Friday 27 September 2019 11:42 AM IST

‘അവരുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഞങ്ങൾക്കറിയാം’; സ്തനത്തിൽ നിന്നും അർബുദം ശ്വാസകോശത്തിലേക്ക്; ഒടുവിൽ സംഭവിച്ചത്

Santhosh Sisupal

Senior Sub Editor

bc-c

രംഗബോധമില്ലാത്ത കോമാളി’–മരണത്തെക്കുറിച്ച് അങ്ങനെ പറയാറുണ്ട്. എന്നാൽ പലരുടെയും ജീവിതത്തിൽ പൊടുന്നനെ തിരിച്ചറിയുന്ന കാൻസർ എന്ന രോഗത്തിനാണ് ആ വിശേഷണം കൂടുതൽ ചേരുക. ചിലപ്പോൾ നിമിഷങ്ങൾ കൊണ്ട് ജീവനെടുക്കുന്ന ഹൃദയാഘാതം മുതൽ പരിഹാരം തീരെയില്ലാത്ത പലരോഗങ്ങളും ഉണ്ടെങ്കിലും ഏറ്റവും ഭയമുള്ള രോഗം കാൻസറാണ്. ആരെയും എപ്പോൾ വേണമെങ്കിലും അർബുദം ബാധിക്കാമെന്ന അനിശ്ചിതത്വം മുതൽ തിരിച്ചറിയാൻ വൈകി പോകുന്ന അവസ്ഥ വരെ കാൻസർ ഭീതിയുടെ കാരണങ്ങളാണ്. ഒപ്പം പുകയില ഉപയോഗത്തിനെതിരെ നിരന്തരം മാധ്യമങ്ങളിലൂെട നടത്തുന്ന പരസ്യങ്ങളും നമ്മുടെ മനസ്സിലേക്ക് ‘കാൻസർ ഭയം’ പരോക്ഷമായി കുത്തിവയ്ക്കുന്നുണ്ട്.

ഏതു സാഹചര്യത്തിലും രോഗത്തെയും രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും രോഗി അറിയേണ്ടത് പ്രധാനമാണെന്ന് പ്രശസ്ത കാൻസർ ശസ്ത്രക്രിയാവിദഗ്ധനും കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മെഡിക്കൽ സൂപ്രണ്ടുമായ ഡോ.പി.ജി.ബാലഗോപാൽ പറയുന്നു. പല രോഗികളും സംശയത്തോടെ തന്നെയായിരിക്കും കാൻസർ ആശുപത്രികളിലെത്തുക. പലർക്കും അതൊന്നു വ്യക്തത വരുത്തി കൊടുക്കുകയേ വേണ്ടൂ. ഈ സമയത്ത് പലരിലും ഭയമല്ല കൂടുതൽ, കടുത്ത ഉത്കണ്ഠയാണ്. ഇനിയെന്ത്? എന്റെ പ്രിയപ്പെട്ടവർക്ക് ഇനി ആരുണ്ട്? തുടങ്ങിയ ഉത്കണ്ഠ.

രോഗിയാണ് എന്ന വസ്തുത ഉറപ്പുവരുത്തുന്ന നിമിഷം തന്നെ രോഗം ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണ് എന്ന അവബോധവും രോഗിക്കു നൽകണം. സാധിക്കാത്ത സാഹചര്യത്തിൽ ചികിത്സയിലൂടെ കൂടുതൽ കാലം ജീവിക്കാനും ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ചികിത്സകൊണ്ട് സാധ്യമാണ് എന്ന് രോഗിയെ ബോധ്യപ്പെടുത്തേണ്ടത് ഡോക്ടറുടെ കടമയാണ്–ഡോ.ബാലഗോപാൽ പറയുന്നു.

മനസ്സും രോഗശാന്തിയും

രോഗി രോഗത്തെ എങ്ങനെ മാനസികമായി സ്വീകരിക്കുന്നു എന്നത് ചികിത്സയിൽ വളരെ പ്രധാനമാണ്. പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗാവസ്ഥയിൽ പോലും കടുത്ത ഉത്കണ്ഠയും രോഗം മാറില്ലെന്ന വിശ്വാസവുമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ അത് ചികിത്സയ്ക്ക് തടസ്സമാകും. അത്തരക്കാരിൽ രോഗം അപ്രതീക്ഷിതമായി സങ്കീർണമാകുന്നത് പതിവാണ്.

ഡോ. ബാലഗോപാൽ തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തിക്കുന്ന കാലത്ത് 2002–ൽ കണ്ട ഒരു സ്തനാർബുദരോഗിയുടെ അനുഭവം പങ്കുവച്ചു. ‘‘സാധാരണനിലയിൽ സ്തനാർബുദം ആദ്യഘട്ടങ്ങളിൽ പൂർണമായും ചികിത്സിച്ചു മാറ്റാമെന്ന് ഇന്ന് എല്ലാവർക്കുമറിയാം. എന്നാൽ വളരെ വഷളായ സാഹചര്യത്തിലായിരുന്നു ആ വീട്ടമ്മ വന്നത്. രോഗം തിരിച്ചറിയാൻ വളരെ വൈകി. സ്തനത്തിൽ നിന്നും അർബുദം ശ്വാസകോശത്തിലേക്കു വളർന്നുകഴിഞ്ഞിരുന്നു. കുറച്ചു മാസങ്ങൾ കൂടി മാത്രമേ അവരുണ്ടാകൂ എന്നു ഞങ്ങൾക്കും അറിയാം.

എന്നാൽ ആ അവസ്ഥയിലും അസാധാരണമാംവിധം പൊസിറ്റീവ് ആയിരുന്നു അവർ. ഭക്തിയും വിശ്വാസവും ആത്മധൈര്യവും മുറുകെ പിടിച്ച് അവർ പിന്നെയും പത്തുവർഷം ജീവിച്ചു.’’ രോഗം ഉണ്ടെന്നറിയുമ്പോൾ തളർന്നു പോകുന്നത് സ്വാഭാവികം. അതിനെ വേഗം മറികടന്ന് ശാസ്ത്രീയ ചികിത്സയ്ക്കായി മനസ്സിനെ സജ്ജമാക്കി ആത്മധൈര്യത്തോടെ നേരിട്ടാൽ കാൻസർ ഒരു സാധാരണ രോഗം മാത്രമാണ്–ഡോ.ബാലഗോപാൽ പറയുന്നു.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. പി.ജി. ബാലഗോപാൽ

മെഡിക്കൽ സൂപ്രണ്ട്,

കൊച്ചിൻ കാൻസർ

റിസർച്ച് സെന്റർ,

എറണാകുളം