡ് ഭേദമായവർക്കായി പോസ്റ്റ് കോവിഡ് ഫോളോ അപ് ക്ലിനിക്കുകൾ തമിഴ്നാട്ടിൽ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്ത് ആദ്യമായി ഇത്തരമൊരു നീക്കം സർക്കാർ തലത്തിൽ നടത്തിയത് തമിഴ്നാട്ടിലാണ്. പ്രത്യേകമായി, പോസ്റ്റ് കോവിഡ് ക്ലിനിക്ക് എന്ന് അടിയന്തിര സംവിധാനം തുടങ്ങാനുള്ളത്ര നമ്പറുകൾ ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും നിലവിൽ രോഗവ്യാപനത്തെ പിടിച്ചുകെട്ടാനും മരണനിരക്ക് കുറയ്ക്കാനുമുള്ള പ്രവർത്തനങ്ങൾക്കാണ് കൂടുതൽ മുൻഗണന എന്നുമാണ് സംസ്ഥാന സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറയുന്നത്.
‘‘തമിഴ്നാട്ടിൽ കോവിഡ് ഫോളോ അപ് ക്ലിനിക്കുകൾ ആരംഭിച്ചു എന്നു പറയുമ്പോൾ അവിടുത്തെ കോവിഡ് ബാധിതരുടെ എണ്ണം കൂടി കണക്കിലെടുക്കണം. ഏതാണ്ട് മൂന്നേ മുക്കാൽ ലക്ഷത്തിലധികമാണ് അവിടെ കോവിഡ് ബാധിതർ. സ്വാഭാവികമായും കോവിഡ് നെഗറ്റീവ് ആകുന്നവരുടെ എണ്ണവും കൂടും. കേരളത്തിൽ പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ഒരുപാടൊന്നും കണ്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അതിന്റെ ഒരു കാരണം, ഇവിടെ വലിയ തോതിൽ വയോജനങ്ങളെയും മറ്റും കോവിഡ് ബാധിച്ചിട്ടില്ല എന്നതാകാം. പിന്നെ, നമ്മളിവിടെ കഴിയുന്നത്ര നേരത്തേ കോവിഡ് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിക്കാറുണ്ട്. രോഗം വളരെ ഗുരുതരമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറവാണ്. പൂർമമായും രോഗം മാറിയശേഷമാണ് നാം രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത്. 14 ദിവസം കഴിയുമ്പോൾ ഒരു ഫോളോ അപും നടത്താറുണ്ട്. ’’ ഡോക്ടർ പറയുന്നു.
കോവിഡ് ഭേദമായി ആശുപത്രി വിട്ടശേഷമുള്ള ആദ്യ ഫോളോ അപ് സമയത്ത് മരുന്നു കഴിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ സംസാരിക്കുകയും പൊതുവായ ചില പരിശോധനകൾ നടത്തുകയുമാണ് ചെയ്യുക. എക്സ് റേ, ഇസിജി, വൃക്കയുടെയും കരളിന്റെയും പ്രവർത്തനം തുടങ്ങിയവ വിലയിരുത്തും. മരുന്നുകളുടെ പാർശ്വഫലം കൂടി കണക്കിലെടുത്താണ് ഇത്തരം പരിശോധനകൾ നടത്തുക.
മൂന്നു മാസം കൂടുമ്പോൾ ഫോളോ അപ്
‘‘ഈ പരിശോധനകൾ തന്നെ കുറച്ചുകൂടി ഒാർഗനൈസ്ഡ് ആയി കോവിഡ് ചികിത്സാകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒരു നെറ്റ്‌വർക്ക് പോലെ ചെയ്യാൻ സാധിച്ചാൽ നല്ലതാണ്. ’’കളമശ്ശേരി മെഡി. കോളജിലെ മെഡിസിൻ വിഭാഗം പ്രഫസറും കോവിഡ് ചികിത്സാ ടീം മെമ്പറുമായ ഡോ. ജേക്കബ് കെ. ജേക്കബ് പറയുന്നു.
രണ്ടാഴ്ച കഴിഞ്ഞുള്ള ഫോളോ അപ് കൂടാതെ മൂന്നു മാസം കൂടുമ്പോൾ ഇവരുടെ ഇസിജി, ശ്വാസകോശ ശേഷി പരിശോധന, എക്കോ, മറ്റ് പ്രധാന അവയവങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ചുരുക്കമായെങ്കിലും ചില പരിശോധനകളും നടത്തണം. കാരണം ഈ വൈറസ് ശ്വാസകോശത്തെ ബാധിച്ചവരിൽ ലങ് ഫൈബ്രോസിസ് വരുത്തുന്നതായി ലോകമെമ്പാടും പഠനങ്ങളിൽ തെളിഞ്ഞതാണ്. മറ്റ് എന്തൊക്കെ ദീർഘകാല പ്രശ്നങ്ങളാണ് വരുക, അവ എത്രനാൾ നീണ്ടുനിൽക്കും എന്നൊന്നും പ്രവചിക്കാനാകില്ല. വെറും ആറു മാസത്തെ അറിവേ നമുക്ക് ഈ രോഗത്തെക്കുറിച്ചുള്ളു എന്നോർക്കണം.
മൂന്നുമാസം കൂടുമ്പോഴുള്ള ഫോളോ അപ് പ്രായോഗികമല്ലാത്തവരിൽ ആദ്യ മൂന്നു മാസം കഴിഞ്ഞ് പിന്നെ ആറു മാസം എന്നരീതിയിൽ രണ്ടു മൂന്നു വർഷത്തേക്കെങ്കിലും ഫോളോ അപും പഠനങ്ങളും നടത്തേണ്ടതുണ്ട്. ഇതിന് സർക്കാർ തലത്തിൽ ഒരു സംവിധാനം ഒരുക്കാനായാൽ ഏറെ നല്ലത്. ’’ ഡോക്ടർ അഭിപ്രായപ്പെടുന്നു.
വെറുതെ അങ്ങനെ വന്നുപോകുന്ന ഒരു രോഗമല്ല കോവിഡ് എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ നൽകുന്ന സൂചന. ദശലക്ഷങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഏറെ പരിഗണന വേണ്ട വിഷയമാമെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ വിദഗ്ധ സമിതികളും അഭിപ്രായപ്പെട്ടു കഴിഞ്ഞു. കോവിഡിനെ തറപറ്റിച്ചു കഴിഞ്ഞാൽ ഒരുപക്ഷേ, ലോകം നേരിടേണ്ടി വരുന്ന അടുത്ത വെല്ലുവിളി പോസ്റ്റ് കോവിഡ് സിൻഡ്രം അഥവാ കോവിഡിനു ശേഷവും നീണ്ടു നിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ആകാം.