Friday 15 May 2020 04:53 PM IST

ബി പി അൽപം കൂടുതലാ, ഷുഗർ കുഴപ്പമില്ല, ബ്ലോക്ക് രണ്ടെണ്ണം സ്റ്റന്റിട്ടു; വേറെ കുഴപ്പമൊന്നുമില്ല!

Santhosh Sisupal

Senior Sub Editor

gg

മധ്യവയസ്സു കഴിഞ്ഞ ഒരാളോട്, എന്തൊക്കെയുണ്ട് വിശേഷം? എന്നു ചോദിച്ചാല്‍ പ്രതീക്ഷിക്കാവുന്ന ഉത്തരങ്ങൾ ഇങ്ങനെയൊക്കെയാണ്. “ബി പി അൽപം കൂടുതലാ, ഷുഗർ കുഴപ്പമില്ല, ബ്ലോക്ക് രണ്ടെണ്ണം സ്റ്റന്റിട്ടു. വേറെ കുഴപ്പമൊന്നുമില്ല". ബി പി നോക്കി കൂടുതലാണെങ്കിൽ ആംലോഡിപിൻ കഴിക്കും ഉപ്പു കുറയ്ക്കും. കാരണം ചോദിച്ചാൽ പാരമ്പര്യത്തിനേയും ജീവിതശൈലിയേയും കുറ്റപ്പെടുത്തും. ഈ രീതിയിലേക്ക് മാറിയിരിക്കുന്നു. ഇത്ര ലളിതമാണോ കാര്യങ്ങൾ? എന്തു കൊണ്ട് ബി പി ഇത്ര കണ്ട് ചർച്ച ചെയ്യപ്പെടുന്നു?

ഈ സംശയങ്ങല്‍ക്കുമാത്രമല്ല, ഭാവിയിലെ ഗുരുതര രോഗങ്ങളിലേക്ക്‌ ചെന്ന് പതിക്കാതിരിക്കാന്‍ രക്തസമ്മര്‍ദം എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാനകുമെന്നും പറഞ്ഞു തരികയാണ് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ കൺസൽട്ടന്റ്-നെഫ്രോളജിസ്റ്റ് ഡോ. സ൪ഫറാസ് അസ് ലം.

തനിക്ക് അമിതരക്തസമ്മർദ്ദം ഉണ്ടെന്ന് 50% ത്തിൽ താഴെ രോഗികൾ മാത്രമേ തിരിച്ചറിയപ്പെടുന്നുള്ളു. ശരിയായ ചികിത്സ കിട്ടുന്നവരും ബി പി നിയന്ത്രണ വിധേയമാവുന്നവരും അതിലും താഴെ. വെള്ളത്തിനു മേൽ പൊങ്ങി കിടക്കുന്ന ഒരു മഞ്ഞു മലയുടെ ചെറിയൊരു ഭാഗം മാത്രമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് എന്ന് ചുരുക്കം. രക്തസമ്മർദ്ദത്തിന്റെ ബോധവൽക്കരണത്തിന് വേൾഡ് ഹൈപ്പർടെൻഷൻ ലീഗ് മെയ് 17-ാംതിയ്യതി ‘വേൾഡ് ഹൈപ്പർടെൻഷൻ ഡെ’ ആയി ആചരിക്കുന്നു. "measure your blood pressure, control it, live longer" എന്നതാണ് ഇത്തവണത്തെ തീം.

"know your numbers" എന്നായിരുന്നു കഴിഞ്ഞ വർഷത്തെ തീം. ഇത് മലയാളികളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. റേഷൻ കടയിൽ പോകുന്ന വഴിക്ക് തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിൽ കയറി ബി പി നോക്കാൻ സമയം കണ്ടെത്തുന്ന ആരോഗ്യബോധവാന്മാരായ സമൂഹമാണ് നമ്മൾ. കൊറോണ കാരണം ഈ പ്രവണതയ്ക്കേറ്റ പ്രഹരം കുറച്ചൊന്നുമല്ല.

സ്ഥിരം കേട്ടുകേൾവികൾ മാറ്റി വെച്ച് നമുക്കു കുറച്ചു ബി പി വിശേഷങ്ങൾ പറയാം.

രക്തസമ്മർദ്ദം എന്നത് രക്തം അതൊഴുകുന്ന രക്തവാഹിനിയിൽ ചെലുത്തുന്ന സ്വാഭാവിക സമ്മർദ്ദമാണ്. പ്രായവും മറ്റു രോഗങ്ങളുടെ സാന്നിധ്യവും ഒരോരുത്തർക്കു വേണ്ട പാകമായ ബി പിയുടെ അളവ് വ്യത്യസ്തമാക്കിയേക്കാം. കാര്യമായ ലക്ഷണങ്ങൾ ഒന്നും പ്രകടമാകാത്തതിനാൽ ബി പിയെ സൈലന്റ് കില്ല൪ എന്ന് വിശേഷിപ്പിക്കാം. ഇതേ കാരണം കൊണ്ടുതന്നെയാണ് 50% അധികം രോഗികൾ തിരിച്ചറിയപ്പെടാതെ പോകുന്നത്. ആദ്യമായി ബി പി നോക്കുമ്പോൾ ഇരു കൈകളിലേയും ബി പി നോക്കേണ്ടതുണ്ട്. 30 മിനുട്ട് ഇടവിട്ട രണ്ടു അവസരത്തിലും ബി പി ക്രമാതീതമായി ഉയർന്ന് കാണപ്പെടുകയാണെങ്കിൽ അത് അമിതരക്ത സമ്മ൪ദ്ദം ആയി പരിഗണിക്കാവുന്നതാണ്. ഹൈപ്പര്‍ടെന്‍ഷന്‍ സ്ഥിരീകരിക്കാനായി നിലവിലെ പുതിയ രീതികളാണ് ABPM (Ambulatory Blood Pressure Monitoring). 24 മണിക്കൂറിലെ ബി പി രേഖപ്പെടുത്തുന്ന രീതിയാണിത്. രോഗിയുടെ ശരീരത്തിൽ ഘടിപ്പിച്ച ഈ മെഷിൻ 20-30 മിനുട്ട് കൂടുമ്പോൾ ബി പി രേഖപ്പെടുത്തുന്നു. ആശുപത്രികളിലെത്തുമ്പോളോ ഡോക്ടറെ കാണുന്ന സമയത്തോ മാത്രം കൂടുന്ന ബി പി ആയ White coat hypertension, ഡോക്ടറുടെ അടുത്ത് എത്തുമ്പോൾ മാത്രം നോർമലാവുന്ന ബിപിക്കാർ ആയ masked hypertension, എല്ലായ്പ്പോയും ഉയർന്ന രക്തസമ്മർദ്ദമുള്ളവരായ sustained hypertension എന്നിവ വേർതിരിച്ചറിയാനായി ഇതു സഹായിക്കുന്നു.

ഒരു ശരാശരി ആരോഗ്യമുള്ള വ്യക്തിക്ക് 120/80 mm Hg ആണു പാകമായ ബി പി ആയി കണക്കാക്കി പോരുന്നത്. മരുന്നു കൊണ്ടുള്ള ചികിത്സ ആവശ്യമായി വരുന്നത് 140/90 mm Hg മുകളിലുള്ള രക്ത സമ്മർദ്ദത്തിനാണ്. ഇതിനിടയിൽ കാണപ്പെടുന്ന രക്ത സമ്മർദ്ദത്തിനാണ് നമ്മൾ വ്യായാമവും ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കുവാനും അമിത ശരീരഭാരം കുറയ്ക്കുവാനും ഒക്കെ നിർദ്ദേശിക്കുന്നത്. മരുന്നു കഴിക്കേണ്ടുന്ന അളവിലേക്ക് രക്ത സമ്മർദ്ദം ഉയർന്നാലും ഈ ജീവിതശൈലീ മാറ്റങ്ങൾ തുടരേണ്ടതുണ്ട്.

എല്ലായ്പ്പോഴും പാരമ്പര്യമായി ലഭിക്കുന്നതല്ല അമിതമായ ബിപി. ജീവിതശൈലീ രോഗം എന്നതിലുപരി മറ്റു പല കാരണങ്ങളും അതിനു പിന്നിലുണ്ടായേക്കാം. അതിന്റെ അടിസ്ഥാനത്തില്‍ ബി പിയെ രണ്ടായി തരം തിരിക്കാം. പ്രൈമറി ഹൈപ്പർടെൻഷൻ, സെക്കണ്ടറി ഹൈപ്പർടെൻഷൻ എന്നിങ്ങനെ.

പ്രൈമറി ഹൈപ്പർടെൻഷൻ

പ്രത്യേകിച്ച് കാരണങ്ങളൊന്നും കുറ്റപ്പെടുത്താനില്ലാതിരിക്കെ അമിതരക്ത സമ്മർദ്ദം കാണപ്പെടുമ്പോൾ അതിനെ പ്രൈമറിഹൈപ്പർടെൻഷൻ അഥവാ എസൻഷ്യൽ ഹൈപ്പർടെൻഷൻ എന്നു പറയാം. 90-95% ഉം ഈ വിഭാഗത്തിലെ ബി പിയാണ്. ഈ സന്ദർഭത്തിൽ പാരമ്പര്യത്തിനേയും ജീവിതശൈലിയേയും പഴി ചാരുന്നതിൽ തെറ്റില്ല. പ്രായം, അമിതവണ്ണം, ഭക്ഷണത്തിലെ അമിതമായ സോഡിയം (ഉപ്പ്) >3 g /day, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം ഇതിനു കാരണമാവാം. പ്രൈമറി ഹൈപ്പർടെൻഷൻ 30നും 55 വയസ്സിനും ഇടയിലാണ് തുടങ്ങാറ്. സാധാരണ നിലയിൽ ഒന്നോ രണ്ടോ മരുന്നുകൾ കൊണ്ട് ഇത്തരത്തിലുള്ള ബി പി വരുതിയിലാവാറുണ്ട്. ഇവിടെ ചികിത്സാ ഉദ്ദേശം ബി പിയെ നിയന്ത്രണ വിധേയമാക്കുകയും പ്രധാനപ്പെട്ട അവയവങ്ങളുടെ കേടുപാടുകൾ തടയുക എന്നതുമാണ്. വൃക്കകളിലെ Hypertensive nephrosclerosis, ഹൃദയത്തിലെ Left ventricular hypertrophy, കണ്ണിനെ ബാധിക്കുന്ന Hypertensive retinopathy, മസ്തിഷ്കത്തിലെ stroke എന്നിവയാണ് ഇതിലെ പ്രധാനികൾ.

സെക്കൻഡറി ഹൈപ്പർടെൻഷൻ

30 വയസ്സിനു താഴെയൊ 55 നു മുകളിലോ പ്രായത്തിലാണ് ബി പിയുടെ ആരംഭമെങ്കിൽ അത് സെക്കണ്ടറി ഹൈപ്പർടെൻഷൻ ആവാനുള്ള സാധ്യത കൂടുതലാണ്. തുടക്കത്തിലെ തന്നെ പ്രധാനപ്പെട്ട അവയവങ്ങളെല്ലാം കേടുപാടുകൾ വന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ഇത്തരം ബി പിയെ നിയന്ത്രണ വിധേയമാക്കാനും താരതമ്യേന ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് resistant hypertension എന്നും ഇതിനെ വിശേഷിപ്പിക്കാം. വൃക്ക സംബന്ധമായ രോഗങ്ങളാണ് 80% സെക്കണ്ടറി ഹൈപ്പർടെൻഷന്റെ പ്രധാന കാരണം. ഡയാലിസിസ് ആവശ്യമായി വരുന്ന Chronic kidney disease, വൃക്കയിലേക്കുള്ള രക്തവാഹിനികളിലെ ചുരുക്കം renal artery stenosis, എന്നിവ ചിലതു മാത്രം. ഇനി 20% എന്റോക്രൈൻ സംബന്ധമാണ്. ഫിയോക്രോമോസൈറ്റോമ, കുഷിംഗ് സിന്ട്രോം എന്നിവ ഉദാഹരണം. ഇതിൽ നമ്മുടെ മുന്നിലിരിക്കുന്ന രോഗിയ്ക്ക് പ്രധാനപ്പട്ടവ ഏതെല്ലാം എന്നു തീരുമാനിക്കുന്നിടത്ത് വേണ്ടത് ഒരു ഡോക്ടറുടെ പ്രൊഫഷണൽ എക്സ്പീരീയന്‍സാണ്.

വൃക്കരോഗവും ബി പിയും

ഉയർന്ന രക്ത സമ്മർദ്ദം വൃക്കയുടെ പ്രവർത്തനം തകരാറിലാക്കാം. തിരിച്ചു വൃക്ക തകരാറിലുള്ളവർക്ക് (chronic kidney disease) അമിതരക്തസമ്മർദ്ദം വരാം. ഇതെങ്ങിനെ? വർഷങ്ങളായി പ്രൈമറി ഹൈപ്പർടെൻഷൻ അഥവാ എസൻഷ്യൽ ഹൈപ്പർടെൻഷൻ ഉള്ളവരിൽ വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതായി കണ്ടു വരുന്നു. ഒരിക്കൽ നിയന്ത്രണ വിധേയമായ ബി പി, വൃക്കരോഗത്തോടു കൂടി അനിയന്ത്രിതമാവുന്നു. ഉയർന്ന രക്തസമ്മർദ്ദം വൃക്കകളുടെ പ്രവർത്തനക്ഷമത കുറയ്ക്കുന്നത് അതിന്റെ renal parenchyma ക്ക് ഏൽക്കുന്ന ക്ഷതം മൂലമാണ്. ഇതു തടയുക എന്നതാണ് പ്രൈമറി ഹൈപ്പർടെൻഷൻ ചികിത്സയുടെ ഉദ്ദേശം. ഇനി മറ്റു കാരണങ്ങളാൽ വൃക്ക തകരാറിലായ 85-95% രോഗികളിലും പിന്നീട് ഹൈപ്പർടെൻഷൻ കണ്ടു വരുന്നു. ഇത് സെക്കണ്ടറി ഹൈപ്പർടെൻഷൻ ആണ്.

ഒരിക്കൽ ഹൈപ്പർടെൻഷൻ പരിശോധനയിലൂടെ സ്ഥിരീകരിച്ചാൽ മരുന്നുകൾ തുടങ്ങുന്നതിനു മു൯പായി വൃക്കയുടെ പ്രവർത്തനം വിലയിരുത്തുന്നതിനോടൊപ്പം രക്തത്തിലെ sugar, lipid profile ടെസ്റ്റുകളും, ECG യും കൂടെ ചെയ്യേണ്ടതുണ്ട്. വൃക്കയുടെ രക്ത ധമനികളുടെ ചുരുക്കവും വലിപ്പ വ്യത്യാസവും കേടുപാടുകളെന്തെങ്കിലും ഉണ്ടൊ എന്നെല്ലാം മനസ്സിലാക്കാനായി സ്കാനിംഗാണ് ആശ്രയം. ഇതു പോലെ തന്നെ പ്രധാനമാണ് മൂത്ര പരിശോധനയും. മൂത്രത്തിലൂടെയുള്ള പ്രോട്ടീൻ ലീക്ക് ആണ് തിരിച്ചറിയേണ്ടത്. ഇതിനായി പല രീതികളുണ്ട്. 24 മണിക്കൂറിന്റെ മൂത്രം ശേഖരിച്ചു ചെയ്യുന്നവ, രാവിലെ ഒഴിക്കുന്ന ആദ്യത്തെ മൂത്ര സാംപിൾ പരിശോധന എന്നിവയാണത്. spot urine albumin creatinine ratio വൃക്ക രോഗത്തെ വളരെ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സഹായകമാണ്. മൂത്രത്തിലെ രക്തത്തിന്റെ സാന്നിധ്യവും വൃക്കരോഗത്തിന്റെ സൂചനയാവാം. പ്രധാനപ്പെട്ട അവയവങ്ങളുടെ കേടുപാടുകൾ തുടക്കത്തിലെ തന്നെ പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കണ്ണിന്റെ റെറ്റിന പരിശോധന, echocardiography എന്നിവ സഹായിച്ചേക്കാം.

പ്രമേഹക്കാരുടെ പോലെ തന്നെ പ്രധാനമാണ് രക്തസമ്മർദ്ദക്കാരുടെ ഭക്ഷണവും വ്യായാമവും. ഭക്ഷണത്തിലെ സോഡിയത്തിന്റെ അളവ് ഒരു ദിവസം 3 ഗ്രാമിനു താഴെ മാത്രം ഉപയോഗിക്കുക. ആഴ്ച്ചയിൽ 5 ദിവസമെങ്കിലും 45 മിനുട്ട് വ്യായാമം ശീലമാക്കുക. മരുന്നുകഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശമനുസരിച്ചു കൃത്യസമയം മരുന്നു കഴിക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ സ്വന്തം തോന്നലിന്റെ പുറത്ത് മരുന്ന് കൂട്ടുകയൊ കുറക്കുകയൊ നിർത്തുകയൊ ചെയ്യാതിരിക്കുക. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുക, മൂത്രത്തിന് അസ്വാഭാവികമായ നിറമോ പതയൊ അളവു കുറവൊ അനുഭവപ്പടുകയാണെങ്കിൽ നിങ്ങളുടെ ഡോക്ടറെ വിവരമറിയിക്കുക.

ഓർക്കുക, തനിക്ക് അതി രക്തസമ്മർദ്ദം ഉണ്ടെന്ന്

50%ത്തിൽ താഴെ രോഗികൾ മാത്രമേ തിരിച്ചറിയപ്പെടുന്നുള്ളു. ശരിയായ ചികിത്സ കിട്ടുന്നവരും ബി പി നിയന്ത്രണ വിധേയമാവുന്നവരും

അതിലും താഴെയാണ്. അതിലൊരാളാവാനായി ശ്രമിക്കുക!!

ഡോ. സ൪ഫറാസ് അസ് ലം

കൺസൽട്ടന്റ്-നെഫ്രോളജി

മേയ്ത്ര ഹോസ്പിറ്റൽ,

കോഴിക്കോട്

Tags:
  • Manorama Arogyam