Wednesday 22 April 2020 07:36 PM IST

കുട്ടികളെ ശീലിപ്പിക്കാം ആനിമൽ എക്സർസൈസ്

Chaithra Lakshmi

Sub Editor

ex

ദിവസവും ആറ് മിനിറ്റ് നേരം പരിശീലിക്കാം ആ നിമൽ എക്സർസൈസ്. കുട്ടികളുടെ ശാരീരികക്ഷമത വർധിക്കാനും ബുദ്ധിശക്തി മെച്ചപ്പെടാനും ഈ വ്യായാമം സഹായിക്കും.

മൃഗങ്ങളെ അനുകരിക്കാൻ മിക്ക കുട്ടികൾക്കും ഇഷ്ടമാണ്. ആ ഇഷ്ടത്തിലൂടെ  വ്യായാമം  പരിശീലിക്കാമെന്നതാണ് ആനിമൽ എക്സർസൈസിന്റെ ഗുണം. വീടിനുള്ളിൽത്തന്നെ ലളിതമായി ചെയ്യാവുന്ന ഈ വ്യായാമം പതിവാക്കിയാൽ  കുട്ടികൾ മിടുക്കരാകും.

 ആനിമൽ , എക്സർസൈസ് പതിവായി ശീലിക്കുന്നത് ശാരീരികക്ഷമത വർധിക്കാനും കുട്ടികളുടെ ബുദ്ധിശക്തി മെച്ചപ്പെടാനും സഹായിക്കും.  ശരീരത്തിലെ മിക്കവാറും എല്ലാ മസിലുകൾക്കും വ്യായാമം നൽകുന്ന ആനിമൽ എക്സർസൈസ് മസിലുകളുടെ വഴക്കവും ഏകോപനവും മെച്ചപ്പെടുത്തും. പതിവായി ഈ വ്യായാമം ശീലിക്കുന്നത് ദേഷ്യം, ഉത്കണ്ഠ തുടങ്ങിയ വികാരങ്ങൾ നിയന്ത്രിക്കുന്നതിന് കുട്ടികളെ പര്യാപ്തരാക്കും.

ഓരോ വ്യായാമവും 45 സെക്കൻഡ് നേരം ചെയ്യണം. ഓരോ വ്യായാമത്തിന് ശേഷവും 15 സെക്കൻഡ് ഇടവേള നൽകുക. 

ഫ്രോഗ് ജംപ്സ്

 നമ്മുടെ തവളച്ചാട്ടം തന്നെയാണ് ഈ വ്യായാമം .  മുട്ടു മടക്കി കാലുകൾ അകത്തി ഇരിക്കുക. ഇനി  കൈപ്പത്തികളും പാദങ്ങളും നിലത്തൂന്നി തവളയെപ്പോലെ ചാടുക. മുറിയിൽ തവളയെപ്പോലെ ചാടി നടക്കുന്നത് കുട്ടികൾ ആസ്വദിക്കുമെന്നുറപ്പ്.

ബെയർ വാക്

ഇരുകാലുകളും അകറ്റി നേരെ നിൽക്കുക. തുടർന്ന് കുനിഞ്ഞ് ഇരുകൈപ്പത്തികളും നിലത്തമർത്തണം.  ഈ നിലയിൽ കൈകളും പാദങ്ങളും ഉപയോഗിച്ച് ഇടത് വശത്തേക്കും വലത്  വശത്തേക്കും നടക്കുക. 

സ്റ്റാർഫിഷ് ജംപ്സ്

നേരെ നിൽക്കുക. ഇനി മുകളിലേക്ക് ഉയർന്നു ചാടണം.   മുകളിലേക്ക് ഉയരുമ്പോൾ കൈകൾ കഴിയുന്നത്ര ആയത്തിൽ ആകാശത്തേക്ക് വിടർത്തുക. ഒപ്പം കാലുകൾ ഇരുവശത്തേക്കും വിടരുകയും വേണം.

 

ക്രാബ് ക്രോൾ

പാദം നിലത്തമർത്തി കാൽമുട്ടുകൾ മടക്കി തറയിൽ ഇരിക്കുക. ഇനി ഇരുകൈപ്പത്തിയും   പിന്നിലായി നിലത്തമർത്തണം. തുടർന്ന് ഇതേ നിലയിൽ കൈപ്പത്തികളും പാദങ്ങളുമൂന്നി ശരീരം മുകളിലേക്കുയർത്തുക.  ഈ രീതിയിൽ മുന്നോട്ടും പിന്നോട്ടും നടക്കണം.

ചീറ്റ റൺ

ഒരേ സ്ഥലത്ത് നിന്ന് കൊണ്ട് തന്നെ ഏറ്റവും വേഗത്തിൽ ഓടണം.

എലഫന്റ് സ്റ്റോംപ്സ്

വലതുകാൽ കഴിയുന്നത്ര മുകളിലേക്ക് ഉയർത്തി ശക്തിയായി തറയിൽ ചവിട്ടുക. തുടർന്ന് ഇടതുകാൽ മുകളിലേക്ക് ഉയർത്തി തറയിൽ ശക്തിയായി ചവിട്ടണം. ഒരേ ഇടത്ത് നിന്ന്  മാർച്ച് പാസ്റ്റ് നടത്തുന്നത് പോലെയാണ് ഈ വ്യായാമം ചെയ്യേണ്ടത്.