Tuesday 06 February 2018 05:22 PM IST

എപ്പോഴും സന്തോഷവതിയായിരിക്കാൻ ചില ടെക്നിക്കുകളുണ്ട്; ദിവ്യ പങ്കുവയ്ക്കുന്നു ആ പോസിറ്റീവ് രഹസ്യങ്ങള്‍

Santhosh Sisupal

Senior Sub Editor

divya

കേരളത്തിലെ വീട്ടമ്മമാരുടെ ജനപ്രിയനായികയാണ് ദിവ്യ. ‘അമ്മത്തൊട്ടിലും’ ‘സ്ത്രീമനസ്സും’ കടന്ന് ‘സ്ത്രീധനം’ സീരിയലിലെ നായിക ആയപ്പോഴേക്കും ടി വി സീരിയൽ രംഗത്ത് സൂപ്പർനായികാ പദവിയിലേക്ക് ദിവ്യ വിശ്വനാഥ് ചുവടുവച്ചു. ഇപ്പോൾ ‘മാമാട്ടിക്കുട്ടി’യെന്ന സീരിയിലിലെ സാന്ദ്രയെന്ന നായികാകഥാപാത്രത്തേയും വീട്ടമ്മമാർ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. പി.വാസുവിന്റെ പുലിവേഷം ഉൾപ്പെടെ തമിഴും മലയാളത്തിലുമായി നാലുസിനിമകളും അഭിനയിച്ചുകഴിഞ്ഞു.

തണുത്ത പുലരികൾ


മാസത്തിൽ പകുതിദിവസവും സീരിയൽ ഷൂട്ടിങ് ആണ്. ശേഷിക്കുന്ന ദിവസങ്ങൾ ഭർത്താവ് രതീഷിനൊപ്പം മുംബൈ ഗൊരേഗാവിലെ ഫ്ലാറ്റിലും.
വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായി ഇതാണു ശീലം. മുംബൈയിലായിരിക്കുമ്പോഴാണ് നാടിനെക്കുറിച്ച്, ജനിച്ചുവളർന്ന കട്ടപ്പനയെക്കുറിച്ച് ഏറെ ഓർക്കുന്നത്. രാവിെല ഉണരുമ്പോൾ‘‘ഹൊ..എന്താരു തണുപ്പ്’’ എന്നു പറയിപ്പിക്കുന്ന കട്ടപ്പനയിലെ തണുത്തപുലരികളാണ്  എന്റെ ഏറ്റവും നല്ല ഓർമക്കൂട്ട്– കുളിർ ചിരിയോടെ ദിവ്യ മനസ്സു തുറന്നു.

ഈ ചിരിക്കു പിന്നിൽ


എപ്പോഴും പുഞ്ചിരിക്കുന്ന,ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുന്ന–ഈ ദിവ്യയെ സീരിയലിൽകാണാറില്ലല്ലോ?
അതൊരു കഥയാണ്. സ്ത്രീധനം സീരിയലിലെ നായികയുടെ പേരും ദിവ്യ എന്നായായിരുന്നു. പെട്ടെന്നു സങ്കടം വരുന്ന, പെട്ടെന്നു കരയുന്ന പാവം നായിക. നാലര വര്‍ഷമാണ് ആ കഥാപാത്രമായി അഭിനയിച്ചത്. അഭിനയിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ ഞാൻ പോലുമറിയാതെ ആ കഥാപാത്രത്തിെന്റ പല സ്വഭാവങ്ങളും എന്നെ ബാധിക്കാൻ തുടങ്ങി.
ആദ്യമൊന്നും മനസ്സിലായില്ല. പിന്നെ അഭിനയമില്ലാത്ത ദിവസങ്ങളിലും എന്റെ പെരുമാറ്റം ഏതാണ്ടതുപോലെ തന്നെയായി. എന്റെ സ്വഭാവവും പെരുമാറ്റവും ജീവിതവും അങ്ങനെ ആയിപ്പോകുമോ എന്നു വരെ പേടിച്ചു പോയി. സ്ത്രീധനം കഴി‍ഞ്ഞതോടെ ക്രമേണ അതു മാറി. ഇനി അങ്ങനെ ഒരു കഥാപാത്രം ചെയ്യാതിരിക്കുകയാണ് നല്ലതെന്നും തീരുമാനിച്ചു. അതിന്റെ കൂടി ഫലമാണ് മാമാട്ടിക്കുട്ടി എന്ന പുതിയ സീരിയലിലെ സാന്ദ്ര എന്ന കഥാപാത്രം. നല്ല ആക്ടീവായ, ബോൾഡ് ആയ പൊസിറ്റീവ് ക്യാരക്ടർ.
കൊച്ചുകാര്യങ്ങൾ മതി എനിക്കു സന്തോഷിക്കാൻ. അതുപോലെ കെയറിങ് കിട്ടണമെന്ന് വല്യ ആഗ്രഹവുമുണ്ട്. രതീഷേട്ടനും അമ്മയെപ്പോലെ എന്നെ കെയർചെയ്യുന്നയാളാണ്. അതൊരു വലിയഭാഗ്യമാണ്.

മുടിയഴകിന്റെ രഹസ്യം


കുട്ടിക്കാലത്തേ നല്ല മുടിയുണ്ട്. ചില അമ്മമാർ അടുത്തുകാണുമ്പോൾ മുടിയിൽ തൊട്ടുനോക്കി പറഞ്ഞിട്ടുണ്ട്–‘ടി വി യിൽ കണ്ടപ്പോ ഒറിജനലാന്നു വിചാരിച്ചില്ല’എന്ന്. പക്ഷേ സത്യം പറയട്ടെ, മുടിയിലോ മുഖത്തോ കാര്യമായ ഒരു പരിചരണവും ചെയ്യാറില്ല. പിന്നെ നല്ല വെള്ളം കിട്ടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഷൂട്ടിനു പോകുമ്പോൾ കാൻ വെള്ളത്തിലേ മുടി കഴുകൂ.


ഇപ്പോ ഇത്തിരി മുടികൊഴിച്ചിലൊക്കെയുണ്ട്. മുംബൈയിലോ കട്ടപ്പനയിൽ അമ്മയുെട അടുത്തോ ആയിരിക്കുമ്പോൾ മുട്ടയുടെ വെള്ള ഇടയ്ക്ക് പുരട്ടും. എൻെറ  കൂട്ടുകാരി പറഞ്ഞുതന്ന ഒരു ഒറ്റമൂലിയുണ്ട്. നല്ല ഫലവുമുണ്ട്. അതായത്, മാസത്തിൽ മൂന്നു നാലു തവണയെങ്കിലും തേങ്ങാപ്പാൽ തലയിലും മുടിയിലും പുരട്ടി തലയിൽ മസ്സാജ് ചെയ്യും. അരമണമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയും. തലയ്ക്കു നല്ല തണുപ്പും മുടിക്ക് തിളക്കവും കിട്ടും. മുടികൊഴിച്ചിലും കുറഞ്ഞെന്നാ തോന്നുന്നെ..

പിരിമുറുക്കങ്ങൾ


ഷൂട്ടിങ് കഴിഞ്ഞ് മുംബൈയിലെത്തിയാൽ രണ്ടു ദിവസം തുടർച്ചയായ ഉറക്കമാണ്. ഈ ഉറക്കത്തിലാണ് ഷൂട്ടിങ്ങിന്റെ തിരക്കും പിരിമുറുക്കവുമെല്ലാം മാറ്റുന്നത്. ചെറിയ കാര്യങ്ങൾ പോലും സന്തോഷിപ്പിക്കുന്ന എനിക്ക് ടെൻഷനാവാനും ചെറിയ കാര്യങ്ങൾ മതി. അതൊക്കെ തീരുന്നത് ഈ ഉറക്കത്തിലാണ്.
കൊച്ചിയിൽ നടിക്കെതിരേ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥയാക്കി. ഏതാണ്ട് സമാന അവസ്ഥ ഒരിക്കലുണ്ടായിട്ടുണ്ട്. അതിനെ ശക്തമായി എതിർത്തു. ആ പ്രോജക്ടിൽ നിന്നു തന്നെ മാറിനിന്നു.  എല്ലാ രംഗത്തും മോശക്കാരുണ്ടാവാമെന്നതുപോലെ സീരിയൽ രംഗത്തുമുണ്ട്. പക്ഷേ  അതിനു ശേഷം ഒരു എക്സ്ട്രാ കെയർ എടുക്കും.

പാചകം, ഭക്ഷണം


അച്ഛൻ വിശ്വനാഥനും അമ്മ ഖദീജയും അധ്യാപകരാണ്. അമ്മയുെട പാചകം സൂപ്പറാണ്. ഭക്ഷണം പാചകം ചെയ്യലിൽ ഞാൻ എക്സ്പെർട്ടല്ല. ഇപ്പോ എന്റെ ഗുരു ഭർത്താവ് രതീഷേട്ടനാണ്. നാട്ടിലെ ഭക്ഷണം തന്നയാണ് ഇഷ്ടം. കഞ്ഞിയും പയറും പപ്പടവും ഇഷ്ട കോംപിനേഷനാണ്. അതും അമ്മയുണ്ടാക്കിയത്, കട്ടപ്പനയിലിരുന്നു കഴിക്കണം. അതൊരു പ്രത്യേക രുചിയാണ്. അമ്മയുണ്ടാക്കുന്ന നാടൻ കോഴിക്കറിയാണ് ഏറ്റവും ഹരം. ഇപ്പോ രതീഷേട്ടനും അതു പോലെ കോഴിക്കറിയുണ്ടാക്കും. ഞാൻ  ഉണ്ടാക്കിയാൽ ഇപ്പഴും അത്രയ്ക്ക് അങ്ങ് പോര– പരിഭവ ചിരിയോടെ ദിവ്യ പറയുന്നു.