Monday 30 September 2019 10:12 AM IST

അണിയുന്ന വളകളും ധരിക്കുന്ന പാദരക്ഷയും പറയും നിങ്ങളുടെ പ്രായം; ചെറുപ്പമായിരിക്കാൻ അക്സസറീസ് ടിപ്സ്

Santhosh Sisupal

Senior Sub Editor

acc

നിങ്ങളുടെ യൗവനവും സൗന്ദര്യവും കാണുന്നവരുടെ കണ്ണിലാണ്–എന്ന അടിസ്ഥാന പ്രമാണമാണ് പ്രായം പത്തുവയസ്സെങ്കിലും കുറഞ്ഞതായി തോന്നാനുള്ള വഴികൾ തിരയാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. മധ്യവയസ്സു കടക്കുമ്പോഴാണ് പ്രായമേറിത്തുടങ്ങിയതിന്റെ ലക്ഷണം സ്വയം തിരിച്ചറിഞ്ഞു തുടങ്ങുന്നത്. വായിക്കാൻ പത്രം അൽപം അകറ്റിപ്പിടിക്കുന്നതുമുതൽ, മുടിയിൽ വീഴുന്ന വെള്ളി വരകളും കയറിത്തുടങ്ങുന്ന കഷണ്ടിയും ചുറുചറുക്കിന്റെ കുറവും നേരിയ ക്ഷീണവുമൊക്കെയായി വാർധക്യത്തിലേക്കുള്ള വാതായനങ്ങൾ ഒരോന്നായി തുറന്നു വരുന്നതു നമ്മളറിയും. അദ്യമൊക്കെ അതൊന്നും സാരമില്ല, സ്വാഭാവികമല്ലേ എന്നൊക്കെ വിചാരിച്ചാലും ചേട്ടാ... ചേച്ചീ... എന്നുള്ള വിളികളുെട സ്ഥാനം അങ്കിൾ... ആന്റീ... വിളികൾക്കു വഴിമാറുമ്പോൾ പ്രായം നമ്മിലേൽപിച്ച വിരൽപാടുകൾ സത്യമാണെന്ന് അംഗീകരിച്ചു തുടങ്ങും. അപ്പോഴാണ് എങ്ങനെ ചെറുപ്പം വീണ്ടെടുക്കാമെന്ന ചിന്ത കടന്നു വരുന്നത്.

ആരോഗ്യകരമായ ജീവിതശൈലിയാണ് വാർധക്യം വൈകിപ്പിക്കാനോ യൗവനം പരമാവധി നിലനിർത്താനോ ഉള്ള ശരിയായ മാർഗം. എന്നാൽ ഒറ്റക്കാഴ്ചയിൽ തന്നെ ‘‘നല്ല ചെറുപ്പമാണല്ലോ’’ എന്നു തോന്നിപ്പിക്കാൻ ഏതു പ്രായത്തിലെത്തിയവർക്കും ആഗ്രഹമുണ്ടാകും. അതിനു സ്വീകരിക്കാവുന്ന കുറുക്കുവഴികളുണ്ട്. അവയിൽ ഏറ്റവും പ്രായോഗികവും നടപ്പാക്കാൻ എളുപ്പവുമായ വഴികളാണ് ഇവിടെ വിവരിക്കുന്നത്.

അക്സസറീസ് ടിപ്സ്

മാലയും വാച്ചും ബാഗും മുതൽ ബെൽറ്റും ഷൂവും വരെയുള്ള അക്സസറീസ് ശ്രദ്ധയോടെ ഉപയോഗിക്കുന്നത് ചെറുപ്പഭാവങ്ങൾക്ക് തിളക്കം കൂട്ടും. അവയുെട നിറം, വലുപ്പം, തിളക്കം,ഗുണനിലവാരം എന്നിവയൊക്കെ പ്രധാനമാണ്.

ഒരെണ്ണത്തിൽ ശ്രദ്ധ

ഹെയർ പിൻ മുതൽ പാദരക്ഷകൾ വരെയുള്ള അക്സസറികളിൽ നോക്കുന്നവരുടെ ശ്രദ്ധ ഒന്നോ രണ്ടോ എണ്ണത്തിലധികം കാര്യങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. വലുപ്പമേറിയ ചുട്ടിയുള്ള മാല ധരിക്കുന്ന ഒരാൾ അതിനേക്കാൾ ചെറിയ കമ്മലും കനം കുറഞ്ഞവളയും മറ്റും ഉപയോഗിക്കുന്നതാണ് ഉചിതം. ശ്രദ്ധേയമായ ഒരു ഷൂവോ ചെരുപ്പോ ധരിക്കുന്ന സ്ത്രീകൾക്ക് ഒരു ക്ലച് പേഴ്സ് കൂടി ഉപയോഗിക്കാം. എന്നാൽ മറ്റ് അക്സസറീസ് വളരെ പ്രകടമാവുന്നവയാകരുത്. ഇത്തരം ശ്രദ്ധകൾ യൗവനാകർഷണം കൂട്ടും.

ബെൽറ്റിലെ രഹസ്യം

പാന്റ്സോ മറ്റ് വസ്ത്രങ്ങളോ അരക്കെട്ടിൽ പിടിച്ചു നിർത്താനുള്ള പോംവഴി ആയല്ല ബെൽറ്റ് ഉപയോഗിക്കേണ്ടത്. ഷർട്ട് ഇൻസർട്ട് ചെയ്യുന്നവർക്ക് ബെൽറ്റ് ഫാഷൻ അക്സസറി കൂടിയാണ്. ഒരു കാരണവശാലും. ബെൽറ്റ് കൂടുതൽ മുറുക്കി പാന്റ്സ് ഉറപ്പിക്കരുത്. ശ്രമത്തിനിടയിൽ പാന്റ് ചുളുങ്ങുന്ന ഒറ്റക്കാഴ്ച തന്നെ പ്രായം കൂടുതൽ പ്രകടിപ്പിക്കും. വലുപ്പം വളരെ കൂടുകയോ കുറയുകയോ ചെയ്യാത്ത ബക്കിളോടുകൂടിയ, അധികം വീതിയുള്ളതോ മെലിഞ്ഞതോ ആകാത്ത ബെൽറ്റാണ് ഉത്തമം. ഷർട്ടിനു വിപരീത നിറത്തിലോ പാന്റ്സിന്റെ നിറത്തേക്കാൾ ഇരുണ്ടതോ ആയ ബെൽറ്റ് ആണ് ഉചിതം. മാത്രമല്ല പാന്റ്സ് അധികം മുകളിലേക്ക് ഉയരാതെ അരക്കെട്ടിന്റെ ഭാഗത്തുതന്നെ ബെൽറ്റ് ഉറപ്പിക്കണം.

ചെരുപ്പും ഷൂവും

പാദരക്ഷകളിൽ മുൻവശം കൂർത്തവയേക്കാൾ യുവത്വം പൊതുവേ ചതുരാകൃതിയിലിരിക്കുന്നവ നൽകും. സാൻ‌ഡൽസ് ധരിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാം. ഷൂവിന് കറുപ്പിനു പകരം ബ്രൗൺ, തുകൽ കളറുകളാണ് കൂടുതൽ നന്ന്. പാന്റ്സും ഷൂവും വ്യത്യസ്ത കളറാകുന്നതും പ്രായം കുറച്ച് തോന്നിക്കാം.

കണ്ണട അലങ്കാരം

പ്രായം നാൽപതു കഴിയുമ്പോൾ മിക്കവർക്കും കണ്ണട പതിവാക്കേണ്ടിവരാം. പ്രായം വിളിച്ചു പറയുന്ന ഈ കണ്ണടകളെ യുവത്വം മെച്ചപ്പെടുത്താനും ഉപയോഗിക്കാം. മുഖത്തിന്റെ ആകാരത്തിന് ഇണങ്ങുന്ന ഫ്രെയിമുള്ള കണ്ണട തിരഞ്ഞെടുക്കണം. റീഡിങ് ലെൻസ് വേർതിരിച്ചു കാണാത്ത പ്രോഗ്ലസീവ് െലൻസ് യൗവനഭാവം നൽകും. കൺപോളകളുടെ ചുളിവും ക്ഷീണവും മറയ്ക്കാൻ കട്ടിയുള്ളതും നിറമുള്ളതുമായ ഫ്രെയിം ഉപയോഗിക്കാം.