തിരുവനന്തപുരം ഗവ. ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്ത ഡോ. എസ്. ശ്രീദേവി കാൽ നൂറ്റാണ്ടിലേറെയുള്ള തന്റെ അധ്യാപകജീവിത അനുഭവങ്ങൾ മനോരമ ആരോഗ്യവുമായി പങ്കുവയ്ക്കുന്നു.
‘‘ഏറെ ദൂരത്തു നിന്ന് പല ബസ്സ് മാറിക്കേറി ഒാടിക്കിതച്ചു വരുന്ന അധ്യാപികമായിരുന്നു അന്നു ഭൂരിഭാഗവും. കുറഞ്ഞത് അഞ്ചു റോളെങ്കിലും പിഴവില്ലാതെ ആടിത്തീർക്കാൻ പാടുപെടുന്നവർ. ഒരേ സമയം അമ്മയായും ഭാര്യയായും ഗൃഹസ്ഥയായും അധ്യാപികയായും പൊതുസമൂഹത്തിൽ നിർണായക റോൾ വഹിക്കുന്നവരായും പാടുപെടുന്നതിനിടയിൽ അവർക്ക് സ്വസ്ഥതയെന്നത് കിട്ടാറില്ല. ശാരീരികമായി പ്രത്യേകിച്ച് ഒരു സ്വസ്ഥതയും കിട്ടാത്ത ജോലിയാണ് അധ്യാപകജോലി. സ്വാസ്ഥ്യം ആണല്ലൊ ആരോഗ്യത്തിന്റെ കാതൽ. വാങ്ങുന്ന ശമ്പളത്തിന്റെ ഇരട്ടി ജോലി ചെയ്യുന്നവരായിരുന്നു പലരും. ദിവസവും കുറഞ്ഞത് അഞ്ചു പീരിയഡ്ക്ലാസ്സെടുക്കൽ കഴിഞ്ഞ് പ്രൊജക്ട് വർക്ക്, അസൈൻമെന്റ്, ഹോംവർക്ക് നോക്കൽ എന്നിങ്ങനെ വേറെയും പണികളുണ്ട്. ഇടയ്ക്കു വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്. ചെറിയൊരു സ്റ്റാഫ് റൂം അല്ലാതെ ഒന്നു തലചായ്ച്ചു കിടക്കാൻ പോലും അന്നൊന്നും സൗകര്യമില്ലായിരുന്നു. പലരും മരുന്നു കഴിക്കുന്നവരായിരിക്കും, ശാരീരികമായി പ്രയാസപ്പെടുന്നവരാകും ... ആരറിയുന്നു?
ഏറെ നിൽക്കുന്നതു മൂലം കാലിലേക്കുള്ള രക്തയോട്ടം കുറഞ്ഞുണ്ടാകുന്ന പ്രശ്നങ്ങൾ, ഒച്ചയെടുത്ത് പഠിപ്പിക്കുന്നതുവഴി തൊണ്ടയ്ക്കു വരുന്ന പ്രയാസങ്ങൾ, സ്വരം നഷ്ടപ്പെടുക എന്നിങ്ങനെ അധ്യാപകജോലിയുടെ അനന്തര പ്രയാസങ്ങൾ ഒട്ടേറെയുണ്ട്.
പക്ഷേ, ഞാനിതിനെയെല്ലാം അതിജീവിച്ചത് ബോധപൂർവമായ ചില തയാറെടുപ്പുകളിലൂടെയാണ്. എന്റെ കാര്യത്തിൽ സൂര്യനല്ല രാത്രിയും പകലും നിശ്ചയിച്ചിരുന്നത്. രാത്രി പകലാക്കിയാണ് ജോലികൾ തീർത്തിരുന്നത്. അലക്കും കുളിയും ഒക്കെ രാത്രിയിലാണ്. അതുകഴിഞ്ഞാൽ പിറ്റേന്നത്തേക്ക് നോട്ട് തയാറാക്കും. ബിഎഡ് കോളജിൽ പഠിപ്പിച്ചിരുന്ന കാലത്ത് മൂന്നു വിഷയങ്ങൾ വരെ പഠിപ്പിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, മലയാളം, സൈക്കോളജി... ആസ്വദിച്ചു സ്വയം പഠിച്ചാണ് നോട്ടുകുറിക്കുക. ഇതിനിടയിൽ ഇഷ്ടമുള്ള പുസ്തകം വായിക്കാനും ഇത്തിരി നേരം കണ്ടെത്തും. തിരക്കുകൾക്കിടയിൽ പിഎച്ച്ഡി പഠനം പൂർത്തിയാക്കിയതും സമയം ഇങ്ങനെ മാനേജ് ചെയ്താണ്.
ക്ലാസ്സെടുക്കുമ്പോൾ ഒരേ നിൽപ് നിൽക്കുന്ന ശീലമില്ല. ക്ലാസ്സിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും. കുട്ടികൾ പറയാതെ വിടുന്ന പലതും നിരീക്ഷിച്ചു കണ്ടുപിടിക്കാനുള്ള സമയം കൂടിയായിരുന്നു അത്. പലരും കളിയാക്കി പറയും. ‘ശ്രീദേവി ടീച്ചറെന്താ, കാലിൽ ആണിരോഗമുള്ളതുപോലെ നടന്നുകൊണ്ടേയിരിക്കുന്നത് എന്ന്’. നടന്നു പഠിപ്പിക്കുന്നതുകൊണ്ട് ക്ലാസ്സിൽ അലറി സംസാരിക്കേണ്ടി വന്നിട്ടില്ല. സ്വരത്തിൽ ഏറ്റക്കുറച്ചിൽ വരുത്തിയാണ് ക്ലാസ്സെടുക്കുക.
വൈകിട്ട് വീടെത്തിയാൽ എന്റെ മക്കളുടെ കൂടെ ചിരിച്ചും കളിച്ചും കുറച്ചുസമയം ചെലവിടും. ഭരതനാട്യവും മോഹിനിയാട്ടവും നാടോടി നൃത്തവുമൊക്കെ പഠിച്ചിട്ടുണ്ട്. ദിവസവും അൽപനേരം നൃത്തം ചെയ്യും. ഈ 80–ാം വയസ്സിലും നൃത്തം ചെയ്യണമെന്നു തോന്നിയാൽ ഞാൻ ചെയ്യാറുണ്ട്.
‘ആ ടീച്ചറെന്താ ഒന്നു ചിരിക്കുക പോലും ചെയ്യാത്തതെ’ന്ന് ചില ടീച്ചർമാരെ കുറിച്ച് പറഞ്ഞു കേൾക്കാറുണ്ട്. ജീവിക്കാനുള്ള പരക്കംപാച്ചിലിന്റെ സംഘർഷമാണ് പലരെയും അങ്ങനെ കടുപ്പക്കാരാക്കുന്നത്. കൗമാരത്തിലെത്തിയ കുട്ടികൾക്ക് ക്ലാസ്സെടുക്കുമ്പോൾ സ്വാഭാവികമായും സംഘർഷങ്ങളുണ്ടാകും. കാരണം, ഹോർമോൺ കളികൾ കൊണ്ടും, പ്രായത്തിന്റെ പ്രത്യേകത കൊണ്ടും അവരൽപം റിബലായിരിക്കും. അതിനോടെതിരിടുമ്പോൾ ടീച്ചർമാരുടെ സ്വരത്തിൽ കടുപ്പം വന്നുപോകും. ഭാഷ തരംതാണുപോകും. എന്നാലും അതുപാടില്ല തന്നെ.
ഗുരുനാഥനാവുക എന്നാൽ കുട്ടികളുടെ സുഹൃത്താവുക എന്നുകൂടിയാണ് ഞാൻ കണ്ടെത്തിയ അർഥം. നേരിട്ടു കാണുമ്പോൾ ചിരിക്കാനും തിരിച്ചൊരു ഗുഡ് മോണിങ് കൊടുക്കാനും മറക്കാതിരുന്നത് അവരിപ്പോഴും സ്നേഹത്തോടെ പറയാറുണ്ട്. കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോൾ അവർ ചിലപ്പോൾ നമുക്ക് ഗുരുനാഥരാകും.
കോട്ടൺ ഹിൽ സ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് ഒരിക്കൽ ഞാൻ പൂതപ്പാട്ടിലെ ഒരു ഭാഗം ചൊല്ലുകയാണ്.
ഒരു മിടുക്കൻ എണീറ്റുനിന്ന് പറഞ്ഞു. ടീച്ചറേ ഇങ്ങനെയല്ല ആ കവിത ചൊല്ലേണ്ടത്. ‘പിന്നെ എങ്ങനെയാണ്? ’ഞാൻ ചോദിച്ചു. അവൻ ഈണത്തിൽ, താളത്തിൽ അതു ചൊല്ലി...ആഹാ, എന്തുരസം...
പിന്നെയൊരിക്കൽ ‘ആരുവാങ്ങുമിന്നാരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം...’ ചൊല്ലുകയാണ്. അപ്പോൾ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു പറഞ്ഞു. ടീച്ചറേ, അങ്ങനെയല്ല.‘സ്വർണചാമരം വീശി എത്തുന്ന..’ എന്ന സിനിമാപാട്ടിന്റെ ഈണത്തിൽ പാടണം. അങ്ങനെ ഞാനൊന്നു പാടിനോക്കി....എത്ര മനോഹരമായിരിക്കുന്നു.
ഒരിക്കൽ ക്ലാസ്സെടുക്കുന്നതിനിടയിൽ ഡയസിന്റെ സമീപത്തുള്ള തുളയിലേക്ക് സാരിത്തുമ്പ് വീണുപോയി. വലിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ഇത്തിരി കീറി. അപ്പോൾ ഒരു ആൺകുട്ടി മുൻപോട്ടു വന്നു പറഞ്ഞു. ടീച്ചർ അവിടെ അനങ്ങാതെ നിൽക്കൂ. എന്നിട്ട് വളരെ പെട്ടെന്ന് ആ സാരി കീറാതെ പുറത്തെടുത്തു തന്നു. പോകാൻനേരം സ്വരം താഴ്ത്തി എന്നോടു പറഞ്ഞു. ‘‘ശാർദ്ദൂലവിക്രീഡിതം പഠിപ്പിക്കാനറിയാം, സാരി കീറാതെ എടുക്കാനറിയില്ല...’’ എന്തൊരു ആത്മവിശ്വാസം, എന്തൊരു ആർജവം. ഞാനവനെ മനസ്സുകൊണ്ട് ഒന്നു കെട്ടിപ്പിടിച്ചു.
കുഞ്ഞുങ്ങളിലുള്ള ആ ആത്മവിശ്വാസത്തിന്റെ തിളക്കത്തെ ഞാൻ ഒരിക്കലും ഊതിക്കെടുത്തിയിട്ടില്ല. ആ കുട്ടികളിൽ നിന്നൊക്കെ ഞാൻ പലതും പഠിക്കുകയായിരുന്നു.
ഇതു യഥാർഥത്തിൽ അധ്യാപക ദിനമല്ല. കുട്ടികളുടെ ദിനമാണ്. കുട്ടികളുടെ ഒാർമകളിലൂടെയാണ് ഇത് അധ്യാപക ദിനമാകുന്നത്. കുട്ടികളില്ലെങ്കിൽ അധ്യാപകദിനം ഇല്ല എന്നാണ് എന്റെ പക്ഷം’’