Thursday 02 April 2020 03:38 PM IST

ലോക് ഡൗണിൽ ഷേപ് ഒൗട്ട് ആകാതിരിക്കാൻ– പ്രമേഹ രോഗികൾ ഉൾപ്പെടെ ശ്രദ്ധിക്കേണ്ടത്

Sruthy Sreekumar

Sub Editor, Manorama Arogyam

Food-story-sr

ഈ കൊറോണ കാലത്ത് വളരെ അലസമായി വീടിനുള്ളിൽ എല്ലാവരും കഴിയുകയാണല്ലോ ... പ്രമേഹം,കൊളസ്ട്രോൾ പോലെയുള്ള ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്കും പരീക്ഷണ കാലഘട്ടമാണിത്. പാചകത്തിലുള്ള കഴിവുകൾ പൊടി തട്ടി എടുക്കുമ്പോൾ, വീടിനുള്ളിൽ കൂടെ വെറുതെ നടക്കുമ്പോൾ പലഹാര പാത്രത്തിലേക്ക് കയ്യ് ഇടുമ്പോഴും ഒന്ന് ഓർക്കുക ഈ ലോക്ക് ഡൗൺ കാലം കഴിയുമ്പോൾ ശരീരഭാരം വല്ലാതെ കൂടാം, ഷുഗറും പ്രഷറുമെല്ലാം പരിധിവിട്ട് വർധിക്കാം.

പ്രമേഹ രോഗികൾ:

പ്രമേഹമുള്ളവർ കഴിവതും ഭക്ഷണത്തിലുള്ള ചിട്ട പാലിക്കാൻ ശ്രമിക്കുക. വറുത്ത വിഭവങ്ങൾ ഒഴിക്കാം . നടപ്പ് പോലുള്ള വ്യായാമം ഒഴിവാക്കരുത്.

പ്രമേഹ രോഗികൾ നാരങ്ങാ നീര് കുടിക്കുമ്പോൾ പഞ്ചസാര ഒഴിവാക്കുക. അൽപ്പം ഉപ്പിട്ട് കുടിക്കാം. പച്ചരിയുടെ ഉപയോഗം കുറയ്ക്കുക. പുഴുക്കലരി നല്ലതാണ്. മുളപ്പിച്ച പയർ നല്ലതാണ്. പയർ കടല എന്നിവ മൈക്രോ ഗ്രീൻസ് ആയി ഉപയോഗിക്കാം. ചക്ക കൂടുതൽ ഉള്ള സമയമാണ്. ഇവർ ചക്കപ്പുഴുക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ചോറും പുഴുക്കും അളവ് കൂടുതൽ എടുത്ത് കഴിക്കരുത്. ചോർ ഒഴിവാക്കി പുഴുക്ക് മാത്രം കഴിക്കുക അല്ലെങ്കിൽ അൽപ്പം ചോറും അൽപ്പം പുഴുക്കും എന്ന അളവിൽ. ഇടയ്ക്ക് ഗ്ലൂക്കോമീറ്ററിൽ പ്രമേഹ അളവ് നോക്കാൻ മറക്കരുത്.

അമിത രക്തസമ്മർദം ഉള്ളവർ :

എണ്ണയും ഉപ്പും കൂടുതൽ അടങ്ങിയ വിഭവങ്ങൾ ഒഴിവാക്കുക വീട്ടിലുണ്ടാക്കിയ അച്ചാറോ ചമ്മന്തിപ്പൊടിയോ വല്ലപ്പോഴും കുറഞ്ഞ അളവിൽ മാത്രം കഴിക്കുക. പപ്പടം വേണ്ട. നാരങ്ങാ വെള്ളത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കാം. മാംസാഹാരമാണെങ്കിൽ കറി വച്ച് കഴിക്കാം. ഇറച്ചി കൊഴുപ്പ് നീക്കിയ ശേഷം ഉപയോഗിക്കാം.

കൊളസ്ട്രോൾ കൂടുതലുള്ളവർ :

വറപൊരി പലഹാരങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടാതെ നോക്കണം . ശരീര ഭാരം വർധിക്കാതെ സൂക്ഷിക്കുക. സൂപ്പ്, സാലഡ് എന്നിവ കഴിക്കാം.

∙ നമ്മുടെ ദിനചര്യ താളം തെറ്റുന്നതു പോലെ തന്നെ ആഹാരത്തിന്റെ ടൈം ടേബിളും മാറിമറിയും. കഴിക്കുന്നതിന്റെ അളവ്, തവണ എന്നിവ വർധിക്കാം. വീട്ടിൽ അലസമായി ഇരിക്കുന്ന സമയം വിശപ്പ് തോന്നിയാലും അനാവശ്യമായി ഒന്നും കഴിക്കരുത്. എന്നും കഴിക്കുന്നതു പോലെ മതി. ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്ന ശീലം തുടങ്ങരുത്.

∙ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർ ഇടയ്ക്ക് കഴിക്കുന്നതിന്റെ കൂടെ ഇരുന്ന് കഴിക്കാൻ സാധ്യത കൂടുതലാണ്. അതു വേണ്ട.

∙ പതിനൊന്നു മണി ആകുമ്പോൾ വിശപ്പ് തോന്നിയാൽ സംഭാരം കുടിക്കാം. വിശപ്പ് കുറയ്ക്കാൻ ഇതു സഹായിക്കും. വെള്ളരിക്ക, തക്കാളി മുതലായ പച്ചക്കറികൾ കൊണ്ട് ജ്യൂസ് തയാറാക്കാം. വെള്ളരിക്ക ജ്യൂസ് അടിച്ച് അതിൽ അൽപം നാരങ്ങാ നീരും ഉപ്പും പച്ചമുളകും ചേർത്ത് കുടിക്കാം. രണ്ട് തക്കാളി മിക്സിയിൽ നന്നായി അടിച്ചെടുത്താൽ തക്കാളി ജ്യൂസ് റെഡി. ഈ ജ്യൂസുകൾ ശരീരം തണുപ്പിക്കും, പ്രതിരോധശേഷി വർധിപ്പിക്കും.

∙ ഇടനേരത്ത് കൊറിക്കാൻ വറപൊരി പലഹാരങ്ങൾ ഒഴിവാക്കി സാലഡ് കഴിക്കാം. തൈര്, യോഗർട്ട് എന്നിവയും ദഹനം മെച്ചപ്പെടുത്തും.

∙ വിശപ്പ് നിയന്ത്രിക്കാൻ നാരങ്ങാ വെള്ളവും നല്ലതാണ്. പഞ്ചസാരയും ഉപ്പും കുറച്ചുമാത്രം ചേർത്ത് കുടിക്കുക.

ഫ്രിഡ്ജിൽ വച്ച തണുത്ത പദാർത്ഥങ്ങൾ ഒഴിവാക്കുക. കാർട്ടണുകളിൽ വാങ്ങി വച്ചിരിക്കുന്ന ജ്യൂസുകൾക്ക് പകരം ഫ്രഷ് ജ്യൂസ് വീട്ടിലുണ്ടാക്കുക. ചെറുചൂടു വെള്ളം മാത്രം കുടിക്കുക വൈകുന്നേരത്തെ പലഹാരമായി അവൽ നനച്ചത്, വിളയിച്ചത്, ഇലയട എന്നിവ തയാറാക്കാം.

∙മെഴുക്കുപുരട്ടിയിൽ എണ്ണയും തോരനിൽ തേങ്ങയുടെയും അളവ് കുറയ്ക്കുക.

∙ അന്നജം കൂടുതലുള്ള ഭക്ഷണം കുറയ്ക്കുക. പ്രത്യേകിച്ച് ചോറ്. പച്ചക്കറികൾ നന്നായി കഴിക്കുക പയർ, പരിപ്പ് വിഭവങ്ങളും .

∙രാവിലത്തെ പലഹാരത്തിന് ഒരു വിഭവം മതി. കുട്ടികൾക്ക് ഒന്ന് , മുതിർന്നവർക്ക് മറ്റൊന്ന് എന്നത് ഒഴിവാക്കാം. പുരുഷൻമാർ വീട്ടിൽ ഇരിക്കുന്നുണ്ടെങ്കിൽ ഇടയ്ക്കിടെ ചായ, കാപ്പി എന്നിവ കുടിക്കുന്ന ശീലം വേണ്ട.

വിവരങ്ങൾക്ക് കടപ്പാട് :

ഡോ. അനിതാ മോഹൻ , തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips