മുടിക്ക് തിളക്കും ആരോഗ്യവും മൃദുത്വവും നൽകാൻ സഹായിക്കുന്ന ഒന്നാണ് ബനാന ഹെയർ പായ്ക്ക്. ഏത്തപ്പഴമാണ് ഈ പായ്ക്ക് തയാറാക്കാൻ ഉപയോഗിക്കുന്നത്. പഴത്തിൽ അടങ്ങിയിരിക്കുന്ന സിലിക്ക എന്ന പദാർത്ഥം മുടിക്ക് ശക്തി നൽകുന്നതിനും ഘനം വയ്ക്കുന്നതിനും സഹായിക്കും. താരൻ നിയന്ത്രിക്കുന്നതിനും തലയോട്ടിയിൽ അടിഞ്ഞു കൂടിയിരിക്കുന്ന മൃതകോശങ്ങൾ നീക്കം ചെയ്യാനും ഈ പായ്ക്ക് സഹായിക്കും. നമ്മുടെ വീടുകളിൽ തന്നെ ലഭ്യമായ വസ്തുക്കൾ കൊണ്ട് പായ്ക്ക് തയാറാക്കാം.
ഹെയർ പായ്ക്ക് തയാറാക്കുന്ന വിധം നോക്കാം: നല്ല പഴുത്ത ഏത്തപ്പഴം ( നല്ല നീളമുള്ള മുടിക്ക് നല്ല വലുപ്പമുള്ള പഴം വേണ്ടി വരും) എടുക്കുക. ഏത്തപ്പഴം ഇല്ലെങ്കിൽ രണ്ടോ മൂന്നോ പഴുത്ത പാളയൻ കോടൻ പഴമാണെങ്കിലും മതി. ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ , ഒരു സ്പൂൺ തൈര് - ഇവ എല്ലാം യോജിപ്പിക്കുക . ഇതിലേക്ക് ഒരു സ്പൂൺ കടലമാവ് കൂടി ചേർക്കുക. ഒരു സ്പൂൺ ഉലുവ ( കുതിർത്ത് അരച്ചത് ) കൂടി ചേർക്കുക.
ഈ മിശ്രിതവും പഴവും മിക്സിയിൽ അരച്ചെടുക്കുക. നല്ല കുഴമ്പ് പരുവത്തിൽ വേണം. കട്ടി കൂടി പോയാൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് മിക്സ് ചെയ്യാം. ഇതു തലയോട്ടിലും മുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. ഷവർ ക്യാപ് കൊണ്ട് തല മൂടി വയ്ക്കാം. അരമണിക്കൂർ കഴിഞ്ഞ് ഷവർ ക്യാപ് എടുക്കാം. ക്യാപ് എടുത്തു കഴിയുമ്പോൾ മുടിയിൽ വിയർപ്പ് തങ്ങി നിൽക്കും 15 മിനിറ്റ് കഴിഞ്ഞ് വിയർപ്പ് നന്നായി മാറിയ ശേഷം പായ്ക്ക് കഴുകി കളയുക.
വിയർപ്പോടെ തല കഴുകിയാൽ ജലദോഷം പിടിപെടാൻ സാധ്യതയുണ്ട്. കഴുകാൻ ഷാംപൂവോ കണ്ടീഷനറോ ഉപയോഗിക്കേണ്ട കാര്യമില്ല. കാരണം അതിനു വേണ്ടിയാണ് കടലമാവും ഉലുവയും ഉപയോഗിക്കുന്നത്. കഴുകി കഴിഞ്ഞ് തല നന്നായി തുടച്ച് ഉണക്കിയെടുക്കുക. താരന്റെ പ്രശ്നം കൂടുതലുള്ളവർക്ക് ഈ പായ്ക്കിലേക്ക് അര സ്പൂൺ നാരങ്ങാ നീര് കൂടി ചേർക്കാം. നല്ല എണ്ണമയം ഉള്ള മുടി ആണങ്കിൽ മരം പായ്ക്ക് കഴുകി കളയാൻ താളി കൂടി ഉപയോഗിക്കാം.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പായ്ക്ക് ഉപയോഗിക്കാം. തലയ്ക്ക് നല്ല കുളിർമ കിട്ടും.
വിവരങ്ങൾക്ക് കടപാട്
ഡോ. റീമ പത്മകുമാർ
തിരുവനന്തപുരം