Friday 13 September 2019 05:53 PM IST

ഇനി നിങ്ങളെ ആരും ആന്റീ... എന്നു വിളിക്കില്ല! നാൽപ്പതിലും നിറയൗവനം, ചെറുപ്പമാകാൻ 10 മെയ്ക്കപ്പ് ടിപ്സ്

Santhosh Sisupal

Senior Sub Editor

aa

നിങ്ങളുടെ യൗവനവും സൗന്ദര്യവും കാണുന്നവരുടെ കണ്ണിലാണ്–എന്ന അടിസ്ഥാന പ്രമാണമാണ് പ്രായം പത്തുവയസ്സെങ്കിലും കുറഞ്ഞതായി തോന്നാനുള്ള വഴികൾ തിരയാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. മധ്യവയസ്സു കടക്കുമ്പോഴാണ് പ്രായമേറിത്തുടങ്ങിയതിന്റെ ലക്ഷണം സ്വയം തിരിച്ചറിഞ്ഞു തുടങ്ങുന്നത്. വായിക്കാൻ പത്രം അൽപം അകറ്റിപ്പിടിക്കുന്നതുമുതൽ, മുടിയിൽ വീഴുന്ന വെള്ളി വരകളും കയറിത്തുടങ്ങുന്ന കഷണ്ടിയും ചുറുചറുക്കിന്റെ കുറവും നേരിയ ക്ഷീണവുമൊക്കെയായി വാർധക്യത്തിലേക്കുള്ള വാതായനങ്ങൾ ഒരോന്നായി തുറന്നു വരുന്നതു നമ്മളറിയും. അദ്യമൊക്കെ അതൊന്നും സാരമില്ല, സ്വാഭാവികമല്ലേ എന്നൊക്കെ വിചാരിച്ചാലും ചേട്ടാ... ചേച്ചീ... എന്നുള്ള വിളികളുെട സ്ഥാനം അങ്കിൾ... ആന്റീ... വിളികൾക്കു വഴിമാറുമ്പോൾ പ്രായം നമ്മിലേൽപിച്ച വിരൽപാടുകൾ സത്യമാണെന്ന് അംഗീകരിച്ചു തുടങ്ങും. അപ്പോഴാണ് എങ്ങനെ ചെറുപ്പം വീണ്ടെടുക്കാമെന്ന ചിന്ത കടന്നു വരുന്നത്.

ആരോഗ്യകരമായ ജീവിതശൈലിയാണ് വാർധക്യം വൈകിപ്പിക്കാനോ യൗവനം പരമാവധി നിലനിർത്താനോ ഉള്ള ശരിയായ മാർഗം. എന്നാൽ ഒറ്റക്കാഴ്ചയിൽ തന്നെ ‘‘നല്ല ചെറുപ്പമാണല്ലോ’’ എന്നു തോന്നിപ്പിക്കാൻ ഏതു പ്രായത്തിലെത്തിയവർക്കും ആഗ്രഹമുണ്ടാകും. അതിനു സ്വീകരിക്കാവുന്ന കുറുക്കുവഴികളുണ്ട്. അവയിൽ ഏറ്റവും പ്രായോഗികവും നടപ്പാക്കാൻ എളുപ്പവുമായ വഴികളാണ് ഇവിടെ വിവരിക്കുന്നത്.

മെയ്ക്കപ്പ് ടിപ്സ്

1. ഈർപ്പം നിലനിർത്താം:

മുഖം ശുദ്ധജലത്തിൽ കഴുകി തുടച്ച് വൃത്തിയാക്കിയശേഷം ഒരു നല്ല മോയിസ്ചറൈസിങ് ക്രീം പുരട്ടുക. ഓയിൽ ബേസ്ഡ് ക്രീം ഒഴിവാക്കുക. മുഖത്തിനു പുറമേ പുറത്തുകാണുന്ന ശരീരഭാഗമായ കൈകളിലും പാദങ്ങളിലും മോയിസ്ചറൈസിങ് ക്രീം പുരട്ടാം. പതിവായി രാത്രിയിൽ പുരട്ടുന്നതും നല്ലത്.

2. ഫൗണ്ടേഷൻ അൽപം:

പ്രായം പ്രകടമാകുന്ന ചർമത്തെ മറയ്ക്കാനായി കട്ടിയേറിയ ഫൗണ്ടേഷൻ ഉപയോഗിക്കാറുണ്ട്. ഫൗണ്ടേഷൻ ഏറ്റവും നേരിയ അളവിൽ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം. മോയിസ്ചറൈസിങ് ക്രീം ഉപയോഗിച്ചശേഷം ഫൗണ്ടേഷൻ ഇട്ടാൽ കുറഞ്ഞ അളവിൽ മതിയാകും. പുരട്ടാൻ ഉപയോഗിക്കുന്ന സ്പോഞ്ച് അല്ലെങ്കിൽ ബ്രഷ് അൽപം ഈർപ്പമുള്ളതായിരുന്നാലും ഫൗണ്ടേഷന്റെ അളവ് കുറയ്ക്കാം. മുഖത്ത് ആവശ്യമുള്ള ഭാഗങ്ങളിൽ മാത്രം ഇത് പുരട്ടിയാൽ മതിയാകും.

3.കവിളുകൾ തുടുക്കാൻ:

യൗവന ലക്ഷണമാണ് തുടുത്ത കവിളുകൾ. അത് മെയ്ക്കപ്പിലൂടെ തിരിച്ചുകൊണ്ടുവരുന്ന മാർഗമാണ് ബ്ലഷ്. എന്നാൽ പലപ്പോഴും ബ്ലഷ് ചെയ്യുമ്പോൾ കൃത്രിമമായി നിറം പുരട്ടിയ പോലെ കാണാറുണ്ട്. അതിനുപകരം ഓരോരുത്തരുടെയും ചർമത്തിന് ഇണങ്ങുന്ന ‘ബ്രോൺസ്’ ഉപയോഗിക്കുന്നതാണ് നല്ലത്.

4.കണ്ണിനു മുൻപ് ചുണ്ട്:

കണ്ണിന് മെയ്ക്കപ് ചെയ്യുന്നതിനു മുൻപ് ചുണ്ടിനെ പരിഗണിക്കുന്നതാണ് ഉത്തമം. ലിപ്സ്റ്റിക്ക് അല്ലെങ്കിൽ ലിപ്ഗ്ലോ എന്നിവ പുരട്ടിയശേഷം ആവശ്യമുണ്ടെങ്കിൽ കണ്ണുകളിൽ മെയ്ക്കപ് ഇട്ടാൽ മതി. കണ്ണുകളിലെ മെയ്ക്കപ്പിനേക്കാൾ ചുണ്ടുകൾക്കു തെളിമ തോന്നണം.

5. ലിപ്സ്റ്റിക് എന്ന മാജിക്:

പുരുഷന്മാരെക്കാൾ പ്രായം ചുണ്ടുകളിൽ പ്രകടമാകുന്നത് സ്ത്രീകളിലാണ്. കടുത്ത നിറങ്ങളുള്ള ലിപ്സ്റ്റിക് പുരട്ടുന്നതിലൂടെ പ്രായം കുറയുകയല്ല കൂടുന്നതായാണ് തോന്നുക. അവരവരുടെ ചുണ്ടിലെ യഥാർഥ നിറത്തിന് ഒരു പടി മുകളിലുള്ള ഷെയ്ഡ് മാത്രം ഉപയോഗിക്കുക. അപ്പോൾ അത് ചുണ്ടിലെ യഥാർഥ നിറമായി തന്നെയാവും അനുഭവപ്പെടുക. പുരുഷൻമാർക്ക് മോയ്സ്ചറൈസിങ് ശേഷിയുള്ള ലിപ് ബാമുകൾ ഉപയോഗിക്കുന്നത് യുവത്വഭംഗി മടക്കി നൽകും.

6.ചുണ്ടുകളുെട വലുപ്പം:

പ്രായമേറുന്തോറും ചുണ്ടുകളുടെ വലുപ്പവും തുടുപ്പും കുറഞ്ഞുവരും. സ്ത്രീകളിലാണ് ഇത് പ്രകടം. ചുണ്ടിൽ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്, ഗ്ലോ അല്ലെങ്കിൽ ലൂമിനസ് എന്നിവ ചുണ്ട് തുടങ്ങുന്നതിനു തൊട്ടുമുകളിലുള്ള സ്കിൻലൈനിൽ ആരംഭിക്കണം. ഇത് ചുണ്ടുകളെ കാഴ്ചയിൽ കൂടുതൽ പ്രകടവും വലുപ്പമുള്ളതുമായി മാറ്റും.

7. കണ്ണിനു താഴെ നിറം മാറ്റം:

കൺപോളകൾക്കു താഴെ നിറം മങ്ങുന്നത് പ്രായാധിക്യം തോന്നിപ്പിക്കും. കണ്ണുകൾക്ക് ക്ഷീണവും ഇത് പ്രകടമാക്കും. ഇത് മറികടക്കാൻ അവരവരുടെ ചർമനിറത്തിനു യോജിച്ച വാട്ടർ പ്രൂഫ് ഐലൈനർ പെൻസിൽ ഉപയോഗിച്ച് നിറം നൽകി ആ കരിവാളിപ്പ് മറച്ചു പിടിക്കാം.

8.കണ്ണിലെ മെയ്ക്കപ്:

കൺപോളകൾക്കു നൽകുന്ന മെയ്ക്കപ്പിനേക്കാൾ കൂടുതൽ തെളിമ മൂക്കിനോടു ചേർന്ന കണ്ണിന്റെ ഉൾഭാഗത്ത് നൽകുന്നത് കൂടുതൽ യുവത്വം തോന്നിക്കും.

9.പുരികം നന്നാക്കാം:

പ്രായമേറുന്തോറും പുരികങ്ങളുടെ വലുപ്പവും കട്ടിയും കുറഞ്ഞുവരും. ഐ ബ്രോ പെൻസിലിന്റെ അഗ്രം പുരികത്ത് തൊടും വിധം പെൻസിൽ മൂക്കിന് സമാന്തരമായി ചേർത്ത് പിടിക്കുക. ഈ സമയം ടിപ് സ്പർശിക്കുന്ന ഭാഗത്തുനിന്നും വേണം പുരികം ആരംഭിക്കാൻ. കണ്ണിന്റെ പുറംകോണിന് നേരെ മുകളിൽ ആയിവേണം പുരികം അവസാനിപ്പിക്കാൻ. ഓരോരുത്തരുടെയും മുടിയുടെ നിറത്തിന്റെ ഒരു ഗ്രേഡ് മുകളിലുള്ള കറുത്ത ഐബ്രോ കളർ വേണം ഉപയോഗിക്കാൻ.

10 നര മറയ്ക്കാൻ:

പ്രായം വിളിച്ചു പറയുന്ന അടയാളമാണ് നര. മുടിയിലേയും മുഖരോമങ്ങളിലേയും നര ഡൈ ഉപയോഗിച്ചു മാറ്റാം. മുടിയുടെ നി റം കറുപ്പാണ് എന്നു പറയാറുണ്ടെങ്കിലും ഓരോരുത്തരുടെയും മുടിക്ക് ഷേഡ് വ്യത്യാസം കാണാം. അതിനോട് ഏറ്റവു അടുത്തു നിൽക്കുന്ന ഡൈ ഉപയോഗിക്കണം. ഡൈ ചെയ്യുമ്പോൾ മൊത്തം നരയും മറയ്ക്കാതെ 70–80 ശതമാനം മാത്രം ചെയ്താൽ കൂടുതൽ യുവത്വം ലഭിക്കും.

11. മസ്കാര മറക്കരുത്

ഏറ്റവും എളുപ്പത്തിൽ യൗവനം തോന്നിപ്പിക്കുന്ന ഒന്നാണ് മസ്കാര. കൺപീലികൾക്കു നിറവും കട്ടിയും തോന്നാനാണ് ഇതു ചെയ്യുന്നത്. പ്രായമേറുന്തോറും കൺപീലികളുടെ കട്ടിയും വളവും കുറഞ്ഞ് നേർത്തും നേർരേഖയിൽ ഉള്ളതുമായി മാറും. മസ്കാര ബ്രഷ് ഉപയോഗിച്ച് ഈ പീലികളെ 10–15 സെക്കൻഡ് നേരം പുറത്തേക്ക് ചുരുട്ടി പിടിക്കുന്നത് പീലികൾ പുറത്തേക്കു വിടർന്നു നിൽക്കാൻ സഹായിക്കും.

Tags:
  • Beauty Tips