Saturday 14 December 2019 01:44 PM IST

വയറു നിറയും വരെ ആഹാരം, മെലിയുന്നതിനോട് താത്പര്യമില്ല; അനുവിന്റെ ഇഷ്ടങ്ങളും ആരോഗ്യ രഹസ്യവും

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

anu-s

‘നല്ല ഭംഗിയുള്ളൊരു കുട്ടിയെ ഇപ്പോ സിനിമയിൽ കാണുന്നുണ്ടല്ലോ...’ എന്നു പലരും പറഞ്ഞത് അനു സിതാരയെക്കുറിച്ചു തന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ് ‘രാമന്റെ ഏദൻതോട്ടം’ എന്ന സിനിമയിൽ മാലിനിയായി അനു വരുന്നത്. വിടർന്ന കണ്ണുകളും നീളൻ മുടിയും നറുപുഞ്ചിരിയും കൊണ്ട് അനു മലയാളിയുടെ സങ്കൽപത്തിലെ അതേ ശാലീന സുന്ദരിയായി. എത്ര പെട്ടെന്നാണ് അനു സിതാര ആരാധകരുടെ ഹൃദയതാളമായത്. ഇപ്പോൾ മാമാങ്കം എന്ന സിനിമ കാഴ്ചയുടെ ഉത്സവമൊരുക്കി പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുമ്പോൾ അതിൽ വള്ളുവനാടൻ ഗ്രാമീണഭംഗിയുള്ള കഥാപാത്രമായി അനുസിതാരയുമുണ്ട്. ആരോഗ്യ സൗന്ദര്യ പരിചരണത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്ന അനുവിന് അതേക്കുറിച്ച് കുറേ കാര്യങ്ങൾ പറയാനുണ്ട്.

വീട്ടിലെ സൗന്ദര്യക്കൂട്ടുകൾ

ഞാൻ ബ്യൂട്ടിപാർലറിൽ പോകുന്നതു പുരികം ത്രെഡ് ചെയ്യാൻ മാത്രമാണ്. ഷൂട്ടിങ് തിരക്കൊഴിഞ്ഞു വീട്ടിലെത്തുമ്പോൾ സൗന്ദര്യപരിചരണത്തിനു നിർബന്ധിക്കുന്നതൊക്കെ എന്റെ മമ്മിയാണ്. വെള്ളരിക്കാനീര് മുഖത്തു പുരട്ടി വയ്ക്കണമെന്നു മമ്മി പറയും. പത്തു മിനിറ്റു കഴിഞ്ഞ് അതായത് ചെറുതായി ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയാം. മുഖം വൃത്തിയാകാനും തിളക്കം കിട്ടാനും ഇതു നല്ലതാണ്. വെള്ളരിക്ക വട്ടത്തിലരിഞ്ഞ് കണ്ണിനു മീതെ വയ്ക്കാറുണ്ട്. പനിനീരും ചെറുനാരങ്ങാനീരും വെള്ളരിക്കാനീരും യോജിപ്പിച്ചും മുഖത്തു പുരട്ടാറുണ്ട്. അതും പത്തു മിനിറ്റ് കഴിഞ്ഞു കഴുകും.

anu_sithara

മുടിയഴകിനായ്

മുടിയുടെ പരിചരണത്തിൽ ഏറെ ശ്രദ്ധിക്കാറുണ്ട്. വീട്ടിലെത്തുമ്പോൾ കറ്റാർവാഴയുടെ ജെൽ തലയോട്ടിയിൽ പുരട്ടിവയ്ക്കും. അപ്പോൾ തലയ്ക്കു നല്ല തണുപ്പും സുഖവും കിട്ടും. മാത്രമല്ല, ക്ഷീണമൊക്കെ മാറി ഫ്രഷ് ആകും. കുറച്ചു കഴിയുമ്പോൾ തല കഴുകും. മുടിയിൽ എണ്ണ സ്ഥിരമായി വയ്ക്കാറില്ല. മുടി വരണ്ടതാകുന്നു എന്നു തോന്നുമ്പോൾ മാത്രം വെർജിൻ കോക്കനട്ട് ഒായിൽ പുരട്ടാറുണ്ട്. കുളിക്കുന്നതിനു മുമ്പ് ഒലിവ് എണ്ണ കൊണ്ടു മുഖത്തും ശരീരത്തിലും മസാജ് ചെയ്യാറുണ്ട്.

Photo:SyamBabu ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ

മേക്കപ്പ് സിനിമയിൽ മാത്രം

എന്റെ ആകെയുള്ള ഒരുക്കം കണ്ണെഴുതലാണ്. അതു പണ്ടു മുതലേയുണ്ട്. സിനിമയിൽ മാത്രമേ മേക്കപ്പ് ഉപയോഗിക്കാറുള്ളൂ. ചില സിനിമകളിൽ മേക്കപ്പ് കൂടുതൽ വേണ്ടിവരും. ‘സർവോപരി പാലാക്കാരൻ’ എന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് മേക്കപ്പ് കൂടുതലുണ്ട്. മുഖത്തു ചെറിയ കുരുക്കളും മറ്റും വന്നപ്പോഴാണ് മേക്കപ്പ് അലർജി ശ്രദ്ധിച്ചു തുടങ്ങിയത്. അതുകൊണ്ടു തന്നെ മേക്കപ്പ് നീക്കം ചെയ്യുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. മുഖത്തു വെളിച്ചെണ്ണ തേച്ചുപിടിപ്പിച്ച് െഫയ്സ് വാഷ് കൊണ്ടു കഴുകിയാണ് മേക്കപ്പ് കളയുന്നത്. എണ്ണ നന്നായി കഴുകിക്കളയണം. പിന്നീട് മോയ്സ്ചറൈസർ പുരട്ടിവയ്ക്കും. ബ്രാൻഡഡ് കോസ്മെറ്റിക്സ് മാത്രമേ ഞാൻ ഉപയോഗിക്കൂ. ഷൂട്ടിങ് ലൊക്കേഷനുകൾ മാറുമ്പോൾ കാലാവസ്ഥാവ്യതിയാനം കൊണ്ടാകാം മുടികൊഴിച്ചിലുമുണ്ട്. എന്നാൽ വയനാട്ടിൽ കൽപറ്റയിലെ വീട്ടിലെത്തി ഒരാഴ്ച കഴിയുമ്പോൾ മുടികൊഴിച്ചിൽ കുറയുന്നതായി കാണാറുണ്ട്.

Photo:SyamBabu ഫോട്ടോ; ശ്യാം ബാബു

ചോറുണ്ണാൻ ഏറെയിഷ്ടം

എനിക്കു പ്രത്യേക ആഹാരചിട്ടകളൊന്നുമില്ല. മമ്മിയുണ്ടാക്കുന്ന ചോറും മുളകിട്ട മീൻകറിയുമാണ് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. പിന്നെ കൂൺ ഇഷ്ടമാണ്. ആഗ്രഹം തോന്നുന്നതെല്ലാം ഞാൻ കഴിക്കും. അത് എണ്ണയുള്ളതോ കൊഴുപ്പുള്ളതോ എന്നൊന്നും അങ്ങനെ ശ്രദ്ധിക്കില്ല. പക്ഷേ, ഒന്നും അമിതമാകില്ല. വയറു നിറയുന്നതുവരെ എന്നതാണു കണക്ക്. പാചകം ചെയ്യാനും ഇഷ്ടമാണ്. ചിക്കൻ, ഫിഷ്, കൂൺ, സാമ്പാർ ഇതൊക്കെ തനിയെ പാകപ്പെടുത്താറുണ്ട്. എന്നാൽ മധുരത്തോട് വലിയ ഇഷ്ടമൊന്നുമില്ല. ആഹാരത്തിന്റെ അളവു കുറച്ചു തീരെ മെലിയുന്നതിനോട് എനിക്കു താൽപര്യമില്ല. മെലിഞ്ഞ രൂപം എനിക്കു ചേരില്ല എന്നതാണ് യാഥാർഥ്യം. മെലിഞ്ഞാൽ ആദ്യം തന്നെ എന്റെ മുഖത്ത് അറിയാനാകും.

നൃത്തമാണ് പ്രധാന വ്യായാമം

ശരീരഭാരം 55–56 കിലോയിൽ കൂടാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഭാരം അൽപം കൂടുന്നു എന്നു തോന്നിയാൽ ഡാൻസ് പ്രാക്ടീസ് ചെയ്യും. കൽപറ്റയിൽ ‘നവരസ’ എന്ന പേരിൽ എനിക്കു ക്ലാസ്സിക്കൽ ഡാൻസ് സ്കൂളുണ്ട്.

ഡാൻസിൽ ശരീരം നന്നായി ഇളകുന്നതുകൊണ്ട് അനാവശ്യ കാലറിയൊക്കെ എരിഞ്ഞു പൊയ്ക്കൊള്ളും. അര മണിക്കൂറൊക്കെ ഡാൻസ് ചെയ്താൽ അതു നല്ലൊരു വ്യായാമമാണ്. ഡാൻസ് എന്റെ പാഷൻ കൂടിയാണ്. അപ്പോൾ മനസ്സും ശാന്തമാകുന്നു.

കൽപറ്റയിൽ തന്നെയാണ് അനുവിന്റെ ഭർത്താവ് വിഷ്ണുപ്രസാദിന്റെ വീട്. ഒഴിവു സമയങ്ങളിൽ സിനിമ കണ്ടിരിക്കാനാണ് അനുവിനിഷ്ടം. ഒരിക്കൽ കണ്ട സിനിമകൾ പലതവണ കാണുന്നതും അനുവിനു ഹരമാണ്.

ഷൂട്ടിങ് തിരക്കൊഴിഞ്ഞു വയനാട്ടിലെത്തുമ്പോൾ പ്രിയപ്പെട്ട ഒരു കാര്യത്തിനു കൂടി അനു സമയം കണ്ടെത്താറുണ്ട്. അത് പതിവുള്ള ഒരു യാത്രയാണ്. വയനാട്ടിൽ നിന്നു ഗുണ്ടൽപേട്ടിലേക്ക്. കാഴ്ചയുടെ ഒരായിരം വിസ്മയങ്ങൾ വഴിനീളെ ഒളിഞ്ഞിരിക്കുന്ന ഒരു യാത്ര. അത് അവസാനിക്കുന്നത് സൂര്യകാന്തി പൂവിട്ടു നിൽക്കുന്ന പാടങ്ങളിലാണ്. കണ്ണെത്താദൂരം സൂര്യകാന്തികളുടെ ഒരു കടൽ. അനു അതു കൊതിതീരെ കണ്ടുനിൽക്കും. മടക്കയാത്രയിൽ എന്തായാലും ഒരു പുതിയ സന്തോഷം കൂടെയുണ്ടാകുമെന്നുറപ്പ്.

Tags:
  • Celebrity Fitness