Wednesday 29 January 2020 07:21 PM IST

‘ഉപ്പു കൂട്ടിയിട്ട് ആവി കൊള്ളും, ഒരു സെഷന് വെറും 5000 രൂപ മാത്രം!’; കാൻസർ തട്ടിപ്പിലെ പുതിയ കഥ ഇതാണ്

Asha Thomas

Senior Sub Editor, Manorama Arogyam

cancer-fake

കാൻസർ അകറ്റും ഹിമാലയൻ സാൾട്ട് കുളി

ഏറെ അർബുദ രോഗികളെ വലയിൽ കുടുക്കിയ/ കുടുക്കിക്കൊണ്ടിരിക്കുന്ന തട്ടിപ്പാണ് ഹിമാലയൻ പിങ്ക് സാൾട്ടിലുള്ള കുളി. റേഡിയേഷൻ മൂലം ശരീരത്തിലെത്തുന്ന വിഷാംശം മാറാൻ ഹിമാലയൻ സാൾട്ട് ഇട്ട വെള്ളത്തിൽ കുളിച്ചാൽ മതി. അല്ലെങ്കിൽ കീമോതെറപിക്കു മുൻപ് ഒരു സ്പൂൺ ഹിമാലയൻ ഉപ്പ് കുറച്ചധികം വെള്ളത്തിൽ കലക്കി കുടിച്ചാൽ മതി...ഇങ്ങനെ പോകുന്നു ഉപ്പു ചികിത്സ. 94 ധാതുക്കളടങ്ങിയ പ്രകൃതിദത്ത ആന്റിബയോട്ടിക്കാണത്രെ ഈ ഉപ്പ്!!!.

ഉപ്പു കച്ചവടം നടത്തുന്നവരുടെ വെബ്സൈറ്റ് പരിശോധിച്ചാൽ ശാസ്ത്രീയമാണെന്ന മട്ടിലുള്ള ധാരാളം അവകാശവാദങ്ങൾ കാണാം. ശരീരത്തിന്റെ സ്വയം സുഖമാക്കാനുള്ള ശേഷി വർധിപ്പിക്കും, ഊർജ സംഭരണം ശക്തമാക്കും. അങ്ങനെ കാൻസർ തടയും. മറ്റൊരു രസകരമായ കാര്യം ഈ ഉപ്പ് കാൻസറിനു മാത്രമല്ല ആസ്മയ്ക്കും അമിതവണ്ണത്തിനും തുടങ്ങി വെർട്ടിഗോയ്ക്കും ബിപി പ്രശ്നങ്ങൾക്കും വരെ ഉത്തമമായ പ്രതിവിധിയാണത്രെ.

ചിലയിടങ്ങളിൽ ഹിമാലയത്തിൽ നിന്നുള്ളതാണെന്നു പറയപ്പെടുന്ന ഉപ്പു കൂട്ടിയിട്ട് അതിന്റെ ആവി ഏൽപിച്ച് കാൻസറിനെ ഒാടിക്കുന്ന ചികിത്സയുമുണ്ടത്രെ. ഒരു സെഷന് വെറും 5000 രൂപ മാത്രം.!!!

എന്നാൽ ഈ ഉപ്പ് കുളിയിൽ ഒരു കാര്യവുമില്ല എന്ന് തിരുവന്തപുരം എസ്‌യുറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഒാങ്കോളജിസ്റ്റ് ഡോ. പി.ജി ജയപ്രകാശ് പറയുന്നു. ‘‘ഉപ്പ് കാൻസർ കോശങ്ങളെ നശിപ്പിക്കും എന്നതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ഉപ്പിന് അണുക്കൾ പെരുകാതെ നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്നത് സത്യമാണ്. പക്ഷേ, കാൻസർ കോശങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കാനൊന്നും കഴിവില്ല. ’’