Saturday 02 May 2020 03:43 PM IST

ലാപ്ടോപ്–മൊബൈൽ ഉപയോഗം ശരീരവേദനയ്ക്കിടയാക്കുന്നുണ്ടോ? ഈ ടിപ്സ് ഉറപ്പായും സഹായിക്കും

Asha Thomas

Senior Sub Editor, Manorama Arogyam

work-from-home1

പലർക്കും വീട് ഓഫീസ് ആയിട്ട് മാസങ്ങളായി.  ലാപ് ടോപ്പ് അല്ലെങ്കിൽ മൊബൈൽ കൊണ്ടാണ് മിക്കവരും  ടൈപ്പിങ് ഉൾപ്പെടെ ജോലികൾ ചെയ്യുന്നത്.  ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വർക് ഫ്രം ഹോം ചെയ്തിരുന്നപ്പോൾ വലിയ പ്രയാസങ്ങൾ ഇല്ലായിരുന്നു. ദിവസവും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ നടുവേദനയും തോളുവേദനയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി.

ഓഫിസിലെ പോലെ വീട്ടിൽ ഇരുന്നു ജോലി ചെയ്യുമ്പോഴും ശരീരത്തിന് അധികം ആയാസമുണ്ടാകാതിരിക്കാൻ വേണ്ടുന്ന മുൻകരുതലുകൾ സ്വീകരിക്കണം.  കസേരകളും ലാപ്ടോപും മേശയും ഓരോ വ്യക്തിക്കും ഏറ്റവും ആയാസരഹിതമായി ജോലി ചെയ്യാവുന്ന വിധം ക്രമീകരിക്കണം.

work2

ആദ്യം കസേരയുടെ കാര്യമെടുക്കാം. ഓഫിസ് കസേര പോലെ എർഗണോമിക്കൽ ആയ കസേര വീടുകളിൽ കാണണമെന്നില്ല. പ്ലാസ്റ്റിക് കസേരകളോ ഊണുമേശയുടെ കസേരയോ ആകട്ടെ ഒരു കുഷ്യനോ ടവൽ ഉരുട്ടിയതോ വച്ച് നടുവിന് നല്ല താങ്ങ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക. കൈമുട്ട് താങ്ങി വയ്ക്കാവുന്ന കസേര അല്ലെങ്കിൽ കഴിയുന്നത്ര മേശയ്ക്ക് അടിയിലേക്ക് കാൽ കയറ്റി ഇരുന്ന് കൈമുട്ട് മേശയിൽ ഊന്നി വയ്ക്കുക. അപ്പോൾ കൈമുട്ട് തൂങ്ങിക്കിടക്കുന്നത് ഒഴിവാക്കാം. പക്ഷേ ശരീരഭാരം മുഴുവൻ കയ്യിലേക്ക് ഊന്നരുത്.

രണ്ടാമത് ശ്രദ്ധിക്കേണ്ടത് തോൾ പലകയ്ക്ക് നല്ലതാങ്ങ് ലഭിക്കുന്നുണ്ടോ എന്നാണ്. സാധാരണ ചെയറിനു പലപ്പോഴും നമ്മുടെ തോൾ പലകയുടെ അത്ര വരെ ഉയരമുണ്ടാകില്ല. നടുവിനു മാത്രം താങ്ങു നൽകുന്ന കസേര ഉപയോഗിച്ചിട്ട് കാര്യമില്ല.  ഒരു കുഷ്യൻ കൂടി ഇട്ട്  തോളെല്ലു വരെ താങ്ങ് ലഭിക്കുന്ന രീതിയിൽ ക്രമീകരിക്കണം. 

work3

മൂന്നാമതായി ശ്രദ്ധിക്കേണ്ടത് ലാപ്ടോപ്പിന്റെ പൊസിഷനാണ്. ലാപ് ടോപ്പിലേക്ക് കുനിഞ്ഞ് കൂനിയിരിക്കുന്ന സാഹചര്യം ഒഴിവാക്കണം. ബുക്ക് ഉപയോഗിച്ച് ലാപ്ടോപ്പ് ഉയർത്തി സ്ക്രീൻ കണ്ണിന്റെ ലെവലിൽ വരും പോലെ വച്ചിട്ട് ഒരു എക്സ്റ്റേണൽ കീബോഡ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. കീബോഡ് വാങ്ങുന്നത് പ്രായോഗികം അല്ലെങ്കിൽ ലാപ് ടോപ്പിന്റെ ടൈപ്പ് ചെയ്യുന്ന ഭാഗം 30 ഡിഗ്രി ചെരിച്ചു വയ്ക്കുകയും സ്ക്രീൻ 130 ഡിഗ്രി നിവർത്തി വെക്കുന്നതും പരീക്ഷിക്കാം. അപ്പോഴും മുൻപോട്ട് കൂനിയിരുന്ന് ടൈപ്പ് ചെയ്യരുത്.

മൊബൈലിൽ ടൈപ്പ് ചെയ്യുമ്പോഴും കുനിഞ്ഞ് കൂനിയിരിക്കാതെ മൊബൈൽ ഉയർത്തി വച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എപ്പോഴും മൊബൈൽ പിടിച്ചിരിക്കുന്ന കൈമുട്ട്  എവിടെയെങ്കിലും താങ്ങിവച്ച് മാത്രം ഉപയോഗിക്കുക. 

ഒരു പാടു നേരം ടൈപ്പ് ചെയ്യുന്നത് വിരലുകൾക്ക് വേദനയുളവാക്കാം ' ടെക്സ്റ്റ് തമ്പ് പോലുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ വിരലുകൾ ഇടയ്ക്കിടെ മടക്കിയും നിവർത്തും ലഘു വ്യായാമം നൽകുക. 

കമിഴ്ന്നു കൈമുട്ട് ഊന്നി കിടന്ന് ഇടയ്ക്ക് ഫോണിൽ വർക് ചെയ്യാം. അങ്ങിനെ ചെയ്യുമ്പോൾ കഴുത്തു പുറകോട്ടു വളഞ്ഞിരിക്കും. അത് ഇരുന്നു വർക് ചെയ്യുമ്പോഴുള്ള ആയാസം കുറയ്ക്കാൻ നല്ലതാണ്.

ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കാൻ

മിക്കവരും ഡൈനിങ് ടേബിളിനെയാകും താൽക്കാലിക ഓഫിസ് ആക്കിയിട്ടുണ്ടാവുക. ജോലിയും ടി വി കാണലും ഭക്ഷണം കഴിക്കലും ആയി മണിക്കൂറുകൾ അവിടെ തന്നെ ഒരേ ഇരിപ്പ്‌ ഇരുന്നാൽ ശരീരം പിണങ്ങും. 45 മിനിറ്റ് കൂടുമ്പോൾ ഒന്ന് എണീറ്റ് മൂരി നിവർന്ന്, അൽപം വെള്ളവും കുടിച്ച് വന്നിരിക്കുക.

ഈ വ്യായാമങ്ങൾ പരിശീലിക്കാം

∙ വാതിൽ പടിയിൽ നിന്ന് കൈകൾ മേലോട്ടുയർത്തി മേൽ കട്ടിളയിൽ പിടിക്കുക.  തുടർന്നു നടുവ് മുൻപോട്ടും കഴുത്തു പിന്നോട്ടും വളച്ച് സ്ട്രെച്ച് ചെയ്യുക. 

∙ ഒന്നു രണ്ടു മണിക്കൂർ ടൈപ്പ് ചെയ്ത് കഴിയുമ്പോൾ തല പിന്നാക്കം വളച്ച് ഒരു മിനിറ്റ് നേരം സ്ട്രെച്ച് ചെയ്യുന്നത് നല്ലതാണ്. ഇതു കഴുത്തുവേദനയും മറ്റു പ്രയാസങ്ങളും കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

∙ ഇടയ്ക്കിടയ്ക്ക് കഴുത്ത് മുൻപോട്ടും പിറകോട്ടും വശങ്ങളിലേക്കും തിരിച്ച് ലഘുവായ ചില സ്ട്രെച്ചിങ്ങുകളും ചെയ്യണം.

വിവരങ്ങൾക്ക് കടപ്പാട്

സുമേഷ് കുമാർ

സീനിയർ ഫിസിയോ തെറപ്പിസ്റ്റ്,

റിലീഫ് ഫിസിയോ തെറപി സെന്റർ, തൊടുപുഴ

Tags:
  • Manorama Arogyam
  • Health Tips