Friday 22 May 2020 11:41 AM IST

എണ്ണയും ഉപ്പും മധുരവും: ഭക്ഷണശീലങ്ങളിലെ മൂന്ന് അബദ്ധങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

food2

കോവിഡ് 19 ന്റെ ഈ കാലത്ത് നാം ഏറ്റവുമധികം ചെയ്യുന്ന അബദ്ധമാണ് പാനിക് ബയിങ്. പ്രത്യേകിച്ച് ഭക്ഷണസാധനങ്ങൾ ആവശ്യമില്ലാതെ വാങ്ങിക്കൂട്ടുന്ന അവസ്ഥ. ലോക്‌ഡൗൺ ഏതാണ്ട് അവസാനിക്കാറായെങ്കിലും കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. അതുകൊണ്ടു തന്നെ സാധനങ്ങൾ, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങൾ പലരും വാങ്ങിക്കൂട്ടി വയ്ക്കുന്നുണ്ട്.

ഇതിന് ഒരുപാട് നെഗറ്റീവ് പ്രത്യാഘാതങ്ങളുണ്ട്. ഒന്നാമത്തെ പ്രശ്നം വീട്ടിൽ ആവശ്യത്തിൽ അധികം ആഹാരസാധനങ്ങൾ ഇരിപ്പുണ്ടെങ്കിൽ നമ്മൾ കൂടുതൽ ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും സാധ്യതയുണ്ട് എന്നതാണ്. ഒരൽപം പ്ലാനിങ്ങുണ്ടെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം. അത്യാവശ്യത്തിനുള്ള പഴങ്ങൾ, പാൽ തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ നശിച്ചുപോകാത്ത സാധനങ്ങൾ ആവശ്യത്തിനു വാങ്ങി വയ്ക്കുക. നശിച്ചുപോകാത്തതും ദീർഘകാല ഉപയോഗത്തിന് ഉതകുന്നതുമായ അരി, പഞ്ചസാര, ചായപ്പൊടി എന്നിവ സ്േറ്റാക്ക് ചെയ്യാം.

പുതുതലമുറക്കാർ ഒാൺലൈനിൽ ഭക്ഷണം ഒാർഡർ ചെയ്ത് കഴിക്കാറുണ്ട്. പക്ഷേ, ഈ ലോക്ഡൗണിൽ ഏറ്റവും നല്ലത് വീട്ടിൽ തന്നെ ആരോഗ്യകരമായി ചാചകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ്. അധികം എണ്ണയും കൊഴുപ്പുമില്ലാതെ എളുപ്പം ദഹിക്കുന്ന, നാരുകളുള്ള, വൈറ്റമിനുകളുള്ള അഹാരസാധനം വീട്ടിൽ തന്നെ പാകപ്പെടുത്തി കഴിക്കുക.

ഈ സമയത്ത് ഏറ്റവും പ്രശ്നമുണ്ടാക്കുന്ന സംഗതിയാണ് പോർഷൻ സൈസ്. വീട്ടിൽ ഇരിക്കുമ്പോൾ ഒരുപാട് ആഹാരം കഴിക്കാനുള്ള പ്രലോഭനം ഉണ്ടാകും. മിക്കവാറും സമയം ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും മുൻപിൽ ആയിരിക്കും. ഇങ്ങനെ അലസമായി ഇരിക്കുമ്പോൾ ജങ്ക്ഫൂഡ് കാറ്റഗറിയിലുള്ള വിഭവങ്ങൾ, എണ്ണ കൂടിയതും കൊഴുപ്പു കൂടിയതുമായ ഭക്ഷണം എന്നിവയൊക്കെ അറിയാതെ കൂടുതൽ കഴിച്ചുപോകും. പക്ഷേ ഒരുകാര്യം ഒാർക്കണം. എണ്ണയിൽ മുക്കിവറുത്ത ഒരു വിഭവം കഴിക്കുമ്പോൾ അനാവശ്യമായി 300–500 കാലറിയാണ് ശരീരത്തിലെത്തുന്നത്. അതിന്റെ കൂടെ പതിവു ഭക്ഷണം കൂടിയാകുമ്പോൾ എക്സ്ട്രാ കാലറി ആകും.

food1

ഉപ്പിന്റെ അളവാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പലരും വീട്ടിൽ വെറുതേ ഇരിക്കുന്ന സമയത്ത് അച്ചാറുകളും ഉപ്പിലിട്ടതും ഒക്കെ ഉണ്ടാക്കിവയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ സമയത്ത് കഴിവതും അച്ചാർ, ഉപ്പിലിട്ട ഭക്ഷണം എന്നിവ കുറയ്ക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. വ്യായാമത്തിനുള്ള അവസരമില്ലാത്തതിനാൽ ശരീരത്തിൽ നിന്നു ഉപ്പ് പുറത്തുപോവുന്നത് ശരിയായി നടക്കണമെന്നില്ല.

മധുരപ്രിയർക്ക് വീട്ടിലിരിക്കുന്ന സമയത്ത് മധുരമുള്ള വിഭവം ഉണ്ടാക്കി കഴിക്കാൻ പ്രലോഭനം തോന്നും. മൈദയും മധുരവും നെയ്യും പാലുമൊക്കെ ചേർത്ത് മധുരപലഹാരങ്ങൾ ഉണ്ടാക്കി കഴിക്കുമ്പോൾ ഒറ്റയടിക്ക് 300–500 കാലറിയാണ് ഒറ്റ തവണ കൊണ്ട് ശരീരത്തിലെത്തുന്നത്. പഞ്ചസാര, മൈദ, ഡാൽഡ അല്ലെങ്കിൽ ആരോഗ്യകരമല്ലാത്ത കൊഴുപ്പ് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവം വഴി യാതൊരു തരത്തിലുള്ള പോഷകവും കിട്ടുന്നില്ല. കാലറി മാത്രമാണ് കിട്ടുന്നത്. ഈ കാലറി പിന്നീട് പ്രമേഹം, ഹൃദ്രോഗം , അമിത രക്തസമ്മർദം പോലുള്ള പല അസുഖങ്ങൾക്കും കാരണമാകും.; പ്രത്യേകിച്ച് വ്യായാമം ഒന്നും തന്നെയില്ലാത്ത ഈ അവസരത്തിൽ. അതുകൊണ്ട് ഇവ കൊണ്ടുള്ള വിഭവങ്ങൾ ഒഴിവാക്കുക. പകരം ഫ്രഷ് ഫ്രൂട്സ്, ഡ്രൈ ഫ്രൂട്സ് ഇവ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയാറാക്കുക. പായസം ഒക്കെ കഴിക്കാൻ ആഗ്രഹമുള്ളവർ പഞ്ടസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കുക.

food3

എണ്ണയുടെ ഉപയോഗം കുറയ്ക്കണം. ആരോഗ്യകരമായ എണ്ണ മിതമായി ഉപയോഗിക്കുക. ഒരിക്കൽ ഉപയോഗിച്ച എണ്ണ ആവർത്തിച്ച് ഉപയോഗിക്കാതിരിക്കുക, എണ്ണയിൽ മുക്കിപ്പൊരിക്കാതിരിക്കുക.

ട്രാൻസ്ഫാറ്റി ആസിഡ് ഒഴിവാക്കണം. ഹൈഡ്രോജനേറ്റഡ് എണ്ണയും ഒഴിവാക്കുക. ഉദാഹരണം ഡാൽഡ, വനസ്പതി എന്നിവ. പല ബേക്കറി പലഹാരങ്ങളിലും കുക്കീസ്, ബിസ്കറ്റ്, പിസ, ക്രാക്കേഴ്സ് എന്നിങ്ങനെ സംസ്കരിച്ചവയിലും വറപൊരികളിലും ഒക്കെ ഹൈഡ്രോജനേറ്റഡ് കൊഴുപ്പ് അല്ലെങ്കിൽ പാർഷ്യലി ഹൈഡ്രോജനേറ്റഡ് കൊഴുപ്പ് കാണും. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ കുറയ്ക്കുക.

ആവശ്യത്തിന് നാരുകൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കുക. വീട്ടിലിരിപ്പായതോടെ വ്യായാമത്തിലും വെള്ളം കുടിയിലുമൊക്കെ അലംഭാവമായി. അപ്പോൾ ദഹനവ്യൂഹത്തിന്റെ മികച്ച പ്രവർത്തനത്തിന് നാരുകളാണ് ആശ്രയം. നമ്മുടെ ദഹനേന്ദ്രിയ വ്യൂഹം കൂടുതലായി പ്രവർത്തിക്കാൻ സഹായിക്കുന്നവയാണ് നാരുകൾ. പല ഡീജനറേറ്റീവ് രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിവുള്ള ഒന്നാണിവ. അതുകൊണ്ട് കൂടുതൽ ഫൈബർ അടങ്ങിയ ഒാട്സ്, മുഴു ധാന്യങ്ങൾ, ഫ്രെഷ് ഫ്രൂട്സ്, പച്ചക്കറികൾ, ഇലക്കറികൾ, കടല, പയർ എന്നിവയെല്ലാം ധാരാളം ഉപയോഗിക്കുക. വൈറ്റ് പാസ്ത, വൈറ്റ് ബ്രഡ്, ബിസ്ക്കറ്റ് ഇവയൊക്കെ സംസ്കരിച്ച ധാന്യം കൊണ്ടുണ്ടാക്കിയതാണ്. ഇവയിൽ നാരുകളില്ല. അതുകൊണ്ട് കഴിവതും ഒഴിവാക്കുക. നാരുകളുള്ള ഭക്ഷണം വയർ നിറയ്ക്കുന്നതിനാൽ അധികം വിശക്കില്ല. ഇവയിൽ വൈറ്റമിനുകൾ, ധാതുക്കൾ, സൂക്‌ഷ്മ പോഷകങ്ങൾ എന്നിവ ധാരാളം ഉള്ളതുകൊണ്ട് ആരോഗ്യകരമാണ്.

ഒരുപാട് വെള്ളം കുടിക്കണം. പഞ്ചസാര കുറച്ച് ഉപ്പു മിതമായി ചേർത്തുള്ള നാരങ്ങാവെള്ളം നല്ലതാണ്. സിട്രസ് ഫ്രൂട്സ് ധാരാളം കഴിക്കുക. കാപ്പി, ചായ, കഫീൻ പാനീയങ്ങൾ, എനർജി ഡ്രിങ്ക്സ് ഇവ ഈ അവസരത്തിൽ നല്ലതല്ല. മദ്യം കൂടുതൽ കഴിക്കുന്നതും നല്ലതല്ല. അത് പ്രതിരോധ സംവിധാനത്തെ ദുർബലമാക്കും.

ഒാർക്കുക ഇത് ഫാമിലി ടൈമാണ്. ഒാരോ ഭക്ഷണനേരത്തെയും ഹാപ്പി ഫാമിലി മീൽ ആയി മാറ്റുക. എല്ലാവരും ചേർന്ന് ഒാരോ ഹെൽതി വിഭവം ഉണ്ടാക്കുക. ഒരുമിച്ചിരുന്ന് അത് കഴിക്കുക. കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ കാര്യത്തിൽ റോൾ മോഡലാവുക. ഇമ്യൂണിറ്റി കൂട്ടാനുള്ള വിഭവങ്ങൾ ഏതൊക്കെയാണെന്ന് നിർദേശം കൊടുക്കുക. കുട്ടികൾക്ക് ഇഷ്ടമുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി, പ്ലാൻ ചെയ്ത് അവരെ കൂടി പങ്കെടുപ്പിച്ച് പാചകം ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്:

സോളി ജയിംസ് പള്ളിക്കാപ്പറമ്പിൽ,

പോഷകാഹാര വിദഗ്ധ, കൊച്ചി

Tags:
  • Manorama Arogyam
  • Health Tips