Monday 01 March 2021 02:31 PM IST

ക്ഷയരോഗിക്ക് പ്രമേഹം ബാധിച്ചാൽ മരണ നിരക്ക് നാലു മടങ്ങ് കൂടുതൽ: ഇത്തരം അവസ്ഥകൾക്ക് കാരണം: മുന്നറിയിപ്പ്

Santhosh Sisupal

Senior Sub Editor

sugar-and-tb

∙ ക്ഷയരോഗികളിൽ പകുതിയോളം പേർക്ക് പ്രമേഹമുണ്ട്

∙ പ്രമേഹമുള്ള ക്ഷയരോഗികളിൽ മരണം നാലുമടങ്ങ് കൂടുതൽ.

∙ പ്രമേഹ സാന്നിധ്യം ക്ഷയരോഗ ചികിത്സ സങ്കീർണമാക്കാം

∙ ക്ഷരോഗികളിൽ പ്രമേഹ നിയന്ത്രണത്തിന് ഇൻസുലിൻ അഭികാമ്യം

‘‘10–15 വർഷമാവും പ്രമേഹം വന്നിട്ട്. ആദ്യമൊക്കെ മരുന്നു കഴിച്ചിരുന്നു. പിന്നെ കുത്തിവെയ്പ് എടുക്കണമെന്നു പറ‍ഞ്ഞപ്പോ‌ൾ ചികിത്സ നിർത്തി. ഒരുവർഷം മുൻപാണ് ക്ഷയരോഗമുണ്ടെന്നറിഞ്ഞത്. മരുന്നു തുടങ്ങി.. പക്ഷേ ഇപ്പോഴും മൂന്നു നാലു മരുന്നുകൾ കഴിക്കുന്നുണ്ട്. ഇൻസുലിൻ എടുത്തേ പറ്റൂ എന്നു ഡോക്ടർ പറഞ്ഞതുകൊണ്ട് ആറുമാസമായി കുത്തിവയ്ക്കുന്നു.’’– 58 കാരനായ രാഘവൻ എന്ന കോഴിക്കോട്ടെ ഒരു ചുമട്ടുതൊഴിലാളിയുെട വാക്കുകളാണിത്. 58 വയസ്സേയുള്വൂവെങ്കിലും കാഴ്ചയിൽ വൃദ്ധനായി. പണിയെടുക്കാൻ വയ്യാതായിട്ട് രണ്ടുവർഷത്തോളമായി. ചുമയും ശ്വാസം മുട്ടലും വല്ലാതെ കൂടിയപ്പോഴാണ് ഡോക്ടറെ കണ്ടത്. ഇപ്പോൾ സാധാരണ മരുന്നുകൊണ്ടു നിയന്ത്രിക്കാനാകാത്ത ഡ്രഗ് റസിസ്റ്റൻഡ് ടിബിയാണ് രാഘവേട്ടന്.

‘‘ സത്യം പറയാലോ, എനിക്ക് ഒരു അസുഖവുമില്ലായിരുന്നു. കുറച്ചുകാലം മുൻപാണ് ചുമകാരണം ഡോക്ടറെ കാണാൻ പോയതാണ്. ഡോക്ടർ ചോദിച്ചപ്പോഴാണ് ശരീരം പെട്ടന്നു മെലിഞ്ഞുപോയ കാര്യവും ഞാൻ ശ്രദ്ധിച്ചത്. പരിശോധനയിൽ ടിബിയുണ്ടെന്നറിഞ്ഞു. അതിനു കൃത്യമായി മരുന്നും കഴി‍ച്ചു തുടങ്ങി’’.– എറണാകുളം കാരനായ വർഗീസ് തന്റെ അനുഭവം പറയുകയാണ്. ‘ഇടയ്ക്ക് പരിശോധന നടത്തിയപ്പോൾ ഷുഗറും കൂടുതലാണ്. മരുന്നു കഴിക്കാനുള്ള അത്രയും ഷുഗറൊന്നും ഇല്ലെന്നാണ് ലബോറട്ടറിയിൽ നിന്നു പറഞ്ഞതെങ്കിലും ഡോക്ടർ നിർബന്ധിപ്പിച്ചു മരുന്നു കഴിപ്പിച്ചു. ആറേഴു മാസത്തെ മരുന്നുകൊണ്ടുതന്നെ ടിബി മാറി. എല്ലാ മരുന്നും നിർത്തി. ഞാൻ പിന്നെ ഷുഗറും നോക്കിയില്ല. കഴിഞ്ഞമാസം ഒരു പനിവന്ന് ഞാൻ ആശുപത്രിയിലായി. അവിെട ഷുഗർ നോക്കിയിട്ട് ഡോക്ടർ പറഞ്ഞു, കടുത്ത പ്രമേഹം കൂടിയുണ്ട് എന്ന്. ടിബി ഉണ്ടായിരുന്നതുകൊണ്ട് ഇൻസുലിൻ തന്നെ എടുക്കുന്നതാണ് നല്ലതെന്ന്. ഇപ്പോൾ ഇൻസുലിൻ എടുക്കുന്നു. പ്രമേഹം നിയന്ത്രണത്തിലായി, ഞാൻ ഹാപ്പിയായി’– 65 കാരനായ വർഗീസ് ചിരിച്ചുകൊണ്ടു പറഞ്ഞു.

വിളിച്ചുവരുത്തുന്ന അപകടം

രോഗാണുബാധകളാലുള്ള മരണ നിരക്ക് ഗണ്യമായി കുറയ്ക്കാനായതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും മികച്ച നേട്ടം. എന്നാൽ രോഗാണുബാധയോടൊപ്പം ജീവിതശൈലീ രോഗങ്ങളും കടന്നു വരുന്നത് അപായസാധ്യത ഗണ്യമായി കൂട്ടും. അതിനുള്ള ഉദാഹരണമാണ് പ്രമേഹവും ക്ഷയരോഗവും. പ്രമേഹവും ക്ഷയരോഗവും ഒരുമിച്ച് അനുഭവിക്കേണ്ടിവരുന്ന നിരവധിരോഗികളിൽ രണ്ടുപേരുടെ വ്യത്യസ്തമായ അനുഭവങ്ങളാണ് ഇവിടെ കണ്ടത്. കേരളത്തിലെ ക്ഷയരോഗികളിൽ ഏതാണ്ട് 15 ശതമാനം പേരിലും ക്ഷയരോഗത്തിനു കാരണമായത് പ്രമേഹത്തിന്റെ സാന്നിധ്യമാണ് എന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്.

ക്ഷയരോഗം വരാനുള്ള സാധ്യത, പ്രമേഹരോഗിയിൽ രണ്ടു മുതൽ മൂന്നിരട്ടിയാണ് കൂടുതൽ. മാത്രമല്ല ക്ഷയരോഗിക്ക്് പ്രമേഹം ബാധിച്ചാൽ മരണ നിരക്ക് നാലു മടങ്ങ് കൂടുമെന്നും കേരളത്തിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. ക്ഷയരോഗം ബാധിച്ചവരിൽ ഏതാണ്ട് 44 ശതമാനത്തോളം പേരും പ്രമേഹ രോഗികളാണ്. അതിൽ തന്നെ പകുതിയോളം പേരുടെയും പ്രമേഹം തിരിച്ചറിയാനും വൈകുന്നു. ഇന്ത്യയുെട പ്രമേഹ തലസ്ഥാനമെന്നറിയപ്പെടുന്ന കേരളത്തിൽ ഈ അപായസാധ്യതയുടെ ആഴം അതീവ ഗൗരവകരമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നത്.

ഐസിഎംആർ ന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിലെ പ്രമേഹ രോഗികളുെട നിരക്ക് 20 ശതമാനത്തിനു മുകളിലാണ്. ഇത് പ്രമേഹ രോഗികളിെല ഇന്ത്യൻ ശരാശരിയുെട ഇരട്ടിയിലധികമാണ്. ഓരോ വർഷം കഴിയുന്തോറും കേരളത്തിലെ പ്രമേഹരോഗികളുെട എണ്ണത്തിൽ നിർണായകമായ വർധനവും സംഭവിക്കുന്നുണ്ട്. മാത്രമല്ല നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ള ക്ഷയരോഗികളിൽ ക്ഷയരോഗ ചികിത്സയുടെ ദൈർഘ്യവും നീണ്ടുപോകാം. ഈ അവ്സഥയിലാണ് പ്രമേഹവും ക്ഷയരോഗവും ഒരുമിച്ചുവരുന്ന അവസ്ഥയുെട അപകടം ഗൗരവതരമാകുന്നത്

ക്ഷയരോഗത്തിന് സാധാരണ നൽകുന്ന ‘ഒന്നാം നിര’(ഫസ്റ്റ് ലൈൻ) മരുന്നുകൾകൊണ്ടുള്ള ചികിത്സയേയും പ്രമേഹത്തിന്റെ അനിയന്ത്രിത സാന്നിധ്യം തകിടം മറിക്കാം. അതിന്റെ ഫലമായി, സാധാരണ മരുന്നുകൾ ഫലിക്കാത്ത ഡ്രഗ്റസിസ്റ്റന്റ് ടിബിയായി പരിണമിക്കാനുള്ള സാധ്യതയും പ്രമേഹ രോഗികളിൽ കൂടുതലാണ്. മാത്രമല്ല ഒരിക്കൽ ക്ഷയരോഗം ചികിത്സിച്ചു മാറിയവരിൽ ടിബി വീണ്ടും വരാനുള്ള സാധ്യതയും (റിലാപ്സ്) പ്രമേഹരോഗികളിൽ കൂടുതലാണ്. പ്രമേഹ–ക്ഷയ രോഗ കൂട്ടുകെട്ട് ഇത്തരം സങ്കീർണതകക്കു പുറമേ ചികിത്സാ ചെലവിൽ വിപുലമായ വർധനവും ഉണ്ടാക്കും.

പ്രമേഹരോഗിയുെട മുൻകരുതൽ

പ്രമേഹ രോഗികളിൽ ക്ഷയരോഗം വരാനുള്ള സാധ്യതയും മറിച്ച് ക്ഷയരോഗികളിൽ പ്രമേഹം കൂടി പിടിപെടാനുള്ള സാധ്യതും കൂടുതലാണ്. പ്രമേഹം അൽപം കൂടുതലാണെങ്കിൽ പോലും അത് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കൂട്ടും, പ്രത്യേകിച്ചും ശ്വാസകോശത്തെ ബാധിക്കുന്ന രോഗാണുബാധകളെ. കോവിഡു മുതൽ ക്ഷയരോഗം വരെയുള്ളവ ആ പട്ടികയിലുണ്ട്. നമ്മുെട സമൂഹത്തിൽ ഏതാണ്ട് 40 ശതമാനം പേരുടെ ശരീരത്തിലും ക്ഷയരോഗാണു കടന്നു കൂടിയിട്ടുണ്ട്. ക്ഷയരോഗാണു ശരീരത്തിലുണ്ടെങ്കിലും ഇവർ ക്ഷയരോഗികളല്ല. ഇതിനെയാണ് ലേറ്റന്റ് ടിബി എന്നു പറയുന്നത്. ഇവരിൽ കുറച്ചുപേര്‍ക്ക് പലവിധ കാരണങ്ങളാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പരാജയപ്പെടുന്ന അവസരങ്ങളിൽ ഈ ക്ഷയരോഗാണുക്കൾ വിപുലമായ തോതിൽ വർധിച്ച് ക്ഷയരോഗി(ആക്ടീവ് ടിബി) യാക്കും. പ്രമേഹം നിയന്ത്രണ വിധേയമല്ലാതിരിക്കുന്നവരിൽ ശരീരപ്രതിരോധം കുറയും. ഇതാണ് പ്രമേഹ രോഗികളിൽ ക്ഷയരോഗം കൂടുതലായി വരുന്നതിന്റെ കാരണം.

ക്ഷയം മാറിയാലും പ്രമേഹമരുന്ന് നിർത്തരുത്

ക്ഷയരോഗികളിലും ക്ഷയരോഗ ചികിത്സയിൽ കഴിയുന്നവരിലും പ്രമേഹം വന്നെത്തുവാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലാണ്. ഇക്കാരണത്താൽ നേരത്തേ പ്രമേഹമില്ലായിരുന്നെങ്കിലും ക്ഷയരോഗി നിശ്ചിത ഇടവേളകളിൽ പ്രമേഹ അളവും പരിശോധിപ്പിച്ചുകൊണ്ടിരിക്കണം. പ്രമേഹവും ക്ഷയരോഗവും ഒരിമിച്ച് ഉണ്ട് എന്നു മനസ്സിലായാൽ പതിൻമടങ്ങ് ശ്രദ്ധയോട ആവണം രണ്ടു ചികിത്സകളും തുടരാൻ. പ്രമേഹ നിയന്തണം ഒരു കാരണവശാലും പാളരുത്, ക്ഷയരോഗമരുന്നുകൾ ഒരു കാരണവശാലും മുടക്കരുത്. ക്ഷയരോഗികളിൽ പലപ്പോഴും ഏറ്റവും ഫലപ്രദമായി കാണുന്നത് ഇൻസുലിൻ ചികിത്സയാണ്. ഡ്രഗ്റസിസ്റ്റന്റ് ടിബിയുള്ള പ്രമേഹ രോഗിയാണെങ്കിൽ ഇൻസുലിൻ ഒഴിവാക്കാൻ നോക്കരുത്. കാരണം പ്രമേഹ ചികിത്സയിലെ ഏറ്റവും സുരക്ഷിതമായ പരിഹരാമാണ് ഇൻസുലിൻ.

ക്ഷയരോഗ ചികിത്സ പൂർത്തിയാവുമ്പോൾ പ്രമേഹവും മാറിയെന്നു കരുതി പ്രമേഹ ചികിത്സ നിർത്തുന്നവരുണ്ട്. ഇതും അപകടമാണ്. പ്രമേഹം മാറുന്നില്ല എന്നതുകൊണ്ടുമാത്രമല്ല, പ്രമേഹം ഉള്ളവരിൽ വീണ്ടു ടിബി വരാൻസാധ്യത കൂടുതലാണ് എന്നതും പ്രധാന കാരണമാണ്.

കേരള മാതൃകയ്ക്ക് ദേശീയശ്രദ്ധ

കേരളത്തിലെ ക്ഷയരോഗികളിലെ പ്രമേഹ സാന്നിധ്യത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനം പ്ലോസ് വൺ (PLoS ONE) ജേണലിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇത്തരം പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും വെളിച്ചത്തിൽ രാജ്യത്തിനു തന്നെ മാതൃകയാകുന്ന ചുവടുവയ്പാണ് കേരളത്തിൽ നടപ്പിലാക്കിയിരിക്കുന്നത് എന്നു പറഞ്ഞേ തീരൂ. പല സംസ്ഥാന സർക്കാരുകളും ഈ മാതൃക നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ്. സർക്കാർ ആശുപത്രികളിെല, പ്രമേഹമുള്‍പ്പെടെയുള്ള ജീവിതശൈലീരോഗ(NCD) ക്ലിനിക്കുകളിൽ എത്തുന്നവരിൽ ക്ഷയരോഗസൂചനകൾ കണ്ടാൽ അവരെ ക്ഷയരോഗ പരിശോധനകളിലേക്കും നയിക്കും. അതുപോലെ ക്ഷയരോഗികളെ എൻ സി ഡി (നോൺ കമ്മ്യൂണിക്കബിൾ ഡിസീസ്) ക്ലിനിക്കുകളിലേക്ക് അയച്ച് പ്രമേഹം പോലുള്ള രോഗങ്ങളുടെ സാന്നിധ്യം കൂടി പരിശോധിക്കുന്ന സവിധാനം കേരളം ഫലപ്രദമായി നടപ്പിലാക്കി. മാത്രമല്ല അനിയന്ത്രിത പ്രമേഹമുള്ള ക്ഷയരോഗികളിൽ, വിലയേറിയ ഇൻസുലിൻ പേനയും ഇൻസുലിൻ കാട്രിഡ്‍ജുകളും സൗജന്യമായി നൽകി പ്രമേഹ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങളിലൂെട ക്ഷയരോഗ ചികിത്സാഫലം മെച്ചപ്പെടുത്തുമെന്നും ക്ഷയരോഗികളിലെ അധിക മരണനിരക്ക് കുറച്ചുകൊണ്ടുവരാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

വിവരങ്ങൾക്കു കടപ്പാട്:

ഡോ.മനു എം.എസ്

പൾമണോളജിസ്റ്റ്,

സ്റ്റേറ്റ് ടിബി ട്രെയ്നിങ് & ഡെമോൺസ്ട്രേഷൻ സെന്റർ.

നോഡൽ ഓഫീസർ,

സ്റ്റേറ്റ് ടിബി–കോമോർബിഡിറ്റി.

ഡോ. എം സുനിൽ കുമാർ

സ്റ്റേറ്റ് ടിബി ഓഫീസർ,

തിരുവനന്തപുരം

ഡോ. ജ്യോതിദേവ് കേശവദേവ്,

ഡയബറ്റോളജിസ്റ്റ്, ചീഫ് കൺസൾട്ടന്റ്,

ഡോ. ജ്യോതിദേവ്സ് ഡയബറ്റിസ് സെന്റേഴ്സ്